ഇന്ത്യയിലേക്ക് 'മള്‍ട്ടി-ബില്യണ്‍' ഡോളറിന്റെ പുതിയ കടല്‍പ്പാത ഒരുക്കാന്‍ തായ്‌ലന്‍ഡ്

ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിനായി ശതകോടികളുടെ നിക്ഷേപത്തോടെ പുത്തന്‍ കടല്‍പ്പാത ഒരുക്കാന്‍ തായ്‌ലന്‍ഡ് ഒരുങ്ങുന്നു. ഏഷ്യ-പസഫിക്കിനെയും ഇന്ത്യ-ഗള്‍ഫ് മേഖലയെയും തായ്‌ലന്‍ഡുമായി ബന്ധിപ്പിച്ചുള്ള പുതിയ ചരക്കുനീക്കപ്പാത തന്നെ സജ്ജമാക്കുകയാണ് ഇതുവഴി തായ്‌ലന്‍ഡ് ഉദ്ദേശിക്കുന്നത്.

2,800 കോടി ഡോളര്‍ (ഏകദേശം 2.35 ലക്ഷം കോടി രൂപ) നിക്ഷേപത്തോടെ 'ലാന്‍ഡ്ബ്രിജ്' (Landbridge Project) പദ്ധതി ആണ് തായ്‌ലന്‍ഡ് ആവിഷ്‌കരിക്കുന്നത്. ഇതിനായി ആന്‍ഡമാന്‍ കടല്‍, ഗള്‍ഫ് ഓഫ് തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായി രണ്ട് ആഴമേറിയ തുറമുഖങ്ങളും (deep sea ports) സജ്ജമാക്കും. ആന്‍ഡമാന്‍ കടല്‍ഭാഗത്ത് റണോഗിംലും (Ranong) ഗള്‍ഫ് ഓഫ് തായ്‌ലന്‍ഡില്‍ ചുംഫോണിലുമാണ് (Chumphon) തുറമുഖങ്ങളൊരുക്കുക.
മലാക്കയെ മറികടക്കുക ലക്ഷ്യം
നിലവില്‍ തായ്‌ലന്‍ഡില്‍ നിന്നും ഏഷ്യ-പസഫിക്‌ മേഖലയില്‍ നിന്നും ചരക്കുകപ്പലുകള്‍ ഇന്ത്യ-ഗള്‍ഫ് മേഖലയിലേക്ക് സഞ്ചരിക്കുന്നത് സിംഗപ്പൂരിനും മലേഷ്യക്കും ഇടയിലുള്ള മലാക്ക കടലിടുക്ക് (Malacca Strait) വഴിയാണ്.
ആഗോള ചരക്കുനീക്കത്തിന്റെ നാലിലൊന്നും നിലവില്‍ നടക്കുന്നത് മലാക്ക കടലിടുക്ക് വഴിയാണ്. 2030ഓടെ ഇതുവഴിയുള്ള ചരക്കുനീക്കം കൂടുതല്‍ തിരക്കേറിയതാകുമെന്നും ഷിപ്പിംഗ് നിരക്കുകള്‍ കുത്തനെ കൂടുമെന്നും വിലയിരുത്തലുകളുണ്ട്. മാത്രമല്ല, ഓരോ വര്‍ഷവും ഈ പാതയില്‍ 60ലധികം കടല്‍ അപകടങ്ങള്‍ (maritime accidents) നടക്കുന്നുമുണ്ട്.
ഈ വെല്ലുവിളികള്‍ തരണം ചെയ്യുകയും ഈ മേഖലയിലെ ചരക്കുനീക്കരംഗത്ത് നിര്‍ണായക ശക്തിയായി മാറുകയുമാണ് തായ്‌ലന്‍ഡ് ലക്ഷ്യമിടുന്നത്.
പുതിയ പാത ഇങ്ങനെ
തായ്‌ലന്‍ഡിന്റെ പടിഞ്ഞാറന്‍ മേഖലയിലെ ക്ര ഇസ്ത്മസില്‍ (Kra Isthmas) പുതിയ കനാല്‍ നിര്‍മ്മിക്കും. ഇതിനോട് അനുബന്ധമായാണ് പുതിയ രണ്ട് തുറമുഖങ്ങളും സജ്ജമാക്കുക. അനുബന്ധമായി റോഡ്, റെയില്‍പ്പാതകളും നിര്‍മ്മിക്കും.
പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യ-ഏഷ്യ പസഫിക് ചരക്കുനീക്കത്തില്‍ 1,200 കിലോമീറ്ററോളം ലാഭിക്കാം. ചരക്കുനീക്കത്തിനുള്ള സമയം ശരാശരി 4 ദിവസമായി താഴും. ഷിപ്പിംഗ് നിരക്കില്‍ (ചരക്കുനീക്കച്ചെലവ്) 15 ശതമാനം വരെ കുറവുമുണ്ടാകും.
സ്വകാര്യ നിക്ഷേപവും ഉള്‍പ്പെടുത്തി സംയുക്ത സംരംഭമായി പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് തായ്‌ലന്‍ഡ് ശ്രമിക്കുന്നത്. ഇതിനായി ചൈനീസ് കമ്പനികളുടെ അടക്കം സഹകരണം തേടുന്നുണ്ട്. നിക്ഷേപകര്‍ക്ക് പദ്ധതിയില്‍ 50 ശതമാനം ഓഹരി പങ്കാളിത്തം അനുവദിക്കും.
തായ്‌ലന്‍ഡിന്റെ നേട്ടം
പുതിയ പാത സജ്ജമായാല്‍ ഈ മേഖലയിലെ നിര്‍ണായക ശക്തിയായി തായ്‌ലന്‍ഡിന് മാറാനാകും. മാത്രമല്ല, നിലവിലെ 2-3 ശതമാനമെന്ന ജി.ഡി.പി വളര്‍ച്ചാനിരക്ക് 5 ശതമാനത്തിന് മുകളിലേക്കും ഉയര്‍ത്താനാകുമെന്ന് തായ്‌ലന്‍ഡ് പ്രതീക്ഷിക്കുന്നു. പദ്ധതി വഴി പ്രതീക്ഷിക്കുന്ന പുതിയ തൊഴിലവസരങ്ങള്‍ 2.80 ലക്ഷമാണ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it