ജിയോജിത്തിന് നാലാംപാദത്തില്‍ ₹30 കോടി ലാഭം; മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞു

ഓഹരിവിപണിയില്‍ നിന്ന് സജീവ ഇടപാടുകാര്‍ കുറയുന്ന ദേശീയതല പ്രവണതകളെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തികവര്‍ഷം ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസും പ്രവര്‍ത്തനഫലത്തില്‍ തിരിച്ചടി നേരിട്ടു. പ്രമുഖ നിക്ഷേപ സേവനസ്ഥാപനമായ ജിയോജിത് കഴിഞ്ഞവര്‍ഷത്തെ (2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 30 കോടി രൂപ ലാഭം രേഖപ്പെടുത്തി. എന്നാല്‍, ഇത് മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 36 കോടി രൂപയേക്കാള്‍ 17 ശതമാനം കുറവാണ്.

Also Read : റിയല്‍ എസ്റ്റേറ്റില്‍ പുത്തനുണര്‍വ്; പുതിയ പദ്ധതികളില്‍ 39% വളര്‍ച്ച

സംയോജിത വരുമാനം 123 കോടി രൂപയില്‍ നിന്ന് അഞ്ച് ശതമാനം താഴ്ന്ന് 117 കോടി രൂപയായെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്പനി വ്യക്തമാക്കി. നികുതി, പലിശ തുടങ്ങിയ ബാദ്ധ്യതകള്‍ക്ക് ശേഷമുള്ള ആദായം (എബിറ്റ്ഡ) 55 കോടി രൂപയില്‍ നിന്ന് 41 കോടി രൂപയായും കുറഞ്ഞു; ഇടിവ് 25 ശതമാനം.
സാമ്പത്തിക വര്‍ഷത്തെ ലാഭം 101 കോടി
ജിയോജിത്തിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തലാഭം 101 കോടി രൂപയാണ്. 2021-22ലെ 154 കോടി രൂപയെ അപേക്ഷിച്ച് 34 ശതമാനം കുറവാണിത്. വരുമാനം 501 കോടി രൂപയില്‍ നിന്ന് 11 ശതമാനം കുറഞ്ഞ് 448 കോടി രൂപയായി. എബിറ്റ്ഡ 236 കോടി രൂപയില്‍ നിന്ന് 160 കോടി രൂപയായും കുറഞ്ഞു; ഇടിവ് 32 ശതമാനം.

2022-23ല്‍ കമ്പനിയുടെ മൊത്തം ബ്രോക്കറേജ് വരുമാനം 47 ശതമാനമാണ്. മ്യൂച്വല്‍ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് എന്നിവയുടെ വിതരണത്തില്‍ നിന്നുള്ളത് മൊത്തം വരുമാനത്തിന്റെ 22 ശതമാനവും.

ലാഭവിഹിതം 1.50
2022-23 വര്‍ഷത്തേക്കായി ഓഹരി ഉടമകള്‍ക്ക് ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1.50 രൂപ വീതം (അതായത് 150 ശതമാനം) ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു. 2023 മാര്‍ച്ച് 31 പ്രകാരം ജിയോജിത് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ്/എ.യു.എം) 64,500 കോടി രൂപയാണ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it