സ്വര്‍ണവില ആരാണ് നിശ്ചയിക്കുന്നത്? ഓരോ ദിവസവും വില മാറുന്നത് എന്തുകൊണ്ട്?

സാധാരണക്കാരെ ആശങ്കപ്പെടുത്തി സ്വര്‍ണവില അനുദിനം റെക്കോഡ് തിരുത്തി മുന്നേറുകയാണ്. കേരളത്തില്‍ ഇന്നും സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. പവന് 52,520 രൂപയും ഗ്രാമിന് 6,565 രൂപയുമാണ് വില. ഒരു പവന്‍ ആഭരണം വാങ്ങാന്‍ നികുതിയും പണിക്കൂലിയുമടക്കം 57,000 രൂപയെങ്കിലും കൊടുക്കണമെന്നതാണ് സ്ഥിതി. 7,100 രൂപയെങ്കിലും കൊടുത്താലേ ഒരു ഗ്രാം സ്വര്‍ണാഭരണം വാങ്ങാനാകൂ (Click here for the details).
എന്തുകൊണ്ടാണ് സ്വര്‍ണവില ഇങ്ങനെ ഓരോ ദിവസവും മാറുന്നത്? ആരാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്?
സ്വര്‍ണം ഒരു ഉത്പന്നം മാത്രമായതിനാല്‍ സര്‍ക്കാരിന് വില നിശ്ചയിക്കാനാവില്ല. ഉദാഹരണത്തിന്, റബറിന്റെ വില നിശ്ചയിക്കുന്നത് സര്‍ക്കാരല്ലല്ലോ, വിപണി തന്നെയല്ലേ. ഭീമ ജുവലറി ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ നയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് (AKGSMA) കാലങ്ങളായി കേരളത്തിലെ സ്വര്‍ണവില നിശ്ചയിക്കുന്നത്. മറ്റ് സംഘടനകളും സ്വര്‍ണാഭരണ വിതരണക്കാരും ഈ വില പിന്തുടരുകയുമാണ് ചെയ്യുന്നത്.
എന്താണ് സ്വര്‍ണവിലയുടെ മാനദണ്ഡം?
എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറയുന്നത് കേള്‍ക്കാം - ''ഓരോ ദിവസത്തെയും ഡോളറിന്റെ മൂല്യം, രൂപയുമായുള്ള വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, ഇവ പ്രകാരം മുംബൈ വിപണിയിലെ വില എന്നിവ അവലോകനം ചെയ്താണ് ഓരോ ദിവസവും സ്വര്‍ണവില നിര്‍ണയിക്കുന്നത്. രാവിലെ ഏതാണ്ട് 9.30ഓടെ ഓരോ ദിവസത്തെയും വില പ്രഖ്യാപിക്കും. എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിയാണ് കേരളത്തിലെ വില നിശ്ചയിക്കുന്നത്''.
ഈ വിലയാണ് കേരളത്തിലെ എല്ലാ സ്വര്‍ണ വ്യാപാരികളും പിന്തുടരുന്നത്. ''ലാഭമാര്‍ജിന്‍ ഏറ്റവും കുറച്ചാണ് കേരളത്തില്‍ ഓരോ ദിവസവും വിലയിടുന്നത്. എ.കെ.ജി.എസ്.എം.എയുടെ ഈ മാനദണ്ഡം തന്നെയാണ് മറ്റ് സംസ്ഥാനങ്ങളിലെ അസോസിയേഷനുകളും പിന്തുടരുന്നത്'' - അദ്ദേഹം പറയുന്നു.
ഇന്നത്തെ വില നിശ്ചയിച്ചത് എങ്ങനെ?
ഇന്ന് രാവിലെ 24 കാരറ്റ് സ്വര്‍ണവില ജി.എസ്.ടി അടക്കം ഗ്രാമിന് 7,310 രൂപയായിരുന്നു. ഇതില്‍ ജി.എസ്.ടി ഇല്ലാതെയുള്ള വില കണക്കാക്കുമ്പോള്‍ ഇന്നത്തെ ഗ്രാം വിലയായ 6,565 രൂപ കിട്ടും. ഓരോ ദിവസത്തെയും ഡിമാന്‍ഡിന് ആനുപാതികമായി ലാഭമാര്‍ജിന്‍ നിശ്ചയിക്കും.
ചില ദിവസങ്ങളില്‍ ലാഭമാര്‍ജിന്‍ ഇല്ലാതെയും വില നിശ്ചയിക്കാറുണ്ടെന്ന് എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു. പിന്നീട്, വില്‍ക്കുമ്പോള്‍ മൂന്ന് ശതമാനം ജി.എസ്.ടിയും ആഭരണത്തിന്റെ പണിക്കൂലിയും ഹോള്‍മാര്‍ക്ക് ഫീസും ഈടാക്കുന്നു. എന്തുകൊണ്ടാണ് കേരളത്തിലെ സ്വർണവില എ.കെ.ജി.എസ്.എം.എ നിശ്ചയിക്കുന്നത്? അതറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it