കോവിഡ്: ഏപ്രിലില്‍ രാജ്യത്ത് പണമിടപാട് മൂല്യം പകുതി താഴ്ന്നു

കോവിഡ് പ്രതിസന്ധി വന്നതോടെ ഏപ്രിലില്‍ രാജ്യത്തെ പണമിടപാടുകളിലുണ്ടായ വന്‍ ഇടിവ് വ്യക്തമാക്കുന്ന കണക്ക് റിസര്‍വ് ബാങ്ക് പുറത്തുവിട്ടു. ഡിജിറ്റല്‍ പേയ്മെന്റുകളും പേപ്പര്‍ അധിഷ്ഠിത ഉപകരണങ്ങളിലൂടെയുള്ള പേയ്മെന്റുകളും അടങ്ങുന്ന മൊത്തം പേയ്മെന്റുകള്‍ മാര്‍ച്ചിലെ 156.5 ട്രില്യണ്‍ രൂപയില്‍ നിന്ന് 46 ശതമാനം മൂല്യം ഇടിവോടെ 84.1 ട്രില്യണ്‍ രൂപയായി കുറഞ്ഞു.

മാര്‍ച്ചില്‍ മൊത്തം നടന്ന ഇടപാടുകളുടെ എണ്ണം 3.07 ബില്യണ്‍ ആയിരുന്നെങ്കില്‍ ഏപ്രിലില്‍ 22 ശതമാനം ഇടിഞ്ഞ് 2.38 ബില്യണായി.
ഡിജിറ്റല്‍ പേയ്മെന്റുകള്‍ മൂല്യത്തിലും എണ്ണത്തിലും ചുരുങ്ങി. മൂല്യം 150.85 ട്രില്യണ്‍ രൂപയില്‍ നിന്ന് 45 ശതമാനം ഇടിഞ്ഞ് 82.46 ട്രില്യണ്‍ രൂപയായി. എണ്ണം 3 ബില്യണില്‍ നിന്ന് 21 ശതമാനം കുറവോടെ 2.36 ബില്യണ്‍ ആയി.

ഇക്കാലയളവില്‍ റീട്ടെയ്ല്‍ പേയ്മെന്റുകളിലും സമാനമായ പ്രവണതയായിരുന്നു. മൂല്യം 45 ശതമാനത്തിലധികം ഇടിഞ്ഞ് 36.03 ട്രില്യണ്‍ രൂപയില്‍ നിന്ന് 19.66 ട്രില്യണ്‍ രൂപയായി. എണ്ണം 3.06 ബില്യണില്‍ നിന്ന് 2.37 ബില്യണ്‍ ആയും കുറഞ്ഞു. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള കാര്‍ഡ് പേയ്‌മെന്റ് മൂല്യം ഏപ്രിലില്‍ 57 ശതമാനം ഇടിഞ്ഞ് 49,807 കോടി രൂപയായി. മാര്‍ച്ചില്‍് 1.15 ട്രില്യണ്‍ രൂപയായിരുന്നു.
എടിഎമ്മുകളിലൂടെ പണം പിന്‍വലിക്കല്‍ ഏപ്രിലില്‍ ഏകദേശം 1.27 ട്രില്യണ്‍ രൂപയായി കുറഞ്ഞു. മാര്‍ച്ചില്‍ 2.51 ട്രില്യണ്‍ രൂപയായിരുന്നു പിന്‍വലിച്ചത്. എണ്ണം ഏപ്രിലില്‍ 286.6 ദശലക്ഷമായി കുറഞ്ഞു, 547.1 ദശലക്ഷത്തില്‍ നിന്ന്.

57.3 ദശലക്ഷം ക്രെഡിറ്റ് കാര്‍ഡുകളും 829.4 ദശലക്ഷം ഡെബിറ്റ് കാര്‍ഡുകളും ഉള്‍പ്പെടെ 886.8 ദശലക്ഷത്തിലധികം കാര്‍ഡുകള്‍ ആണ് ഏപ്രിലിലെ കണക്കനുസരിച്ച് രാജ്യത്തുള്ളത്. 234,000 എടിഎമ്മുകളും 5.08 ദശലക്ഷം പോയിന്റ് ഓഫ് സെയില്‍ (പോസ്) ടെര്‍മിനലുകളും. പോസ് മെഷീനുകളിലൂടെയുള്ള പണം പിന്‍വലിക്കലിന്റെ എണ്ണം ഏപ്രിലില്‍ 4.08 ദശലക്ഷമായി ഉയര്‍ന്നു, മാര്‍ച്ചിലെ 3.36 ദശലക്ഷത്തില്‍ നിന്ന്.പോസ് മെഷീനുകളില്‍ നിന്ന് പിന്‍വലിച്ചത് 111 കോടി രൂപ. മാര്‍ച്ചില്‍ ഇത് 110 കോടി രൂപയായിരുന്നു.

ആധാര്‍ ലിങ്ക് ചെയ്ത പേയ്മെന്റ് സംവിധാനം ഉപയോഗിച്ച് മൈക്രോ എടിഎമ്മുകളിലെ ഇടപാടുകളുടെ എണ്ണം ഏപ്രിലില്‍ 87.55 ദശലക്ഷമായി ഉയര്‍ന്നു. മാര്‍ച്ചില്‍ 4.49 ദശലക്ഷമായിരുന്നെന്നും റിസര്‍വ് ബാങ്ക് ബുള്ളറ്റിനില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it