ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് വഴിയുള്ള പ്രതിദിന പിരിവ് പുത്തന്‍ റെക്കോഡിലെത്തി. കഴിഞ്ഞ ഏപ്രില്‍ 29ന് പ്രതിദിന പിരിവ് 1.16 കോടി ഇടപാടുകളില്‍ നിന്നായി 193.15 കോടി രൂപയിലെത്തിയെന്നും ഇത് എക്കാലത്തെയും ഉയരമാണെന്നും ദേശീയപാത അതോറിറ്റി (NHAI) വ്യക്തമാക്കി.
2021 ഫെബ്രുവരിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്. തുടര്‍ന്ന് ഇതുവരെ ഫാസ്ടാഗ് ഉപയോഗിക്കുന്ന ടോള്‍ പ്ലാസകള്‍ 770 എണ്ണം വര്‍ദ്ധിച്ച് 1,228 ആയി. ഇതില്‍ 339 എണ്ണം സംസ്ഥാന ടോള്‍ പ്ലാസകളാണ്. രാജ്യത്ത് ഇതുവരെ 6.9 കോടി ഫാസ്ടാഗുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ടോള്‍ പ്ലാസകളിലെ കാലതാമസം ഒഴിവാക്കാമെന്നതും പണമിടപാട് തര്‍ക്കരഹിതവും എളുപ്പവുമാണെന്നതും ഫാസ്ടാഗിന്റെ സ്വീകാര്യത കൂട്ടുന്നുണ്ടെന്ന് എന്‍.എച്ച്.എ.ഐ പറയുന്നു.
വരുമാനത്തിന്റെ പാത
2021-22ല്‍ ടോള്‍ പ്ലാസകളില്‍ നിന്ന് ലഭിച്ച മൊത്തം വരുമാനം 34,742 കോടി രൂപയായിരുന്നു. 2020-21ലെ 28,681 കോടി രൂപയില്‍ നിന്നാണ് വര്‍ദ്ധന. 2022-23ലെ കണക്ക് പുറത്തുവന്നിട്ടില്ല. 2023-24ല്‍ പ്രതീക്ഷിക്കുന്ന വരുമാന വര്‍ദ്ധന 9-11 ശതമാനമാണ്. ടോള്‍ പ്ലാസകള്‍ക്ക് പുറമേ തിരഞ്ഞെടുക്കപ്പെട്ട പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ ഫീസ് നല്‍കാനും ഫാസ്ടാഗ് ഉപയോഗിക്കാം. 50 നഗരങ്ങളിലായി 140ലേറെ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ സേവനം ലഭ്യമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയവും വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine

