

എന്റെ സമീപകാല കോളങ്ങളില്‍ നിങ്ങളുടെ പ്രധാന ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ തന്ത്രപരമായ പ്രാധാന്യത്തെക്കുറിച്ചും ആഗോള അധികാര മാറ്റങ്ങളെ പ്രതിരോധിക്കാന്‍ ഭൂമിശാസ്ത്രപരമായി ബിസിനസ് വൈവിധ്യവല്‍ക്കരിക്കുന്നതിനെക്കുറിച്ചും വിഭവങ്ങള്‍ ശരിയായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു.
എന്നിരുന്നാലും, ഏതൊരു സംരംഭകന്റെ മുന്നിലും ഒരു അടിസ്ഥാന ചോദ്യം ബാക്കിയുണ്ട്: നിങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന പ്രതിസന്ധികള്‍ക്ക് തന്നെ നിങ്ങളുടെ ബിസിനസിനെ ഇരയാകാന്‍ വിടാതെ, ഈ വളര്‍ച്ചക്ക് എങ്ങനെ പണം കണ്ടെത്താം? വേഗത്തില്‍ ബിസിനസ് വിപുലീകരിക്കുമ്പോള്‍, വലിയൊരു കടബാധ്യതയുടെ കെണിയിലേക്ക് നിങ്ങളുടെ ബിസിനസ് വീഴാനുള്ള സാധ്യതയുണ്ട്.
പല ബിസിനസുകളിലും പലപ്പോഴും കണ്ടുവരുന്ന ഒരു രീതിയുണ്ട്; അവര്‍ സാമ്പത്തിക സ്ഥിരതയെ ബലികഴിച്ചുകൊണ്ട് അമിത വളര്‍ച്ചക്ക് പിന്നാലെ പായുന്നു. ഇത് ഒടുവില്‍ അവരുടെ പ്രവര്‍ത്തനച്ചെലവുകള്‍ കുത്തനെ കൂട്ടുകയും മത്സര ശേഷിയെ തകര്‍ക്കുകയും ചെയ്യുന്നു.
വേഗത്തിലുള്ള ബിസിനസ് വിപുലീകരണത്തിന് വലിയ തോതിലുള്ള കടം വാങ്ങല്‍ ആവശ്യമാണെന്നത് ഒരു പൊതു തെറ്റിദ്ധാരണയാണ്. പല ബോര്‍ഡ് റൂം ചര്‍ച്ചകളിലും നിക്ഷേപിച്ച മൂലധനത്തിന്മേലുള്ള നേട്ടം (Return on Capital Employed-ROCE) കുറവാണെങ്കില്‍ പോലും, ഉയര്‍ന്ന വളര്‍ച്ചയെ അന്തിമ വിജയമായി കണക്കാക്കുന്നു.
നിങ്ങളുടെ ബിസിനസ് വളര്‍ച്ച നിരക്ക് (ശതമാനം) നിങ്ങളുടെ ROCE (ശതമാനം) നേക്കാള്‍ കൂടുമ്പോള്‍, അവിടെ ഒരു സാമ്പത്തിക ശൂന്യത സൃഷ്ടിക്കപ്പെടുന്നു. ഈ ശൂന്യത നികത്താന്‍ പിന്നീട് പുറത്തുനിന്നുള്ള വായ്പകളെയും സപ്ലയര്‍മാരുടെ ക്രെഡിറ്റ് കാലാവധി നീട്ടുന്നതിനെയും ആശ്രയിക്കേണ്ടി വരുന്നു.
ഇതൊരു കോട്ടയല്ല, മറിച്ച് എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു ടൈം ബോംബാണ്.
ഉയര്‍ന്ന മുതലും പലിശയും തിരിച്ചടക്കേണ്ടി വരുന്നത് നിങ്ങളുടെ ഫ്രീ ക്യാഷ് ഫ്‌േളായെ ചോര്‍ത്തിക്കളയുന്നു. അതുകൊണ്ടു തന്നെ ക്ലിനിക്കല്‍, അല്ലെങ്കില്‍ പ്രവര്‍ത്തനപരമായ മികവ് നിലനിര്‍ത്താന്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കും അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും നിങ്ങളുടെ പക്കല്‍ വളരെ കുറഞ്ഞ പണം മാത്രമെ അവശേഷിക്കൂ.
ഒരു ബിസിനസ് കോട്ട കെട്ടിപ്പടുക്കുന്നതിനുള്ള 'കോണ്‍ട്രേറിയന്‍' വഴി അത്ഭുതപ്പെടുത്തും വിധം ലളിതമാണ്. എന്നാല്‍ അതിന് കടുത്ത അച്ചടക്കം ആവശ്യമാണ്. ന്യായമായ ROCE % + സ്ഥിരതയാര്‍ന്ന വളര്‍ച്ച % = കുറഞ്ഞ പ്രവര്‍ത്തനച്ചെലവുകള്‍ നിങ്ങളുടെ വളര്‍ച്ച നിരക്കിനേക്കാള്‍ ഉയര്‍ന്ന നിലയില്‍ നിങ്ങളുടെ ROCE നിലനിര്‍ത്തുകയെന്നതാണ് ലക്ഷ്യം.
അതിവേഗത്തിലുള്ള വളര്‍ച്ചയേക്കാള്‍ ആരോഗ്യകരമായ വരുമാനത്തിന് മുന്‍ഗണന നല്‍കുമ്പോള്‍, നിങ്ങളുടെ ബിസിനസ് വിപുലീകരണത്തിന് ആവശ്യമായ പണം സ്വന്തം മിച്ചത്തില്‍ നിന്ന് തന്നെ കണ്ടെത്താന്‍ സാധിക്കും. ഇത് ബിസിനസിനെ താഴെപ്പറയുന്ന സവിശേഷതകളുള്ള ഒരു 'കോട്ട' പോലെയുള്ള സുരക്ഷിത അവസ്ഥയിലേക്ക് നയിക്കുന്നു.
പൂജ്യം വായ്പകള്‍ (Zero Loans): ബാഹ്യ കടങ്ങളെയോ, പലിശ നിരക്കുകളിലെ വ്യതിയാനങ്ങളെയോ ആശ്രയിക്കേണ്ടി വരുന്നില്ല.
പൂജ്യം സപ്ലയര്‍ ക്രെഡിറ്റ് (Zero Supplier Credit): ബിസിനസ് പങ്കാളികള്‍ക്ക് ഉടന്‍ പണം നല്‍കാനുള്ള ശേഷി. ഇത് പലപ്പോഴും മികച്ച വിലക്കിഴിവുകള്‍ ലഭിക്കുന്നതിന് കാരണമാകുന്നു.
സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങള്‍ (Stsuainable Infrtsaructure): ബിസിനസില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് ഏറ്റവും പുതിയ സാങ്കേതിക വിദ്യകളിലും സൗകര്യങ്ങളിലും നിരന്തരമായി വീണ്ടും നിക്ഷേപിക്കുന്നു.
വളര്‍ച്ചയെന്നത് നിങ്ങള്‍ എത്രത്തോളം കടം വാങ്ങുന്നു എന്നതിനെ അടിസ്ഥാനമാക്കിയല്ല അളക്കേണ്ടത്, മറിച്ച് നിങ്ങളുടെ സ്വന്തം കാര്യക്ഷമതയിലൂടെ എത്രത്തോളം നിലനില്‍ക്കാന്‍ കഴിയുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്.
നിങ്ങളുടെ ചെലവുകള്‍ കുറച്ചും ക്യാഷ് ഫ്ളോ ഉയര്‍ത്തിയും നിലനിര്‍ത്തുന്നതിലൂടെ വെറുതെ വളരുക മാത്രമല്ല, സാമ്പത്തിക ചക്രത്തിലെ കഠിനമായ പ്രതിസന്ധികളെപ്പോലും അതിജീവിക്കാന്‍ ശേഷിയുള്ള ഒരു ബിസിനസ് നിങ്ങള്‍ക്ക് കെട്ടിപ്പടുക്കാന്‍ സാധിക്കും. ഒരു കോണ്‍ട്രേറിയന്‍ ലോകത്ത്, ഭാവിയെ ബന്ധിപ്പിക്കുന്ന ഏറ്റവും ശക്തമായ പാലം പണിയേണ്ടത് മറ്റുള്ളവരില്‍ നിന്ന് കടം വാങ്ങിയ ഇഷ്ടികകള്‍ കൊണ്ടല്ല, മറിച്ച് നിങ്ങളുടെ സ്വന്തം ഇഷ്ടികകള്‍ കൊണ്ടാണ്.
(Originally published in Dhanam Magazine July 15, 2026 issue.)
Read DhanamOnline in English
Subscribe to Dhanam Magazine