

പ്രസിഡന്റ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിനെത്തുടര്‍ന്ന് യുഎസിലുണ്ടായ വമ്പിച്ച സാമ്പത്തിക, രാഷ്ട്രീയ മാറ്റങ്ങളെ മനസിലാക്കാന്‍ ഇന്ന് ഓരോ ബിസിനസുകാരനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ തീരുമാനങ്ങള്‍ ആഗോള വ്യാപാരം, തൊഴില്‍ വിപണി, മൂലധന പ്രവാഹം, നിക്ഷേപ തന്ത്രങ്ങള്‍ എന്നിവയെ ഇതിനകം തന്നെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്ന, എന്റെ 'ആഗോള പ്രവചന മാതൃക' ലോകത്തെ കാണുന്നത് കാരണങ്ങള്‍ (Cause), പ്രവര്‍ത്തനങ്ങള്‍ (Actions), ഫലങ്ങള്‍ (Effects) എന്നിങ്ങനെയാണ്.
Figure 1: Global Prediction Model
യുഎസിന്റെ സാമ്പത്തിക ദിശയെ രൂപപ്പെടുത്തുന്ന നാല് പ്രധാന പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് ഈ ലേഖനം പ്രതിപാദിക്കുന്നത്:
1. എണ്ണവില ബാരലിന് 55-75 ഡോളറിനിടയില്‍ സ്ഥിരത കൈവരിക്കുന്നു.
2. യുഎസ് യഥാര്‍ഥ ജിഡിപി വളര്‍ച്ച മൂന്ന് ശതമാനത്തിന് മുകളില്‍ നിലനില്‍ക്കുന്നു.
3. യുഎസ് ധനക്കമ്മി ജിഡിപിയുടെ മൂന്ന് ശതമാനത്തിലേക്ക് താഴുന്നു.
4. യുഎസ് കറന്റ് അക്കൗണ്ട് മിച്ചം.
വെവ്വേറെ നോക്കിയാല്‍ ഈ ലക്ഷ്യങ്ങള്‍ വെല്ലുവിളി നിറഞ്ഞതാണ്. ഇവയെല്ലാം ഒത്തുചേരുമ്പോള്‍ ആഗോള വ്യാപാരം, മൂലധന വിപണി, ബിസിനസ് ആസൂത്രണം എന്നിവയെ പുനര്‍നിര്‍മിക്കാന്‍ കഴിയുന്ന ഒരു സംയോജിത തന്ത്രമായി മാറുന്നു.
പതിറ്റാണ്ടുകളായി, എണ്ണവിലയിലുണ്ടാകുന്ന ചാഞ്ചാട്ടം ലോക സമ്പദ്വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്ന വലിയൊരു ഘടകമായിരുന്നു. വിലയിലുണ്ടാകുന്ന പെട്ടെന്നുള്ള വര്‍ധന മാന്ദ്യത്തിനും നാണയപ്പെരുപ്പത്തിനും കാരണമായി.വിലയിലുണ്ടാകുന്ന കനത്ത ഇടിവ് കയറ്റുമതിക്കാരെ തകര്‍ക്കുകയും എണ്ണ ഖനന നിക്ഷേപങ്ങളെ തടസപ്പെടുത്തുകയും ചെയ്തു. കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ട് പോകാന്‍ ബിസിനസുകള്‍ക്ക് സാധിച്ചിരുന്നില്ല. പുതിയ അജണ്ട എണ്ണ വിലയെ പ്രവചനാതീതമായ ഒരു പരിധിക്കുള്ളില്‍ സ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. എങ്ങനെ?
ഖനനത്തിനായി ഫെഡറല്‍ ഭൂമി വിട്ടുകൊടുക്കുന്നു.
ഓഫ്‌ഷോര്‍ ലീസ് അനുവദിക്കുന്നു.
പൈപ്‌ലൈന്‍ പദ്ധതികള്‍ വേഗത്തിലാക്കുന്നു.
ഫ്രാക്കിംഗ് (Fracking), ഷെയ്ല്‍ (Shale)റെഗുലേഷനുകളില്‍ ഇളവ് നല്‍കുന്നു.
മിഡില്‍ ഈസ്റ്റേണ്‍ ഉല്‍പാദകരുമായി ഏകോപനം ഉറപ്പാക്കുന്നു.
ലക്ഷ്യം വ്യക്തമാണ്- വിലയിലെ ചാഞ്ചാട്ടം കുറക്കുക, ഊര്‍ജ ചെലവ് നിയന്ത്രിക്കുക, അതുവഴി നാണയപ്പെരുപ്പത്തിന്റെ ചാക്രികത തകര്‍ക്കുക. എണ്ണവിലയിലെ സ്ഥിരത നാണയപ്പെരുപ്പത്തെ കുറക്കും. ഇത് പലിശ നിരക്ക് താഴാന്‍ കാരണമാകും. ഇതുവഴി നിര്‍മാണം, ലോജിസ്റ്റിക്സ്, റോബോട്ടിക്സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളില്‍ ദീര്‍ഘകാല നിക്ഷേപം സാധ്യമാകും. എണ്ണവില 60 ഡോളറുകളില്‍ തുടരുകയാണെങ്കില്‍, കഴിഞ്ഞ ദശകങ്ങളില്‍ ഇല്ലാത്ത വിധം നാണയപ്പെരുപ്പത്തിന്മേല്‍ നിയന്ത്രണം നേടാന്‍ യുഎസിന് സാധിക്കും.
നേട്ടമുണ്ടാക്കുന്നവര്‍: യുഎസ് ഷെയ്ല്‍/റിഫൈനിങ് കമ്പനികള്‍, ഗതാഗതവും ലോജിസ്റ്റിക്സും, എയര്‍ ലൈനുകളും, റീറ്റെയ്‌ലര്‍മാരും ഊര്‍ജം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍.
നഷ്ടമുണ്ടാകുന്നവര്‍: ഒപെക് രാജ്യങ്ങളുടെ ബജറ്റുകള്‍, റഷ്യയുടെ സാമ്പത്തിക സുരക്ഷിതത്വം, എണ്ണയെ ആശ്രയിക്കുന്ന സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍.
യുഎസ് സാമ്പത്തിക തന്ത്രത്തിലെ ആദ്യ തടസമായി എണ്ണ സ്ഥിരത മാറുന്നു.
കഴിഞ്ഞ 20 വര്‍ഷമായി അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ രണ്ട് ശതമാനം ജിഡിപി വളര്‍ച്ച മറികടക്കാന്‍ പാടുപെടുകയായിരുന്നു. ജനസംഖ്യാപരമായ മാറ്റങ്ങള്‍, വ്യവസായവല്‍ക്കരണത്തിന്റെ കുറവ്, ഉല്‍പാദനക്ഷമത യിലെ മന്ദത എന്നിവ വളര്‍ച്ചയെ തടഞ്ഞു.
പുതിയ കാഴ്ചപ്പാട് മൂന്ന് ശതമാനത്തിന് മുകളിലുള്ള യഥാര്‍ഥ വളര്‍ച്ച ലക്ഷ്യം വെക്കുന്നു. എങ്ങനെ?കോര്‍പറേറ്റ്, എസ്എംഇ നികുതിയിളവ്.
ഓട്ടോമേഷനിലൂടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നു. ഉല്‍പാദനം സ്വന്തം രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നു.
ആഭ്യന്തര വിതരണ ശൃംഖലയുടെ പുനര്‍നിര്‍മാണം.
ഊര്‍ജ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു.
നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു.
പലിശ നിരക്ക് കുറയുന്നതിലൂടെ
മൂലധനം ചെലവ് കുറഞ്ഞതാകുന്നു.
ജിഡിപി വളര്‍ച്ച എന്നത് പ്രധാനമായും തൊഴില്‍+ഉല്‍പാദനക്ഷമത എന്നതാണ്. ജനസംഖ്യ നിരക്ക് കുറവാണെങ്കില്‍ ഉല്‍പാദനക്ഷമത വേഗത്തിലാക്കണം. ഇതിനായി റോബോട്ടിക്സ് ഉപയോഗപ്പെടുത്തുന്നു.
ഈ ആശയം ലളിതമാണ്; ഓട്ടോമേഷന്‍ ചെലവേറിയ മനുഷ്യാധ്വാനത്തിന് പകരമാവുകയും പ്രതി ആളുകളില്‍ നിന്നുള്ള ഉല്‍പാദനം വര്‍ധിപ്പിക്കുകയും യഥാര്‍ഥ സാമ്പത്തിക വികാസത്തെ വന്‍തോതില്‍ പിന്തുണക്കുകയും ചെയ്യുന്നു. യുഎസ് മൂന്ന് ശതമാനം വളര്‍ച്ചയിലേക്ക് നീങ്ങിയാല്‍ ആഗോള മൂലധന പ്രവാഹത്തില്‍ മാറ്റം വരും. പണം വളര്‍ച്ചയുള്ള ഇടങ്ങളിലേക്ക് ഒഴുകും. അമേരിക്ക വീണ്ടും വികസിത ലോകത്തിന്റെ വളര്‍ച്ച എന്‍ജിനായി മാറും.
യുഎസിന്റെ ധനക്കമ്മി ആഗോള വിപണിയിലെ വലിയൊരു ആശങ്കയാണ്. ഇത് നാണയപ്പെരുപ്പത്തിനും കടബാധ്യതക്കും കാരണമാകുന്നു.
ലക്ഷ്യം: ഈ കമ്മി ജിഡിപിയുടെ മൂന്ന് ശതമാനത്തിലേക്ക് എത്തിക്കുക. അതിനുള്ള വഴികള്‍:
ഊര്‍ജ ഉല്‍പാദനത്തില്‍ നിന്നുള്ള റോയല്‍റ്റി വരുമാനം കൂട്ടുക.
സര്‍ക്കാര്‍ ചെലവുകള്‍ കുറക്കല്‍.
തീരുവകളും വ്യവസായങ്ങള്‍ തിരികെയെത്തുന്നത് വഴിയുള്ള
നികുതി വരുമാനം.
പലിശ നിരക്ക് കുറക്കുന്നതിലൂടെ വായ്പ ചെലവ് കുറയുന്നു.
സാങ്കേതികവിദ്യ ഉപയോഗിച്ച് തൊഴില്‍ക്ഷമത വര്‍ധിപ്പിക്കുന്നു.
മൂന്ന് ശതമാനം യഥാര്‍ഥ വളര്‍ച്ചയും കുറഞ്ഞ നാണയപ്പെരുപ്പവും ഉണ്ടെങ്കില്‍, നോമിനല്‍ ജിഡിപി പ്രതിവര്‍ഷം ആറ് ശതമാനം വളരും. ചെലവ് ഇതിലും കുറഞ്ഞ നിരക്കില്‍ വര്‍ധിച്ചാല്‍ ധനക്കമ്മി സ്വാഭാവികമായും കുറയും. ഈ നയം വാദിക്കുന്നത് സര്‍ക്കാരിന്റെ സാമ്പത്തിക ഭദ്രതക്ക് ആവശ്യം ഉയര്‍ന്ന നികുതിയല്ല എന്നാണ്; മറിച്ച് കൂടുതല്‍ സാമ്പത്തിക വളര്‍ച്ചയും സര്‍ക്കാര്‍ ചെലവുകള്‍ കുറക്കുകയുമാണ് വേണ്ടത്.
യുഎസ് ധനക്കമ്മി മൂന്ന് ശതമാനത്തിലേക്ക് താഴുകയാണെങ്കില്‍, രണ്ട് പ്രധാന ഫലങ്ങള്‍ ഉണ്ടാകുന്നു:
1. ട്രഷറി വരുമാനം ഘടനാപരമായി കുറയുന്നു-വായ്പ ചെലവ് കുറയ്ക്കുന്നു.
2. ഇന്‍വെസ്റ്റ്‌മെന്റ് മള്‍ട്ടിപ്പിള്‍സ് വര്‍ധിക്കുന്നു-ഉയര്‍ന്ന ഓഹരി മൂല്യനിര്‍ണയം.
ആഗോള ബിസിനസ് ആസൂത്രകരെ സംബന്ധിച്ച് ഇത് കുറഞ്ഞ നിരക്കിലുള്ള വായ്പക്കും സര്‍ക്കാരിന്റെ വായ്പ രീതികള്‍ കൂടുതല്‍ പ്രവചനയോഗ്യമാകുന്നതിനും സഹായിക്കുന്നു.
ഏറ്റവും നാടകീയമായ മാറ്റം എന്നത് യുഎസിനെ ഒരു കറന്റ് അക്കൗണ്ട് മിച്ചമുള്ള രാജ്യമാക്കി മാറ്റുകയെന്ന ആഗ്രഹമാണ്. പലര്‍ക്കും ഇത് അസാധ്യമെന്ന് തോന്നാം. കഴിഞ്ഞ 40 വര്‍ഷമായി വ്യാപാര കമ്മി നേരിടുന്ന രാജ്യമാണത്.
ഈ പുതിയ മാതൃക നാല് തൂണുകളിലാണ് നില്‍ക്കുന്നത്:
1. റോബോട്ടിക്സ്: പ്രതി യൂണിറ്റ് തൊഴില്‍ ചെലവ് കുറയുന്നു-കയറ്റു
മതിയില്‍ മത്സരക്ഷമമാകുന്നു. ഓട്ടോമേഷന്‍ വഴി ആഭ്യന്തര ഉല്‍പാദനം ചെലവ് കുറഞ്ഞതാക്കുന്നു.
2. ഊര്‍ജ കയറ്റുമതി: എല്‍എന്‍ജി,ക്രൂഡ് ഓയില്‍ എന്നിവയുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നത് വ്യാപാര സന്തുലിതാവസ്ഥ മെച്ചപ്പെടുത്തും.
3. ഇറക്കുമതി പകരക്കാര്‍: തീരുവകളിലൂടെയും മറ്റും വിദേശ നിര്‍മിതവസ്തുക്കളെ ആശ്രയിക്കുന്നത് കുറക്കും.
4. കറന്‍സി തന്ത്രം: നേരിയ തോതില്‍ ദുര്‍ബലമാകുന്ന ഡോളര്‍ കയറ്റുമതി വര്‍ധിപ്പിക്കുകയും ഇറക്കുമതി കുറക്കുകയും ചെയ്യുന്നു.
ഈ ഘടകങ്ങള്‍ ഒത്തുചേര്‍ന്നാല്‍ യുഎസിന്റെ വ്യാപാരക്കമ്മി കുറയുകയും നേരിയ മിച്ചമായി മാറുകയും ചെയ്യും. ഒരു കറന്റ് അക്കൗണ്ട് മിച്ചം എന്നത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന മൂലധന ആശ്രിതത്വത്തിന്റെ വിപരീത ദിശയിലേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു. അതിനര്‍ത്ഥം:കൂടുതല്‍ ആഭ്യന്തര നിക്ഷേപം.
ആഗോളതലത്തില്‍ യുഎസിന്റെ കൂടുതല്‍ ശക്തമായ വിലപേശല്‍ ശേഷി.
ലോകത്തിലെ കരുതല്‍ ആസ്തികളുടെ ഒഴുക്കിലെ മാറ്റം.
ഇത് ആഗോള സാമ്പത്തികചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റങ്ങളില്‍ ഒന്നായിരിക്കും.
ഉപസംഹാരം
എണ്ണവില സ്ഥിരത നാണയപ്പെരുപ്പം കുറക്കുന്നു. കുറഞ്ഞ നാണയപ്പെരുപ്പം പലിശനിരക്ക് കുറക്കുന്നു.കുറഞ്ഞ പലിശ നിരക്ക് നിക്ഷേപം വര്‍ധിപ്പിക്കുന്നു.നിക്ഷേപം ഉല്‍പാദനക്ഷമത കൂട്ടുന്നു.ഉല്‍പാദനക്ഷമത മൂന്ന് ശതമാനംയഥാര്‍ഥ വളര്‍ച്ച നല്‍കുന്നു.വളര്‍ച്ച നികുതി അടിത്തറ വര്‍ധിപ്പിക്കുന്നു.
വര്‍ധിച്ച വരുമാനം ധനക്കമ്മി കുറക്കുന്നു.ഓട്ടോമേഷന്‍ കയറ്റുമതി പരിഷ്‌കരിക്കുന്നു.കയറ്റുമതി കറന്റ് അക്കൗണ്ട് മിച്ചം ഉണ്ടാക്കുന്നു.ഓരോ ലക്ഷ്യവും മറ്റുള്ളവയെ ആശ്രയിച്ചിരിക്കുന്നു. ഇത് നയങ്ങളുടെ വെറുമൊരു കൂട്ടമല്ല; മറിച്ച് ഏകീകൃതമായ ഒരു ഘടനയാണ്. ബിസിനസ് കാഴ്ചപ്പാടില്‍ നോക്കിയാല്‍, ഇതിന്റെ ഫലങ്ങള്‍ വ്യക്തമാണ്:
ഊര്‍ജ വിപണിയിലെ അസ്ഥിരത കുറഞ്ഞേക്കാം.
പലിശ നിരക്കുകള്‍ ഘടനാപരമായി കുറഞ്ഞേക്കാം.
യുഎസിലെ നിക്ഷേപവും നിയമനങ്ങളും വേഗത്തിലായേക്കാം.
ട്രഷറി വിപണികള്‍ വീണ്ടും സ്ഥിരത കൈവരിച്ചേക്കാം.
കയറ്റുമതി രംഗത്തെ മത്സരം തീവ്രമായേക്കാം.
ആസ്തി വിപണികള്‍ ഉയര്‍ന്ന മൂല്യത്തിലേക്ക് പുനര്‍നിര്‍ണയിക്കപ്പെട്ടേക്കാം.
ലോകം സാധാരണയായി നയങ്ങളെ ഭാഗികമായാണ് വിശകലനം ചെയ്യാറുള്ളത്. എന്നാല്‍ ഫലങ്ങള്‍ ഉണ്ടാകുന്നത് സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിലൂടെയാണ്. സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കുക, ബജറ്റുകള്‍ സ്ഥിരപ്പെടുത്തുക, ഉല്‍പാദന മേഖലയെ പുനര്‍വ്യവസായവല്‍്കരിക്കുക, വ്യാപാര മേഖലയെ പുനര്‍നിര്‍മിക്കുക തുടങ്ങിയവയിലൂടെയുഎസ് ഒരു സമ്പൂര്‍ണ സാമ്പത്തികപുനഃക്രമീകരണത്തിന് ശ്രമിക്കുന്നതായി കാണുന്നു.
Also Read: ഇന്ത്യയുടെ ജിഡിപി വളർച്ച: യാഥാർത്ഥ്യമോ അതോ പെരുപ്പിച്ച കണക്കുകളോ?
ധനം മാഗസീന്‍ 2026 ജനുവരി 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
Read DhanamOnline in English
Subscribe to Dhanam Magazine