ഫെഡ്ഫിനയും ടാറ്റ ടെക്കും ഉള്‍പ്പെടെ ഈയാഴ്ച എത്തുന്നത് 5 ഐ.പി.ഒകള്‍

ഈ ആഴ്ച ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി 5 കമ്പനികള്‍. ഫെഡറല്‍ ബാങ്കിനു കീഴിലെ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഫെഡ്ഫിന, ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ടാറ്റ ടെക്‌നോളജീസ്, റിന്യൂവബിള്‍ എനര്‍ജി മേഖലയിലുള്ള ഐ.ആര്‍.ഡി.എ, പേനകള്‍ നിര്‍മിക്കുന്ന ഫ്‌ളെയര്‍ റൈറ്റിംഗ് ഇന്‍ഡസ്ട്രീസ്, ഗാന്ധാര്‍ ഓയില്‍ റിഫൈനറി എന്നിവയാണ് (Initial Public Offer/IPO) പ്രാരംഭ ഓഹരി വില്‍പ്പന വഴി പണം സമാഹരിക്കുക. ഏകദേശം 7,300 കോടി രൂപയാണ് ഈ അഞ്ച് കമ്പനികളും ചേര്‍ന്ന് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.

ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ്

ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന് കീഴിലെ ബാങ്കിതര ധനകാര്യ സ്ഥാപനമായ (NBFC) ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ (FedFina) ഐ.പി.ഒ നവംബര്‍ 22ന് ആരംഭിച്ച് 24ന് അവസാനിക്കും. 133-140 രൂപയാണ് ഓഹരിക്ക് വില നിശ്ചയിച്ചിരിക്കുന്നത്. ഉയര്‍ന്ന വില പ്രകാരം 1,092.6 കോടി രൂപയാണ് ഫെഡ്ഫിന സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 600 കോടി രൂപയുടെ പുതു ഓഹരികള്‍ കൂടാതെ പ്രമോട്ടര്‍മാരുടെ 3.5 കോടി ഓഹരികളും വിറ്റഴിക്കും (ഓഫര്‍-ഫോര്‍-സെയില്‍/OFS). ഫെഡറല്‍ ബാങ്കിന്റെ കൈവശമുള്ള 54.74 ലക്ഷം ഓഹരികളും ബാക്കി ട്രൂ നോര്‍ത്തിന്റെ ഓഹരികളുമാണ് ഒ.എഫ്.എസ് വഴി വില്‍ക്കുക. ചെറുകിട നിക്ഷേപകര്‍ക്ക് 107 ഓഹരികളുടെ ഒരു ലോട്ട് വാങ്ങാം. അതായത് കുറഞ്ഞത് 14,980 രൂപ നിക്ഷേപിക്കണം. തുടര്‍ന്ന് 107 രൂപയുടെ ഗുണിതങ്ങളായി കൂടുതല്‍ നിക്ഷേപിക്കാം. പരമാവധി നിക്ഷേപിക്കാവുന്നത് 1,94,740 രൂപ. ഫെഡറല്‍ ബാങ്കിന് കീഴിലാണെങ്കിലും ബോംബെയാണ് കമ്പനിയുടെ ആസ്ഥാനം.

Also Read : ഫെഡറല്‍ ബാങ്കിന്റെ ഫെഡ്ഫിന ഐ.പി.ഒ നവംബര്‍ 22ന്, വിലയും വിശദാംശങ്ങളും അറിയാം

ടാറ്റ ടെക്‌നോളജീസ്
ടാറ്റ ഗ്രൂപ്പില്‍ നിന്ന് 20 വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന ആദ്യ ഐ.പി.ഒയാണിത്. 2004ല്‍ നടന്ന ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്). ഐ.പി.ഒയാണ് ഒടുവിലത്തേത്. മൊത്തം 6.08 കോടി ഓഹരികളാണ് ടാറ്റ ടെക് വിറ്റഴിക്കുക. പ്രമോട്ടര്‍മാരുടെ ഓഹരി വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ വഴി മാത്രമാണ് വില്‍പ്പന. ടാറ്റാ മോട്ടോഴ്‌സിന്റെ കൈവശമുള്ള 11.4 ശതമാനം ഓഹരികളും ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ടിന്റെ 1.2 ശതമാനം ഓഹരികളും ഒ.എഫ്.എസില്‍ ഉള്‍പ്പെടും. ഐ.പി.ഒ നവംബര്‍ 22ന് ആരംഭിച്ച് 24ന് അവസാനിക്കും. ഓഹരിക്ക് 475-500 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇതുവഴി 3,042 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ടാറ്റ ടെക്‌നോളജീസിന്റെ യോഗ്യരായ ജീവനക്കാര്‍ക്കായി 20.28 ലക്ഷം ഓഹരികള്‍ നീക്കിവച്ചിട്ടുണ്ട്. കൂടാതെ 60.85 ലക്ഷം ഓഹരികള്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരിയുടമകള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. ചെറുകിട നിക്ഷേപകര്‍ക്ക് ഏറ്റവും കുറഞ്ഞത് 30 ഓഹരികളുടെ ഒരു ലോട്ട് വാങ്ങാം.
ഐ.ആര്‍.ഇ.ഡി.എ
പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ വികസിപ്പിക്കുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്ന പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി (IREDA) ഐ.പി.ഒ നവംബര്‍ 21ന് ആരംഭിച്ച് 23ന് അവസാനിക്കും. 30-32 രൂപയാണ് ഓഹരിക്ക് വില നിശ്ചിയിച്ചിരിക്കുന്നത്. മൊത്തം 2,150 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 40.3 കോടി പുതു ഓഹരികള്‍ കൂടാതെ പ്രമോട്ടര്‍മാരുടെ 26.9 കോടി ഓഹരികളും വിറ്റഴിക്കും.
ഫ്‌ളെയര്‍ റൈറ്റിംഗ് ഇന്‍ഡസ്ട്രീസ്
പേന നിര്‍മാതാക്കളായ ഫ്‌ളെയര്‍ റൈറ്റിംഗ് ഇന്‍ഡസ്ട്രീസ് ഐ.പി.ഒ നവംബര്‍ 22 മുതല്‍ 24 വരെയാണ്. ഫ്‌ളെയര്‍ എന്ന ബ്രാന്‍ഡില്‍ 45 വര്‍ഷമായി പേനകള്‍ നിര്‍മിക്കുന്ന കമ്പനിയാണ്. 288-304 രൂപയാണ് ഓഹരിക്ക് വില നിശ്ചയിച്ചിരിക്കുന്നത്. 593 കോടി രൂപയാണ് കമ്പനി ഐ.പി.ഒ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഏറ്റവും കുറഞ്ഞത് 49 ഓഹരികളാണ് വാങ്ങാവുന്നത്. 49ന്റെ ഗുണിതങ്ങളായി കൂടുതല്‍ നിക്ഷേപിക്കാം.
ഗാന്ധാര്‍ ഓയില്‍ റിഫൈനറി
ലൂബ്രിക്കന്റുകളും മറ്റും നിര്‍മിക്കുന്ന ഗാന്ധാര്‍ ഓയില്‍ റിഫൈനറി ഐ.പി.ഒ നവംബര്‍ 22 മുതല്‍ 24 വരെയാണ്. 500.69 കോടി രൂപയാണ് ഐ.പി.ഒ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഓഹരിക്ക് നിശ്ചയിച്ചിരിക്കുന്ന വില 160-169 രൂപ. 302 കോടി രൂപയുടെ പുതു ഓഹരികളും നിലിവുള്ള ഓഹരി ഉടമകളുടെ 1.17 കോടി ഓഹരികളുമാണ് ഐ.പി.ഒയില്‍ ഉണ്ടാവുക.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it