അനില്‍ അമ്പാനിയുടെ കടം 90,000 കോടി?

അനില്‍ അമ്പാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, കമ്പനി തന്നെ അറിയിച്ച പോലെ 46,000 കോടി രൂപയല്ല മറിച്ച് 90,000 കോടി രൂപയെങ്കിലും കടമായി നല്‍കാനുണ്ടാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള ബാങ്കുകള്‍, സര്‍ക്കാര്‍, മൊബീല്‍ ഫോണ്‍ കമ്പനികള്‍, ടെലികോം ടവര്‍ സ്ഥാപനങ്ങള്‍ തുടങ്ങി ഈ കമ്പനിയില്‍ നിന്ന് പണം കിട്ടാനുള്ളവരോട് മേയ് 21 ന് മുമ്പ് വിശദവിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ആര്‍ബിഎസ്എ അഡൈ്വസേഴ്‌സ് എല്‍എല്‍പിക്കാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 75,000 മുതല്‍ 90,000 കോടി രൂപ വരെയുള്ള തുക ഇത്തരത്തില്‍ ആവശ്യപ്പെട്ടാക്കാമെന്നാണ് കണക്കു കൂട്ടുന്നത്. എന്നാല്‍ പലിശയും മറ്റും ഉള്‍പ്പെടുത്തിയുള്ള തുകയില്‍ നിന്ന് സെറ്റില്‍മെന്റ് നടത്തുമ്പോള്‍ തുക കുറക്കാന്‍ കമ്പനികള്‍ തയാറായേക്കും. സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണുമായുള്ള കേസ് 550 കോടി രൂപ കൊടുത്ത് തീര്‍പ്പാക്കിയിരുന്നു. 1500 കോടി രൂപയാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അപ്പലറ്റ് അഥോറിറ്റി മുഖാന്തിരം അത് 550 ആയി കുറക്കുകയായിരുന്നു. സഹോദരനായ മുകേഷ് അമ്പാനിയുടെ സഹായത്തോടെയാണ് ആ തുക പോലും അനില്‍ അമ്പാനി കൊടുത്തത്.
2017 ല്‍ എസ്സാര്‍ സ്റ്റീല്‍സാണ് ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ കടക്കെണിയില്‍ ആയിരുന്നത്. വായ്പാ സ്ഥാപനങ്ങള്‍ 82,541 കോടി രൂപയുടെ അവകാശവാദമാണ് അന്ന് ഉന്നയിച്ചിരുന്നത്. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ മുഖാന്തിരം അന്ന് കമ്പനിക്ക് 54,565 കോടി രൂപ നല്‍കേണ്ടി വന്നു.