

തുടര്‍ച്ചയായ ഏഴാംനാളിലും നേട്ടം കുറിച്ച ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് പുതിയ ഉയരത്തില്‍. അതേസമയം, കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഒരുവിഭാഗം ഓഹരികളില്‍ ഇന്ന് വില്‍പന സമ്മര്‍ദ്ദമുണ്ടായതോടെ കുതിപ്പിന്റെ ആക്കം കുറഞ്ഞു.
സെന്‍സെക്‌സ് 357 പോയിന്റ് (0.52%) നേട്ടവുമായി 69,653.73ലും നിഫ്റ്റി 82 പോയിന്റുയര്‍ന്ന് (0.40%) 20,937ലുമാണ് വ്യാപാരാന്ത്യത്തിലുള്ളത്. രണ്ടും പുതിയ ഉയരമാണ്. ഇന്‍ട്രാഡേയില്‍ ഒരുവേള നിഫ്റ്റി 20,961ലും സെന്‍സെക്‌സ് 69,744ലും എത്തിയിരുന്നു.
വിവിധ കമ്പനികൾ ഇന്ന് കാഴ്ചവെച്ച പ്രകടനം
ബി.എസ്.ഇയില്‍ ഇന്ന് 1,877 ഓഹരികള്‍ നേട്ടത്തിലും 1,887 എണ്ണം നഷ്ടത്തിലുമായിരുന്നു. 131 ഓഹരികളുടെ വില മാറിയില്ല. 374 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 33 എണ്ണം താഴ്ചയും കുറിച്ചു. അപ്പര്‍-സര്‍കീട്ട് കാലിയായിരുന്നു. മൂന്ന് കമ്പനികള്‍ ലോവര്‍-സര്‍കീട്ടില്‍ വ്യാപാരം ചെയ്യപ്പെട്ടു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്ത നിക്ഷേപകമൂല്യം ഇന്ന് 2.39 ലക്ഷം കോടി രൂപ വര്‍ധിച്ച് 348.85 ലക്ഷം കോടി രൂപയായി. ഇതും സര്‍വകാല റെക്കോഡാണ്.
അടുത്തിടെ നടന്ന 5 സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി നേടിയ മികച്ച വിജയം, വിദേശ നിക്ഷേപകരുടെ (FIIs) തിരിച്ചുവരവ് തുടങ്ങിയ അനുകൂല ഘടകങ്ങള്‍ ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് ആവേശമാകുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ഓഹരി വിപണിയുടെ കുതിപ്പ്.
പണപ്പെരുപ്പ ആശങ്ക ഒഴിയുന്നതും അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് താഴുന്നതും ഓഹരി വിപണിയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നു. ക്രൂഡോയില്‍ വിലയിടിവും നേട്ടമാണ്. അമേരിക്കയില്‍ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അവിടം പ്രധാന വരുമാന സ്രോതസ്സായി കാണുന്ന ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക് വലിയ ആശ്വാസമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നഷ്ടം നേരിട്ട ഐ.ടി ഓഹരികള്‍ ഇന്ന് മികച്ച നേട്ടം കുറിച്ചതും ഇതിന്റെ ചുവടുപിടിച്ചാണ്.
നേട്ടത്തിലേറിയവര്‍
സെന്‍സെക്‌സില്‍ വിപ്രോ, ഐ.ടി.സി., ടി.സി.എസ്, ടാറ്റാ മോട്ടോഴ്‌സ്, നെസ്‌ലെ, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ മികച്ച നേട്ടം കുറിച്ചു. ജെഫറീസില്‍ നിന്ന് 'വാങ്ങല്‍' (buy) സ്റ്റാറ്റസ് ലഭിച്ചത് റിലയന്‍സ് ഓഹരികള്‍ക്ക് കരുത്തായി.
ഹിന്‍ഡെന്‍ബെര്‍ഗ് വിഷയത്തില്‍ അമേരിക്കന്‍ ഏജന്‍സിയില്‍ (Click here for more details) നിന്ന് ക്ലീന്‍ചിറ്റ് കിട്ടിയ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നും നേട്ടം കുറിച്ചു. അദാനി ടോട്ടല്‍ ഗ്യാസ് ഇന്നും 20 ശതമാനം ഉയര്‍ന്നു. അദാനി ഗ്രീന്‍ എനര്‍ജി 16.72 ശതമാനവും ഉയര്‍ന്നു. അംബുജ സിമന്റ്, എ.സി.സി., അദാനി എന്റര്‍പ്രൈസസ് എന്നിവ നഷ്ടത്തിലാണ്.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ
ഗ്രൂപ്പ് കമ്പനി ഓഹരികളുടെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തിയും കുതിച്ചുയരുകയാണ്. ബ്ലൂംബെര്‍ഗ് ആഗോള ശതകോടീശ്വര പട്ടികയില്‍ അദ്ദേഹം 15-ാം സ്ഥാനത്തെത്തി. 13-ാം സ്ഥാനത്താണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. അദാനിക്ക് 8,030 കോടി ഡോളറും അംബാനിക്ക് 9,140 കോടി ഡോളറുമാണ് ആസ്തി.
അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍ എനര്‍ജി, ഫാക്ട്, അദാനി എനര്‍ജി സൊല്യൂഷന്‍സ്, ഹിന്ദുസ്ഥാന്‍ എയറോനോട്ടികിസ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
തിരിച്ചടി നേരിട്ടവര്‍
മാക്‌സ് ഹെല്‍ത്ത്‌കെയര്‍, സി.ജി. പവര്‍, പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്), ഡെല്‍ഹിവെറി, ടൊറന്റ് ഫാര്‍മ എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം ഇന്ന് നേരിട്ടത്. എന്‍.ടി.പി.സി., ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, അള്‍ട്രാടെക് സിമന്റ്, മാരുതി സുസുക്കി എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവ.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ
നിഫ്റ്റി ഐ.ടി സൂചിക ഇന്ന് 1.67 ശതമാനവും ഓയില്‍ ആന്‍ഡ് ഗ്യാസ് 1.49 ശതമാനവും നേട്ടം കുറിച്ചത് ഓഹരി സൂചികകളുടെ മുന്നേറ്റത്തിന് കരുത്തായി. നിഫ്റ്റി മീഡിയ 2.11 ശതമാനവും നേട്ടത്തിലാണ്.
അതേസമയം, ഇന്നലെ റെക്കോഡ് മുന്നേറ്റം നടത്തിയ ബാങ്കിംഗ് ഓഹരികള്‍ ഇന്ന് ലാഭമെടുപ്പില്‍ മുങ്ങി. 47,000 എന്ന നാഴികക്കല്ല് കഴിഞ്ഞദിവസം പിന്നിട്ട ബാങ്ക് നിഫ്റ്റി ഇന്ന് 0.38 ശതമാനം താഴ്ന്ന് 46,800 നിലവാരത്തിലാണുള്ളത്.
ഫാക്ടും കൊച്ചി കപ്പല്‍ശാലയും കസറി
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ ഇന്നത്തെ താരങ്ങള്‍ ഫാക്ടും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡുമാണ്. മികച്ച പ്രതിരോധ ഓര്‍ഡറുകളുടെ ബലത്തില്‍ കൊച്ചി കപ്പല്‍ശാല ഓഹരി ഇന്ന് എക്കാലത്തെയും ഉയരം തൊട്ടു (Click here for the details). വ്യാപാരാന്ത്യത്തില്‍ 8.45 ശതമാനം നേട്ടവുമായി 1,280.35 രൂപയിലാണ് കപ്പല്‍ശാലാ ഓഹരിയുള്ളത്.
കേരള കമ്പനികളുടെ ഇന്നത്തെ പ്രകടനം
ഫാക്ട് ഓഹരി ഇന്ന് 10 ശതമാനം മുന്നേറി 813.25 രൂപയിലെത്തി. കേന്ദ്രസര്‍ക്കാര്‍ നടപ്പുവര്‍ഷത്തെ ചെലവുകള്‍ക്കായി 58,000 കോടി രൂപയുടെ അധികപണത്തിന് പാര്‍ലമെന്റിന്റെ അനുമതി തേടിയിട്ടുണ്ട്. ഇതില്‍ മുന്തിയപങ്കും വളം, എല്‍.പി.ജി., ഭക്ഷ്യ സബ്‌സിഡിക്കായിരിക്കുമെന്നാണ് കരുതുന്നത്. ഇതും കഴിഞ്ഞ മാസങ്ങളിലെ മികച്ച വളം വില്‍പനക്കണക്കുകളും വളം നിര്‍മ്മാണ കമ്പനികളുടെ ഓഹരികള്‍ക്ക് ഗുണകരമായെന്ന് കരുതുന്നു. ഫാക്ടിന്റെ വിപണിമൂല്യം ഇന്ന് 52,000 കോടി രൂപയും ആദ്യമായി ഭേദിച്ചു.
ആസ്പിന്‍വാള്‍ ഓഹരി 12 ശതമാനം നേട്ടത്തിലാണുള്ളത്. ഈസ്‌റ്റേണ്‍ 4.72 ശതമാനവും സഫ സിസ്റ്റംസ് 3.20 ശതമാനവും നേട്ടം കുറിച്ചു. കിംഗ്‌സ് ഇന്‍ഫ്ര 3.29 ശതമാനം, ടി.സി.എം 4.95 ശതമാനം, യൂണിറോയല്‍ 5 ശതമാനം, സ്‌കൂബിഡേ 3.01 ശതമാനം, ഇന്‍ഡിട്രേഡ് 4.25 ശതമാനം എന്നിങ്ങനെയും നഷ്ടത്തിലാണ്.
സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, കല്യാണ്‍ ജുവലേഴ്‌സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വണ്ടര്‍ല, വി-ഗാര്‍ഡ് എന്നിവയും നഷ്ടത്തിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine