

നിങ്ങള്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കുകയാണ്. ഓട്ടമത്സരം ആരംഭിച്ചപ്പോള്‍ തുടക്കത്തില്‍ തന്നെ നിങ്ങള്‍ക്കൊരു പിഴവു പറ്റി. എതിരാളികള്‍ നിങ്ങള്‍ക്ക് മുന്‍പേ കുതിച്ചു കഴിഞ്ഞു. എന്നാല്‍ നിങ്ങള്‍ വിട്ടുകൊടുക്കുന്നില്ല. സര്‍വ്വശക്തിയും സമാഹരിച്ച് നിങ്ങള്‍ ഓടുന്നു. മത്സരത്തിന്റെ അവസാനം എതിരാളികളെ പിന്നിലാക്കി നിങ്ങള്‍ വിജയം നേടുന്നു.
നിങ്ങള്‍ വിജയിക്കുന്നതോടെ തുടക്കം പിഴച്ചത് പഴങ്കഥയാകുന്നു. ഇവിടെ ഫിനിഷിംഗ് പോയിന്റിനാണ് പ്രാമുഖ്യം. ആര് വേഗതയില്‍ ഓടുന്നു, വിജയിക്കുന്നു. വിപണിയിലും ഇതു തന്നെ മുഖ്യം. സ്റ്റാര്‍ട്ടപ്പായ ഓവര്‍ച്യുര്‍ (Overture) ആണ് വിപണിയില്‍ ആദ്യം പേ പെര്‍ ക്ലിക്ക് (Pay per Click) പരസ്യ തന്ത്രം അവതരിപ്പിച്ചത്. ഈ തന്ത്രം ഏറ്റവും വേഗത്തില്‍ പിന്തുടര്‍ന്നത് ഗൂഗിള്‍ ആയിരുന്നു. ഇന്ന് ഗൂഗിളിന്റെ പരസ്യ വരുമാനത്തില്‍ സിംഹഭാഗവും പേ പെര്‍ ക്ലിക്കില്‍ നിന്നാണ്. ഈ മാര്‍ഗ്ഗം വിപണിയിലേക്ക് കൊണ്ടുവന്ന ഓവര്‍ച്യുറിനെ യാഹൂ (Yahoo) പിന്നീട് ഏറ്റെടുത്തു.
നിങ്ങള്‍ ഉല്‍പ്പന്നത്തെ വിപണിയിലേക്ക് ആദ്യം അവതരിപ്പിക്കുന്ന സംരംഭകനാകണമെന്നില്ല. വിപണിയിലുള്ള ഉല്‍പ്പന്നത്തെയോ സേവനത്തെയോ നിരീക്ഷിച്ച് അതിനെക്കാള്‍ മികച്ച ഒന്ന് നിങ്ങള്‍ക്ക് വിപണിയിലേക്ക് നല്‍കുവാന്‍ സാധിച്ചാല്‍ ചിലപ്പോള്‍ ആദ്യം വിപണിയിലേക്ക് കടന്നുവന്നവരെക്കാള്‍ വേഗതയില്‍ വിപണി കീഴടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
ലോകത്ത് ആദ്യമായി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് കൊണ്ടുവന്നത് ആപ്പിള്‍ (Apple) അല്ല. ആദ്യത്തെ മ്യൂസിക് പ്ലെയര്‍ ഐ പോഡ് (iPod) അല്ല. ഐ മാക് (iMac) ആദ്യത്തെ പേര്‍സണല്‍ കമ്പ്യൂട്ടര്‍ അല്ല. എന്നാല്‍ മുന്‍പേ വന്നവരെക്കാള്‍ ബഹുദൂരം മുന്നിലേക്ക് കുതിക്കാന്‍ ആപ്പിളിന് സാധിച്ചു. മറ്റ് നിര്‍മ്മാതാക്കള്‍ നല്‍കിയ ഉല്‍പ്പന്നങ്ങളെക്കാള്‍ മികച്ചതും പ്രിയപ്പെട്ടതുമായ ഉല്‍പ്പന്നങ്ങള്‍ ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി.
വിപണിയിലേക്ക് ആദ്യം അവതരിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് First Mover നേട്ടങ്ങള്‍ ലഭിക്കുമെങ്കിലും അതിനൊപ്പം ചില കോട്ടങ്ങളുമുണ്ട്. ഉപഭോക്താക്കളുടെ യഥാര്‍ത്ഥത്തിലുള്ള അഭിരുചികളും ഉല്‍പ്പന്നത്തിന്റെ പ്രശ്‌നങ്ങളും അവര്‍ക്ക് കൃത്യമായി മനസ്സിലായിരിക്കണമെന്നില്ല. വിപണിയിലേക്ക് ചുവടുവെയ്ക്കുന്ന ഉല്‍പ്പന്നം അതിന്റെ എല്ലാവിധമായ റിസ്‌കും അഭിമുഖീകരിക്കുന്നുണ്ട്. ഉപഭോക്താക്കളില്‍ ഉല്‍പ്പന്നത്തിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക തന്നെ വലിയൊരു പ്രയത്‌നമാണ്. First Mover യഥാര്‍ത്ഥത്തില്‍ വിപണിയെ തയ്യാറെടുപ്പിക്കുന്നു.
വിപണിയിലേക്ക് ഉല്‍പ്പന്നം ആദ്യമായി അവതരിപ്പിക്കുന്ന കമ്പനി (First Mover) പണിയെടുത്ത് സൃഷ്ടിച്ച ആവശ്യകത മുതലെടുക്കുകയാണ് ഫാസ്റ്റ് ഫോളോവര്‍ (Fast Follower) ചെയ്യുന്നത്. ഇവിടെ ഉപഭോക്താക്കളില്‍ അവബോധം ആദ്യത്തെ കമ്പനി വളര്‍ത്തിക്കഴിഞ്ഞു. ഫാസ്റ്റ് ഫോളോവര്‍ക്ക് കൂടുതല്‍ മികച്ച ഉല്‍പ്പന്നം വിപണിയിലേക്ക് നല്‍കുക എന്ന ജോലി മാത്രമാണ് നിര്‍വ്വഹിക്കുവാനുള്ളത്. ആദ്യത്തെ കമ്പനി വഴി വെട്ടിയിരിക്കുന്നു. ഇനി വരുന്നവര്‍ക്ക് അതിലൂടെ പായാം.
ആദ്യത്തെ ഉല്‍പ്പന്നത്തിന്റെ കോട്ടങ്ങള്‍ മുഴുവന്‍ പഠിച്ച് കൂടുതല്‍ മികവുറ്റ ഉല്‍പ്പന്നം വിപണിയിലേക്ക് നല്‍കാന്‍ ഫാസ്റ്റ് ഫോളോവര്‍ക്ക് സാധിക്കും. ഇത് വിപണിയിലെ വിജയസാധ്യത വര്‍ദ്ധിപ്പിക്കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ ആദ്യത്തെ ആപ്ലിക്കേഷന്‍ തീര്‍ച്ചയായും ബൈജൂസ് (Byju's) അല്ല. മുന്നില്‍ വന്നവര്‍ നിലം ഒരുക്കുന്നു. ഫാസ്റ്റ് ഫോളോവര്‍ വിതയ്ക്കുകയും കൊയ്യുകയും ചെയ്യുന്നു.
ഫാസ്റ്റ് ഫോളോവര്‍ (Fast Follower) തന്ത്രം പിന്തുടരുമ്പോള്‍ ആദ്യം വന്നവര്‍ക്കൊപ്പമോ അവരെക്കാള്‍ അധികമോ ശക്തി നിങ്ങള്‍ക്കുണ്ടാവണം. ഉല്‍പ്പന്നത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുവാനും സമയം പാഴാക്കാതെ വിപണിയിലേക്ക് കടന്നുവരാനും കഴിഞ്ഞാല് മാത്രമേ ഈ തന്ത്രം കൊണ്ട് പ്രയോജനമുള്ളൂ. ഉല്‍പ്പന്നത്തെ വെറുതെ പകര്‍ത്തിയത് കൊണ്ടുമാത്രം കാര്യമില്ലെന്നര്ത്ഥം. ഇവിടെ എതിരാളിയുടെ ദൗര്‍ബല്യങ്ങള്‍ പഠിച്ച് അതിവേഗം പ്രവര്‍ത്തിക്കുവാന്‍ സാധിക്കണം.
Read DhanamOnline in English
Subscribe to Dhanam Magazine