മാന്ദ്യം മറികടക്കാൻ ബിസിനസ് തന്ത്രങ്ങൾ: വിഭവ വിനിയോഗത്തിൽ പുതിയ സമീപനം

വിദഗ്ധ തൊഴിലാളികളെ കാര്യക്ഷമതയോടെ വിനിയോഗിക്കുന്നതിനൊപ്പം സബ്‌കോണ്‍ട്രാക്ടര്‍മാരെ പ്രയോജനപ്പെടുത്തുക
Business strategy
Image courtesy: Canva
Published on

മാറിക്കൊണ്ടിരിക്കുന്ന അധികാര ചക്രങ്ങള്‍ക്കും സാമ്പത്തിക അസ്ഥിരതകള്‍ക്കും നടുവില്‍ സംരംഭകര്‍ക്കിടയില്‍ ഉയരുന്ന ഒരു പ്രധാന ചോദ്യമുണ്ട്: 'വരാനിരിക്കുന്ന പ്രതിസന്ധികളില്‍ തങ്ങളുടെ ബിസിനസ് ഒരു കോട്ടപോലെ ഉറപ്പിച്ചുനിര്‍ത്താന്‍ എങ്ങനെ വിഭവങ്ങള്‍ വിനിയോഗിക്കണം?'

അതിനുള്ള ഉത്തരം എന്ന നിലയില്‍, യുഎഇയിലെ സിവില്‍ കോണ്‍ട്രാക്റ്റിങ് മേഖലയെ നമുക്ക് ഉദാഹരണമായി എടുക്കാം. ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്ന യുഎഇ ജിഡിപി വളര്‍ച്ച നിരക്കില്‍ പ്രതിഫലിക്കുന്ന 'ബൂം ആന്‍ഡ് ബസ്റ്റ്'ന് (പെട്ടെന്നുള്ള വളര്‍ച്ചക്കും തളര്‍ച്ചക്കും) പേര് കേട്ടതാണ് ഈ മേഖല.

Figure 1: UAE GDP Growth Rate
Figure 1: UAE GDP Growth Rate

കമ്പനിയുടെ നിയന്ത്രണത്തിലുള്ള എല്ലാ വിഭവങ്ങളും പരമാവധി കാര്യക്ഷമത കൈവരിക്കുന്ന തരത്തില്‍ വിനിയോഗിക്കണമെന്നാണ് പരമ്പരാഗത മാനേജ്‌മെന്റ് സിദ്ധാന്തങ്ങള്‍ നിര്‍ദേശിക്കുന്നത്. എങ്കിലും, കൂടുതല്‍ സ്ഥിരതയും വ്യത്യസ്തതയുള്ളതുമായ ഒരു സമീപനം നൈപുണ്യമുള്ള തൊഴിലാളികളില്‍ (skilled labour) മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്.

പൂര്‍ണ കാര്യക്ഷമത എന്ന തെറ്റിദ്ധാരണ

തൊഴിലാളികള്‍ മുതല്‍ യന്ത്രസാമഗ്രികള്‍ വരെ എല്ലാ ആസ്തികളും എല്ലായ്‌പ്പോഴും 100 ശതമാനം ശേഷിയില്‍ ഉപയോഗിക്കണമെന്നതാണ് മാനേജ്‌മെന്റിലെ പൊതുവായ ധാരണ.

Figure 2: Popular Management Principle
Figure 2: Popular Management Principle

എന്നാല്‍, യുഎഇയെപ്പോലെ അസ്ഥിരമായ ഒരു വിപണിയില്‍, ഈ സമീപനം പലപ്പോഴും വലിയ തകര്‍ച്ചയിലേക്ക് നയിക്കാറുണ്ട്. ഒരു സാമ്പത്തിക മാന്ദ്യം ഉണ്ടാകുമ്പോഴോ, അല്ലെങ്കില്‍ ഒരു പദ്ധതി വൈകുമ്പോഴോ, ഉയര്‍ന്ന സ്ഥിര ചെലവുകളും (fixed costs) അയവില്ലാത്ത വിഭവഘടനയുമുള്ള (rigid reosurce structures) ബിസിനസുകള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നു.

ഈ അവസരത്തില്‍ വിദഗ്ധരായ തൊഴിലാളികളെ പരമാവധി കാര്യക്ഷമതയോടെ വിനിയോഗിക്കുകയും, അതേസമയം അനുബന്ധ വിഭവങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കത്തക്ക രീതിയില്‍ കരുതിവെക്കുകയും ചെയ്യുക എന്നതാണ് വ്യത്യസ്തമായ തന്ത്രം (contrarian tactic).

Figure 3: Contrarian Management Principle
Figure 3: Contrarian Management Principle

സിവില്‍ കോണ്‍ട്രാക്റ്റിങ് മേഖലയില്‍, വിദഗ്ധ തൊഴിലാളികളെ എപ്പോഴും ഏറ്റവും ഉയര്‍ന്ന ഉല്‍പാദനക്ഷമതയില്‍ നിലനിര്‍ത്തേണ്ടതുണ്ട്. അതേസമയം, പ്രോജക്റ്റ് മാനേജര്‍മാര്‍, സൈറ്റ് എന്‍ജിനീയര്‍മാര്‍, ഓഫീസ് ജീവനക്കാര്‍, അവിദഗ്ധ തൊഴിലാളികള്‍ അല്ലെങ്കില്‍ സാധാരണ ഉപകരണങ്ങള്‍ തുടങ്ങിയ അനുബന്ധ വിഭവങ്ങള്‍ക്ക് വൈദഗ്ധ്യമുള്ള തൊഴിലാളികളെ പൂര്‍ണമായും പിന്തുണക്കാന്‍ ആവശ്യമായ ശേഷി ഉണ്ടായിരിക്കണം.

യുഎഇ വിപണിക്കായുള്ള തന്ത്രങ്ങള്‍

യുഎഇയില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന ഒരു സിവില്‍ കോണ്‍ട്രാക്റ്റിങ് സ്ഥാപനത്തിന് മേഖലയില്‍ ആവര്‍ത്തിച്ചുവരുന്ന സാമ്പത്തിക മാന്ദ്യത്തെ നേരിടേണ്ടി വന്നു. അതിനെ മറികടക്കാന്‍ അവര്‍ തങ്ങളുടെ വിഭവങ്ങള്‍ ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യുന്നതിനായി രണ്ട് പ്രധാന തന്ത്രങ്ങള്‍ നടപ്പാക്കി.

1. ഡിവിഷന്‍ വൈവിധ്യവല്‍ക്കരണം (division diversification): തുടക്കത്തില്‍ വില്ലകളുടെ നിര്‍മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കിലും, ക്രമേണ അവര്‍ റീറ്റെയ്ല്‍, മാളുകള്‍, സബ്‌സ്റ്റേഷനുകള്‍, ഡാറ്റ സെന്ററുകള്‍, അറ്റകുറ്റപ്പണികള്‍ എന്നിങ്ങനെ വിവിധ ബിസിനസ് ഡിവിഷനുകള്‍ വികസിപ്പിച്ചു. ഈ വിഭാഗങ്ങളിലെല്ലാം ഒരേ വൈദഗ്ധ്യമുള്ള തൊഴിലാളികളെത്തന്നെയാണ് ഉപയോഗിച്ചത്. അതുമൂലം സമ്പദ്‌വ്യവസ്ഥയില്‍ വന്ന മാറ്റങ്ങള്‍ക്കനുസൃതമായി തങ്ങളുടെ മികച്ച തൊഴിലാളികളെ ആവശ്യമനുസരിച്ച് ഒരു വിഭാഗത്തില്‍ നിന്ന് മറ്റൊന്നിലേക്ക് വിന്യസിക്കാന്‍ ആ സ്ഥാപനത്തിന് കഴിഞ്ഞു.

Figure 4: Division Diversification
Figure 4: Division Diversification

2. സബ് കോണ്‍ട്രാക്ടര്‍ ശേഖരം (sub-contractor buffer): സ്ഥിരമായി ഒരു വലിയ തൊഴിലാളി വ്യൂഹത്തെ നിയമിക്കുന്നതിന് പകരം, കമ്പനി വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ എണ്ണം മിതമായ രീതിയില്‍ ക്രമാനുഗതമായി മാത്രം വര്‍ധിപ്പിച്ചു. ജോലി കൂടുതലുള്ള സമയത്തെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അവര്‍ സബ് കോണ്‍ട്രാക്ടര്‍മാരെയും ലേബര്‍ സപ്ലൈയര്‍മാരെയും ഒരുക്കി. ഇതുമൂലം ജോലി കുറവുള്ള മാസങ്ങളില്‍ ഉപയോഗിക്കപ്പെടാത്ത തൊഴിലാളികളുടെ സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ, കമ്പനിയുടെ സ്വന്തം 'വിദഗ്ധ തൊഴിലാളികള്‍' എപ്പോഴും 100 ശതമാനം കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവര്‍ ഉറപ്പുവരുത്തി.

ക്യാഷ് ഫ്‌ളോയിലെ പരിമിതി

വിഭവവിനിയോഗം എന്നത് തൊഴിലാളികളെക്കുറിച്ച് മാത്രമല്ല, മൂലധനത്തെക്കുറിച്ച് കൂടിയാണ് പ്രതിപാദിക്കുന്നത്. കോവിഡിന് ശേഷം യുഎഇ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ പല സ്ഥാപനങ്ങളും നേരിടുന്ന ഒരു പ്രധാന പ്രശ്നമുണ്ട്: ബിസിനസ് വളര്‍ച്ചക്ക് വലിയ സാധ്യതകളുണ്ടെങ്കിലും ക്യാഷ് ഫ്ളോ നെഗറ്റീവ് ആയിരിക്കും. ഉപഭോക്താക്കളില്‍ നിന്ന് പണം ലഭിക്കാന്‍ എടുക്കുന്ന ദീര്‍ഘകാലയളവും (പലപ്പോഴും 150 ദിവസത്തിന് മുകളില്‍), സപ്ലൈയര്‍മാര്‍ക്ക് നല്‍കേണ്ട കുറഞ്ഞ സമയപരിധിയും (60 ദിവസം) ഇതിന് കാരണമാകുന്നു. നിങ്ങളുടെ പോര്‍ട്ട്ഫോളിയോ സന്തുലിതമാക്കുക എന്നതാണ് ഇതിനുള്ള വ്യത്യസ്തമായ പരിഹാര രീതി (contrarian solution). വലിയ ലാഭമുള്ളതും, എന്നാല്‍ പണം ലഭിക്കാന്‍ താമസമെടുക്കുന്നതുമായ പ്രോജക്റ്റുകള്‍ മാത്രം ഏറ്റെടുക്കുന്നതിന് പകരം, ലാഭം കുറഞ്ഞതും എന്നാല്‍ പണം വേഗത്തില്‍ ലഭിക്കുന്നതുമായ പ്രോജക്റ്റുകള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തുക. ഉദാഹരണത്തിന്, 30 ദിവസത്തെ ലെറ്റര്‍ ഓഫ് ക്രെഡിറ്റ് (LC) ലഭിക്കുന്ന ഒരു പ്രോജക്റ്റ്, ബാങ്ക് വായ്പകളെ ആശ്രയിക്കാതെ തന്നെ ഉയര്‍ന്ന ലാഭമുള്ള മറ്റ് ജോലികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ പണം ലഭ്യമാക്കുന്നു.

പ്രശ്‌നം: വര്‍ഷങ്ങളായി വ്യത്യസ്ത കാരണങ്ങള്‍ മൂലം കരാര്‍ വ്യവസ്ഥകള്‍ മാറുന്നു. ഇത് നിര്‍ണായക വിഭവങ്ങളുടെ ആവശ്യകതയില്‍ വ്യത്യാസമുണ്ടാക്കുന്നു (കറുത്ത വര).

പരിഹാരം: നിര്‍ണായക വിഭവങ്ങളുടെ പരമാവധി കാര്യക്ഷമത ഉറപ്പാക്കിക്കൊണ്ട്, വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സബ് കോണ്‍ട്രാക്ടര്‍മാരെയും തൊഴില്‍ വിതരണക്കാരെയും ഉപയോഗിക്കുന്നതിനോടൊപ്പം നിര്‍ണായക വിഭവങ്ങള്‍ ക്രമാനുഗതമായി വര്‍ധിപ്പിക്കുക (ചുവപ്പ് വര).

ഉപസംഹാരം: എല്ലാ വിഭവങ്ങളും ഒരുപോലെയല്ല എന്ന് തിരിച്ചറിയുന്നതിലാണ് കോണ്‍ട്രാക്റ്റിങ് മേഖലയിലെ യഥാര്‍ഥ സുസ്ഥിരത അടങ്ങിയിരിക്കുന്നത്. നിങ്ങളുടെ ശ്രദ്ധ മുഴുവന്‍ പ്രധാനപ്പെട്ട വിദഗ്ധ തൊഴിലാളികളില്‍ കേന്ദ്രീകരിക്കുകയും മറ്റെല്ലാ കാര്യങ്ങള്‍ക്കും ബാക്കിയുള്ളവരെ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ ഏത് വലിയ പ്രതിസന്ധികളെയും അതിജീവിക്കാന്‍ കഴിയുന്ന ഒരു ബിസിനസ് മോഡല്‍ നിങ്ങള്‍ക്ക് സൃഷ്ടിക്കാനാകും.

എല്ലാ മേഖലയിലും ഒരുപോലെ കാര്യക്ഷമത കൈവരിക്കാന്‍ ശ്രമിക്കരുത്; പകരം തന്ത്രപരമായ കരുത്ത് കെട്ടിപ്പടുക്കാന്‍ ശ്രമിക്കുക. വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ക്കിടയില്‍ കേവലം വളര്‍ച്ച നേടുകയെന്നത് മാത്രമല്ല, ലോകം സാമ്പത്തിക തളര്‍ച്ച നേരിടുമ്പോഴും തകരാതെ നില്‍ക്കുന്ന ഒരു കോട്ടയായി ബിസിനസിനെ മാറ്റുക എന്നതാകണം നിങ്ങളുടെ ലക്ഷ്യം.

(Originally published in Dhanam Magazine March 31, 2026 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com