Begin typing your search above and press return to search.
വരും വർഷത്തിൽ അവസരങ്ങൾ ഏറെ; അറിയാം
കഴിഞ്ഞ ദശാബ്ദത്തില്‍ ഒരു കുതിച്ചു ചാട്ടം നടത്തിയ ഫ്രാഞ്ചൈസിംഗ് ബിസിനസ് ഇപ്പോള്‍ മറ്റൊരു തലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. വര്‍ക്ക് ഫ്രം ഹോം, ജോലി നഷ്ടപ്പെടല്‍ തുടങ്ങിയവ മൂലം ഉണ്ടായിരിക്കുന്ന മാറ്റങ്ങള്‍ തുടങ്ങിയവ മൂലം വിപണിയിലെ പ്രവണതകള്‍ മാറുന്നു. കമ്പനികള്‍ ഓഫീസിന്റെ വലുപ്പം കുറയ്ക്കുകയും ദൂരെയിരുന്നും ജോലി ചെയ്യാനുള്ള അവസരം ഒരുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ആളുകള്‍ നഗരങ്ങളില്‍ നിന്ന് തങ്ങളുടെ ചെറു പട്ടണങ്ങളിലേക്ക് തിരിച്ചു പോകുകയും ചെയ്യുമ്പോള്‍ ബിസിനസ് മാതൃകകളിലും മാറ്റം വരുത്തേണ്ടതിനെ കുറിച്ച് സംരംഭകര്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.
ആളുകള്‍ ജന്മനാടായ ചെറുപട്ടണങ്ങളിലേക്ക് മടങ്ങുമ്പോള്‍ അവര്‍ക്കിഷ്ടപ്പെട്ട ബ്രാന്‍ഡുകള്‍ അവിടെ ലഭ്യമാകണമെന്നില്ല. അവരില്‍ പലരും ബി, സി ടൗണുകളില്‍ പുതിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. വാക്‌സിന്‍ ലഭ്യമായതിനു ശേഷം മാത്രമേ കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലാകൂ. വ്യായാമത്തിനും യാത്രകള്‍ക്കുമായി ഇരുചക്രവാഹനങ്ങളും സൈക്കിളുകളും വാങ്ങുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. വലിയ ചെലവിടലുകളില്‍ നിന്ന് ചെറിയ ചെലവിടലുകളിലേക്കാണ് നീങ്ങുന്നത്.
എന്നിരുന്നാലും ബിസിനസ് മുന്നോട്ട് പോകേണ്ടതുണ്ട്. ജീവിതം സാധാരണ നിലയിലാകേണ്ടതുമുണ്ട്. സര്‍ക്കാരിന്റെ പുതിയ മെഡിക്കല്‍ പോളിസികള്‍ ആയുഷ് അടിസ്ഥാനമായ ക്ലിനിക്കുകകളുടെയും മരുന്നുകളുടെയും ആവശ്യകത കൂട്ടിയിട്ടുണ്ട്. ആയുര്‍വേദ രംഗത്ത് മുന്നേറ്റമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. നിരവധി കമ്പനികള്‍ ഈ രംഗത്ത് മെഡിക്കല്‍ സ്റ്റോറുകളിലേക്കും അനുബന്ധ സേവനങ്ങളിലേക്കും കടക്കുന്നുണ്ട്.
വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം വ്യാപകമായതോടെ പല കമ്പനികളും കാംപസ് വിദ്യാഭ്യാസത്തില്‍ നിന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് മാറി. ആവശ്യാനുസരണം ഏതു സമയത്തും പഠിക്കാം എന്നത് സാധാരണമായിരിക്കുന്നു. ഇത് വിദ്യാഭ്യാസ മേഖലയെ മാറ്റി മറിക്കും. ഉദാഹരണത്തിന് ബൈജൂസിന് പിന്നാലെ നിരവധി ബ്രാന്‍ഡുകള്‍ പൊങ്ങിവന്നു. വെരന്റ ലേണിംഗ് സൊലൂഷന്‍, കാഡ് സെന്ററിന്റെ സികെ (ക്ലൗഡ് കാംപസ്), ടീച്ചര്‍ ഓണ്‍ലൈന്‍, ഐലേണ്‍യു തുടങ്ങിയ വിവിധ കമ്പനികള്‍ ഫ്രാഞ്ചൈസ് നല്‍കും. പല കംപ്യൂട്ടര്‍ സെന്ററുകളും സ്റ്റഡി സെന്ററുകളായും ഡെലിവറി, പോയ്ന്റ് ഓഫ് സെയ്ല്‍ കേന്ദ്രങ്ങളായും ഭാവിയില്‍ മാറിയേക്കും. എഡ്യു-ടെക് മേഖലയില്‍ വലിയ അവസരങ്ങളാണ് വരാനിരിക്കുന്നത്.
കോവിഡ് കാലത്ത് റീറ്റെയ്ല്‍ കമ്പനികളില്‍ പലതും പ്രകടനം മികച്ചതല്ലാത്ത അവരുടെ സ്റ്റോറുകള്‍ അടച്ചു പൂട്ടുകയോ മറ്റൊരിടത്തേക്ക് മാറ്റുകയോ ചെയ്തിട്ടുണ്ട്. പലരും സ്റ്റോറുകളുടെ വലിപ്പം കുറച്ചു. പല ഗ്രോസറി-കണ്‍വീനിയന്റ് സ്‌റ്റോറുകളും നിലവിലെ പ്രവണത മുതലെടുത്ത് പ്രാദേശിക തലത്തില്‍ പുതിയ സ്റ്റോറുകള്‍ തുറക്കുന്നുണ്ട്. ഈ മേഖലയില്‍ അവസരങ്ങള്‍ ഏറും. നല്ലൊരു ബ്രാന്‍ഡ് തെരഞ്ഞെടുത്ത് നിക്ഷേപം നടത്തി പ്രാദേശിക തലത്തില്‍ ബിസിനസ് തുടങ്ങുന്നത് നന്നാവും. മികച്ച ബ്രാന്‍ഡുകള്‍ സൃഷ്ടിക്കുന്നതില്‍ കേരളത്തിന് നല്ല അവസരമാണുള്ളത്.
നിങ്ങള്‍ക്ക് നിക്ഷേപം നടത്താന്‍ അനുയോജ്യമായ മേഖലകള്‍ താഴെ പറയുന്നു. എന്നാല്‍ അവരുടെ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും കമ്പനിയെയും കുറിച്ച് നല്ല പോലെ പഠിച്ച ശേഷം മാത്രമേ നിക്ഷേപത്തിനൊരുങ്ങാവൂ.
ആരോഗ്യ സംരക്ഷണം: നിലവിലെ സാഹചര്യത്തില്‍ ഏറെ സാധ്യതകളുണ്ട്. നിരവധി മെഡിക്കല്‍ സ്‌റ്റോര്‍ ബ്രാന്‍ഡുകള്‍ ഉയര്‍ന്നു വരും. കൂടാതെ പോളി ക്ലിനിക്കുകള്‍, ഫെര്‍ട്ടിലിറ്റി സെന്ററുകള്‍, അനിമല്‍ ക്ലിനിക്കുകള്‍ എന്നിവയില്‍ നിക്ഷേപം നടത്താനും പലരും മുന്നോട്ട് വരും.
സൗന്ദര്യ സംരക്ഷണം: മഹാമാരിയുടെ കാലത്ത് മറ്റേതൊരു ബിസിനസിനെയും പോലെ ഈ മേഖലയെയും ബാധിച്ചിട്ടുണ്ട്. പക്ഷേ കോവിഡിന് ശേഷം ഈ മേഖലയും തിരിച്ചു വരും. നാച്ചുറല്‍, ഗ്രീന്‍ ട്രെന്‍ഡ്‌സ്, ടോണി ആന്‍ഡ് ഗൈ, അഫിനിറ്റി, ലുക്ക്‌സ്, ബ്ലോസം കൊച്ചാര്‍, ഡെസാഞ്ചെ, എന്റിച്ച് സലൂണ്‍, കാമില്‍ ആല്‍ബെയ്ന്‍ പാരിസ് തുടങ്ങി നിരവധി ബ്രാന്‍ഡുകള്‍ വിപണി മെച്ചപ്പെടാനായി കാത്തിരിക്കുകയാണ്. നല്ല ലാഭം നേടാവുന്നൊരു ബിസിനസാണിത്.
മാനസികാരോഗ്യ സേവനം: ഇത് പുതിയൊരു മേഖലയാണ്. സൈക്യാട്രിക്, സൈക്കോളജിക്കല്‍, മെന്റല്‍ വെല്‍നെസ് സര്‍വീസ് സെന്ററുകള്‍ തുടങ്ങി മെന്റ്ല്‍ ഹെല്‍ത്ത് കെയര്‍ സെന്ററുകള്‍ വ്യാപകമായി തുറക്കപ്പെടും. രോഗികളെ സഹായിക്കാനായി കൃത്രിമ ബുദ്ധി (AI) ഉപയോഗിക്കപ്പെടും.
റീറ്റെയ്ല്‍ & ഫാഷന്‍: കോവിഡിന് ശേഷം ഈ മേഖല ശക്തമായി തിരിച്ചു വരും. നിരവധി ലോക്കല്‍ ബ്രാന്‍ഡുകള്‍ തിളക്കത്തോടെ ഉയര്‍ന്നു വരും.
സ്‌പോര്‍ട്‌സ് ക്ലബ് & എക്വിപ്‌മെന്റ്: ഐപിഎല്‍, ഐസിഎല്‍, മറ്റു ക്ലബുകള്‍ എന്ന പോലെ ചെറു പട്ടണങ്ങളിലും പുതിയ ചെറു ക്ലബുകള്‍ ഉയര്‍ന്നു വരും. കളിയുപകരണങ്ങളുടെ വില്‍പ്പന മികച്ച അവസരമാണ് നിക്ഷേപകര്‍ക്കു മുന്നില്‍ തുറക്കുക.
ഓട്ടോമൊബീല്‍: വിപണിയില്‍ വ്യത്യസ്ത കമ്പനികളുടെ പുതിയ ബ്രാന്‍ഡുകള്‍ എത്തും. നിക്ഷേപത്തില്‍ വലിയൊരു കുതിച്ചു ചാട്ടമുണ്ടാകും. ഓട്ടോ, ചെറിയ ട്രക്കുകള്‍, വലിയ വാഹനങ്ങള്‍ എന്നിവയില്‍ വിവിധ തരത്തിലുള്ള ഇ വെഹിക്കളുകള്‍ വ്യാപകമാകും. ഇലക്ട്രിക് ചാര്‍ജിംഗ് പോയ്ന്റുകളാണ് മറ്റൊരു അവസരമുള്ള സംരംഭം.
പെറ്റ് ക്ലിനിക്കുകള്‍: ഫ്രാഞ്ചൈസിംഗ് മേഖലയിലെ പുതിയ മുഖമാണ് പെറ്റ്ക്ലിനിക്കുകള്‍. വളര്‍ത്തുമൃഗങ്ങളോട് താല്‍പ്പര്യമുള്ളവര്‍ക്ക് വളരെ നല്ലൊരിടമാണിത്. ഏറെ അവസരങ്ങള്‍ ഈ മേഖലയിലുണ്ട്.
ക്ലീനിംഗ് സര്‍വീസസ്: നിറയെ അവസരങ്ങളുള്ള മറ്റൊരു മേഖല. ടാങ്കുകള്‍, വീടുകള്‍, ഓഫീസുകള്‍ തുടങ്ങി ക്ലീനിംഗ് ആവശ്യം ഏറെയാണ്.
ട്രാവല്‍ & ടൂറിസം: നിലവില്‍ ഏറെ ബാധിക്കപ്പെട്ടൊരു മേഖലയാണെങ്കിലും കോവിഡിന് ശേഷം മികച്ച അവസരങ്ങള്‍ ഈ രംഗത്ത് ഉണ്ടാകും. ചെറിയ യാത്രകളും, സെല്‍ഫ് ഡ്രൈവ് യാത്രകള്‍ക്കും തയാറെടുക്കുകയാണ് ആളുകള്‍. പുതിയതും സുരക്ഷിതവുമായ ലൊക്കേഷനുകളാണ് എല്ലാവരും തേടുന്നത്.
റസ്റ്റൊറന്റുകള്‍: കോവിഡ് ബിസിനസിനെ ബാധിച്ചുവെങ്കിലും ഡെലിവറി ആപ്ലിക്കേഷനുകള്‍ പോലുള്ള പുതിയ സങ്കേതങ്ങളിലൂടെ ഈ മേഖലയില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഡാര്‍ക്ക് കിച്ചന്‍ അല്ലെങ്കില്‍ ക്ലൗഡ് കിച്ചന്‍ എന്നറിയപ്പെടുന്ന പൊതു അടുക്കളകള്‍ വിവിധ ബ്രാന്‍ഡുകള്‍ക്കായി ഭക്ഷണം തയാറാക്കുന്നു. പല ബ്രാന്‍ഡുകളും ഈ സേവനം പ്രയോജനപ്പെടുത്തി ഈ രംഗത്ത് വളര്‍ന്നു വരുന്നുണ്ട്. കുറഞ്ഞ ഇരിപ്പിടങ്ങളൊരുക്കി തയാറാക്കുന്ന റസ്റ്ററൊന്റുകള്‍ക്ക് സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ഹോട്ടലുകളെ ഡെലിവറി ഫുള്‍ഫില്‍മെന്റ് സെന്റുകളായും പ്രയോജനപ്പെടുത്താനാകും.
മൊബീല്‍ അധിഷ്ഠിത മാര്‍ക്കറ്റിംഗ്: കൃത്രിമ ബുദ്ധി, പൈത്തോണ്‍, മെഷീന്‍ ലാംഗ്വേജ് തുടങ്ങിയവയുടെ കണ്ടുപിടുത്തം ഈ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. SWIPELAH എന്ന പേരില്‍ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള കമ്പനി തയാറാക്കിയ മൊബീല്‍ അഡൈ്വര്‍ടൈസിംഗ് സേവനം മികച്ച ഫ്രാഞ്ചൈസ് അവസരമാണ്. ഉപഭോക്താക്കള്‍ക്കും, ഷോപ്പ്കീപ്പര്‍ക്കും ഫ്രാഞ്ചൈസിക്കും ഒരു പ്രയോജനപ്പെടുന്നതാണിത്. കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ കുറഞ്ഞ നിക്ഷേപം നടത്തി കൂടുതല്‍ വരുമാനം നേടാന്‍ പ്രയോജനപ്പെടുത്താവുന്നതാണിത്.
കാര്‍ഷികോപകരണവും അനുബന്ധ സേവനങ്ങളും: പരിഷ്‌കരണ നടപടികളും സേവനങ്ങളിലൂണ്ടായിരിക്കുന്ന മാറ്റങ്ങളും കൊണ്ട് കാര്‍ഷിക മേഖലയില്‍ വലിയ വളര്‍ച്ചയും അതിനനുസരിച്ച നിക്ഷേപങ്ങളും ആവശ്യമുണ്ട്. ഈ മേഖലയിലെ കമ്പനികള്‍ ഫ്രാഞ്ചൈസ് നെറ്റ്‌വര്‍ക്ക് വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.
സൂപ്പര്‍മാര്‍ക്കറ്റുകളും കണ്‍വീനിയന്‍സ് സ്റ്റോറുകളും: ചെറു പട്ടണങ്ങളില്‍ പോലും കൂടുതല്‍ സ്‌റ്റോറുകള്‍ക്കുള്ള അവസരമുണ്ട്. നിക്ഷേപം നടത്താന്‍ അനുയോജ്യമായ മേഖലയാകും ഇത്.
ലോജിസ്റ്റിക്‌സ്: അടിസ്ഥാന സൗകര്യ വികസനത്തിലുള്ള മുന്നേറ്റം ഈ മേഖലയെ മുന്നോട്ട് നയിക്കും. കൂടുതല്‍ ലോജിസ്റ്റിക്‌സ് കമ്പനികള്‍ ഫ്രാഞ്ചൈസ് നല്‍കാനുള്ള ഒരുക്കത്തിലുമാണ്.
സൗന്ദര്യവര്‍ധക വസ്തുക്കള്‍: കേരളം ആസ്ഥാനമായുള്ള കോസ്‌മെറ്റിക് കമ്പനികള്‍ തങ്ങളുടെ ബ്രാന്‍ഡഡ് കോസ്‌മെറ്റിക് ഫ്രാഞ്ചൈസ് സ്റ്റോറുകള്‍ ചെറുതും വലുതുമായ നഗരങ്ങളിലെ മാളുകളില്‍ തുറക്കുന്നുണ്ട്. അവര്‍ ഫ്രാഞ്ചൈസികളും നല്‍കും. വനിതകളടക്കമുള്ളവര്‍ക്ക് നിക്ഷേപത്തിലൂടെ മികച്ച വരുമാനം നേടാനാകും.
സ്വര്‍ണവും ഡയമണ്ടും: നിക്ഷേപ അവസരമൊരുങ്ങുന്ന മറ്റൊരു മേഖലയാണിത്. ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ ചെറിയ ഷോറൂമുകള്‍ വരും. പ്രാദേശികമായ ബ്രാന്‍ഡുകളും ഈ രംഗത്ത് പൊങ്ങി വരും. വന്‍കിട കമ്പനികള്‍ ഈ മേഖലയില്‍ നിക്ഷേപകരെ തേടുന്നുമുണ്ട്.
ഇവയ്ക്ക് പുറമേ മറ്റു മേഖലകളിലും ഒട്ടേറെ സാധ്യതകളുണ്ട്. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് ഫ്രാഞ്ചൈസ് ബിസിനസ് തുടങ്ങാനാവും. എന്നിരുന്നാലും കമ്പനിയെ കുറിച്ചും അവയുടെ നിലവിലുള്ള ഷോറൂമുകള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതു സംബന്ധിച്ചും വിശദമായി അന്വേഷിച്ചതിനു ശേഷം മാത്രം മതി നിക്ഷേപം നടത്തല്‍. നിക്ഷേപിക്കുന്നതിനെ കുറിച്ച് രണ്ടു വട്ടം ആലോചിക്കുക. പലരും പല സേവനങ്ങളഉം വാഗ്ദാനം ചെയ്യും. പക്ഷേ എന്താണ് യഥാര്‍ത്ഥത്തില്‍ കിട്ടുകയെന്ന് ബോധ്യപ്പെടേണ്ടതുണ്ട്.
Next Story
Videos