

നമ്മളില്‍ ഭൂരിഭാഗം ആളുകളും ജീവിതത്തില്‍ എപ്പോഴെങ്കിലും നേരിട്ടിട്ടുള്ള പ്രധാന ചോദ്യമാണ്, 'എനിക്ക് ശരിക്കും എന്തിലാണ് കഴിവുള്ളത്?' അല്ലെങ്കില്‍ 'എനിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ?' എന്ന്.
മാസം തോറും ശമ്പളം വരുന്നുണ്ടെങ്കിലും ചെയ്യുന്ന ജോലിയില്‍ ഒട്ടും തൃപ്തിയില്ലാതെ, ഉള്ളിലെ ശൂന്യത പേറി ജീവിക്കുന്ന ആയിരക്കണക്കിന് പ്രൊഫഷണലുകളെ നമുക്ക് ചുറ്റും കാണാം. പണത്തോടും അധികാരത്തോടുമുള്ള അമിതമായ 'അഡിക്ഷന്‍' കാരണം സാഹസികമായ മാറ്റങ്ങള്‍ക്ക് മുതിരാന്‍ പലര്‍ക്കും ധൈര്യമില്ല.
എന്നാല്‍ മറുവശത്ത്, കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം പാഷന്‍ പിന്തുടര്‍ന്ന് വിജയക്കൊടി പാറിച്ച അപൂര്‍വ്വം ചിലരുമുണ്ട്. നിങ്ങളുടെ ഉള്ളിലെ യഥാര്‍ത്ഥ കഴിവ് കണ്ടെത്തി, അതിനെ മികച്ചൊരു കരിയറാക്കി മാറ്റാന്‍ പ്രായോഗികമായ ചില വഴികള്‍ പരിശോധിക്കാം.
പാഷന്‍ കണ്ടെത്താന്‍ വൈകിപ്പോയി എന്ന് കരുതി ഒരിക്കലും നിരാശരാകേണ്ടതില്ല. ലോകപ്രശസ്തമായ മാര്‍വല്‍ കോമിക്‌സ് സാമ്രാജ്യത്തിന്റെ സൃഷ്ടാവായ സ്റ്റാന്‍ ലീ, സ്‌പൈഡര്‍മാനെയും എക്‌സ്-മെനെയും വരച്ചു തുടങ്ങുന്നത് തന്റെ 43-ാം വയസ്സിലാണ്. 'ത്രീ ഇഡിയറ്റ്‌സ്' എന്ന ചിത്രത്തിലൂടെയും മറ്റും ശ്രദ്ധേയനായ ബോമന്‍ ഇറാനി ബോളിവുഡിലേക്ക് സജീവമായി എത്തുമ്പോള്‍ പ്രായം 44. ഹാരി പോട്ടറിലെ പ്രൊഫസര്‍ സ്‌നേപ്പിലൂടെ പ്രശസ്തനായ ആലന്‍ റിക്ക്മാന്‍ ആദ്യ ഹോളിവുഡ് ചിത്രം ('ഡൈ ഹാര്‍ഡ്') ചെയ്യുന്നത് 46-ാം വയസ്സിലാണ്.
അതുകൊണ്ട് കരിയറിലെ 'FOMO' (Fear of Missing Out) മാറ്റിവെക്കുക. മറ്റുള്ളവരുമായി നമ്മെ താരതമ്യം ചെയ്ത് ഓട്ട മത്സരം നടത്തേണ്ടതില്ല. ഓരോരുത്തര്‍ക്കും വിജയം കൈവരിക്കാന്‍ നിശ്ചിത സമയമുണ്ട്.
നിങ്ങളുടെ പാഷന്‍ എന്താണെന്ന് കണ്ടെത്തുന്നതിന് മുന്‍പ്, 'എന്താണ് നിങ്ങളുടെ പാഷന്‍ അല്ലാത്തത്' എന്ന് തിരിചറിയുക. ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'മ്യൂസിക്' (Music), 'ഇന്‍സ്ട്രുമെന്റ്' (Instrument) എന്നിവ തമ്മിലുള്ള വ്യത്യാസം മനസിലാക്കുക എന്നത്. ഉദാഹരണത്തിന്, സര്‍ഗാത്മകത (Creativity) എന്നത് ഒരു സംഗീതമാണ്.
ആ സര്‍ഗാത്മകത പുറത്തെടുക്കാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന വഴിയാണ് ഇന്‍സ്ട്രുമെന്റ്. അത് ചിത്രരചനയാകാം, ഡിസൈനിംഗ് ആകാം, കോപ്പിറൈറ്റിംഗ് ആകാം, അല്ലെങ്കില്‍ ബിസിനസ് ആശയങ്ങളാകാം. പലപ്പോഴും മാധ്യമം തെറ്റായി തിരഞ്ഞെടുക്കുന്നത് കൊണ്ടാണ് നമ്മള്‍ പരാജയപ്പെടുന്നത്. സ്വന്തം പ്രകൃതത്തിനും കഴിവിനും അനുയോജ്യമായ മാധ്യമം ഏതാണെന്ന് തിരിച്ചറിയുകയാണ് പ്രധാനം.
താല്പര്യങ്ങള്‍ കണ്ടെത്താന്‍ ലളിതമായ ചില കാര്യങ്ങള്‍ ചെയ്തു തുടങ്ങാം. ആദ്യം ഇതുവരെ നിങ്ങള്‍ക്ക് ചെയ്യാന്‍ ഇഷ്ടമായിരുന്ന, ആസ്വദിച്ചു ചെയ്തിട്ടുള്ള കാര്യങ്ങളുടെ ഒരു പട്ടികയുണ്ടാക്കുക (വായന, എഴുത്ത്, പ്രസംഗം, പാചകം, യാത്ര, മറ്റുള്ളവരെ സഹായിക്കല്‍ എന്നിവ എന്തും ആകാം).
അതിനുശേഷം അതിന്റെ വിപണി സാധ്യതകള്‍ പഠിക്കുക. ഗൂഗിളില്‍ തിരയുന്നതിനപ്പുറം, ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുമായി സംസാരിക്കുക.
പാഷന്‍ മാത്രം പോരാ, ദിവസേനയുള്ള ബില്ലുകള്‍ അടയ്ക്കാന്‍ അതില്‍ നിന്ന് വരുമാനം ലഭിക്കണം. അതിനാല്‍ തിരഞ്ഞെടുക്കുന്ന മേഖലയില്‍ നിന്ന് എങ്ങനെ പണം ഉണ്ടാക്കാം (Monetization Strategy) എന്ന് കൃത്യമായി പഠിക്കുക.
വാറന്‍ ബഫറ്റ് പറഞ്ഞതുപോലെ, 'പ്ലാനിംഗ് ഇല്ലാത്ത ജീനിയസിനേക്കാള്‍ വേഗത്തില്‍ ലക്ഷ്യത്തിലെത്താന്‍, കൃത്യമായ പ്ലാനിംഗുള്ള ഒരു സാധാരണക്കാരന് സാധിക്കും.'
ലക്ഷ്യം മാത്രം പോരാ, അതിലേക്ക് എത്താനുള്ള കൃത്യമായ റോഡ്മാപ്പ് ആവശ്യമാണ്. അതിനായി നിങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥാനവും ലക്ഷ്യവും തമ്മിലുള്ള വ്യത്യാസം (Gap Analysis) എന്താണെന്ന് കണ്ടെത്തുക.
ഇനി ലക്ഷ്യത്തിലെത്താന്‍ നിങ്ങള്‍ക്ക് ഇല്ലാത്ത കഴിവുകള്‍ ഏതെല്ലാമാണ്? അത് പരിശീലനത്തിലൂടെ നേടിയെടുക്കാന്‍ സാധിക്കുമോ എന്ന് നോക്കുക. ശ്രദ്ധിക്കേണ്ട ഒരു കാര്യം എല്ലാ കാര്യങ്ങളും തനിയെ ചെയ്യാന്‍ സാധിക്കില്ല. ആവശ്യമായ ഘട്ടങ്ങളില്‍ വിദഗ്ധരുടെ സഹായം തേടുക.
നിങ്ങള്‍ പുതിയൊരു വഴി തിരഞ്ഞെടുക്കുമ്പോള്‍ തുടക്കത്തില്‍ വീട്ടുകാരോ പങ്കാളിയോ പിന്തുണച്ചില്ല എന്ന് വരാം. അതില്‍ നിരാശരാകരുത്. നിങ്ങളുടെ ആശയത്തില്‍ നിങ്ങള്‍ക്ക് എത്രത്തോളം വ്യക്തതയും ആത്മവിശ്വാസവും ഉണ്ട് എന്നതിനെ ആശ്രയിച്ചായിരിക്കും അവരുടെ വിശ്വാസം. പോസിറ്റീവ് ഫലങ്ങള്‍ കാണിച്ച് കൊടുക്കാന്‍ ശ്രമിക്കുക; ആ എതിര്‍പ്പുകളെ നിങ്ങളുടെ വിജയത്തിനുള്ള ഇന്ധനമാക്കി മാറ്റുക.
ആശയക്കുഴപ്പങ്ങളാണ് പലപ്പോഴും വ്യക്തതയിലേക്കുള്ള (Clarity) വഴി തുറക്കുന്നത്. ഇന്ന് ജോലിയിലോ ജീവിതത്തിലോ വിരസത അനുഭവപ്പെടുന്നുണ്ടെങ്കില്‍, നിങ്ങള്‍ മാറ്റത്തിന് തയ്യാറെടുക്കുന്നു എന്നതിന്റെ ലക്ഷണമാണത്.
1% പ്രചോദനവും (Inspiration) 99% അധ്വാനവുമാണ് (Perspiration) വിജയത്തിന്റെ രഹസ്യം. പ്ലാന്‍ ചെയ്യുക, നിരന്തരം പരിശ്രമിക്കുക - വിജയം നിങ്ങളെ തേടിയെത്തും!
A step-by-step guide to identifying your true passion and turning it into a rewarding and lucrative career path.
Read DhanamOnline in English
Subscribe to Dhanam Magazine