Begin typing your search above and press return to search.
1.87 ലക്ഷം കോടി: പുത്തന്‍ റെക്കോഡ് കുറിച്ച് ഏപ്രിലിലെ ജി.എസ്.ടി സമാഹരണം
ദേശീയതലത്തിലെ ചരക്ക്-സേവന നികുതി (ജി.എസ്.ടി) സമാഹരണം കഴിഞ്ഞമാസം (ഏപ്രില്‍) രേഖപ്പെടുത്തിയത് എക്കാലത്തെയും ഉയരം. 1.87 ലക്ഷം കോടി രൂപയാണ് ഏപ്രിലിൽ പിരിഞ്ഞുകിട്ടിയതെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. 2022 ഏപ്രിലിലെ 1.67 ലക്ഷം കോടി രൂപയായിരുന്നു ഇതിന് മുമ്പത്തെ റെക്കോഡ്. ഇതിനേക്കാള്‍ 19,495 കോടി രൂപ (12 ശതമാനം) അധികമാണ് കഴിഞ്ഞമാസം ലഭിച്ചത്.
ഏപ്രിലിലെ മൊത്തം സമാഹരണത്തില്‍ 38,440 കോടി രൂപ കേന്ദ്ര ജി.എസ്.ടിയാണ്. സംസ്ഥാന ജി.എസ്.ടിയായി 47,412 കോടി രൂപയും സംയോജിത (ഇന്റഗ്രേറ്റഡ്) ജി.എസ്.ടിയായി 89,158 കോടി രൂപയും ലഭിച്ചു. സെസ് ഇനത്തില്‍ 12,025 കോടി രൂപയും പിരിച്ചു.
റെക്കോഡുകളുടെ പെരുമഴ
ജി.എസ്.ടിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരുമാസത്തെ വരുമാനം 1.75 ലക്ഷം കോടി രൂപ കടക്കുന്നത്. ഏപ്രില്‍ 20ന് മാത്രം 9.8 ലക്ഷം ഇടപാടുകളില്‍ നിന്നായി 68,228 കോടി രൂപയുടെ ജി.എസ്.ടി ലഭിച്ചു. ഇത് ഏറ്റവും വലിയ ഏകദിന സമാഹരണമാണ്. കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയ 57,846 കോടി രൂപയുടെ റെക്കോഡാണ് പഴങ്കഥയായത്.
മാര്‍ച്ചിലെ ഇടപാടുകളുടെ ജി.എസ്.ടിയാണ് ഏപ്രിലില്‍ പിരിച്ചെടുത്തത്. മാര്‍ച്ചില്‍ ജനറേറ്റ് ചെയ്യപ്പെട്ട ഇ-വേ ബില്ലുകളുടെ എണ്ണം 9 കോടിയാണ്. ഫെബ്രുവരിയിലെ 8.1 കോടിയേക്കാള്‍ 11 ശതമാനം അധികം. 50,000 രൂപയ്ക്കുമേല്‍ മൂല്യമുള്ള സംസ്ഥാനാന്തര ചരക്ക്നീക്കത്തിന് അനിവാര്യമായ രേഖയാണിത്. ഇ-വേ ബില്ലുകളില്‍ വര്‍ദ്ധനയുണ്ടാകുന്നത് രാജ്യത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നതിന്റെ സൂചനയായാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. മാര്‍ച്ചില്‍ ഇ-വേ ബില്ലുകള്‍ ഉയര്‍ന്നപ്പോള്‍ തന്നെ ഏപ്രിലിലെ ജി.എസ്.ടി വരുമാനം പുതിയ ഉയരം കുറിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
കേരളത്തിനും തിളക്കം
കേരളത്തില്‍ നിന്ന് കഴിഞ്ഞമാസം പിരിഞ്ഞുകിട്ടിയത് 2022 ഏപ്രിലിനേക്കാള്‍ 12 ശതമാനം വളര്‍ച്ചയോടെ 3,010 കോടി രൂപയുടെ ജി.എസ്.ടി. ഇതും റെക്കോഡാണ്. 2022 ഏപ്രിലില്‍ കേരളത്തില്‍ നിന്ന് നേടിയത് 2,869 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കേരളത്തിലെ സമാഹരണം 2,345 കോടി രൂപയായിരുന്നു. ഫെബ്രുവരിയില്‍ 2,326 കോടി രൂപയും.
'ഏപ്രില്‍' റെക്കോഡ്
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസമായ ഏപ്രിലില്‍ പൊതുവേ ജി.എസ്.ടി സമാഹരണം മറ്റ് മാസങ്ങളേക്കാള്‍ കൂടുതലായിരിക്കും. വര്‍ഷാന്ത്യ മാസമായ മാര്‍ച്ചില്‍ ഇടപാടുകള്‍ കൂടുമെന്നതാണ് ഇതിന് കാരണം. ജി.എസ്.ടിയുടെ ചരിത്രത്തില്‍ 2020 ഏപ്രിലില്‍ മാത്രമാണ് വരുമാനം ഇടിഞ്ഞത്. അത് കൊവിഡ്-ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ സമ്പദ്‌വ്യവസ്ഥ നിശ്ചലമായത് മൂലമായിരുന്നു.
വളര്‍ച്ചയില്‍ സിക്കിം, വരുമാനത്തില്‍ മഹാരാഷ്ട്ര
കഴിഞ്ഞമാസം ജി.എസ്.ടി പിരിവില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കുറിച്ചത് സിക്കിമാണ്, 61 ശതമാനം. എന്നാല്‍ സിക്കിമില്‍ നിന്നുള്ള വരുമാനം 426 കോടി രൂപ മാത്രമാണ്. ഏറ്റവുമധികം ജി.എസ്.ടി വരുമാനം ലഭിച്ചത് മഹാരാഷ്ട്രയില്‍ നിന്നാണ് (33,196 കോടി രൂപ).
Next Story
Videos