എന്നാലുമെന്റെ പൊന്നേ... ഇതെന്തൊരു കയറ്റമാ...! സ്വര്‍ണവിലയില്‍ ഇന്നും പുത്തന്‍ റെക്കോഡ്

എല്ലാ കണ്ണുകളും അമേരിക്കയിലേക്ക്; വെള്ളി വിലയിലും പുതിയ ഉയരം
Gold chain, Rupee, Rocket
Image : Canva
Published on

ആശ്വസിക്കാന്‍ വകയില്ല! സ്വര്‍ണവില മേലോട്ട് തന്നെ കുതിച്ചുകയറുകയാണ്. ഇന്ന് കേരളത്തില്‍ ഗ്രാമിന് 10 രൂപ കൂടി വില 6,575 രൂപയായി. 80 രൂപ ഉയര്‍ന്ന് 52,600 രൂപയാണ് പവന്‍ വില. രണ്ടും കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലകള്‍.

ഇന്നലെ (ഏപ്രില്‍ 08) കുറിച്ച ഗ്രാമിന് 6,565 രൂപയും പവന് 52,520 രൂപയുമെന്ന റെക്കോഡാണ് ഇന്ന് ഭേദിച്ചത്. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 5 രൂപ ഉയര്‍ന്ന് റെക്കോഡായ 5,500 രൂപയിലെത്തി. ഇന്നലെ മാറാതിരുന്ന വെള്ളിവിലയും ഇന്നുയര്‍ന്ന് പുതിയ ഉയരം കുറിച്ചു. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 88 രൂപയിലാണ് ഇന്നത്തെ വ്യാപാരം.

ഉറ്റുനോട്ടം അമേരിക്കയിലേക്ക്

ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തിയായ അമേരിക്കയിലേക്കാണ് സ്വര്‍ണാഭരണ പ്രേമികളും വ്യാപാരികളും നിക്ഷേപകരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ ധനനയ നിര്‍ണയ യോഗത്തിന്റെ മിനിട്ട്‌സ് നാളെ പുറത്തുവരും. പണപ്പെരുപ്പം, അടിസ്ഥാന പലിശനിരക്ക് കുറയ്ക്കല്‍ എന്നിവയെ കുറിച്ച് യു.എസ് ഫെഡ് എന്താണ് പറയുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകം.

അമേരിക്കയുടെ ഉപഭോക്തൃ പണപ്പെരുപ്പക്കണക്കും നാളെ അറിയാം. പണപ്പെരുപ്പം താഴേക്കാണെങ്കില്‍ ജൂണില്‍ തന്നെ യു.എസ് ഫെഡ് പലിശനിരക്ക് താഴ്ത്തിയേക്കാം. ഇത്, സ്വര്‍ണവിലയ്ക്ക് കൂടുതല്‍ കുതിപ്പേകും. കാരണം, പലിശനിരക്ക് താഴുമ്പോള്‍ കടപ്പത്രങ്ങളും ഡോളറിന്റെ മൂല്യവും അനാകര്‍ഷകമാക്കും. ഫലത്തില്‍, സ്വര്‍ണത്തിലേക്ക് നിക്ഷേപമൊഴുകും. ഇത് വിലയെ കൂടുതല്‍ മേലോട്ട് നയിക്കും.

ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഹമാസിനൊപ്പം ഇറാനും പങ്കുചേര്‍ന്നേക്കുമെന്ന സൂചനകളും സ്വര്‍ണത്തിനാണ് ഗുണമാകുന്നത്. യുദ്ധം എക്കാലത്തും ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തും.

ചൈനയുടെ കേന്ദ്രബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന അടക്കം ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വന്‍തോതില്‍ വാങ്ങിക്കൂട്ടി കരുതല്‍ ശേഖരം ഉയര്‍ത്തുന്നതും സ്വര്‍ണക്കുതിപ്പിന് വളമാകുന്നുണ്ട്.

വില ഇനി എങ്ങോട്ട്?

നിലവില്‍ ട്രോയ് ഔണ്‍സിന് ആറ് ഡോളര്‍ ഉയര്‍ന്ന് 2,345 ഡോളറിലാണ് രാജ്യാന്തര സ്വര്‍ണവിലയുള്ളത്. ഈ വര്‍ഷം രണ്ടാംപാതിയോടെ മാത്രമേ 2,300 ഡോളര്‍ കടക്കൂ എന്നാണ് ആദ്യം വിലയിരുത്തപ്പെട്ടത്. എന്നാല്‍, ഏപ്രിലില്‍ തന്നെ ഈ വിലനിലവാരം ഭേദിച്ചു.

നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വില 2,400 ഡോളര്‍ ഭേദിക്കുന്നത് വിദൂരത്തല്ലെന്ന് നിരീക്ഷകര്‍ പ്രവചിക്കുന്നു. അങ്ങനെയെങ്കില്‍ കേരളത്തിലെ വില പവന് 54,000 രൂപവരെയായി ഉയര്‍ന്നേക്കാം. ഇന്ന് നികുതിയും പണിക്കൂലിയുമടക്കം 57,500 രൂപയെങ്കിലും ഒരു പവന്‍ സ്വര്‍ണാഭരണത്തിന് കൊടുക്കേണ്ട സ്ഥിതിയാണ് കേരളത്തിലുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com