ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 11, 2020

ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 11, 2020
Published on
ഇന്ന് സംസ്ഥാനത്ത് 83 കോവിഡ് രോഗികള്‍

സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി, 83 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. ഇരിട്ടി സ്വദേശി പി.കെ.മുഹമ്മദ് മരിച്ചത്. 63 പേര്‍ രോഗമുക്തരായി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്നും 37 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടും. അറിയിച്ചു. തൃശൂര്‍- 25, പാലക്കാട് -1, മലപ്പുറം -10, കാസര്‍ഗോഡ് -10, കൊല്ലം- 8, കണ്ണൂര്‍- 7. പത്തനംതിട്ട- 5. എറണാകുളം-2, കോട്ടയം -2, കോഴിക്കോട് -1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍.

ഇന്ത്യയില്‍

രോഗികള്‍: 286,579 (ഇന്നലെ: 276,583)

മരണം: 8,102 (ഇന്നലെ: 7,745)

ലോകത്ത്

രോഗികള്‍: 7,360,239 (ഇന്നലെ :7,242,235 )

മരണം: 4,16,201 (ഇന്നലെ : 4,11,269 )

ഓഹരി വിപണിയില്‍ ഇന്ന്

യുഎസ് സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 6.5 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നും തൊഴിലില്ലായ്മ നിരക്ക് ഈ വര്‍ഷം അവസാനത്തോടെ 9.3 ശതമാനമാകുമെന്നുമുള്ള യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ആഗോള വിപണികല്‍ കനത്ത് വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടത്. ഇതിനൊപ്പം അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യു (എജിആര്‍) സംബന്ധിച്ച സുപ്രീം കോടതിയുടെ പരമാര്‍ശം കൂടി വന്നതാണ് ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിച്ചത്. ടെലികോം ഓഹരികള്‍ എല്ലാം ഇടിവ് രേഖപ്പെടുത്തി. വോഡഫോണ്‍ ഓഹരി വില 13 ശതമാനവും ഭാരതി എയര്‍ടെല്‍ 3 ശതമാനവും ഇടിഞ്ഞു. പൊതുമേഖലാ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

കേരള കമ്പനികളുടെ പ്രകടനവും ഇന്ന് നിരാശപ്പെടുത്തി. 12 കമ്പനികള്‍ മാത്രമാണ് ഇന്ന് ഗ്രീന്‍ സോണിലായിരുന്നത്. ശതമാനക്കണക്കില്‍ നോക്കിയാല്‍ എഫ്എസിടിയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍ മുന്നില്‍. എഫ്എസിടിയുടെ ഓഹരി വില 9.18 ശതമാനം വര്‍ധിച്ച് 47.00 രൂപയായി. പാറ്റ്‌സ്പിന്‍ ഇന്ത്യ 4.85 ശതമാനം നേട്ടവുമായി രണ്ടാം സ്ഥാനത്താണ്. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (2.61%), നിറ്റ ജലാറ്റിന്‍(2.55%), ഹാരിസണ്‍സ് മലയാളം(1.76%), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.23%), കേരള ആയുര്‍വേദ(1.08%), റബ്ഫില ഇന്റര്‍നാഷണല്‍ (0.60%), ഈസ്റ്റേണ്‍ ട്രെഡ്‌സ് (0.50%), ആസ്റ്റര്‍ ഡി എം (0.15%) എന്നിവയാണ് ഇന്ന് ഗ്രീന്‍ സോണിലായിരുന്ന ഓഹരികള്‍.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം : 4,390 രൂപ(ഇന്നലെ 4,340 )

ഒരു ഡോളര്‍ : 76.16 രൂപ (ഇന്നലെ: 75.60 രൂപ)

ക്രൂഡ് ഓയ്ല്‍

WTI Crude36.73-2.87
Brent Crude39.15-2.58
Natural Gas1.814+0.034
മറ്റ് പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍ :
വലിയ വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കാന്‍ സാധ്യതയെന്ന് ഐസിഎംആര്‍

രാജ്യത്ത് വലിയ വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കാനുളള സാധ്യതയുണ്ടെന്ന് ഐസിഎംആര്‍. കോവിഡ് പ്രതിസന്ധി മാസങ്ങളോളം നീണ്ടുനില്‍ക്കാമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി നടത്തിയ സീറോ സര്‍വേ സംബന്ധിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് ഐസിഎംആര്‍ രാജ്യത്തിന് മുന്നറിയിപ്പ് നല്‍കിയത്. നഗരങ്ങളിലെ ചേരികളിലെ വൈറസ് വ്യാപനത്തിന് സാധ്യത കുടുതലാണ്. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായിരുന്നു. അതിനാല്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമാക്കണം.

രാജ്യം നിരവധി പ്രതിസന്ധികള്‍ നേരിടുന്നു: പ്രധാനമന്ത്രി

കൊറോണ വൈറസിനൊപ്പം രാജ്യം വിവിധ തരത്തിലുള്ള പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധികളെ ഒരവസരമാക്കി മാറ്റാന്‍ പൗരന്‍മാര്‍ തീരുമാനിച്ചു. കൊറോണയുടെ ഘട്ടത്തില്‍ ഇതൊരു വഴിത്തിരിവായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ 95-ാമത് വാര്‍ഷിക പ്ലീനറി സെഷന്റെ ഉദ്ഘാടനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ റേറ്റിംഗ് നില നിര്‍ത്തി എസ് & പി

ആഗോള റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് & പുവേഴ്സ് (എസ് ആന്റ് പി) ഇന്ത്യയുടെ ' ബി.ബി.ബി നെഗറ്റീവ് ' റേറ്റിംഗ് നിലനിര്‍ത്തി. കോവിഡ് -19 ആഘാതം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ പാതയില്‍ നിര്‍ണായക വെല്ലുവിളിയാണെങ്കിലും വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ സമ്പദ് സ്ഥിതി ദീര്‍ഘകാലത്തേക്ക് 'സ്ഥിരത' പുലര്‍ത്തുന്നതാണെന്ന് എസ് ആന്‍ഡ് പി വ്യക്തമാക്കി.

സ്‌പെക്ട്രം കുടിശിക അടച്ചു തീര്‍ക്കാന്‍ വിശദമായ പദ്ധതി വേണമെന്ന് സുപ്രിം കോടതി

ടെലികോം കമ്പനികള്‍ സ്‌പെക്ട്രം ലൈസന്‍സ് ഫീസ് കുടിശിക ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള 1.47 ലക്ഷം കോടി രൂപ അടച്ചുതീര്‍ക്കാന്‍ ഇരുപത് വര്‍ഷം സാവകാശം അനുവദിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതി ഒരാഴ്ചയ്ക്കകം തയാറാക്കി സമര്‍പ്പിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. കുടിശിക ഇരുപത് വര്‍ഷം കൊണ്ട് അടച്ചുതീരുമെന്ന് എന്താണ് ഉറപ്പെന്നും എന്ത് ഗ്യാരന്റിയാണ് നല്‍കാന്‍ പോകുന്നതെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര ചോദിച്ചു.

റിലയന്‍സ് ജിയോയില്‍ നിക്ഷേപത്തിന് അമേരിക്കയില്‍ നിന്ന് ടിപിജി ക്യാപിറ്റലും

റിലയന്‍സ് ജിയോയിലേക്ക് വീണ്ടും വിദേശ നിക്ഷേപം ഒഴുകുന്നു. അമേരിക്കയില്‍ നിന്ന് നാലാമതൊരു സ്ഥാപനം കൂടി ഇതിനായി നടത്തുന്ന ചര്‍ച്ച പുരോഗമിക്കുന്നതായാണ് വിവരം. സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ടിപിജി ക്യാപിറ്റലാണ് പുതിയതായി എത്തിയ സ്ഥാപനം.

ശബരിമല ഉത്സവം ഉപേക്ഷിച്ചു, ഭക്തരെ പ്രവേശിപ്പിക്കില്ല

ഈ വര്‍ഷത്തെ ശബരിമല ഉത്സവം ഉപേക്ഷിച്ചു. ദേവസ്വം അധികൃതരുമായും തന്ത്രിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ശബരിമലയില്‍ ഭക്തര്‍ക്കും പ്രവേശനമുണ്ടാകില്ല. കോവിഡ് മൂലമുള്ള അസാധാരണ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ കേന്ദ്രത്തിന്റെ അറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ദീര്‍ഘദൂര ട്രെയിനുകളില്‍ എത്തുന്ന പലരും പരിശോധനാ സംവിധാനത്തെ കബളിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ദീര്‍ഘദൂര ട്രെയിനുകളില്‍ വന്നിറങ്ങുന്നവര്‍ പരിശോധനാ സംവിധാനത്തെ കബളിപ്പിക്കുന്ന രീതി കണ്ടുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ട്രെയിനുകളില്‍ വന്നിറങ്ങിയ ചിലര്‍ സ്റ്റേഷനുകളില്‍ തങ്ങുകയും തുടര്‍ന്ന് മറ്റൊരു ട്രെയിനില്‍ കയറി സ്വന്തം നാട്ടിലെത്തുകയും ചെയ്യുന്ന സംഭവമുണ്ടായിട്ടുണ്ട്. പരിശോധകരുടെ കണ്ണുവെട്ടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത് അനുവദിക്കാനാകില്ല.

ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സോളാര്‍ വൈദ്യുതി അബുദാബിയില്‍ ; യൂണിറ്റിന് 1.02 രൂപ

ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനൊരുങ്ങി അബുദാബി പവര്‍ കോര്‍പ്പറേഷന്‍. 2 ജിഗാ വാട്ട് ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയിലാണ് യുഎഇയിലെ 16,0000 വീടുകളില്‍ ഒരു യൂണിറ്റിന് 1.02 രൂപ എന്ന നിരക്കില്‍ വൈദ്യുതി എത്തിക്കാന്‍ പദ്ധതി തയ്യാറാകുന്നത്. ലോകത്തെ തന്നെ റെക്കോര്‍ഡ് നിരക്കാണിതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

ഡിസംബറിനുള്ളില്‍ 5063 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് കിഫ്ബി

ഡിസംബറിനുള്ളില്‍ സംസ്ഥാനത്ത് 5063 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് കിഫ്ബി . കോവിഡ് പശ്ചാത്തലത്തില്‍ തടസ്സങ്ങള്‍ ഒഴിവാക്കാനുള്ള കര്‍മപരിപാടിക്ക് കിഫ്ബി രൂപം നല്‍കി. 6,26,289 ചതുരശ്ര മീറ്റര്‍ കെട്ടിടനിര്‍മാണം, 635 കിലോമീറ്റര്‍ റോഡ്, 18,450 കിലോമീറ്ററില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, അഞ്ച് കുടിവെള്ള പദ്ധതി, കുപ്പിവെള്ള ഉല്‍പ്പാദന ഫാക്ടറി തുടങ്ങിയവയും ലക്ഷ്യത്തിലുണ്ട്.

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതും ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ക്ക് എളുപ്പത്തില്‍ മാറ്റി സ്ഥാപിക്കാവുന്നതുമായ 3,000 ഇനങ്ങളുടെ പട്ടിക തയ്യാറാക്കിയുള്ള നിര്‍ണ്ണായക നീക്കവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്.വളരെ എളുപ്പത്തില്‍ ഉപേക്ഷിക്കാവുന്ന ചൈനീസ് ഉത്പന്നങ്ങളുടെ പട്ടികയും അവയുടെ ഇന്ത്യന്‍ ബദലും ജനങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നത് രാജ്യവ്യാപകമായി ചൈനീസ് ഉത്പന്നങ്ങള്‍ ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്.

കോവിഡ് പ്രതിസന്ധി വന്നതോടെ ഏപ്രിലില്‍ രാജ്യത്തെ പണമിടപാടുകളിലുണ്ടായ വന്‍ ഇടിവ് വ്യക്തമാക്കുന്ന കണക്ക് റിസര്‍വ് ബാങ്ക് പുറത്തുവിട്ടു. ഡിജിറ്റല്‍ പേയ്മെന്റുകളും പേപ്പര്‍ അധിഷ്ഠിത ഉപകരണങ്ങളിലൂടെയുള്ള പേയ്മെന്റുകളും അടങ്ങുന്ന മൊത്തം പേയ്മെന്റുകള്‍ മാര്‍ച്ചിലെ 156.5 ട്രില്യണ്‍ രൂപയില്‍ നിന്ന് 46 ശതമാനം മൂല്യം ഇടിവോടെ 84.1 ട്രില്യണ്‍ രൂപയായി കുറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com