ഓഹരിക്കളത്തിലും 'ഓറഞ്ച്' ക്യാപ്പണിഞ്ഞ് കോഹ്‌ലി; ഈ ഓഹരി സമ്മാനിച്ചത് 3 മടങ്ങിലധികം നേട്ടം

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തറപറ്റിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂര്‍ (ആര്‍.സി.ബി/RCB) ഇത്തവണത്തെ ഐ.പി.എല്ലിന്റെ പ്ലേ ഓഫില്‍ ഇടംപിടിച്ചതിന്റെ ആഘോഷവും അലയൊലികളും ആരാധകര്‍ക്കിടയില്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല.
ആര്‍.സി.ബിയെ പ്ലേ ഓഫിലെത്തിക്കാന്‍ മുഖ്യപങ്ക് വഹിച്ചത് മുന്‍ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോഹ്‌ലിയാണ്. ഈ സീസണില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പിന്റെ ഉടമയുമാണ് ആര്‍.സി.ബിയുടെ ഓപ്പണര്‍ കൂടിയായ വിരാട്. മൈതാനത്തിന്റെ അതിര്‍ത്തിക്കപ്പുറത്തേക്ക് ഫോറും സിക്‌സറും പറത്തി റണ്‍മഴ പെയ്യിക്കുന്ന അതേ ആവേശം ഓഹരികളുടെ പിച്ചിലും വിരാട് കോഹ്‌ലി കാഴ്ചവയ്ക്കുന്നു എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഓഹരിക്കളത്തിലെ വിജയ ഇന്നിങ്ങ്‌സ്
പൂനെ ആസ്ഥാനമായ ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷ്വറന്‍സില്‍ 4 വര്‍ഷം മുമ്പ് കോഹ്‌ലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയും ചേര്‍ന്ന് നടത്തിയ നിക്ഷേപം ഇപ്പോള്‍ വളര്‍ന്ന് മൂന്നര മടങ്ങിലേറെയായെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 2020 ഫെബ്രുവരിയിലാണ് കോഹ്‌ലി ഗോ ഡിജിറ്റില്‍ ഓഹരികള്‍ സ്വന്തമാക്കുന്നത്. ഒന്നിന് 75 രൂപ നിരക്കില്‍ വാങ്ങിയത് 2.66 ലക്ഷം ഓഹരികള്‍. അതായത് രണ്ടുകോടി രൂപയുടെ നിക്ഷേപം. അനുഷ്‌ക 50 ലക്ഷം രൂപയ്ക്ക് 66,667 ഓഹരികളും വാങ്ങി. ഇരുവരുടെയും സംയോജിത നിക്ഷേപം 2.5 കോടി രൂപ.
ഇക്കഴിഞ്ഞ ആഴ്ച ഗോ ഡിജിറ്റ് ഐ.പി.ഒ നടത്തിയപ്പോള്‍ നിശ്ചയിച്ച ഓഹരിവില 258-272 രൂപനിരക്കിലായിരുന്നു. അതായത്, കോഹ്‌ലിയുടെയും അനുഷ്‌കയുടെയും ഓഹരി നിക്ഷേപം 272 രൂപ കണക്കാക്കിയാല്‍ മൂന്ന് മടങ്ങോളം വര്‍ധിച്ചിരിക്കുന്നു.
ഓഹരിക്ക് 272 രൂപ വീതം വിലയിരുത്തിയാല്‍ കോഹ്‌ലിയുടെ നിക്ഷേപം നിലവില്‍ വളര്‍ന്ന് 7.25 കോടി രൂപയായിട്ടുണ്ട്; അനുഷ്‌കയുടേത് 1.81 കോടി രൂപയും. അതായത് സംയുക്ത നിക്ഷേപമൂല്യം 9 കോടി രൂപയ്ക്കടുത്തായി. വെറും 4 വര്‍ഷം കൊണ്ടാണ് നിക്ഷേപത്തില്‍ നിന്നുള്ള ഈ മിന്നുന്ന നേട്ടം.
ഗോ ഡിജിറ്റിന്റെ ലിസ്റ്റിംഗ്
ഗോ ഡിജിറ്റിന്റെ ഐ.പി.ഒയില്‍ കോഹ്‌ലിയും അനുഷ്‌കയും ഓഹരികള്‍ വിറ്റഴിച്ചിട്ടില്ല. മൊത്തം 2,615 കോടി രൂപയുടേതായിരുന്നു ഐ.പി.ഒ. ഇതില്‍ 1,125 കോടി രൂപയുടേത് പുതിയ ഓഹരികളും (Fresh Issue) ബാക്കി നിലവിലെ ഓഹരി ഉടമകളുടെ ഓഹരി വില്‍ക്കുന്ന ഓഫര്‍-ഫോര്‍-സെയിലുമായിരുന്നു.
ഗോ ഡിജിറ്റ് ഓഹരികള്‍ മേയ് 23ന് എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും. തൃശൂര്‍ ആസ്ഥാനമായ സി.എസ്.ബി ബാങ്കിന്റെ മുഖ്യ പ്രൊമോട്ടര്‍മാരായ ഫെയര്‍ഫാക്‌സിനും ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് ഗോ ഡിജിറ്റ്. ആരോഗ്യ ഇന്‍ഷ്വറന്‍സ്, മോട്ടോര്‍ ഇന്‍ഷ്വറന്‍സ്, പ്രോപ്പര്‍ട്ടി ഇന്‍ഷ്വറന്‍സ് തുടങ്ങിയവ വിറ്റഴിക്കുന്ന കമ്പനിയാണിത്.
ഇക്കുറി ഐ.പി.എല്‍ ക്വാളിഫയറിന്റെ എലിമിനേറ്ററില്‍ മേയ് 22ന് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെയാണ് ആര്‍.സി.ബി നേരിടുന്നത്. വിജയികള്‍ക്ക് ടൂര്‍ണമെന്റില്‍ തുടരാം. തോല്‍ക്കുന്നവര്‍ പുറത്താകും. എലിമിനേറ്ററില്‍ വിജയിക്കുന്ന ടീം ക്വാളിഫയര്‍-1ല്‍ തോറ്റ ടീമുമായി മത്സരിക്കും. ഇതില്‍ വിജയിക്കുന്നവരും ക്വാളിഫയര്‍-1ലെ വിജയികളും തമ്മിലാണ് ഫൈനല്‍. കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവര്‍ തമ്മിലാണ് ക്വാളിഫയര്‍-1 പോരാട്ടം. ഇതില്‍ ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലെത്തും.
ഐ.പി.ഒയ്ക്ക് മുന്നേ വിജയം കൊയ്ത സച്ചിനും കേഡിയയും
ഐ.പി.ഒയ്ക്ക് മുന്നേ ചില കമ്പനികള്‍ നിക്ഷേപം നടത്തുകയും ഐ.പി.ഒ വേളയില്‍ ആ നിക്ഷേപത്തിന്റെ മൂല്യം കുതിച്ചുയരുകയും ചെയ്ത്, നേട്ടമുണ്ടാക്കിയ നിരവധി പ്രമുഖരുടെ കഥകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അതില്‍ പ്രമുഖ ഓഹരി നിക്ഷേപകനായ വിജയ് കേഡിയ മുതല്‍ ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വരെയുണ്ട്.
കഴിഞ്ഞ ഏപ്രിലിന്റെ തുടക്കത്തില്‍ ഐ.പി.ഒ നടത്തിയ കമ്പനിയാണ് ടി.എ.സി ഇന്‍ഫോസെക്ക്. ഇതില്‍ 2016ല്‍ വിജയ് കേഡിയ 45 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ഇതുവളര്‍ന്ന് ഐ.പി.ഒ വേളയില്‍ എത്തിയപ്പോള്‍ 47 കോടി രൂപയായി.
ഹൈദരാബാദ് ആസ്ഥാനമായ ആസാദ് എന്‍ജിനിയറിംഗ് എന്ന കമ്പനിയില്‍ 2023 മാര്‍ച്ചിലാണ് സച്ചിന്‍ 5 കോടി രൂപ നിക്ഷേപിച്ചത്. ഡിസംബറില്‍ ഐ.പി.ഒ നടത്തി കമ്പനി ലിസ്റ്റ് ചെയ്തു. സച്ചിന്റെ 5 കോടി രൂപയുടെ നിക്ഷേപം കമ്പനിയുടെ ലിസ്റ്റിംഗ് വേളയില്‍ വളര്‍ന്നെത്തിയത് 23 കോടി രൂപയിലേക്കായിരുന്നു.

Related Articles

Next Story

Videos

Share it