യുദ്ധക്കപ്പല്‍ നവീകരണം: കൊച്ചിന്‍ ഷിപ്‌യാർഡിന് 313 കോടിയുടെ പ്രതിരോധ കരാര്‍
കൊച്ചിന്‍ ഷിപ്‌യാർഡും (സി.എസ്.എല്‍) പ്രതിരോധ മന്ത്രാലയവും 313.42 കോടി ചെലവില്‍ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ നവീകരിക്കാന്‍ കരാര്‍ ഒപ്പിട്ടു. ആധുനിക ഗൈഡഡ് മിസൈല്‍ ഫ്രിഗേറ്റ് ഐ.എന്‍.എസ് ബിയാസിന്റെ മിഡ്-ലൈഫ് നവീകരണത്തിനും റീ-പവര്‍ ചെയ്യുന്നതിനുമായാണ് കരാര്‍ ഒപ്പിട്ടത്.
കൊച്ചിന്‍ ഷിപ്‌യാർഡ് എറണാകുളം വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ സജ്ജമാക്കുന്ന അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണിശാല, തേവരയില്‍ കപ്പല്‍ശാലയ്ക്ക് സമീപമായി ഒരുക്കുന്ന പുതിയ ഡ്രൈഡോക്ക് എന്നീ പദ്ധതികളുടെ കമ്മിഷനിംഗ് ഈ വര്‍ഷം ഡിസംബറില്‍ നടത്താനുള്ള ശ്രമങ്ങളും അതിവേഗം പുരോഗമിക്കുകയാണ്. ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മ്മിത വിമാന വാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് സമയബന്ധിതമായി നിര്‍മ്മിച്ച് രാജ്യത്തിന് കൈമാറിയതടക്കം നിരവധി അഭിമാന നേട്ടങ്ങള്‍ ഷിപ്‌യാർഡിനുണ്ട്.
കൊച്ചി കപ്പല്‍ശാലയ്ക്ക് 10,000 കോടിയുടെ മിസൈല്‍ യാനങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് കരാര്‍ ലഭിച്ചിരുന്നു. കൂടാതെ ലോകത്തെ ആദ്യ ഹരിത കണ്ടെയ്‌നര്‍ കപ്പല്‍ നിര്‍മ്മിക്കാനായി നോര്‍വേയില്‍ നിന്നും ഓര്‍ഡര്‍ ലഭിച്ചിരുന്നു.
Read more:കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിവില 20% കുതിച്ചു; കരുത്തായത് പുത്തന്‍ ഓര്‍ഡറുകള്‍
മിസൈല്‍ ഫ്രിഗേറ്റ് ഐ.എന്‍.എസ് ബിയാസ്
ആവിയില്‍ നിന്ന് ഡീസല്‍ പ്രൊപ്പല്‍ഷനിലേക്ക് റീ-പവര്‍ ചെയ്യുന്ന ബ്രഹ്‌മപുത്ര ക്ലാസ് ഫ്രിഗേറ്റിന്റെ ആദ്യത്തേതാണ് ഐ.എന്‍.എസ് ബിയാസ് എന്ന യുദ്ധക്കപ്പല്‍. 2026ല്‍ മിഡ്-ലൈഫ് അപ്ഗ്രേഡും റീ-പവറിംഗും പൂര്‍ത്തിയാക്കിയ ശേഷം ആധുനികവല്‍ക്കരിച്ച ആയുധ സ്യൂട്ടും നവീകരിച്ച യുദ്ധ ശേഷിയും ഉള്ള ഇന്ത്യന്‍ നാവികസേനയുടെ കപ്പലില്‍ ഐ.എന്‍.എസ് ബിയാസ് ചേരുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇത് 3,500ല്‍ അധികം ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇതില്‍ 50ല്‍ അധികം എം.എസ്.എ.ഇകള്‍ ഉള്‍പ്പെടുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബ്രഹ്‌മപുത്ര ക്ലാസ് ഗൈഡഡ് മിസൈല്‍ ഫ്രിഗേറ്റിന്റെ മൂന്നാമത്തേതായ ഐ.എന്‍.എസ് ബിയാസ് ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സില്‍ നിര്‍മ്മിച്ചതിന് ശേഷം 2005 ജൂലൈയില്‍ ഇന്ത്യന്‍ നാവികസേനയിലേക്ക് ചേര്‍ത്തിരുന്നു. 1960-1992 കാലഘട്ടത്തില്‍ പ്രശസ്തമായിരുന്ന ബിയാസിന്റെ ഇപ്പോഴുള്ള പതിപ്പാണ് ഈ മിസൈല്‍ ഫ്രിഗേറ്റ്. എന്‍.എസ്.ഇയില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഓഹരികള്‍ ഇന്ന് 1.37% ഇടിഞ്ഞ് 1,045 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു.