വിഴിഞ്ഞം തുറമുഖത്തേക്ക് ആഗോള കമ്പനികളെത്തും; ചര്‍ച്ച ഉഷാറാക്കി അദാനി

തിരുവനന്തപുരം വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പ് സജ്ജമാക്കുന്ന തുറമുഖത്ത് നങ്കൂരമിടാന്‍ ആഗോള ഷിപ്പിംഗ് രംഗത്തെ മുന്‍നിര കമ്പനികളുമെത്തും. വന്‍കിട കമ്പനികളെ വിഴിഞ്ഞത്തേക്ക് എത്തിക്കാനുള്ള ചര്‍ച്ചകള്‍ അദാനി ഗ്രൂപ്പ് സജീവമാക്കിയിട്ടുണ്ട്.

155 രാജ്യങ്ങളില്‍ പ്രവര്‍ത്തന സാന്നിദ്ധ്യമുള്ളതും 700ലേറെ ചരക്കുകപ്പലുകളുള്ളതുമായ ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം.എസ്.സിയെ (MSC/മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി) വിഴിഞ്ഞത്ത് കൊണ്ടുവരാനുള്ള പദ്ധതികള്‍ അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോര്‍ട്‌സ് ആന്‍ഡ് സെസ് എടുത്തിട്ടുണ്ട്.
ജനീവ ആസ്ഥാനമായ കമ്പനിയായ എം.എസ്.സിയും അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്തസംരംഭം നിലവില്‍ മുന്ദ്ര തുറമുഖത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്നതും ഇന്ത്യയിലെ ഒരേയൊരു സ്വകാര്യ മേജര്‍ തുറമുഖവുമാണ് മുന്ദ്ര.
എം.എസ്.സിക്ക് പുറമേ മറ്റ് പ്രമുഖ രാജ്യാന്തര ഷിപ്പിംഗ് കമ്പനികളായ എവര്‍ഗ്രീന്‍, സി.എം.എ.സി.ജി.എം., ഒ.സി.എല്‍ തുടങ്ങിയവയെയും വിഴിഞ്ഞത്ത് എത്തിക്കാനുള്ള പരിശ്രമത്തിലാണ് അദാനി.
കേരളത്തിന്റെ സ്വപ്‌ന പദ്ധതി
കേരളത്തിന്റെ വികസനയാത്രയിലെ തിലകക്കുറിയാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. നിലവില്‍ കൊച്ചിയിലാണ് കേരളത്തിലെ ഏക മേജര്‍ തുറമുഖം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണിത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള പൊതു-സ്വകാര്യപങ്കാളിത്ത പദ്ധതിയായാണ് (PPP) വിഴിഞ്ഞം തുറമുഖം ഉയരുന്നത്. 17 മുതല്‍ 24 മീറ്റര്‍ വരെ സ്വാഭാവിക ആഴമുള്ളതും അന്താരാഷ്ട്ര കപ്പല്‍പ്പാതയുടെ ഏറെ അടുത്തുകിടക്കുന്നതുമാണ് വിഴിഞ്ഞം തുറമുഖം. ആദ്യഘട്ടത്തില്‍ 800 മീറ്ററും മൂന്ന് ഘട്ടങ്ങളിലായി നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ 2000 മീറ്ററും നീളമുള്ളതായിരിക്കും വിഴിഞ്ഞത്തെ ബെര്‍ത്ത്. അതായത്, ലോകത്തെ ഏത് വമ്പന്‍ കപ്പലിനും വിഴിഞ്ഞത്ത് അനായാസം അടുക്കാനാകും.
നിര്‍മ്മാണം അതിവേഗം
2024 മേയിലാണ് ആദ്യഘട്ടം പൂര്‍ത്തിയാവുക. ഇതിനകം 60 ശതമാനത്തോളം നിര്‍മ്മാണം പൂര്‍ത്തിയായി. തുറമുഖത്ത് കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനുള്ള ക്രെയിനുകളുമായി ഇതിനകം രണ്ട് കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തിക്കഴിഞ്ഞു. കൂടുതൽ ക്രെയിനുകളുമായി മൂന്നാമത്തെ കപ്പല്‍ അടുത്തയാഴ്ചയും മറ്റൊന്ന് ഡിസംബര്‍ 15നും എത്തും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it