66,000ല്‍ തൊട്ടിറങ്ങി സെന്‍സെക്‌സ്; ഇന്ന് ഒറ്റ ദിവസത്തെ നഷ്ടം ₹5.88 ലക്ഷം കോടി

അമേരിക്കയില്‍ നിന്നെത്തിയ ആവേശക്കാറ്റിലുയര്‍ന്ന് ഇന്ന് രാവിലെ പുതിയ ഉയരം തൊട്ട ഇന്ത്യന്‍ ഓഹരി സൂചികകള്‍ വൈകിട്ടോടെ കലമുടച്ചു. ഇന്നത്തെ ആദ്യ സെഷനില്‍ തന്നെ സെന്‍സെക്‌സ് ചരിത്രത്തിലാദ്യമായി 66,000 പോയിന്റ് ഭേദിച്ചു; നിഫ്റ്റി 19,500 പോയിന്റും. പക്ഷേ, ഉച്ചയ്ക്ക് ശേഷം കനത്ത ലാഭമെടുപ്പ് മേളയ്ക്ക് നിക്ഷേപകര്‍ തുടക്കമിട്ടതോടെ സൂചികകളുടെ നേട്ടമെല്ലാം കാറ്റില്‍പ്പറന്നു.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം


വ്യാപാരാന്ത്യം സെന്‍സെക്‌സുള്ളത് 164.99 പോയിന്റ് (0.25%) മാത്രം നേട്ടവുമായി 65,558.89ലാണ്. നിഫ്റ്റി 29.45 പോയിന്റ് (0.15 ശതമാനം) വര്‍ദ്ധിച്ച് 19,413.75ലും. ഇന്നൊരുവേള സെന്‍സെക്‌സ് 66,064.21 വരെ ഉയരുകയും 65,452.15 വരെ താഴുകയും ചെയ്തു. നിഫ്റ്റിയുടെ ചാഞ്ചാട്ടം 19,567-19,385 നിലവാരത്തിലായിരുന്നു.

അമേരിക്കയും ബാങ്ക് നിഫ്റ്റിയും
അമേരിക്കയുടെ ഉപയോക്തൃ സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം തുടര്‍ച്ചയായ 12-ാം മാസവും കുറഞ്ഞതാണ് ആഗോള തലത്തില്‍ ഓഹരി വിപണികള്‍ക്ക് നേട്ടമായത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 9.1 ശതമാനമായിരുന്ന പണപ്പെരുപ്പം 3 ശതമാനത്തിലേക്കാണ് കഴിഞ്ഞമാസം കുറഞ്ഞത്.
അമേരിക്ക മുഖ്യ വരുമാന സ്രോതസ്സായ ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ ഓഹരികള്‍ ഇതോടെ ഇന്ന് മുന്നേറിയതാണ് ഓഹരി സൂചികകളെ പുത്തന്‍ റെക്കോഡിലെത്തിച്ചത്. പണപ്പെരുപ്പം കുറയുന്നതിനാല്‍ പലിശനയത്തിന്മേലുള്ള കടുംപിടിത്തം അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഒഴിവാക്കിയേക്കുമെന്നാണ് വിലയിരുത്തലുകള്‍.
നിഫ്റ്റി മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് എന്നിവ ഉള്‍പ്പെടെ ഇന്ന് കനത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടപ്പോഴും ബാങ്ക് നിഫ്റ്റി നേട്ടത്തില്‍ പിടിച്ചുനിന്നത് നിരവധി നിക്ഷേപകര്‍ക്ക് ഗുണമായിട്ടുണ്ട്.
നിരാശപ്പെടുത്തിയവര്‍
നിഫ്റ്റി മിഡ്ക്യാപ്പ് 0.81 ശതമാനവും സ്‌മോള്‍ക്യാപ്പ് ഒരു ശതമാനവും ഇടിഞ്ഞു. നിഫ്റ്റി വാഹനം, എഫ്.എം.സി.ജി., മീഡിയസ ഫാര്‍മ, പി.എസ്.യു ബാങ്ക്, ഹെൽത്ത്കെയർ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികള്‍ ഇന്ന് കനത്ത നഷ്ടത്തിലാണ്.
പി.എസ്.യു ബാങ്കോഹരികളുടെ മാത്രം നഷ്ടം 2.38 ശതമാനമാണ്. മീഡിയ 1.88 ശതമാനവും ഓയില്‍ ആന്‍ഡ് ഗ്യാസ് 1.17 ശതമാനവും ഇടിഞ്ഞു. പവര്‍ഗ്രിഡ്, മാരുതി, എന്‍.ടി.പി.സി., എച്ച്.യു.എല്‍., നെസ്‌ലെ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയിലുണ്ടായ ലാഭമെടുപ്പാണ് ഓഹരി സൂചികകളെ നേട്ടം നിലനിറുത്തുന്നതില്‍ നിന്ന് അകറ്റിയത്.
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ

കഴിഞ്ഞ ദിവസത്തെയും ഇന്നത്തെയും ഓഹരി സൂചികകളുടെ മുന്നേറ്റത്തെ തുടര്‍ന്ന് ഒട്ടുമിക്ക കമ്പനികളുടെ ഓഹരി വിലയും അമിതമായി ഉയര്‍ന്നതും (Over Valued) ലാഭമെടുപ്പിലേക്ക് നിക്ഷേപകെ നയിച്ചു.
കേരളം ആസ്ഥാനമായുള്ള ഫെഡറല്‍ ബാങ്ക്, പതഞ്ജലി ഫുഡ്‌സ്, ജെ.എസ്.ഡബ്ല്യു എനര്‍ജി, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് ഇന്ന് നിഫ്റ്റിയില്‍ ഏറ്റവുമധികം നഷ്ടം നേരിട്ടവ.
മുന്നേറിയവര്‍
ഐ.ടി ഭീമന്മാരായ ടി.സി.എസും ഇന്‍ഫോസിസും രണ്ട് ശതമാനത്തോളം കുതിച്ചത് സെന്‍സെക്‌സിന് ഇന്ന് രക്ഷയായി. ഇവയ്‌ക്കൊപ്പം ടെക് മഹീന്ദ്ര, വിപ്രോ, ബജാജ് ഫിന്‍സെര്‍വ്‌, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയിലുണ്ടായ നേട്ടവും ഇല്ലായിരുന്നെങ്കില്‍ ഇന്ന് സെന്‍സെക്‌സ് നേരിടുമായിരുന്നത് കനത്ത നഷ്ടമാകുമായിരുന്നു.
ഏറ്റവുമധികം നേട്ടം കുറിച്ചവർ

നിഫ്റ്റിയില്‍ ധനകാര്യം, മെറ്റല്‍, സ്വകാര്യ ബാങ്ക്, റിയാല്‍റ്റി ഓഹരികളും പിടിച്ചുനിന്നു. സൊമാറ്റോ, ഇന്‍ഫോ എഡ്ജ്, പി.ബി. ഫിന്‍ടെക്, ടി.സി.എസ്., ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയവ.
ബി.എസ്.ഇയില്‍ നിന്ന് ഒറ്റയടിക്ക് കൊഴിഞ്ഞത് 5.88 ലക്ഷം കോടി
സെന്‍സെക്‌സില്‍ ഇന്ന് 1,328 ഓഹരികള്‍ നേട്ടത്തിലും 2,120 ഓഹരികള്‍ നഷ്ടത്തിലുമാണ്. 140 കമ്പനികളുടെ ഓഹരിവില മാറിയില്ല.
222 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 54 എണ്ണം താഴ്ചയിലുമെത്തി. 16 കമ്പനികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും മൂന്നെണ്ണം ലോവര്‍ സര്‍ക്യൂട്ടിലും ആയിരുന്നു.
ഇന്ന് സെന്‍സെക്‌സ് 600ലധികം പോയിന്റ് ചാഞ്ചാടിയ പശ്ചാത്തലത്തില്‍, ബി.എസ്.ഇയിലെ നിക്ഷേപകമൂല്യത്തില്‍ നിന്ന് ഒറ്റയടിക്ക് കൊഴിഞ്ഞത് 5.88 ലക്ഷം കോടി രൂപയാണ്. ഇന്നലെ 301.65 ലക്ഷം കോടി രൂപയായിരുന്ന നിക്ഷേപകമൂല്യം ഇന്നുള്ളത് 295.77 ലക്ഷം കോടി രൂപയില്‍. സെൻസെക്സ് ഇന്ന് നേട്ടത്തിലായിരുന്നെങ്കിലും മറ്റ് ഓഹരി വിഭാഗങ്ങൾ (Broader Markets) നേരിട്ട വിൽപ്പന സമ്മർദ്ദമാണ് നിക്ഷേപക മൂല്യത്തെ ബാധിച്ചത്.
ഫെഡറല്‍ ബാങ്കും ധനലക്ഷ്മി ബാങ്കും നഷ്ടത്തില്‍
പൊതുവേ കേരളത്തില്‍ നിന്നുള്ള കമ്പനികളുടെ ഓഹരികളിലും ഇന്ന് കണ്ടത് വില്‍പ്പന സമ്മര്‍ദ്ദമാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ ലാഭം കുതിക്കുകയും നിഷ്‌ക്രിയ ആസ്തി കുറയുകയും ചെയ്‌തെങ്കിലും പാദാടിസ്ഥാനത്തിലുള്ള കണക്കുകള്‍ നിറംമങ്ങിയത് ഫെഡറല്‍ ബാങ്കിന് ഇന്ന് തിരിച്ചടിയായി.
കേരളം ആസ്ഥാനമായുള്ള ലിസ്റ്റഡ് കമ്പനികളുടെ ഇന്നത്തെ നിലവാരം


ബാങ്കിന്റെ ഓഹരി 5.40 ശതമാനം ഇടിഞ്ഞു. ഇന്നലെ മികച്ച മുന്നേറ്റം നടത്തിയ ധനലക്ഷ്മി ബാങ്കോഹരിയും ഇന്ന് 5 ശതമാനത്തിലധികം താഴ്ന്നു. കൊച്ചിന്‍ മിനറല്‍സ്, മണപ്പുറം ഫൈനാന്‍സ്, ഹാരിസണ്‍സ് മലയാളം, എ.വി.ടി എന്നിവയും നിരാശപ്പെടുത്തി. അതേസമയം, ഫാക്ട് 3.80 ശതമാനം നേട്ടത്തിലേറി. കേരള ആയുര്‍വേദ, പ്രൈമ ആഗ്രോ, റബ്ഫില, വെസ്റ്റേണ്‍ ഇന്ത്യ, വണ്ടര്‍ല, മുത്തൂറ്റ് കാപ്പിറ്റല്‍, കെ.എസ്.ഇ., നിറ്റ ജെലാറ്റിന്‍ എന്നിവ ഭേദപ്പെട്ട നേട്ടമുണ്ടാക്കി.
നാലാം നാളിലും രൂപക്കുതിപ്പ്
ഡോളറിനെതിരെ തുടർച്ചയായ നാലാം നാളിലും രൂപയുടെ മൂല്യമുയർന്നു. പ്രമുഖ കറൻസികൾക്കെതിരെ ഡോളർ ദുർബലമായതാണ് രൂപയ്ക്കും നേട്ടമായത്. ഇന്നലെ 82.24 ആയിരുന്ന മൂല്യം ഇന്നുള്ളത് 82 07ൽ. എണ്ണക്കമ്പനികളടക്കമുള്ള ഇറക്കുമതിക്കാർ പിന്നീട് വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടിയില്ലായിരുന്നെങ്കിൽ മൂല്യം ഇതിലും മെച്ചപ്പെടുമായിരുന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it