സ്വര്‍ണത്തില്‍ ഇപ്പോള്‍ നിക്ഷേപിക്കുന്നത് ബുദ്ധിയാണോ? കേള്‍ക്കാം വിദഗ്ധരുടെ വാക്കുകള്‍

ആഗോള വിപണിക്കൊപ്പം കേരളത്തിലും സ്വര്‍ണ വില ഉയരുകയാണ്. ഒറ്റയടിക്ക് പവന് 1,120 രൂപ ഒരുദിവസംകൊണ്ട് കയറുന്നത് പോലും ഈ അടുത്ത് നാം കണ്ടു. നിലവില്‍ പവന് 44,560 രൂപയിലാണ് സ്വര്‍ണമുള്ളത്. കഴിഞ്ഞ പത്തു വര്‍ഷത്തില്‍ സ്വര്‍ണ വിലയില്‍ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായത്.

2013 മാര്‍ച്ചില്‍ പവന് 22,240 രൂപയായിരുന്നു. 2015 മാര്‍ച്ചില്‍ ഇത് 19,760 രൂപയിലേക്ക് ഇടിഞ്ഞെങ്കിലും 2020ഓടെ 32,000 രൂപയിലേക്ക് കയറിയ പവന്‍ വില പിന്നീട് ഇടിഞ്ഞില്ല. ഈ വര്‍ഷം മേയില്‍ പവന്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 45,760 രൂപ തൊട്ടു. പിന്നീട് ഇടിഞ്ഞെങ്കിലും വലിയ താഴ്ചയിലേക്ക് പോയില്ല.

Also Read : വന്ദേ ഭാരതിന് പിന്നാലെ ഇതാ 'നമോ ഭാരത്' ട്രെയിനും; ആദ്യ സര്‍വീസ് ശനിയാഴ്ച

കഴിഞ്ഞ മൂന്നര വര്‍ഷത്തില്‍ 11,500-12,000 രൂപയുടെ വര്‍ധനയാണ് കാണാന്‍ കഴിയുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയുള്‍പ്പെടെ വിവിധ ഘടകങ്ങള്‍ സ്വര്‍ണ വിലയെ സ്വാധീനിച്ചെങ്കിലും സ്വര്‍ണം സാധാരണക്കാര്‍ക്കിടയില്‍ സ്വീകാര്യതയുള്ള സമ്പാദ്യമായി തുടരുന്നു. സ്വര്‍ണ വില വര്‍ധിച്ചു നില്‍ക്കുന്നത് കൊണ്ട് തന്നെ സ്വര്‍ണ നിക്ഷേപത്തിന് അനുയോജ്യമായ സമയമാണോ ഇതെന്ന സംശയവും നിലനില്‍ക്കുന്നു. വിദഗ്ധര്‍ ധനം ഓണ്‍ലൈനോട് പറയുന്നത് കേള്‍ക്കാം.

'10 ശതമാനം മാത്രം സ്വര്‍ണ നിക്ഷേപം'

''വിദേശ രാജ്യങ്ങളിലെ യുദ്ധം എപ്പോഴും ആഗോള സ്വര്‍ണ വിലയെ ബാധിക്കുന്ന പ്രധാന ഘടകമാണ്. ഇസ്രായേല്‍-ഹമാസ് യുദ്ധം എപ്പോള്‍ അവസാനിക്കുമെന്നത് പ്രവചനാതീതമാണ്. യുദ്ധത്തിന്റെ ശക്തി കുറയുന്നതനുസരിച്ച് വിലയിലും പ്രകടമായ മാറ്റം വരും. അത് കൊണ്ട് തന്നെ തിരികെ ഔണ്‍സ് സ്വര്‍ണം 1,800 ഡോളറിലേക്ക് എത്താനുള്ള സാധ്യത മുന്നിലുണ്ട്. എന്നാല്‍ ദീര്‍ഘ കാല നിക്ഷേപമായി സ്വര്‍ണം കൂടി പരിഗണിക്കുന്നവര്‍ക്ക് 7-8 ശതമാനം റിട്ടേണ്‍ തുടര്‍ന്നും പ്രതീക്ഷിക്കാം. സി.എജി.ആര്‍ (കോമ്പൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്ക്) പരിശോധിക്കുമ്പോള്‍ ഭാവിയിലേക്കുള്ള സമ്പാദ്യമായി സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്ന സാധാരണക്കാര്‍ക്ക് നഷ്ടമുണ്ടാകില്ല. നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ സ്വര്‍ണം ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ 10 ശതമാനം മാത്രം സ്ഥാനം നല്‍കിയാല്‍ മതിയാകും.'' ഡി.ബി.എഫ്.എസ് (Doha Brokerage Financial Services Ltd) സി.ഇ.ഒയും വിപണി വിദഗ്ധനുമായ പ്രിന്‍സ് ജോര്‍ജ് പറയുന്നു.

'ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട് മികച്ചത്'

''സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ കഴിയുന്ന സമയം തന്നെയാണ് ഇത്. കഴിഞ്ഞ നാലഞ്ച് വര്‍ഷത്തില്‍ സ്വര്‍ണ വില ഗണ്യമായി വര്‍ധിച്ചത് കാണാം. രണ്ട് കാരണങ്ങളാണ് വിലയെ ബാധിക്കുന്നത്, ആഗോള സ്വര്‍ണ വിലയും റുപ്പീ-ഡോളര്‍ എക്‌സ്‌ചേഞ്ച് നിരക്കും. ആഗോള സ്വര്‍ണ വില കുറച്ചു കുറഞ്ഞാണ് ഇപ്പോള്‍ നില്‍ക്കുന്നതെങ്കിലും കയറാനാണ് സാധ്യത. ഡോളര്‍ വില കൃത്യമായി പറയാനാകില്ല എങ്കിലും ഇതേ നിലയ്ക്ക് നിന്നാലും സ്വര്‍ണ വില കയറാന്‍ സാധ്യതയുണ്ട്.'' അര്‍ത്ഥ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൊപ്രൈറ്ററും വിപണി വിദഗ്ധയുമായ ഉത്തര രാമകൃഷ്ണന്‍ പറയുന്നു.

ആഭരണങ്ങളായി വാങ്ങി വയ്ക്കുന്നത് അത്ര ബുദ്ധിയല്ല. കോയിന്‍, സ്വര്‍ണ ബിസ്‌കറ്റ് എന്നിവയായി വാങ്ങാം എങ്കിലും കളഞ്ഞുപോകാനുള്ള സാധ്യത കൂടുതലാണ്. ഡിജിറ്റല്‍ സ്വര്‍ണം വാങ്ങുന്നതാണ് ബുദ്ധിയെന്നു പറയുകയാണ് ഉത്തര രാമകൃഷ്ണന്‍. ''ഡിജിറ്റല്‍ സ്വര്‍ണം തന്നെയാണ് സുരക്ഷിത മാര്‍ഗം. സാമ്പത്തിക നേട്ടം സോവറിന്‍ ഗോള്‍ഡ് ബോണ്ട് ആണ്. സര്‍ക്കാര്‍ സുരക്ഷിതത്വം ഉണ്ടെന്ന് മാത്രമല്ല, 2.5 ശതമാനം പലിശ നിരക്കിനോടൊപ്പം ജി.എസ്.ടിയോ മറ്റ് നിരക്കോ ഇല്ല എന്നത് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടമാണ്.'' ഉത്തര വിശദമാക്കുന്നു.

ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളും സ്വര്‍ണ സമ്പാദ്യത്തിന് ബുദ്ധിപൂര്‍വമായ തീരുമാനമാണ്. ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടില്‍ എസ്.ഐ.പിയായി നിക്ഷേപം നടത്തിയാല്‍ ചെറിയ തുകകളായി നിക്ഷേപിക്കുകയും സ്വര്‍ണത്തിന്റെ നിരക്ക് ഉയരുന്നതനുസരിച്ച് നേട്ടമുണ്ടാക്കുകയും ചെയ്യാം. ഓപ്ഷനാണെന്ന് ഉത്തര ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണ നിക്ഷേപത്തിന്റെ മൂല്യം പണമാക്കി മാറ്റാന്‍ സാധാരണ മ്യൂച്വല്‍ ഫണ്ട് പോലെ തന്നെ പിന്‍വലിക്കല്‍ നടത്താം.

Read this too : തൊട്ടാല്‍ പൊള്ളുന്ന വിലയിലേക്ക് വീണ്ടും സ്വര്‍ണം; ഒരു പവന് ഇന്നെത്ര നല്‍കണം?

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it