ഫ്രാഞ്ചൈസി ബിസിനസ്സ് ലാഭകരമാക്കാൻ എന്ത് ചെയ്യണം? ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെ?

ഫ്രാഞ്ചൈസി എടുക്കുമ്പോള്‍ സംരംഭകന്റെ മനസില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍
Franchise business checklist
Canva
Published on

ഇന്ത്യയിലെ ഫ്രാഞ്ചൈസിങ് ലോകം അതിന്റെ പ്രാരംഭഘട്ടം മുതല്‍ ഇന്നത്തെ ശക്തമായ അവസ്ഥയിലേക്ക് വളരുന്നത് നേരിട്ട് കാണാന്‍ അവസരം ലഭിച്ചവരാണ് നമ്മളില്‍ പലരും. സ്വപ്നങ്ങള്‍ ചിറക് വിടര്‍ത്തുന്നതും ചിലപ്പോള്‍ പതറുന്നതും കണ്ടു. ഇതില്‍നിന്നെല്ലാം പഠിച്ച ഒരു കാര്യം ഇതാണ്: വിജയകരമായ ഒരു ഫ്രാഞ്ചൈസി പങ്കാളിത്തത്തിലേക്കുള്ള പാത നിര്‍മിച്ചിരിക്കുന്നത് കേവലം ആഗ്രഹം കൊണ്ട് മാത്രമല്ല, മറിച്ച് കൃത്യമായ ധാരണയിലൂടെയും ആശയവിനിമയത്തിലൂടെയുമാണ്.

ഫ്രാഞ്ചൈസിങ് എന്നത് സംരംഭകര്‍ക്ക് ബിസിനസ് ഉടമസ്ഥതക്കുള്ള ഒരു വ്യക്തമായ ബ്ലൂപ്രിന്റും ബ്രാന്‍ഡ് ഉടമകള്‍ക്ക് ബിസിനസ് വിപുലീകരിക്കാനുള്ള ഒരു മാതൃകയുമാണ്. എങ്കിലും, ഇതിന് പിന്നില്‍ സ്വാഭാവികമായ ചില ചോദ്യങ്ങളും ആശങ്കകളുമുണ്ട്. 35 വര്‍ഷത്തിലേറെയായി ഈ രംഗത്തുള്ള ഒരു ടീം എന്ന നിലയില്‍ ഇവ തടസങ്ങളല്ല, മറിച്ച് ഗൗരവകരമായ ചര്‍ച്ചകള്‍ ആവശ്യമായ സൂചനകളാണെന്ന് ഫ്രാഞ്ചൈസിങ് റൈറ്റ്‌‍വേയ്ക്ക് പറയാനാകും.

പ്രതീക്ഷകളും ആശങ്കകളും

സംരംഭകത്വ മനോഭാവം നിറഞ്ഞുനില്‍ക്കുന്ന, സ്വന്തമായി ഒരു ബിസിനസ് വേണമെന്ന ആഗ്രഹം ശക്തമായുള്ള ഒരാളായിരിക്കാം നിങ്ങള്‍. എന്നാല്‍ ഫ്രാഞ്ചൈസിങ്ങിലേക്ക് കടക്കുമ്പോള്‍ കണ്ണുകള്‍ തുറന്നുപിടിച്ചുകൊണ്ട് വേണം മുന്നോട്ട് പോകാന്‍.

1. സാമ്പത്തിക വെല്ലുവിളികള്‍: ഇതാണ് പലപ്പോഴും ആദ്യത്തെയും പ്രധാനപ്പെട്ടതുമായ കടമ്പ. ഫ്രാഞ്ചൈസികള്‍ ഒരു 'തെളിയിക്കപ്പെട്ട മാതൃക' ആണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകാം. എന്നാല്‍ ഏത് ബിസിനസ് ആരംഭിക്കുന്നതിനും പണം ആവശ്യമാണെന്ന് ഓര്‍ക്കണം.

നിക്ഷേപത്തിന്റെ യാഥാര്‍ത്ഥ്യം: ഇതിന് ഒരു പ്രാരംഭ നിക്ഷേപം ആവശ്യമാണ്. ഫ്രാഞ്ചൈസി ഫീസുകള്‍ (ഇത് ലക്ഷങ്ങള്‍ മുതല്‍ ഉയര്‍ന്ന തുകകള്‍ വരെയാകാം), പരിശീലനം, ഉദ്ഘാടന വേളയിലെ മാര്‍ക്കറ്റിങ്, ഫീസുകള്‍ എന്നിവയെല്ലാം ന്യായമായ ചെലവുകളാണ്. വെറും ഫീസ് മാത്രം നോക്കാതെ, അതില്‍ എന്തൊക്കെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും എന്തൊക്കെ ഉള്‍ക്കൊള്ളുന്നില്ലെന്നും കൃത്യമായി മനസിലാക്കണം.

ലാഭക്ഷമത എന്ന കടങ്കഥ: ഒരു ബിസിനസും അത് ഫ്രാഞ്ചൈസി ആയാലും അല്ലെങ്കിലും ലാഭം ഉറപ്പുനല്‍കുന്നില്ല. ഇന്ത്യയിലെ 15 ശതമാനം ഫ്രാഞ്ചൈസികള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പരാജയപ്പെടുന്നുവെന്ന കണക്ക് നിങ്ങളെ പേടിപ്പിക്കാനല്ല, മറിച്ച് യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്താനാണ് പറയുന്നത്. കൃത്യമായ അന്വേഷണത്തിന്റെ പ്രാധാന്യം ഇത് അടിവരയിടുന്നു. ലഭ്യമാണെങ്കില്‍ സാമ്പത്തിക പ്രകടന റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെടുക, കണക്കുകളെക്കുറിച്ച് ആഴത്തില്‍ പഠിക്കുക.

മറഞ്ഞിരിക്കുന്ന ചെലവുകള്‍: ഇവിടെയാണ് ഫ്രാഞ്ചൈസറുമായുള്ള വ്യക്തമായ ആശയവിനിമയം അത്യന്താപേക്ഷിതമാകുന്നത്. കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് വ്യക്തമാക്കാത്ത എന്തെല്ലാം സാമഗ്രികള്‍, ഉപകരണങ്ങള്‍, സാങ്കേതിക നവീകരണങ്ങള്‍ എന്നിവ പിന്നീട് വേണ്ടിവന്നേക്കാം എന്ന് പരിശോധിക്കണം.

ക്യാഷ് ഫ്‌ളോ, ഫിനാന്‍സിങ്: ബിസിനസ് എപ്പോഴും ഒരു നേര്‍രേഖയിലല്ല സഞ്ചരിക്കുന്നത്. വരുമാനം കുറഞ്ഞ കാലയളവുകളും സീസണല്‍ ഇടിവുകളും ഉണ്ടാകും. ഇവയെ അതിജീവിക്കാന്‍ ആവശ്യമായ പ്രവര്‍ത്തന മൂലധനം നിങ്ങളുടെ കൈവശമുണ്ടോ? ധനസമാഹരണം ഉറപ്പാക്കുക എന്നത് ഒരു മാരത്തണ്‍ പോലെയാണ്. വിശദമായ ഒരു ബിസിനസ് പ്ലാനും മികച്ച ക്രെഡിറ്റ് ഹിസ്റ്ററിയും ഇവിടെ നിങ്ങളുടെ മികച്ച സഹായികളായിരിക്കും.

പരീക്ഷിച്ചറിഞ്ഞ സത്യം: വിശദമായ സാമ്പത്തിക പ്രവചനങ്ങള്‍ ചോദിക്കാനും നിലവിലുള്ള ഫ്രാഞ്ചൈസി ഉടമകളോട് സംസാരിക്കാനും മടിക്കരുത്. കൂടാതെ എപ്പോഴും ഒരു കരുതല്‍ ധനം കൈവശം വെക്കുക.

2. സ്വയംഭരണാധികാരത്തെ കുറിച്ചുള്ള ആശയക്കുഴപ്പം

വളര്‍ന്നുവരുന്ന പല സംരംഭകരെയും സംബന്ധിച്ചിടത്തോളം ഇതൊരു വലിയ ചോദ്യമാണ്. നിങ്ങള്‍ക്ക് സ്വന്തം ബിസിനസിന്റെ യജമാനനാകണം എന്നുണ്ടാകാം. എന്നാല്‍ ഒരു ഫ്രാഞ്ചൈസി എടുക്കുമ്പോള്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ മറ്റൊരാളുടെ വ്യവസ്ഥാപിതമായ രീതിയാണ് വാങ്ങുന്നത്.

ബ്ലൂപ്രിന്റ്, മൈക്രോമാനേജ്മെന്റ്: ചുവരിലെ പെയിന്റിന്റെ നിറം മുതല്‍ ഉല്‍പന്നങ്ങളിലെ ചേരുവകള്‍ വരെയുള്ള നിങ്ങളുടെ പ്രവര്‍ത്തനരീതികള്‍ നിശ്ചയിക്കുന്നത് ഫ്രാഞ്ചൈസറാണ്. ഇത് എല്ലായ്‌പ്പോഴും അനാവശ്യ ഇടപെടല്‍ എന്ന് തോന്നിപ്പിക്കുന്ന 'മൈക്രോമാനേജ്മെന്റ്' ആയിരിക്കണമെന്നില്ല, മറിച്ച് ബ്രാന്‍ഡിന്റെ ഗുണമേന്മ ഒരുപോലെ നിലനിര്‍ത്താനാണ് ചെയ്യുന്നത്.

നൂതന ആശയങ്ങള്‍ തടയപ്പെടുമോ?: നിരന്തരം പുതിയ മാറ്റങ്ങള്‍ പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ഫ്രാഞ്ചൈസിങ് നിങ്ങള്‍ക്ക് ഒരു പരിമിതിയായി തോന്നിയേക്കാം. എന്നിരുന്നാലും, പല ഫ്രാഞ്ചൈസര്‍മാരും ഫ്രാഞ്ചൈസി ഉടമകളുടെ അഭിപ്രായങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ പുതിയ ആശയങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുകയും ചെയ്യാറുണ്ട്. ഇതില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നുകൊണ്ടായിരിക്കും എന്നുമാത്രം.

പരീക്ഷിച്ചറിഞ്ഞ സത്യം: പൂര്‍ണമായ സര്‍ഗാത്മക സ്വാതന്ത്ര്യത്തിന് പകരം, അപകടസാധ്യത കുറഞ്ഞ ഒരു ബിസിനസ് മോഡലാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്ന് മനസിലാക്കുക. ഈ വ്യവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിയുമെങ്കില്‍, ഫ്രാഞ്ചൈസറുടെ അനുഭവസമ്പത്തില്‍ നിന്നും മാര്‍ക്കറ്റിങ് കരുത്തില്‍ നിന്നും നിങ്ങള്‍ക്ക് വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കും.

3. ബന്ധവും പിന്തുണയും:

കരാറിനുപരി ഫ്രാഞ്ചൈസി എന്നത് ഒരു ദീര്‍ഘകാല വിവാഹബന്ധം പോലെയാണ്. ഫ്രാഞ്ചൈസറുമായുള്ള നിങ്ങളുടെ ബന്ധത്തിന്റെ ഗുണനിലവാരമാണ് പലപ്പോഴും വിജയത്തിന്റെ അടിസ്ഥാന ശില.

വാഗ്ദാനങ്ങള്‍, യാഥാര്‍ത്ഥ്യം: ഫ്രാഞ്ചൈസര്‍മാര്‍ പിന്തുണ വാഗ്ദാനം ചെയ്യാറുണ്ട്. എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ എങ്ങനെയുള്ളതാണ്? പരിശീലനം, തുടര്‍ച്ചയായ മാര്‍ക്കറ്റിങ്, പ്രവര്‍ത്തനപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ പ്രധാനമാണ്. നിര്‍ഭാഗ്യവശാല്‍, ചില ഫ്രാഞ്ചൈസി ഉടമകള്‍ക്ക് ലഭിക്കുന്ന പിന്തുണ വേണ്ടത്ര മതിയാകാറില്ല. അതുകൊണ്ട് വീണ്ടും പറയുന്നു, നിലവിലുള്ള ഫ്രാഞ്ചൈസി ഉടമകളോട് സംസാരിക്കുക. ആശയവിനിമയത്തിന്റെ ആവൃത്തിയും ഗുണനിലവാരവും ചോദിച്ചറിയുക.

സല്‍പേരും ബഹിഷ്‌കരണവും: ഇത് പലരും പങ്കിടുന്ന ബ്രാന്‍ഡാണ്. ഒരു ലൊക്കേഷനിലുണ്ടാകുന്ന നെഗറ്റീവ് അനുഭവം മുഴുവന്‍ സിസ്റ്റത്തിലും പ്രതിഫലിച്ചേക്കാം. നല്ലതായാലും ചീത്തയായാലും നിങ്ങള്‍ ഒരു വലിയ കുടുംബത്തിന്റെ ഭാഗമാണ്.

വിശ്വാസ്യത (അല്ലെങ്കില്‍ അതിന്റെ അഭാവം): ഇതൊരു പ്രധാന ഘടകമാണ്, പ്രത്യേകിച്ച് ഇന്ത്യയില്‍. ഫ്രാഞ്ചൈസി കരാറുകളില്‍ കക്ഷികള്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധിക്കുന്ന പൊതുവായ നിയമപരമായ ബാധ്യതകള്‍ ഇന്ത്യയിലില്ല. ഇതിനര്‍ത്ഥം തര്‍ക്കങ്ങള്‍ വളരെ രൂക്ഷമായേക്കാം എന്നാണ്. അതിനാല്‍ കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് നിയമോപദേശം തേടേണ്ടതിന്റെയും തര്‍ക്കപരിഹാര മാര്‍ഗങ്ങള്‍ മനസിലാക്കേണ്ടതിന്റെയും ആവശ്യകത ഇത് വര്‍ധിപ്പിക്കുന്നു.

പരീക്ഷിച്ചറിഞ്ഞ സത്യം: പുതിയ യൂണിറ്റുകള്‍ വില്‍ക്കുക എന്നതിലുപരി, തന്റെ ഫ്രാഞ്ചൈസി പങ്കാളികളുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഫ്രാഞ്ചൈസറെ കണ്ടെത്തുക. ഫ്രാഞ്ചൈസര്‍ തന്റെ നെറ്റ്‌വര്‍ക്കിനെ പിന്തുണച്ച ചരിത്രത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുക എന്നത് പ്രധാനമാണ്.

4. വിപണിയും ബാഹ്യഘടകങ്ങളും

വിപണിക്ക് അനുയോജ്യമല്ലെങ്കിലോ, ബാഹ്യമായ സാഹചര്യങ്ങള്‍ മാറുകയോ ചെയ്താല്‍ എത്ര മികച്ച ബിസിനസ് ആശയവും പ്രതിസന്ധിയിലാവാന്‍ സാധ്യതയുണ്ട്.

താല്‍ക്കാലികം, നീണ്ടുനില്‍ക്കുന്നത്: ബിസിനസ് ആശയം പെട്ടെന്ന് അവസാനിക്കുന്ന ഒരു ട്രെന്‍ഡ് ആണോ, അതോ ദീര്‍ഘകാലം നിലനില്‍ക്കുന്ന ഒന്നാണോ? ഇത് തിരിച്ചറിയാന്‍ ഫ്രാഞ്ചൈസറുടെ ഉള്‍ക്കാഴ്ചകള്‍ക്കൊപ്പം നിങ്ങളുടെ സ്വന്തം വിപണി ഗവേഷണവും ആവശ്യമാണ്.

പ്രാദേശിക വിപണിയിലെ വ്യത്യാസങ്ങള്‍: മുംബൈയില്‍ വിജയിക്കുന്നത് ഒരു ടിയര്‍-3 നഗരത്തില്‍ വിജയിക്കണമെന്നില്ല. പ്രാദേശികമായ താല്‍പര്യങ്ങള്‍ ഫ്രാഞ്ചൈസര്‍ക്ക് അറിയാമോ? ബ്രാന്‍ഡിന്റെ മൗലികത നഷ്ടപ്പെടുത്താതെ തന്നെ ചില പ്രാദേശിക മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ നിങ്ങളെ അനുവദിക്കുമോ?

വിപണിയിലെ സാച്ചുറേഷന്‍: ഇതൊരു ന്യായമായ ആശങ്കയാണ്. ഫ്രാഞ്ചൈസര്‍ പരിധിയിലധികം യൂണിറ്റുകള്‍ വിപുലീകരിച്ചാല്‍, നിങ്ങളുടെ പ്രദേശത്തെ ബിസിനസ് വിഹിതം കുറയാനും അത് വില്‍പനയെ ബാധിക്കാനും സാധ്യതയുണ്ട്. അവരുടെ വിപുലീകരണ തന്ത്രത്തെക്കുറിച്ചും ടെറിട്ടോറിയല്‍ പ്രൊട്ടക്ഷന്‍ പോളിസികളെക്കുറിച്ചും (എക്‌സ്‌ക്ലൂസീവ് v/s നോണ്‍-എക്‌സ്‌ക്ലൂസീവ്) വ്യക്തമായി മനസിലാക്കുക.

സാങ്കേതിക മാറ്റങ്ങള്‍: ഡിജിറ്റല്‍ യുഗം ഒരു ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ഫ്രാഞ്ചൈസര്‍മാര്‍ സ്വന്തം ഓണ്‍ലൈന്‍ ചാനലുകള്‍ വികസിപ്പിക്കുകയും അത് നിലവിലുള്ള ഫ്രാഞ്ചൈസി സ്റ്റോറുകള്‍ക്ക് വെല്ലുവിളിയാവുകയും ചെയ്യുന്നത് വലിയ പ്രശ്‌നമാണ്. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യമാണ്.

പരീക്ഷിച്ചറിഞ്ഞ സത്യം: നിങ്ങള്‍ തിരഞ്ഞെടുത്ത സ്ഥലത്ത് ഈ ബിസിനസ് ആശയത്തിന്റെ സാധ്യതകളെക്കുറിച്ച് സമഗ്രമായ പഠനം നടത്തുക. ഫ്രാഞ്ചൈസര്‍ നല്‍കുന്ന വിവരങ്ങളില്‍ മാത്രം വിശ്വസിക്കാതെ, നേരിട്ട് വിപണിയിലിറങ്ങി കാര്യങ്ങള്‍ ബോധ്യപ്പെടുക.

5. നിയമപരവും കരാര്‍പരവുമായ നൂലാമാലകള്‍

ഫ്രാഞ്ചൈസി കരാറുകള്‍ സങ്കീര്‍ണമായ നിയമരേഖകളാണ്. അവ പ്രധാനമായും ഫ്രാഞ്ചൈസറെ സംരക്ഷിക്കാന്‍ രൂപകല്‍പന ചെയ്തിട്ടുള്ളവയാണ്, അതിനാല്‍ നിങ്ങള്‍ക്ക് സ്വയം സംരക്ഷണം ആവശ്യമാണ്.

വിദഗ്ധ നിയമ പരിശോധന: അനുഭവപരിചയമുള്ള ഒരു ഫ്രാഞ്ചൈസി അഭിഭാഷകനെക്കൊണ്ട് ഓരോ കാര്യവും പരിശോധിപ്പിക്കാതെ ഒപ്പിടരുത്. നിങ്ങള്‍ ശ്രദ്ധിക്കാതെ പോയേക്കാവുന്ന മറഞ്ഞിരിക്കുന്ന അപകടസാധ്യതകളോ, ബാധ്യതകളോ കണ്ടെത്താന്‍ അവര്‍ക്ക് കഴിയും.

പ്രാദേശിക അവകാശങ്ങള്‍: എക്‌സ്‌ക്ലൂസീവ്, നോണ്‍-എക്‌സ്‌ക്ലൂസീവ് എന്നിവ നിങ്ങളുടെ ബിസിനസിനെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥത്തില്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? ഫ്രാഞ്ചൈസര്‍ക്ക് നിങ്ങളുടെ തൊട്ടടുത്ത് മറ്റൊരു യൂണിറ്റ് തുടങ്ങാന്‍ കഴിയുമോ?

പുതുക്കലും റദ്ദാക്കലും: നിങ്ങളുടെ കരാര്‍ പുതുക്കുന്നതിനുള്ള നിബന്ധനകള്‍ എന്തൊക്കെയാണ്? അതിലുപരിയായി, കാര്യങ്ങള്‍ വിചാരിച്ചതുപോലെ നടന്നില്ലെങ്കില്‍ ഈ ബിസിനസില്‍ നിന്ന് പുറത്തുകടക്കുക എത്രത്തോളം ബുദ്ധിമുട്ടാണ്? ഈ കാര്യങ്ങള്‍ക്ക് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.

പരീക്ഷിച്ചറിഞ്ഞ സത്യം: നിങ്ങളുടെ ഫ്രാഞ്ചൈസി കരാര്‍ നിങ്ങളുടെ ബിസിനസിന്റെ 'വേദപുസ്തകം' ആണ്. അത് വെറുതെ ഒന്ന് കണ്ണോടിച്ചു വിടരുത്. നല്ലൊരു നിയമോപദേശകനെ വെക്കുക; അതൊരു ചിലവല്ല, മറിച്ച് ഒരു ഇന്‍ഷുറന്‍സ് പോളിസിയാണ്.

(തുടരും)

(ധനം — വ്യവസായ വാണിജ്യ ദ്വൈവാരികയുടെ ജൂൺ 15 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com