ഫ്രാഞ്ചൈസി നല്‍കി വളരാന്‍ എന്താണ് വേണ്ടത് ?

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫ്രാഞ്ചൈസ് വിപണി ഏതെന്നറിയാമോ? അത് ഇന്ത്യയാണ്. ഈ മേഖലയില്‍ നമ്മുടെ രാജ്യത്തിന് മുന്നിലുള്ളത് വലിയ അവസരങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ 80,000 കോടി രൂപയുടെ വിപണിയാണിത്.

വരും വര്‍ഷങ്ങളില്‍ 30-35 ശതമാനം വാര്‍ഷിക വളര്‍ച്ച ഈ മേഖല കൈവരിക്കുമെന്ന് ഫ്രാഞ്ചൈസ് ഫോര്‍കാസ്റ്റ് 2023-24, ഫ്രാന്‍കാസ്റ്റ് വൈറ്റ്പേപ്പര്‍ എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രാഞ്ചൈസ് ചെയ്യാന്‍ പ്രാപ്തമായ ഒരു ബ്രാന്‍ഡ് കെട്ടിപ്പടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്:

മികച്ച ഉല്‍പ്പന്നം/ സേവനം

തിരഞ്ഞെടുക്കുകവിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വേണം തിരഞ്ഞെടുക്കാന്‍. മാത്രമല്ല, അത് നിങ്ങള്‍ക്ക് അഭിനിവേശമുള്ള മേഖലയുമായിരിക്കണം. മറ്റു ബ്രാന്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായതും ലാഭക്ഷമത കൂടിയതുമായ ഉല്‍പ്പന്നമോ സേവനമോ ആണെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം സല്‍പ്പേരും ഫ്രാഞ്ചൈസ് ബിസിനസില്‍ പ്രധാനമാണ്.

അനുഭവ പരിചയം

പല ഘട്ടങ്ങളിലൂടെ കടന്നുപോയ ശേഷമാണ് ബിസിനസ് നിലനില്‍ക്കുന്നത്. വിപുലീകരണത്തിന്റെയും മാന്ദ്യത്തിന്റെയുമടക്കം മൂന്നു ബിസിനസ് സൈക്കിളുകളെങ്കിലും പൂര്‍ത്തിയാക്കി വേണം ഫ്രാഞ്ചൈസ് നല്‍കാന്‍. ബിസിനസിനെ കുറിച്ച് നിങ്ങളുടെ ഫ്രാഞ്ചൈസിയാകുന്നവരോട് ആത്മവിശ്വാസത്തോടെ സംസാരിക്കാനും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും നിങ്ങള്‍ക്ക് പല ഘട്ടങ്ങളിലൂടെ കടന്നുപോയ അനുഭവം ഉണ്ടായിരിക്കണം.

ബ്രാന്‍ഡ് അവബോധം

നിങ്ങളുടെ ബ്രാന്‍ഡ് എന്താണെന്നും ഏതാണെന്നും വ്യക്തമായ നിര്‍വചനം നിങ്ങളുടെ കയ്യിലുണ്ടാവണം. ഏതുതരം ഉപഭോക്താക്കളെയാണ് ലക്ഷ്യംവെയ്ക്കുന്നതെന്നും ധാരണ വേണം. ഓര്‍മയില്‍ നില്‍ക്കുന്ന ലോഗോയും മറ്റും ഒരുക്കിയ ശേഷം അത് ആളുകളിലേക്ക് എത്തിക്കാനും അവരുമായി നിരന്തരം ബന്ധപ്പെടാനും അവസരമൊരുക്കണം.

ലോഗോ, അതിനുള്ള നിറം, ടാഗ്ലൈന്‍, പാക്കേജിംഗ് ഡിസൈന്‍ തുടങ്ങിയവയെല്ലാം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ വേണം.ഉപഭോക്താക്കളെ ലക്ഷ്യമിടുമ്പോള്‍ വിപണി പഠനം അത്യാവശ്യമാകുന്നു. ഏത് മേഖലയില്‍ ഏത് സ്ഥലത്ത് കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഇതിലൂടെ മനസിലാകും.

മാര്‍ക്കറ്റിംഗില്‍ നല്ല രീതിയില്‍ നിക്ഷേപം നടത്താനും തയാറാകണം. എ.ടി.എല്‍ & ബി.ടി.എല്‍ മാര്‍ക്കറ്റിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിംഗ്, പബ്ലിക് റിലേഷന്‍സ്, കസ്റ്റമര്‍ ഫീഡ്ബാക്ക്, കമ്മ്യൂണിറ്റി എന്‍ഗേജ്മെന്റ് തുടങ്ങി മാര്‍ക്കറ്റിംഗിന് വിപുലമായ ഉപാധികള്‍ ഇപ്പോഴുണ്ട്.

തന്ത്രമൊരുക്കുക

ഫ്രാഞ്ചൈസി നല്‍കാനൊരുങ്ങുമ്പോള്‍ അതു സംബന്ധിച്ച മികച്ച തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിരിക്കണം. പൈലറ്റ് പ്രോജക്റ്റും സിസ്റ്റംസ് & പ്രോസസും തയാറാക്കണം. പൈലറ്റ് പ്രോജക്റ്റില്‍ നിക്ഷേപത്തിന്മേലുള്ള നേട്ടം എത്രയായിരിക്കുമെന്നും ലാഭ-നഷ്ട സാധ്യതകളും വ്യക്തമായി കാണിച്ചിരിക്കേണ്ടതുണ്ട്.

മികച്ച ടീം ഉണ്ടാകുക എന്നതും ഇതില്‍ പ്രധാനമാണ്. ഫ്രാഞ്ചൈസ് ഡെവലപ്മെന്റ് മാനേജര്‍, ഫ്രാഞ്ചൈസ് ഓപറേഷണല്‍ മാനേജര്‍, ലീഡ് ജനറേഷന്‍ സ്പെഷ്യലിസ്റ്റ്, മാര്‍ക്കറ്റ് അനലിസ്റ്റ്, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, ഫ്രാഞ്ചൈസ് മാര്‍ക്കറ്റിംഗ് സ്പെഷ്യലിസ്റ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ക്കായി ആളുകളുണ്ടാവണം.

പരിശീലന പരിപാടികള്‍

ഫ്രാഞ്ചൈസ് നല്‍കുമ്പോള്‍ അതിന് ശാസ്ത്രീയമായ രീതിയിലുള്ള നടപടിക്രമങ്ങള്‍ അത്യാവശ്യമാണ്. ഫ്രാഞ്ചൈസ് ഡിസ്‌ക്ലോഷര്‍ ഡോക്യുമെന്റ് (FDD), ഫ്രാഞ്ചൈസ് ഓപറേഷന്‍സ്മാന്വല്‍ തുടങ്ങിയവ തയാറാക്കിയിരിക്കണം. ഫ്രാഞ്ചൈസ് ഫീസ്, റോയല്‍റ്റീസ് എന്നിവയെ കുറിച്ച് വ്യക്തമാക്കുകയും പരിശീലന പരിപാടികള്‍ വിഭാവനം ചെയ്യുകയും വേണം. അടിസ്ഥാന സൗകര്യങ്ങളിലുള്ള പിന്തുണ നല്‍കുന്നതിനൊപ്പംവിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നല്‍കാനും ഫ്രാഞ്ചൈസര്‍ ശ്രദ്ധിക്കണം.

നേട്ടങ്ങള്‍

ഫ്രാഞ്ചൈസ് നല്‍കുന്നത് ഒരു സംരംഭകനെ സംബന്ധിച്ച് ഒട്ടേറെ നേട്ടങ്ങള്‍ നല്‍കുന്ന കാര്യമാണ്. ബ്രാന്‍ഡിന്റെ സാന്നിധ്യം വിപുലമാകും എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. നിക്ഷേപ ചെലവ് പങ്കിടാന്‍ ആളുണ്ടാകും എന്നതും ആഗോള തലത്തിലേക്ക് വളരാനുള്ള സാധ്യത തുറക്കുമെന്നതുമെല്ലാം ഫ്രാഞ്ചൈസബ്ള്‍ ബ്രാന്‍ഡ് കൊണ്ടുള്ള നേട്ടങ്ങളാണ്.

(ഫ്രാഞ്ചൈസി മാനേജ്‌മെന്റ് രംഗത്ത് പി.എച്ച്.ഡിയുള്ള ഡോ. ചാക്കോച്ചന്‍ മത്തായി ഫ്രാഞ്ചൈസി ഇവാഞ്ചലിസ്റ്റും നാച്വറല്‍സ് സലൂണ്‍ ആന്‍ഡ് സ്പായുടെ ഫ്രാഞ്ചൈസ് ഡെവലപ്മെന്റ് & ട്രെയ്നിംഗ് വിഭാഗം മേധാവിയുമാണ്. ഇന്ത്യയിലെ ഫ്രാഞ്ചൈസിംഗ് മേഖലയില്‍ 33 വര്‍ഷത്തെ അനുഭവസമ്പത്തുണ്ട്.)

Dr. Chackochen Mathai
Dr. Chackochen Mathai  

ഫ്രാഞ്ചൈസി മാനേജ്‌മെന്റ് രംഗത്ത് പിഎച്ച്ഡിയുള്ള ഡോ. ചാക്കോച്ചന്‍ മത്തായിക്ക് മൂന്നു പതിറ്റാണ്ടിലേറെ കാലത്തെ അനുഭവസമ്പത്താണുള്ളത്. 850 ലേറെ സംരംഭകരെ ഫ്രാഞ്ചൈസിംഗ് രംഗത്തേക്ക് കൈപിടിച്ച് നടത്തിയിട്ടുള്ള ഡോ. ചാക്കോച്ചന്‍ മത്തായിയെ ഈ നമ്പറില്‍ ബന്ധപ്പെടാം - Ph: 9884051455, Web: www.franchisingrightway.com

Related Articles

Next Story

Videos

Share it