ചെലവിന്റെ കാര്യത്തില്‍ വേണം അതീവ ശ്രദ്ധ

ബിസിനസ് വിജയിപ്പിക്കാന്‍ ചെലവിന്റെ കാര്യത്തില്‍ ഒരു പിടി എപ്പോഴും വേണം
Backward Invention and Reverse Innovation by Dr Sudheer Babu
Published on

സര്‍ക്കുലേഷനില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു ദിനപത്രം തങ്ങളുടെ ലാഭത്തില്‍ സംഭവിക്കുന്ന ഇടിവില്‍ ആശങ്കാകുലരായിരുന്നു. ഏറ്റവും കൂടുതല്‍ എഡിഷനുകളും വായനക്കാരുമുള്ള പത്രം. പത്രത്തിന്റെ സര്‍ക്കുലേഷന്‍ വര്‍ദ്ധിക്കുന്തോറും പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കുന്നില്ല. അവര്‍ അതിന്റെ കാരണം അന്വേഷിച്ചു തുടങ്ങി. തങ്ങളുടെ പ്രവര്‍ത്തനച്ചെലവുകള്‍ വളരെയധികം കൂടുതലാണെന്ന കണ്ടെത്തലിലേക്ക് ആ അന്വേഷണം അവരെ നയിച്ചു.

ന്യൂസ്പ്രിന്റ്, പ്രിന്റിംഗ് ഇങ്ക്, കെമിക്കലുകള് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളെല്ലാം ഓരോ എഡിഷനും വാങ്ങിയിരുന്നത് വ്യത്യസ്ത കമ്പനികളില്‍ നിന്നായിരുന്നു. ഇത്തരം പര്‍ച്ചേസുകള്‍ അവര്‍ സ്വന്തമായിത്തന്നെ നടത്തിപ്പോന്നു. ഇത് മനസ്സിലാക്കിയ ദിനപത്രം തങ്ങളുടെ എല്ലാ പര്‍ച്ചേസുകളും കേന്ദ്രീകൃത (Centralised) സംവിധാനത്തിന്റെ കീഴിലാക്കി. എല്ലായിടത്തേക്കും ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഒരുമിച്ച് ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങിയതോടെ വിലയില്‍ വലിയ കുറവ് ലഭ്യമാകുവാന്‍ തുടങ്ങി. വില്‍പ്പനക്കാരുമായി വിലപേശി ഏറ്റവും കുറഞ്ഞ വിലയില്‍ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങി. ഇതോടു കൂടി അവരുടെ ലാഭം കുതിച്ചുയര്‍ന്നു.

''എല്ലായ്‌പ്പോഴും ഏറ്റവും കുറഞ്ഞ വില'' എന്നതായിരുന്നു അന്താരാഷ്ട്ര റീറ്റെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന്റെ(Walmart) പരസ്യ വാചകം. ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ എതിരാളികളെക്കാള്‍ വില കുറച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ എങ്ങിനെയാണ് വാള്‍മാര്‍ട്ടിന് കഴിയുക? എന്തുകൊണ്ടാണ് വാള്‍മാര്‍ട്ടിനോട് മത്സരിക്കുവാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കാതെ വരുന്നത്?

ചെലവുകള്‍ പരിമിതപ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തിക്കുകയെന്ന തന്ത്രമാണ് ഇവര്‍ നടപ്പിലാക്കുന്നത്. പതിനായിരത്തിലധികം റീറ്റെയ്ല്‍ സ്റ്റോറുകളുള്ള വാള്‍മാര്‍ട്ട് ഭീമമായ വിലക്കുറവിലാണ് ഉല്‍പ്പന്നങ്ങള്‍ വാങ്ങി സംഭരിക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്താലും സ്വന്തം ഡെലിവറി വാഹനങ്ങളുടെ ഉപയോഗത്തിലൂടെയും ചെലവുകള്‍ പരമാവധി ചുരുക്കി അവര്‍ പ്രവര്‍ത്തിക്കുന്നു. കോസ്റ്റ് ലീഡര്‍ഷിപ്പിലൂടെ (Cost Leadership) വിപണിയില്‍ എതിരാളികളെക്കാള്‍ മുന്നിലെത്താന്‍ ഇതിലൂടെ അവര്‍ക്ക് സാധിക്കുന്നു. പ്രവര്ത്തനച്ചെലവ് (Operating Cost) കുറച്ച് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുവാന്‍ ഈ തന്ത്രം സഹായിക്കുന്നു.

ഫുഡ് വ്യവസായത്തിലെ അതികായനാണ് മക്‌ഡോണാള്‍ഡ്‌സ് (McDonald's). തങ്ങളുടെ ഓരോ ഔട്ട്‌ലെറ്റും ഏറ്റവും കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ അവര്‍ സ്വീകരിച്ചിരിക്കുന്ന മൂന്ന് മാര്‍ഗ്ഗങ്ങള്‍ നിരീക്ഷിക്കാം. ഒന്നാമതായി ഭക്ഷണം പാചകം ചെയ്യുന്ന പ്രക്രിയ (Process) അവര് വളരെ ലളിതമാക്കിയിരിക്കുന്നു. പാചക രീതി സിസ്റ്റമാറ്റിക്കും എളുപ്പത്തില്‍ പഠിക്കാവുന്നതുമായ തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രണ്ടാമത് അവര്‍ അനുഭവ സമ്പത്തുള്ള പാചകവിദഗ്ദ്ധരെയല്ല ജോലിക്കായി തിരഞ്ഞെടുക്കുന്നത്. മറിച്ച് കുറഞ്ഞ വേതനം നല്‍കി പുതിയ ആളുകളെ എടുത്ത് അവര്‍ക്ക് പരിശീലനം നല്‍കി ജോലിയിലേക്ക് നിയോഗിക്കുന്നു. മൂന്നാമതായി തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന ചേരുവകള്‍ (Ingredients) സ്വന്തം ഫാക്ടറികളില്‍ തന്നെ തയ്യാറാക്കുന്നു. ഇതിലൂടെ ചെലവുകളില്‍ ശക്തമായ നിയന്ത്രണം മക്‌ഡോണാള്‍ഡ്‌സ് നടപ്പിലാക്കുന്നു.

ഉല്‍പ്പാദനത്തിന്റെ (Production) കാര്യക്ഷമത (Efficiency) വര്‍ദ്ധിപ്പിക്കുകയും ചെലവുകള്‍ പരമാവധി കുറച്ചു കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് കോസ്റ്റ് ലീഡേഴ്‌സിന്റെ തന്ത്രം. കുറഞ്ഞ പ്രവര്‍്ത്തനച്ചെലവ് കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അവരെ പ്രാപ്തരാക്കുന്നു. കൂടുതല്‍ മാര്‍ക്കറ്റ് ഷെയര്‍ നേടിയെടുക്കാന്‍ ഇതുമൂലം കഴിയുന്നു. കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ നേരിയ ലാഭം മാത്രമാവും ലഭിക്കുക. എന്നാല്‍ വലിയ അളവില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കുന്നതോടെ കൂടുതല്‍ ലാഭം നേടാന്‍ കോസ്റ്റ് ലീഡേഴ്‌സിന് കഴിയുന്നു.

പ്രവര്‍ത്തനച്ചെലവ് കുറവായത് കൊണ്ട് വില കുറച്ച് വില്‍ക്കണമെന്നുമില്ല. വിപണിയുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് യുക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളാം. കോസ്റ്റ് ലീഡര്‍ഷിപ്പ് (Cost Leadership) നടപ്പിലാക്കുവാന്‍ നിരന്തരം പുതിയ മാര്‍ഗ്ഗങ്ങള്‍ തേടിക്കൊണ്ടേയിരിക്കണം. ചെലവുകള്‍ കുറച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഈ തന്ത്രത്തിന്റെ കാതല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com