പ്രേരണ; അധ്യായം-01

പുറം കാഴ്ചകളൊന്നും മനസിലേക്ക് കടന്നുവന്നില്ല. മഞ്ഞപൂശിയ ടാക്‌സികളുടെ ഒഴുക്ക്. പുകയും പൊടിയും നിറഞ്ഞ നിരത്തുകള്‍. തണുത്ത കാറ്റിന്റെ തലോടലില്‍ മയക്കം കണ്ണുകളിലേയ്ക്ക് വന്നും പോയുമിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് മുംബെയിലെത്തുന്നത്. മനസിനെ പിടിച്ചുനിര്‍ത്തുന്ന പുതിയ കാഴ്ചകളൊന്നുമില്ല. കെട്ടിടങ്ങളും മേല്‍പ്പാലങ്ങളുമൊക്കെ വന്നെങ്കിലും മുംബെയ്ക്ക് കാര്യമായ മാറ്റമൊന്നും തോന്നുന്നില്ല. ആളും തിരക്കും വാഹനങ്ങളും കലപിലകളുമെല്ലാം അതേപടി തന്നെ.

ഹീത്രുവില്‍നിന്ന് നേരിട്ട് മുംബെയ്ക്കുള്ള വിമാനമായിരുന്നു. ഉറങ്ങി ഉന്മേഷവാനായി മുംബെയിലെത്താമെന്നായിരുന്നു മനസില്‍. എന്നാല്‍, ഉറങ്ങാനായത് കഷ്ടിച്ച് ഒരു മണിക്കൂര്‍ മാത്രം. ബാക്കിനേരമൊക്കെ സീറ്റിനു മുന്നിലെ സ്‌ക്രീനില്‍ വെറുതെ നോക്കിയിരുന്നു. പുതിയ മലയാളം സിനിമകള്‍ ഉണ്ടായിട്ടുപോലും കാണാന്‍ മനസ് വന്നില്ല.
വിമാനം എവിടെയെത്തി എന്നത് മാത്രം ഇടയ്ക്കിടെ സ്‌ക്രീനില്‍ നോക്കിക്കൊണ്ടിരുന്നു. എങ്ങനെയും മുംബെയില്‍ എത്തണമെന്നതുമാത്രമായിരുന്നു മനസില്‍. എന്തൊക്കെയോ ഓര്‍ത്തുകൊണ്ട് ടാക്‌സിയുടെ പിന്‍സീറ്റില്‍ ചാരിയിരുന്നു. വൈഎംസിഎയില്‍ മുറി നേരത്തെ തന്നെ പറഞ്ഞിരുന്നു. മുറിയിലെത്തി കുളിച്ചെന്നുവരുത്തി ഒട്ടുംവൈകാതെ വീണ്ടും ടാക്‌സി വിളിച്ചു.
വി.ടി എന്ന് ഡ്രൈവറോട് പറഞ്ഞ് കണ്ണുകളടച്ചത് ഓര്‍മ്മയുണ്ട്. പുറത്തെ ഹോണടിയും ബഹളവും കേട്ടാണ് മയക്കത്തില്‍ നിന്ന് ഉണര്‍ന്നത്. ഛത്രപതി ശിവജി ടെര്‍മിനസ്! ആ വലിയ അക്ഷരങ്ങള്‍ വായിച്ചു തീര്‍ന്നതും ഹൃദയമൊന്നു തുടിച്ചു. മുംബൈ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുന്നത് ഈ റെയില്‍വെ സ്റ്റേഷന്‍ തന്നെ. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ ഈ സ്റ്റേഷന് വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. 1878-ല്‍ ആരംഭിച്ച് വിക്ടോറിയന്‍ - ഗോഥിക് ശൈലിയില്‍ പൂര്‍ത്തീകരിച്ച ഈ റെയില്‍വേസ്റ്റേഷന്‍ പരിഷ്‌കാരങ്ങളുടെ പേരില്‍ മാറ്റിമറിച്ചിരിക്കുമോ എന്നു ഭയന്നിരുന്നു. എന്തെങ്കിലുമൊരു മാറ്റം നമുക്കും വേണ്ടേ എന്നു പറഞ്ഞ് പഴയ വിക്ടോറിയ ടെര്‍മിനസ് 'ഛത്രപതി ശിവാജി ടെര്‍മിനസ്' എന്ന പേരിലേയ്ക്ക് മാറിയതൊഴിച്ചാല്‍ സകലതും ഭദ്രം.
ഈ സ്റ്റേഷനിലൂടെ ദിവസേന ഒഴുകി നീങ്ങുന്ന മുപ്പതുലക്ഷത്തില്‍പരം ആളുകള്‍ക്കൊപ്പം എത്രയോ കാലം ഞാനുമുണ്ടായിരുന്നു.
ടിക്കറ്റെടുക്കാന്‍ അകത്തു കയറി. ഇടക്കാലത്ത് നടത്തിയ ചെറിയ പരിഷ്‌കാരങ്ങളിലൂടെ സ്റ്റേഷന്റെ ഉള്‍വശം അല്പം വികലമാക്കിയതൊഴിച്ചാല്‍ വലിയ മാറ്റങ്ങളില്ല. നീണ്ടതല്ലെങ്കിലും ചെറുതല്ലാത്ത വരി പെട്ടെന്നു നീങ്ങി. വരിക്കൊപ്പം യാന്ത്രികമായി കൗണ്ടറിനടുത്തെത്തിയപ്പോള്‍ എന്ത് പറയണമെന്നറിയാതെ തെല്ലൊന്നമ്പരന്നു. പോക്കറ്റില്‍നിന്ന് കവര്‍ എടുത്തമാത്രയില്‍ ഓര്‍മവന്നു.
മാണ്‍ഡ്വി.
ഏക് ടിക്കറ്റ്...'
കിതര്‍...?'
കൗണ്ടറിലെ ക്ലാര്‍ക്ക് ശബ്ദമുയര്‍ത്തി ചോദിച്ചു. ഒരിക്കല്‍ക്കൂടി കവറില്‍ നോക്കി ഉറപ്പു വരുത്തി ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
മാണ്‍ഡ്വി
മുറുക്കാന്‍ നിറഞ്ഞുകിടക്കുന്ന വായില്‍നിന്ന് ഒലിക്കുന്ന ഉമിനീര് പുറംകൈകൊണ്ട തുടച്ച് ഇഷ്ടപ്പെടാത്ത മുഖഭാവത്തോടെ മറാത്തിയില്‍ എന്തോ പറഞ്ഞ് മാറിനി ല്‍ക്കാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു.
'വോ മസ്ജിത് സ്റ്റേഷന്‍ കേ സാമ്‌നേ മേം ഹേ',
പിറകില്‍നിന്നയാള്‍ സൗമ്യമായി പറഞ്ഞു.
പെട്ടെന്ന് കത്തിലെ വരികള്‍ ഓര്‍മയിലെത്തി. ട്രെയിനിലാണ് വരുന്നതെങ്കില്‍ മസ്ജിദ് സ്റ്റേഷനില്‍ ഇറങ്ങാം. രണ്ടാമതൊന്നാലോചിക്കാതെ പറഞ്ഞു.
മസ്ജിദ്.
ക്ലാര്‍ക്ക് എന്തോ പിറുപിറുത്തുകൊണ്ടാ കീപാഡില്‍ വിരലുകള്‍ ഓടിച്ചു. ഇതാണ് മുംെബെ. ആരും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുമെന്ന് പ്രതീക്ഷിക്കരുത്. ആരുടെയും കുറ്റമല്ല. ഓരോരുത്തരും അവനവന്റെ ലക്ഷ്യത്തിലെത്താനുള്ള ഓട്ടത്തിലാണ്. അതിനിടെ ആര്‍ക്ക് എവിടെ സമയം. ഇപ്പോള്‍ പാഴാക്കിയ സമയമുണ്ടായിരുന്നെങ്കില്‍ അയാള്‍ക്ക് വരിയിലുള്ള രണ്ടോ മൂന്നോ പേരെ പറഞ്ഞു വിടാമായിരുന്നു.
ടിക്കറ്റുമായി ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേയ്ക്ക് നടക്കുമ്പോള്‍ ട്രെയിന്‍ വന്നുതുടങ്ങിയിരുന്നു. യാത്രക്കാര്‍ അത് മുന്‍കൂട്ടി കണ്ടിട്ടെന്നോണം ഓട്ടം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു . ഈ ഓട്ടത്തില്‍ പങ്കുചേര്‍ന്നേ മതിയാവൂ. അല്ലെങ്കില്‍ ട്രെയിനില്‍ കയറിപ്പറ്റാനാവില്ല.
സാമാന്യം മോശമല്ലാത്ത കായികാഭ്യാസം കൊണ്ട് ട്രെയിനില്‍ കയറിക്കൂടി. മസ്ജിദ് സ്റ്റേഷന്‍ തൊട്ടടുത്തായതുകൊണ്ടു അധികം അകത്തേക്കു പോകാതെ വാതിലില്‍ത്തന്നെ നിലയുറപ്പിച്ചു.
വിചാരിച്ചതിലും കടുപ്പമായിരുന്നു ട്രെയിനില്‍നിന്നും ഇറങ്ങുകയെന്നത്. ഉന്തിലും തള്ളിലും പെട്ട് ട്രെയിനില്‍നിന്നിറങ്ങുമ്പോള്‍ പേഴ്‌സ് സുരക്ഷിതമാക്കാനായിരുന്നു ശ്രദ്ധയത്രയും. മുന്‍കരുതലിനെന്നോണം കൈ കീശയിലെ പേഴ്‌സില്‍നിന്ന് മാറ്റിയിരുന്നില്ല.
അല്പം മുന്നോട്ടു നടന്നപ്പോഴാണ് സ്റ്റേഷന്റെ ഏത് വശത്തേയ്ക്കാണ് പോകേണ്ടതെന്ന ചിന്താക്കുഴപ്പമുണ്ടാകുന്നത്. മേല്‍വിലാസത്തിനായി പരാതിയപ്പോഴാണ് അറിയുന്നത് - പോക്കറ്റില്‍ കവറില്ല.
തിരക്കിനിടയില്‍ നഷ്ടപ്പെട്ടതോ അതോ പണമെന്നു കരുതി ആരെങ്കിലും പോക്കറ്റടിച്ചതോ?
തിരിച്ചു നടന്നു. വിഹ്വലതയോടെ പ്ലാറ്റ്‌ഫോമിലുടനീളം കണ്ണുകള്‍ പാഞ്ഞു. താഴെയെങ്ങും കവര്‍ വീണു കിടക്കുന്നില്ല. കണ്ണുകളില്‍ ഇരുട്ടു കയറും പോലെ... പേഴ്‌സ് നഷ്ടപ്പെട്ടിരുന്നെങ്കില്‍ പോലും ഇത്രയും ദുഃഖമുണ്ടാകുമായിരുന്നില്ല. ഒരിക്കല്‍ക്കൂടി മാറിനിന്ന് പ്ലാറ്റ്‌ഫോം മുഴുവന്‍ കണ്ണോടിച്ചു. ഇല്ല, ആ കവര്‍ എവിടെയും വീണു കിടപ്പില്ല. മേല്‍വിലാസം ഓര്‍മ്മിച്ചെടുക്കാന്‍ ഒരു ശ്രമം നടത്തി. ഒന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല.
ഓര്‍മ്മകള്‍ക്കൊന്നും അടുക്കും ചിട്ടയുമില്ല. മനസില്‍നിന്നും പൊടുന്നനെ എല്ലാം മാഞ്ഞുപോയപോലെ... പ്ലാറ്റ്‌ഫോമിലെ ചാരുബഞ്ചില്‍ ഇരിക്കുമ്പോള്‍ ലണ്ടനില്‍ നിന്നും മുംബെ വരെ വന്നത് വെറുതെയായല്ലോ എന്നോര്‍ത്ത് ശരീരവും മനസും തളര്‍ന്നുപോയി.
സമയം
ഒരു നിമിഷത്തെ സംഭ്രാന്തിയില്‍നിന്നും അടുത്ത മാര്‍ഗമെന്തെന്നുള്ള വിചാരത്തില്‍ മനസിലേയ്ക്ക് ഒരു ഊര്‍ജ്ജം കടന്നുവന്നു. ഏതുവിധേനയും മുന്നോട്ടുതന്നെ പോകൂ എന്ന് മനസില്‍നിന്ന് ആരോ വിളിച്ചുപറയുന്നതുപോലെ. മനസിനെ ശാന്തമാക്കി കത്തിലെ വരികള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. മാണ്ഡ്വി മാര്‍ക്കറ്റിനടുത്താണ് ലേഡീസ് ഹോസ്റ്റല്‍ എന്ന കത്തിലെ സൂചനയാണ് മനസിലേയ്ക്ക് ആദ്യം ഒഴുകിയെത്തിയത്.
ചാരുബെഞ്ചില്‍നിന്നും എഴുന്നേറ്റ് പ്ലാറ്റ്‌ഫോമിലെ ഗോവണിപ്പടിയുടെ താഴെയെത്തി. അടുത്ത ട്രെയിന്‍ അപ്പോഴേക്കും പാഞ്ഞെത്തിയിരുന്നു. ട്രെയിന്‍ നില്‍ക്കുന്നതിനു മുന്‍പുതന്നെ ചീറിവരുന്ന ആള്‍ക്കൂട്ടം പ്ലാറ്റ്‌ഫോമിലെ ഗോവണിപ്പടിയാണ് ലക്ഷ്യമാക്കുക. അവരുടെ വേഗത്തിനൊപ്പമോ അതിനേക്കാള്‍ വേഗത്തിലോ ഓടാനായില്ലെങ്കില്‍ ഒരുപക്ഷേ താഴെ വീണു പോയെന്നിരിക്കും. ഒരാള്‍ വീണുപോയാലൊന്നും ജനക്കൂട്ടം കാര്യമാക്കില്ല. ആദ്യമായി ഈ നെട്ടോട്ടം കാണുന്നൊരാള്‍ക്ക് രണ്ടോ മൂന്നോ നിമിഷങ്ങള്‍ കഴിഞ്ഞാല്‍ ഗോവണിപ്പടി ഇടിഞ്ഞു പൊളിഞ്ഞു താഴെവീണുപോകുമെന്ന തോന്നലിലാണോ ഇക്കണ്ട ആള്‍ക്കാര്‍ മുഴുവന്‍ ഓടുന്നതെന്നു തോന്നിപ്പോകും. ഇത്തരം മത്സരയോട്ടത്തില്‍ പങ്കെടുക്കാന്‍ പാങ്ങില്ലെങ്കില്‍ മാറി നില്‍ക്കുന്നതാണ് ബുദ്ധി.
അല്പനേരം ഗോവണിപ്പടിക്കു താഴെയായി മാറിനിന്നു. രണ്ടു മൂന്നു നിമിഷങ്ങള്‍കൊണ്ടതിരക്ക് ഒന്നടങ്ങി.
ഗോവണിപ്പടിക്കു മുകളിലെത്തിയപ്പോള്‍ വീണ്ടും അങ്കലാപ്പ്. കിഴക്കുവശത്തായിരിക്കുമോ പടിഞ്ഞാറായിരിക്കുമോ മാണ്‍ഡ്വി മാര്‍ക്കറ്റ്. പ്രാവിന് തീറ്റയെറിഞ്ഞു കൊടുത്തുകൊണ്ടിരുന്ന ആളുടെ അടുക്കലെത്തി ഹിന്ദിയില്‍ ചോദിച്ചു. വായിലെ മുറുക്കാന്‍ ചവച്ചുകൊണ്ടുതന്നെ അയാള്‍ ആംഗ്യം കാണിച്ചു. സമാധാനമായി. മാര്‍ക്കറ്റ് ഇവിടെത്തന്നെയെന്നു അയാളുടെ ആംഗ്യത്തില്‍നിന്നു വ്യക്തമായിരുന്നു.
രണ്ടാമത്തെ വളവില്‍ത്തന്നെ പിങ്ക് നിറത്തിലുള്ള ബഹുനില കെട്ടിടം ശ്രദ്ധയില്‍പ്പെട്ടു. താഴെനിന്ന് കാണത്തക്കവിധത്തില്‍ വലിയ ഒരു ഘടികാരം ആ കെട്ടിടത്തില്‍ പതിപ്പിച്ചിരിക്കുന്നു. ആ ഘടികാരത്തിലെ സമയമാണ് അത്ഭുതപ്പെടുത്തിയത്. ചെറിയ സൂചി പത്ത് എന്ന അക്കത്തിലും വലിയ സൂചി രണ്ട് എന്ന അക്കത്തിലും. സമയം 10.10! പണ്ട് ക്ലോക്ക് വില്‍ക്കുന്ന കടകളില്‍ പോകുമ്പോള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന എല്ലാ ഘടികാരങ്ങളിലും ഈ സമയം കാണിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കണ്‍ വെടിയേറ്റ് കൊല്ലപ്പെട്ടത് 10.10 നായിരുന്നെന്നും അതിന്റെ ഓര്‍മ്മയ്ക്കായാണ് 10.10 എന്ന സമയം ക്ലോക്കുകളില്‍ കാണിക്കുന്നതെന്നുമായിരുന്നു ആദ്യകാലത്ത് കേട്ട വിശദീകരണം. യഥാര്‍ഥത്തില്‍ ഏബ്രഹാം ലിങ്കണ് വെടിയേറ്റത് 10.15-ന് ആയിരുന്നുവെന്നും പിറ്റേന്ന് കാലത്ത് 7:22-നായിരുന്നു ലിങ്കന്റെ മരണമെന്നും അറിഞ്ഞപ്പോള്‍ ആ വാദം പൊള്ളയാണെന്ന് മനസിലായി.
രണ്ടു സൂചികളും സമരൂപത്തില്‍ കാണുമ്പോള്‍ ആര്‍ക്കും തോന്നുന്ന ആകര്‍ഷണീയത മുതലാക്കാനും മുകള്‍ ഭാഗത്തായി പതിപ്പിച്ചിരിക്കുന്ന കമ്പനിയുടെ ലോഗോയും പേരും കൃത്യമായി കാഴ്ചക്കാരന് കാണാമെന്ന സൗകര്യവുമാണ് ഈ സമയക്രമത്തിനു പിന്നിലെന്നു മനസിലാക്കുന്നത് പിന്നീടാണ് - ബിസിനസ് ജീവിതത്തിന്റെ ഭാഗമായപ്പോള്‍.
ഹോസ്റ്റലിനകത്ത് കയറാന്‍ തടസങ്ങളുണ്ടായില്ല. റിസപ്ഷനില്‍ ഇരിക്കുന്ന പെണ്‍കുട്ടിയോട് നിമ്മിയെ വിളിക്കാമോ എന്ന് ആത്മവിശ്വാസത്തോടെ ഹിന്ദിയില്‍ ചോദിച്ചെങ്കിലും മുറി ഏതെന്ന മറു ചോദ്യത്തിനു മുന്നില്‍ പതറി.
മുറി ഏതെന്ന് അറിയില്ല എന്നു പറഞ്ഞപ്പോള്‍ ഫോണ്‍ നമ്പര്‍ പറയൂ എന്നായി റിസപ്ഷനിസ്റ്റ്. ഫോണ്‍ നമ്പരും അറിയില്ലെന്ന് പറഞ്ഞപ്പോള്‍ റിസപ്ഷനിസ്റ്റിന്റെ മട്ട് മാറി. മറാത്തി കലര്‍ന്ന ഹിന്ദിയില്‍ ഫോണ്‍ നമ്പരോ റൂം നമ്പരോ ആയി വന്നാല്‍ മാത്രമേ ആളെ വിളിക്കാന്‍ പറ്റൂ എന്ന് അവര്‍ കട്ടായം പറഞ്ഞു. കട്ടിച്ചില്ലുള്ള കണ്ണടയില്‍ കൂടിയുള്ള അവരുടെ നോട്ടത്തില്‍ സംശയം നിറഞ്ഞിരുന്നു.
ഇനി എന്തു ചെയ്യുമെന്നറിയാതെ പകച്ചുനില്‍ക്കുമ്പോഴാണ് മലയാളത്തില്‍ സംസാരിച്ചുകൊണ്ട് രണ്ട് പെണ്‍കുട്ടികള്‍ നടകള്‍ ഇറങ്ങി വരുന്നത് കണ്ടത്.
അല്പം ഉറക്കെയാണ് നിമ്മി എന്ന് വിളിച്ചത്. തങ്ങളില്‍ ആരെയെങ്കിലുമാണോ വിളിക്കുന്നത് അതോ മറ്റാരെങ്കിലും പിറകില്‍നിന്ന് വരുന്നുണ്ടോ എന്ന് അവര്‍ നോക്കി. അവരുടെ മുഖഭാവത്തില്‍നിന്നും അവരിലാരുമല്ല നിമ്മി എന്നുറപ്പായിരുന്നു.
ഈ ഹോസ്റ്റലില്‍ താമസിക്കുന്ന നിമ്മി എന്ന കുട്ടിയെ കാണാനാണ് വന്നത്. റൂം നമ്പരോ ഫോണ്‍ നമ്പരോ അറിയില്ല. നിങ്ങള്‍ക്ക് അങ്ങനെയൊരാളെ അറിയുമോ?'
ഞാന്‍ ഇവിടെ വന്നിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളൂ. അങ്ങനെയൊരാളെ ഇതുവരെ പരിചയപ്പെട്ടില്ല. മുകളില്‍ പാലക്കാടുനിന്നുള്ള ഒരു ചേച്ചിയുണ്ട്. അവരിവിടെ കുറച്ചുനാളായി താമസിക്കുന്നതാ, ഒന്നു ചോദിച്ചു നോക്കൂ.'
ഇവിടെ ആരെയും അറിയില്ല, ഒന്നു സഹായിക്കുമോയെന്ന് യാചനാസ്വരത്തിലാണ് ചോദിച്ചത്.
കൂടെയുള്ള പെണ്‍കുട്ടി വാച്ചില്‍ നോക്കി ഇപ്പോള്‍ത്തന്നെ നമ്മള്‍ വൈകിയിരിക്കുന്നു എന്ന് ഹിന്ദിയില്‍ പറയുന്നുണ്ടായിരുന്നു. മലയാളി എന്ന പരിഗണന തന്നതിനാലാവാം അവള്‍ റിസപ്ഷനിസ്റ്റിന് അരികിലേക്ക് ഓടിയെത്തി. രണ്ടാം നിലയില്‍ താമസിക്കുന്ന 217-മുറിയിലെ നിര്‍മലയെ താഴേക്ക് വിളിക്കാന്‍ ഹിന്ദിയില്‍ ആവശ്യപ്പെട്ടു. റിസപ്ഷനിസ്റ്റ് വീണ്ടും അത്ര സുഖകരമല്ലാത്ത ഒരു നോട്ടം നോക്കി ഫോണെടുത്തു.
'ഇപ്പോഴേ വൈകി, ഞങ്ങള്‍ ഓടുകയാ, ഇവിടെ ഇരിക്കൂ.' ചാരുബെഞ്ച് ചൂണ്ടിക്കാട്ടി അവള്‍ പറഞ്ഞു.
നന്ദിയോടെ അവളെ നോക്കി. അവര്‍ തിരക്കിട്ട് നടന്നുകഴിഞ്ഞിരുന്നു.
ദുര്‍മുഖത്തോടെ, റിസപ്ഷനിലിരുന്ന ഹിന്ദിക്കാരി ഫോണ്‍ ഹോള്‍ഡ് ചെയ്യുന്നത് പ്രതീക്ഷയോടെ നോക്കിനിന്നു. 'വോ റൂം മേം നഹീ ഹേ' എന്ന് അവര്‍ പറഞ്ഞത് കേട്ടു തീരും മുമ്പ് നേരത്തേ പോയ മലയാളി പെണ്‍കുട്ടിയുടെ ശബ്ദം പിന്നില്‍ നിന്നും കേട്ടു.
'ഇവള്‍ പറഞ്ഞപ്പോഴാ ഞാനോര്‍ത്തത്. നിര്‍മ്മലചേച്ചി ഏഴു മണിക്കേ ജോലിക്കു പോകും. വൈകിട്ട് എട്ടാകാതെ എത്തുകയുമില്ല.'
നിര്‍മ്മലയുടെ ഫോണ്‍ നമ്പര്‍ കൈവശമുണ്ടോ എന്ന് നിസ്സഹായതയോടെയാണു ചോദിച്ചത്.
'ഫോണ്‍ നമ്പര്‍ കൈയിലുണ്ട്. പക്ഷേ, അത് അങ്ങനെ തരാനാവില്ല. ചേട്ടന്റെ നമ്പര്‍ തരൂ. നിമ്മി എന്നൊരാള്‍ ഇവിടെ താമസിക്കുന്നുണ്ടെങ്കില്‍, അങ്ങനെയൊരാളെ ചേച്ചിക്ക് അറിയാമെങ്കില്‍, തീര്‍ച്ചയായും ചേച്ചി നിങ്ങളെ വിളിച്ചിരിക്കും. തെറ്റിദ്ധരിക്കരുത്. ഇപ്പോഴത്തെ കാലത്ത് മൊബൈല്‍ നമ്പരൊക്കെ അറിയാത്തൊരാള്‍ക്ക് കൊടുക്കുന്നതുപോലും അപകടമാണ്.'
ക്ഷമാപണസ്വരത്തിലാണ് അവള്‍ അത്രയും പറഞ്ഞത്.
നമ്പര്‍ പറഞ്ഞു തുടങ്ങിയപ്പോഴാണ് യുകെ നമ്പര്‍ പറഞ്ഞിട്ട് ഇവിടെ കാര്യമില്ലല്ലോ എന്നോര്‍ക്കുന്നത്.
ലണ്ടനില്‍നിന്ന് ഇന്ന് വന്നതേയുള്ളൂ. ഈ നമ്പര്‍ തന്നിട്ട് കാര്യമില്ലെന്ന് തെല്ല് നിസ്സഹായതോടെയാണ് പറഞ്ഞത്.
ചേട്ടന്‍ എവിടെയാണ് താമസിക്കുന്നത്. ആ ഹോട്ടലിന്റെ പേരും ഫോണ്‍ നമ്പരും റൂം നമ്പരും കാണുമല്ലോ? അതു തന്നേക്കൂ. ഞങ്ങള്‍ തന്നെ നിര്‍മലചേച്ചിയോട് ചോദിച്ചതിനുശേഷം വിളിക്കാം.'
പക്വമായ മറുപടി.
ജീവന്‍ ജോര്‍ജ്, റൂം നമ്പര്‍ 101, വൈ.എം.സി.എ... മുംബെ... ഫോണ്‍ നമ്പര്‍ 23070601.'
ക്ഷണനേരംകൊണ്ട്, പറഞ്ഞ കാര്യങ്ങള്‍ ആ പെണ്‍കുട്ടി മൊബൈലിലേയ്ക്ക് പകര്‍ത്തുന്നത് അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്.
എന്തു വിവരം കിട്ടിയാലും കിട്ടിയില്ലെങ്കിലും അറിയിക്കാം എന്ന ആ പെണ്‍കുട്ടിയുടെ വാക്കുകളില്‍ കടുത്ത പ്രതീക്ഷ തോന്നുന്നു. വളരെ കുറച്ച് വാക്കുകളേ സംസാരിച്ചുള്ളൂവെങ്കിലും അവളുടെ മുഖവും വാക്കുകളും എന്തോ വീണ്ടും വീണ്ടും മനസില്‍ തെളിഞ്ഞുവന്നു. ഫോണ്‍ നമ്പര്‍ മറ്റൊരാളുടേതു കൊടുക്കുന്നതുപോലും സൂക്ഷിച്ചാവണം എന്നു കരുതുന്നൊരാളോട് എങ്ങനെയാണ് പേരു ചോദിക്കുക, അതുകൊണ്ടുമാത്രമാണ് അവളോട് പേര് ചോദിക്കാതിരുന്നത്.
മറ്റെവിടെയും കറങ്ങാതെ വൈ.എം.സി.എയില്‍ എത്തണം എന്നതിന് ഒരുലക്ഷ്യമുണ്ടായിരുന്നു. തീര്‍ച്ചയായും ഒരു കോള്‍ ലഭിക്കുമെന്ന് മനസ് ഉറപ്പിച്ചു പറയുന്നു. ചര്‍ച്ച്‌ഗേറ്റ് സ്റ്റേഷനില്‍ ഇറങ്ങി വൈ.എം.സി.എയിലേക്ക് നടക്കാന്‍ തന്നെ ഉറച്ചു.
ദൂരെ 'റീഗല്‍ സിനിമാ' തിയേറ്റര്‍ ബോര്‍ഡ്. തൊട്ടപ്പുറത്താണ് വൈ.എം.സി.എ. ഇതിനോടകം ഒരു കോള്‍ ആ പെണ്‍കുട്ടിയില്‍ നിന്നു വന്നു കാണുമോ എന്ന ആശങ്കയോടെയാണ് ചെന്നു കയറിയത്.
റൂം നമ്പര്‍ 101-ലേക്ക് ആരെങ്കിലും വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് ഒരു രജിസ്റ്റര്‍ നോക്കിയിട്ട് 'ഇല്ല' എന്ന റിസപ്ഷനിസ്റ്റിന്റെ തണുത്ത മറുപടി.
മുറി തുറന്ന് ഫ്ളാസ്‌കില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളം കുടിച്ച് കട്ടിലിലേക്ക് വീഴുമ്പോള്‍ പാന്റ്‌സും ഷര്‍ട്ടും മാറാന്‍ പോലും ശ്രമിച്ചില്ല.
ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടാണ് ഞെട്ടിയുണര്‍ന്നത്. 'റൂം നമ്പര്‍ 101, റിസപ്ഷനില്‍നിന്നാണ്. ഒരു കോളുണ്ട്.'
ഹലോ, ഹലോ... അങ്ങേത്തലയ്ക്കല്‍ ശബ്ദമില്ല. ക്രാഡിലില്‍ പലതവണ തട്ടിനോക്കി. ഇല്ല, അങ്ങേത്തലയ്ക്കല്‍ അനക്കമില്ല.
നാശം... ഉറക്കത്തില്‍ ഫോണ്‍ എടുക്കാന്‍ താമസിച്ചിരിക്കാം. അടുത്ത റിംഗിനായി കാത്തിരുന്നു....


Related Articles
Next Story
Videos
Share it