

ആശയങ്ങള്‍ക്ക് ലോകത്തെ മാറ്റിമറിക്കാനും കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്വാധീനിക്കാനുമുള്ള ശേഷിയുണ്ട്. മികച്ച ആശയങ്ങളുടെ കരുത്തിനും അവയ്ക്ക് എങ്ങനെ ലോകത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുമെന്നതിനും ആധുനിക കാലത്തെ ചില ഉദാഹരണങ്ങളാണ് ഊബറും എയര്‍ബിഎന്‍ബിയും.
മികച്ച സര്‍ഗാത്മക ആശയങ്ങളും പരിഹാരങ്ങളും കണ്ടെത്തുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമാകണമെന്നില്ല. നന്നായി ചിന്തിക്കാനും പരിഹാരങ്ങള്‍ കണ്ടെത്താനുമുള്ള ലളിതവും, എന്നാല്‍ ശക്തവുമായ ചില വഴികള്‍ എന്തൊക്കെയെന്ന് നോക്കാം.
പല എഴുത്തുകാരും കവികളും കലാകാരന്മാരും സഹസ്രാബ്ദങ്ങളായി പ്രകൃതിയില്‍ നിന്ന് നേരിട്ട് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്. കൂടാതെ പ്രകൃതിയുമായി ചേര്‍ന്നുനില്‍ക്കുന്നത് നമ്മുടെ ധൈഷണിക പ്രവര്‍ത്തനത്തെയും സര്‍ഗാത്മകതയെയും മെച്ചപ്പെടുത്തും എന്നതിന് ധാരാളം തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണം കണ്ടെത്തിയത്, ഒരു സിറ്റി പാര്‍ക്കിലൂടെയോ, ഏതെങ്കിലും പച്ചപ്പുള്ള സ്ഥലത്തിലൂടെയോ ഉള്ള 25 മിനിറ്റ് നടത്തം പോലും നിങ്ങളുടെ തലച്ചോറിന് വിശ്രമം നല്‍കാനും ധൈഷണിക പ്രവര്‍ത്തനം വര്‍ധിപ്പിക്കാനും പര്യാപ്തമാണെന്നാണ്. നമ്മുടെ പൂര്‍വികര്‍ മരങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുമ്പോള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണസ്രോതസുകള്‍ക്ക് അടുത്താണ് തങ്ങളെന്ന തോന്നല്‍ അവരില്‍ ഉണ്ടായിരുന്നുവെന്നാണ് ഇവല്യൂഷണറി സൈക്കോളജിസ്റ്റുകള്‍ കണ്ടെത്തിയത്. ഇത് അടുത്ത ഭക്ഷണത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകള്‍ കുറക്കാനും കൂടുതല്‍ ശാന്തരാകാനും സഹായിച്ചു. അതുവഴി അവര്‍ക്ക് കൂടുതല്‍ സന്തോഷവും സര്‍ഗാത്മകതയും അനുഭവപ്പെട്ടു.
തന്റെ സര്‍ഗാത്മകതയെ ഉണര്‍ത്താന്‍ ആപ്പിള്‍ മുന്‍ സിഇഒ സ്റ്റീവ് ജോബ്സ് ഉപയോഗിച്ചിരുന്ന രീതി മറ്റൊന്നുമല്ല, ഏറെനേരം നടക്കുക എന്നതായിരുന്നു. അദ്ദേഹത്തിന് ദീര്‍ഘനേരം നടക്കുന്നത് വളരെ ഇഷ്ടമായിരുന്നു.
മാത്രമല്ല നടക്കുമ്പോഴാണ് അദ്ദേഹം കൂടുതലും സര്‍ഗാത്മകമായ ചിന്തകളില്‍ ഏര്‍പ്പെട്ടിരുന്നതെന്നും പറയപ്പെടുന്നു. നടത്തത്തിനിടയില്‍ ആളുകളുമായി പതിവായി ബ്രെയിന്‍സ്റ്റോമിങ് മീറ്റിങ്ങുകള്‍ നടത്തുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. സര്‍ഗാത്മകത ഉണര്‍ത്താന്‍ ദീര്‍ഘനേരം നടക്കുന്ന ഈ ശീലം മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി, ലിങ്ക്ഡ്ഇന്‍ സിഇഒ ജെഫ് വെയ്നര്‍ തുടങ്ങിയ പ്രമുഖരും പിന്തുടരുന്ന ഒന്നാണ്. നിങ്ങള്‍ ഇരിക്കുമ്പോഴുള്ളതിനേക്കാള്‍ നന്നായി നിങ്ങളുടെ മസ്തിഷ്‌കം, ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങള്‍ നടക്കുമ്പോഴാണ് പ്രവര്‍ത്തിക്കുന്നത്. നടത്തം തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുകയും ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷണ പ്രകാരം, നടത്തം സര്‍ഗാത്മകമായ ചിന്തയെ ശരാശരി 60 ശതമാനം വരെ വര്‍ധിപ്പിക്കുന്നു.
തലച്ചോറിന്റെ രണ്ട് ഭാഗങ്ങളും ഒരുമിച്ച് പ്രവൃത്തിക്കുമ്പോഴാണ് സര്‍ഗാത്മകത ഉണ്ടാകുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. നമ്മള്‍ സംഗീതം കേള്‍ക്കുമ്പോള്‍ കൃത്യമായി ഇതാണ് സംഭവിക്കുന്നത്. തലച്ചോറിന്റെ ഇരുവശങ്ങളെയും ഉത്തേജിപ്പിക്കുന്ന ചുരുക്കം ചില പ്രവര്‍ത്തനങ്ങളില്‍ ഒന്നാണിത്. എല്ലാ സംഗീതവും ഇതിന് സഹായകരമാകണമെന്നില്ല. ചിലത് ശ്രദ്ധ തിരിക്കുന്നതും സര്‍ഗാത്മകതക്ക് തടസം സൃഷ്ടിക്കുന്നതുമാകാം. സന്തോഷകരമായ, അല്ലെങ്കില്‍ ഉന്മേഷം നല്‍കുന്ന സംഗീതം കേട്ട ആളുകളിലാണ് സര്‍ഗാത്മകത വര്‍ധിക്കുന്നതിന്റെ ഗുണം ഗവേഷകര്‍ നിരീക്ഷിച്ചത്.
എനിക്ക് എഴുതാന്‍ സഹായിക്കുന്നതിനായി ഞാന്‍ ആംബിയന്റ്, അല്ലെങ്കില്‍ ഉപകരണ സംഗീതം ഉപയോഗിക്കാറുണ്ട്. ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളെ ഒഴിവാക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും നന്നായി ചിന്തിക്കാനും ഇത് വളരെയേറെ സഹായിക്കുന്നു. ചില പ്രത്യേക തരത്തിലുള്ള സംഗീതമോ, ശബ്ദങ്ങളോ കേള്‍ക്കുന്നതിലൂടെ എനിക്ക് ശാന്തമായി നില്‍ക്കാന്‍ സാധിക്കുന്നു. നന്നായി ചിന്തിക്കാനും കൂടുതല്‍ സര്‍ഗാത്മകമാകാനും ഇത് സഹായിക്കും.
വരികളില്ലാത്ത, പതിഞ്ഞ താളത്തിലുള്ള സംഗീതം കേള്‍ക്കുക എന്നതാണ് നല്ലത്. അതല്ലെങ്കില്‍ അത് നിങ്ങളുടെ ശ്രദ്ധ തിരിക്കുകയും ഒന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ പോകുകയും ചെയ്യും. എഴുതുമ്പോള്‍ കേള്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്ന ചില സംഗീതങ്ങളില്‍ ആംബിയന്റ് സംഗീതം, സ്ലോ ജാസ്, ബൈനോറല്‍ ബീറ്റ്സ്, സോള്‍ഫെജിയോ ഫ്രീക്വന്‍സികള്‍ എന്നിവ ഉള്‍പ്പെടുന്നു.
സര്‍ഗാത്മകമായ ഉള്‍ക്കാഴ്ചകളും ആശയങ്ങളും ഉല്‍പാദിപ്പിക്കുന്നതിന് വളരെ മികച്ചൊരുപരിശീലനമാണ് ഫ്രീറൈറ്റിങ്. 15 മിനിറ്റോ, അല്ലെങ്കില്‍ മൂന്ന് പേജോ ആകട്ടെ, ഒരു നിശ്ചിതസമയത്തോ, അല്ലെങ്കില്‍ ഒരു നിശ്ചിത എണ്ണം പേജുകളിലോ നിര്‍ത്താതെ തുടര്‍ച്ചയായി എഴുതുകയാണ് വേണ്ടത്. മനസില്‍ വരുന്നതെന്തും ഒരു വിലയിരുത്തലും അരിച്ചെടുക്കലും കൂടാതെ കഴിയുന്നത്രവേഗത്തില്‍ എഴുതുക. അക്ഷരത്തെറ്റുകളെ കുറിച്ചോ, വ്യാകരണ പിശകുകളെക്കുറിച്ചോ ഓര്‍ത്ത് നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ഏറ്റവും പ്രധാനം, നിങ്ങള്‍ എഴുതുമ്പോള്‍ തിരുത്തലുകള്‍ക്ക് മുതിരരുത്; അത് പിന്നീട് എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്നതാണ്.
നിങ്ങള്‍ ഒരു നിശ്ചിത വിഷയത്തെയോ, കാര്യത്തെയോ കുറിച്ച് സര്‍ഗാത്മകമായ ആശയങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കരുതുക. എഴുതുമ്പോള്‍ ആ വിഷയത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാവുന്നതെല്ലാം എഴുതിക്കഴിഞ്ഞാല്‍ നിങ്ങള്‍ എഴുത്ത് നിര്‍ത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇവിടെ പ്രധാന കാര്യം, എഴുത്ത് തുടരുകയെന്നതും നിര്‍ത്താനുള്ള പ്രേരണയെ മറികടന്ന് മുന്നോട്ട് പോകാന്‍ സ്വയം നിര്‍ബന്ധിക്കുക എന്നതുമാണ്.
പലപ്പോഴും ഇവിടെയാണ് അത്ഭുതം സംഭവിക്കാന്‍ തുടങ്ങുന്നത്. നിങ്ങള്‍ ഇതുവരെ കാണുകയോ, കേള്‍ക്കുകയോ ചെയ്യാത്ത ആശയങ്ങള്‍ പെട്ടെന്ന് കണ്ടെത്തുന്ന ആവേശകരമായ ഒരു പുതിയ മേഖലയില്‍ നിങ്ങള്‍ എത്തിപ്പെട്ടതായി തോന്നാം.
ഫ്രീ റൈറ്റിങ്ങിന്റെ കാര്യത്തില്‍, ക്ഷമയും സ്ഥിരോത്സാഹവും ആവശ്യമാണ്. ഈ ഉള്‍ക്കാഴ്ചകള്‍ എപ്പോഴും നിങ്ങളുടെ ആദ്യത്തെ എഴുത്തില്‍ തന്നെ വന്നേക്കില്ല. അതിനാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് ലഭിക്കുന്നത് വരെ ഇത് ആവര്‍ത്തിക്കുക എന്നതാണ് പ്രധാനം.
പകല്‍ക്കിനാവ് കാണുന്നത് ഒരു മോശം കാര്യമായാണ് പലരും കാണുന്നത്. എന്നാല്‍ അത് നമ്മുടെ സര്‍ഗാത്മകത ഗണ്യമായി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ജോലിക്കിടയില്‍ പകല്‍ക്കിനാവ് കാണാന്‍ ഞാന്‍ നിര്‍ദേശിക്കില്ലെങ്കിലും, നിങ്ങളുടെ മനസിന് വിശ്രമം നല്‍കാനും അലസസഞ്ചാരം നടത്താനുമായി സമയം മാറ്റിവെക്കുന്നത് നിങ്ങളുടെ സര്‍ഗാത്മകത വര്‍ധിപ്പിക്കുന്നതില്‍ സഹായകരമാണെന്ന് കാണാം. ദിവസവും എന്റെ ഫ്ളോറിലെ ബാല്‍ക്കണിയില്‍ ഏകനായി വെറുതെനടന്ന് സമയം ചെലവഴിക്കാന്‍ എനിക്ക് ഇഷ്ടമാണ്. അവിടെ ഞാന്‍ പകല്‍ക്കിനാവിന്റെയും ഉണര്‍ന്നിരിക്കുന്നതിന്റെയും ഇടയിലുള്ള ഒരു അവസ്ഥയിലേക്ക് നീങ്ങുന്നു. ഈ അവസ്ഥയില്‍, മനസിനെ വിശ്രമിക്കാനും സ്വതന്ത്രമായി സഞ്ചരിക്കാനും ഞാന്‍ അനുവദിക്കുന്നു. ഇത് കാര്യങ്ങളെ തികച്ചും വ്യത്യസ്തവും വലുതുമായ ഒരു കാഴ്ചപ്പാടില്‍ കാണുന്നതിന് കാരണമാകുന്നു. സര്‍ഗാത്മകമായ ആശയങ്ങളും ഉള്‍ക്കാഴ്ചകളും നല്‍കുന്നതിന് ഇത് പ്രത്യേകിച്ചും നല്ലതാണ്.
'ട്രഷര്‍ ഐലന്‍ഡ്' എന്ന പുസ്തകത്തിന്റെ രചയിതാവായ ആര്‍.എല്‍ സ്റ്റീവന്‍സണ്‍ തന്റെ പുസ്തകങ്ങള്‍ എഴുതാന്‍ ഒരു ശക്തമായ ടെക്നിക് ഉപയോഗിച്ചിരുന്നു. അദ്ദേഹം ഉറങ്ങാന്‍ പോകുന്നതിന് മുമ്പ്, താന്‍ ഉറങ്ങുമ്പോള്‍ തനിക്ക് കഥകള്‍ നല്‍കാന്‍ തന്റെ ഉപബോധമനസിനോട് ആവശ്യപ്പെടുമായിരുന്നു. തന്റെ ബാങ്ക് അക്കൗണ്ടില്‍ പണം കുറവായിരിക്കുമ്പോള്‍ തനിക്ക് വിപണിയില്‍ വിറ്റഴിക്കാന്‍ കഴിയുന്ന ഒരു നല്ല ത്രില്ലര്‍ നല്‍കാന്‍ അദ്ദേഹം ഉപബോധമനസിനോട് ആവശ്യപ്പെടുന്ന ശീലമുണ്ടായിരുന്നെന്ന് പറയപ്പെടുന്നു. ഉപബോധമനസ് തന്റെ സ്വപ്നങ്ങളിലൂടെ ഒരു പരമ്പരപോലെ കുറച്ചുകുറച്ചായാണ് തനിക്ക് കഥ നല്‍കിയതെന്ന് സ്റ്റീവന്‍സണ്‍ പറഞ്ഞു.
ശാസ്ത്രജ്ഞനായ തോമസ് ആല്‍വ എഡിസന്‍ പോലും പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നതിനായി തന്റെ ഉപബോധമനസിനെ പ്രയോജനപ്പെടുത്തുന്ന ശീലമുണ്ടായിരുന്നു. 'നിങ്ങളുടെ ഉപബോധമനസിനോട് ഒരു അഭ്യര്‍ത്ഥന നടത്താതെ ഒരിക്കലും ഉറങ്ങാന്‍ പോകരുത്' എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.നിങ്ങളുടെ ഉപബോധമനസില്‍ നിന്ന് ഉത്തരങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിക്കാനാകുന്ന ലളിതമായ വിദ്യ മനസിലാക്കാം.
ഉറക്കത്തിലേക്ക് നീങ്ങുമ്പോള്‍ നിങ്ങളുടെ ഉപബോധമനസിനോട് ഒരു ചോദ്യം ചോദിക്കുക.
നിങ്ങള്‍ക്ക് ഒരു ഉത്തരം ലഭിക്കുമെന്ന് വിശ്വസിക്കുകയും അതില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുക.
ഉണരുന്ന ഉടന്‍ നിങ്ങളുടെ സ്വപ്‌നത്തില്‍ കാണുന്നതെന്തും ഒരു പുസ്തകത്തിലേക്ക് കുറിച്ചുവെക്കുക. അതോടൊപ്പം ദൈനംദിന കാര്യങ്ങള്‍ക്കിടയില്‍ ഉത്തരങ്ങള്‍ക്കായി ശ്രദ്ധയോടെയിരിക്കുക.
നിങ്ങളുടെ ആദ്യ ശ്രമത്തില്‍ തന്നെ ഉത്തരം ലഭിച്ചില്ലെങ്കില്‍ നിരാശപ്പെടരുത്. ഉപബോധമനസിന്റെ ബുദ്ധിശക്തി ആര്‍ക്കും പ്രാപ്യമാക്കാവുന്നതാണ്. അതിനാല്‍ ക്ഷമയും സ്ഥിരോത്സാഹവും ഉള്ളവരായിരിക്കുക. സര്‍ഗാത്മകമായ ഉള്‍ക്കാഴ്ചകള്‍ ഉല്‍പാദിപ്പിക്കുന്നതിനും അതുപോലെ നിങ്ങളുടെ ദൈനംദിന ജീവിതത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കുമായി നിങ്ങള്‍ക്ക് ഈ രീതി ഉപയോഗിക്കാം.
നിങ്ങളുടെ സര്‍ഗാത്മകത വര്‍ധിപ്പിക്കുന്ന കാര്യത്തിലേക്ക് വരുമ്പോള്‍ ഞാന്‍ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന മറ്റൊരു കാര്യം, ഫോണിലായാലും പേപ്പറിലായാലും നിങ്ങളുടെ ആശയങ്ങള്‍ കുറിച്ചുവെക്കുന്ന ശീലം വളര്‍ത്തിയെടുക്കുക എന്നതാണ്.
ഏറെ ചിന്തിക്കാന്‍ മനസിനെ പ്രേരിപ്പിക്കുന്നതിനേക്കാള്‍ മനസ് ശാന്തമാക്കി നിര്‍ത്തുക എന്നതാണ് സര്‍ഗാത്മക ആശയങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പ്രധാനം.
മുകളില്‍ പറഞ്ഞിരിക്കുന്ന പല വിദ്യകളും ഏറെ ഫലപ്രദമായിരിക്കും. കാരണം അവയ്ക്ക് നിങ്ങളെ ശാന്തമായ ഒരു അവസ്ഥയിലെത്തിക്കാന്‍ കഴിയും.
(Originally published in Dhanam Magazine June 30, 2026 issue.)
Read DhanamOnline in English
Subscribe to Dhanam Magazine