പിരിച്ചുവിടലായി കാണുന്നില്ല, ന്യായീകരിച്ച് ബൈജു രവീന്ദ്രന്‍
കമ്പനിയെ ലാഭത്തിലാക്കാന്‍ വലിയ വില നല്‍കേണ്ടിവരുമെന്നും വേഗത്തിലുള്ള വളര്‍ച്ച കാര്യക്ഷമതയെ ബാധിച്ചെന്നും ബൈജു രവീന്ദ്രന്‍
2022 വര്‍ഷം തുടങ്ങിയ ശേഷം എഡ്‌ടെക്ക് സ്ഥാപനമായ ബൈജൂസ് നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. തിരുവനന്തപുരത്തെ ഓഫീസ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതോടെയാണ് സാമൂഹ്യമാധ്യമങ്ങളിലടക്കം കമ്പനിയുടെ നടപടികള്‍ ചര്‍ച്ചയായയത്. പത്രമാധ്യമങ്ങളില്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്നതോടെ വിഷയത്തില്‍ ന്യായീകരണവുമായി എത്തിയിരിക്കുകയാണ് ബൈജൂസിന്റെ സിഇഒയും സ്ഥാപകനുമായ ബൈജൂ രവീന്ദ്രന്‍.
ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ബൈജൂസ് വിടേണ്ടിവരുന്നവരോട് ബൈജു രവീന്ദ്രന്‍ ക്ഷമ ചോദിച്ചു. കമ്പനിയെ ലാഭത്തിലാക്കാന്‍ വലിയ വില നല്‍കേണ്ടിവരുമെന്നും കത്തില്‍ പറയുന്നു. പിരിച്ചുവിടലായല്ല അവധിയായി ആണ് താന്‍ ഇതിനെ കാണുന്നതെന്നും ബൈജൂ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ നിയമനങ്ങളില്‍, പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്കായിരിക്കും പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്താണ് ബൈജൂസില്‍ സംഭവിക്കുന്നത് ?
വര്‍ധിച്ചുവരുന്ന പലിശ നിരക്ക്, സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ തുടങ്ങിയവ മൂലം ബൈജൂസിന്റെ ഫണ്ടിംഗില്‍ കാര്യമായ ഇടിവ് സംഭവിച്ചു. ഇതിനിടെ 2020-21 സാമ്പത്തിക വര്‍ഷത്തെ നഷ്ടക്കണക്കുകള്‍ കൂടി പുറത്തുവന്നതോടെ ബൈജൂസിന്റെ ബിസിനസ് രീതികളും ചോദ്യം ചെയ്യപ്പെട്ടു. 2020-21 സാമ്പത്തിക വര്‍ഷം 4,588 കോടി രൂപയായിരുന്നു ബൈജൂസിന്റെ നഷ്ടം. വെറും 2,428 കോടി രൂപയായിരുന്നു ഇക്കാലയളവില്‍ ബൈജൂസിന്റെ വരുമാനം. 2021-22 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ ബൈജൂസ് ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.
Also Read: 2500 പേരെ പറഞ്ഞുവിട്ടിട്ട് 10,000 പേരെ നിയമിക്കും, ലാഭത്തിലാവാനുള്ള ബൈജൂസ് ശ്രമങ്ങള്‍
ഈ സാഹചര്യത്തിലാണ് 2023 മാര്‍ച്ചോടെ ലാഭത്തിലാവുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബൈജൂസ് ചെലവ് ചുരുക്കല്‍ നടപടികള്‍ കടുപ്പിച്ചത്. വേഗത്തിലുള്ള വളര്‍ച്ച കാര്യക്ഷമതയെ ബാധിച്ചിട്ടുണ്ടെന്നും ജീവനക്കാരുടെ പദവികളില്‍ ഡ്യൂപ്ലിക്കേഷനുകള്‍ വന്നിട്ടുണ്ടെന്നും ബൈജു രവീന്ദ്രന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിന്റെ ഭാഗമായി 2,500 ജീവനക്കാരെയാണ് (5 ശതമാനം) പറഞ്ഞുവിടുന്നത്. കമ്പനിയില്‍ നിന്ന് പിരിച്ചുവിടുന്നവരുടെ എണ്ണം 5 ശതമാനത്തില്‍ കൂടില്ലെന്ന് സിഇഒ വ്യക്തമാക്കിയിട്ടു്ണ്ട്. ആകെ 50,000 ജീവനക്കാരാണ് കമ്പനിയില്‍ ഉള്ളത്.
ബൈജൂസിന്റെ നടപടികള്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടതോടെ പിരിച്ചുവിടല്‍ നടപടികള്‍ കമ്പനി മയപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനിടെ കേരളത്തില്‍ 600 പുതിയ നിയമനങ്ങള്‍ നടത്തുമെന്ന് കഴിഞ്ഞ ദിവസം ബൈജ്യൂസ് പ്രഖ്യാപിച്ചിരുന്നു. 2500 ജീവനക്കാരെ പറഞ്ഞുവിടുമെന്ന് പ്രഖ്യാപിച്ച അന്ന് തന്നെ, ഇന്ത്യയിലും വിദേശത്തുമായി 10,000 അധ്യാപകരെ നിയമിക്കുമെന്ന് ബൈജൂസ് അറിയിച്ചതാണ്.
നല്ല കമ്പനികളെ കണ്ടെത്തുകയാണെങ്കില്‍ ഏറ്റെടുക്കലിന് ബൈജൂസ് ഒരുക്കമാണെന്ന് സെപ്റ്റംബറില്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബൈജു രവീന്ദ്രന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച ഉപസ്ഥാപനമായ ആകാശ് എജ്യൂക്കേഷണല്‍ സര്‍വീസസില്‍ നിന്നും ബൈജൂസ് 300 കോടി രൂപ കടമെടുത്തിരുന്നു. നിലവിലെ നിക്ഷേപകരില്‍ നിന്നായി 250 മില്യണ്‍ ഡോളര്‍ സമാഹരിച്ചതിന് പിന്നാലെയായിരുന്നു കമ്പനി വായ്പ എടുത്തത്. ഫണ്ടിംഗ് ക്ഷാമം ഇല്ലെന്നും ആവശ്യത്തിന് പണം ഉണ്ടെന്നുമാണ് ബൈജൂസ് പറയുന്നത്. വിവിധ അക്കൗണ്ടുകളിലായി 9,800 കോടി രൂപയുണ്ടെന്ന് ബൈജൂസ് വക്താവ് മാധ്യമങ്ങളെ അറിയിച്ചത് ഒക്ടോബര്‍ 29ന് ആണ്.