നിങ്ങളുടെ ബിസിനസിലുണ്ടോ കാണാമറയത്തെ വരുമാനം?

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യണം. നിങ്ങള്‍ ഗൂഗിള്‍ പേയിലൂടെ (Google Pay) പേയ്‌മെന്റ് ചെയ്യുന്നു. അപ്പോള്‍ തന്നെ ഫോണ്‍ റീചാര്‍ജ്ജ് ആയിക്കഴിഞ്ഞു. നിങ്ങള്‍ സന്തോഷവാനാകുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ ഒരു സംശയം നിങ്ങളുടെ മനസ്സിലേക്ക് കടന്നു വരാറുണ്ട്. മിക്കവാറും എല്ലാ പേയ്‌മെന്റുകള്‍ക്കും ഇപ്പോള്‍ ഗൂഗിള്‍ പേയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ആ ആപ്ലിക്കേഷന്റെ സേവനം തികച്ചും സൗജന്യമാണല്ലോ. എങ്ങിനെയാണ് അവര്‍ വരുമാനം ഉണ്ടാക്കുന്നത്? എങ്ങിനെയാണ് അവരുടെ ബിസിനസ് നിലനില്‍ക്കുന്നത്?

ഇത്തരമൊരു ചിന്ത തലയിലൂടെ കടന്നുപോകാത്ത ആരുമുണ്ടാവില്ല. ഗൂഗിള്‍ പേ ഒരു ഉല്‍പ്പന്നമോ സേവനമോ നമുക്ക് വില്‍ക്കുന്നില്ല. നല്‍കുന്ന സേവനത്തിന് അവര്‍ യാതൊരു വിധ ഫീസും ഈടാക്കുന്നില്ല. ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നമോ സേവനമോ വില്‍ക്കാത്ത ഒരു ബിസിനസ്. വരുമാനമില്ലാതെ ഇത്തരം സേവനം സൗജന്യമായി നല്‍കുക അസാധ്യം..

നിങ്ങള്‍ പെയ്‌മെന്റുകള്‍ക്കായി ഇപ്പോള്‍ ഗൂഗിള്‍ പേയെ ധാരാളമായി ഉപയോഗിക്കുന്നു. ഇലക്ട്രിസിറ്റി ബില്‍, വാട്ടര്‍ ബില്‍, ഡി ടി എച്ച് ബില്‍, ക്രെഡിറ്റ് കാര്‍ഡ് ബില്‍, ഫോണ്‍ ബില്‍ തുടങ്ങി മിക്കവാറും എല്ലാ ബില്ലുകളും നിങ്ങളിപ്പോള്‍ ഗൂഗിള്‍ പേ വഴിയാണ് അടയ്ക്കുന്നത്. ഈ സേവനങ്ങള്‍ സൗജന്യമായി ഉപഭോക്താക്കള്‍ക്ക് നല്‍കുമ്പോള്‍ തന്നെ ഓരോ പെയ്‌മെന്റിനും ഈ കമ്പനികളില്‍ നിന്നും ചെറിയൊരു കമ്മീഷന്‍ ഗൂഗിള്‍ പേ തങ്ങള്‍ നല്‍കുന്ന സേവനത്തിന് പകരമായി ഈടാക്കുന്നുണ്ട്. അതാണ് അവരുടെ വരുമാന സ്രോതസ്സ് (Revenue Source). എല്ലാ യു പി ഐ ആപ്ലിക്കേഷനുകളും വരുമാനം ഉണ്ടാക്കുന്നത് ഈ വഴിയിലൂടെ തന്നെ.

ഉല്‍പ്പന്നമോ സേവനമോ വില്‍ക്കാതെ മറ്റൊരു വഴിയിലൂടെ വരുമാനം സൃഷ്ടിക്കാന്‍ ഈ തന്ത്രം ഉപയോഗിച്ച് സാധിക്കും. മറഞ്ഞിരിക്കുന്ന ഈ വരുമാന മാര്‍ഗ്ഗം ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല. സേവനം പൂര്‍ണ്ണമായും സൗജന്യമായതിനാല്‍ കൂടുതല്‍ ഉപഭോക്താക്കള്‍ കടന്നു വന്നുകൊണ്ടേയിരിക്കും. ഉപഭോക്താക്കള്‍ കൂടുന്നതോടെ ബിസിനസിലെ ഈ ഒളിഞ്ഞിരിക്കുന്ന വരുമാനവും വര്‍ദ്ധിക്കും.

ഇന്ന് ലോകത്തിലെ ഏറ്റവും ശക്തിയേറിയ ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനാണ് ഗൂഗിള്‍. മനസ്സിലേക്ക് കടന്നു വരുന്ന ഒട്ടുമിക്ക സംശയങ്ങള്‍ക്കും നിങ്ങളിപ്പോള്‍ ഉത്തരം തേടുന്നത് ഗൂഗിളിനോടാണ്. ഉത്തരങ്ങള്‍ അസാധാരണ വേഗത്തില്‍ നിങ്ങള്‍ക്ക് മുന്നില്‍ തെളിയുന്നു. ഒരിക്കലും ഈ സേവനത്തിന് ഗൂഗിള്‍ നിങ്ങളോട് പണം ആവശ്യപ്പെടുന്നില്ല. ഈ ഭൂമിയുടെ വിവിധ ഇടങ്ങളില്‍ നിന്നും ഓരോ സെക്കന്റിലും ലക്ഷക്കണക്കിന് ആളുകള്‍ ഗൂഗിള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ് അതും തികച്ചും സൗജന്യമായി.

ഗൂഗിളിന്റെ കാണാമറയത്തെ വരുമാനം (Hidden Revenue) ലഭ്യമാകുന്നത് പരസ്യങ്ങളില്‍ നിന്നുമാണ്. യഥാര്‍ത്ഥത്തില്‍ നമ്മളോരോരുത്തരും ഗൂഗിളിന്റെ ഉല്‍പ്പന്നങ്ങളാകുന്നു. ഗൂഗിള്‍ മാര്‍ക്കറ്റ് ചെയ്യുന്നത് നമ്മളെയാണ്. നമ്മള്‍ കാണുന്ന, വിരലമര്‍ത്തുന്ന ഓരോ പരസ്യത്തിനും ഗൂഗിളിന്റെ പോക്കറ്റിലേക്ക് വരുമാനം ഒഴുകിയെത്തുന്നു. നാമറിയാതെ ഗൂഗിള്‍ നമ്മെ ഉപയോഗിക്കുന്നു. നമുക്കൊന്നും വില്‍ക്കാതെ തന്നെ ഗൂഗിള്‍ നമ്മെ ഉപയോഗിച്ച് വരുമാനം സൃഷ്ടിക്കുന്നു.

ഇതുപോലെ മറ്റൊരു അതിബുദ്ധിശാലിയും നമുക്ക് മുന്നിലുണ്ട്. മാര്‍ക്ക് സുക്കന്‍ബെര്‍ഗ് ചെയ്യുന്നതും വ്യത്യസ്തമല്ല. ദിവസത്തിന്റെ ഭൂരിഭാഗം സമയത്തും നാം ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉപയോഗിച്ചു കൊണ്ടേയിരിക്കുന്നു. പരസ്യങ്ങള്‍ നമ്മുടെ കണ്മുന്നിലൂടെ കടന്നുപോകുന്നു. ചിലതൊക്കെ നാം ശ്രദ്ധിക്കുന്നു. ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നു. വളരെ യാന്ത്രികമായി ഇതൊക്കെ നടന്നു പോകുന്നു. വരുമാനം സുക്കന്‍ബെര്‍ഗിന്റെ ബാങ്ക് അക്കൗണ്ടില്‍ കുമിഞ്ഞു കൂടുന്നു.

വിവര സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തില്‍ ഇത്തരം വരുമാനങ്ങള്‍ സൃഷ്ടിക്കുവാനുള്ള അവസരങ്ങള്‍ ഏറെയാണ്. അവ നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെടുത്തി ചിന്തിക്കാം.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram ChannelDr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it