YouChat എത്തി; ചാറ്റ് ജിപിടിയുടെ എതിരാളി ഇവനാണ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടെക്ക് ലോകത്തെ ചര്‍ച്ച ചാറ്റ്ജിപിടിയെ (chatGPT) കുറിച്ചായിരുന്നു. ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിന് ചാറ്റ്ജിപിടി ഭീഷണിയാകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകളും വ്യാപകമായി. ചാറ്റ്ജിപിടി ഉയര്‍ത്തുന്ന മത്സരം മറികടക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോജക്ടുകള്‍ ഗൂഗിള്‍ വേഗത്തിലാക്കുകയും ചെയ്തു. അതിനിടെയാണ് ചാറ്റ് ജിപിടിയുടെ യഥാര്‍ത്ഥ എതിരാളി എത്തുന്നത് 'യൂചാറ്റ്'
ഇവിടെ എല്ലാമുണ്ട് അതാണ് യൂചാറ്റിന്റെ പ്രത്യേകത
ഗൂഗിളിന് സമാനമായ 2021ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഒരു സെര്‍ച്ച് എഞ്ചിനാണ് യു.കോം. ഇവര്‍ സെര്‍ച്ച് എഞ്ചിനൊപ്പം അവതരിപ്പിച്ച പുതിയ സേവനമാണ് യൂചാറ്റ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ചാറ്റ് ബോട്ട് ആണിത്. അതായത് ഗൂഗില്‍ സെര്‍ച്ചും ചാറ്റ് ജിപിടിയും ഒരു സ്‌ക്രീനില്‍ ലഭിച്ചാല്‍ എങ്ങനെ ഇരിക്കും..അതാണ് യൂചാറ്റ് നല്‍കുന്നത്.
സവിശേഷതകള്‍
ഒരു സെര്‍ച്ച് എഞ്ചിന്‍ എന്നതിലുപരി നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന ഒരു എഐ ചാറ്റ് ബോക്‌സ് ആണ് യൂ. ഒരു വിഷയത്തില്‍ ഉപന്യാസം എഴുതണമെങ്കില്‍ യൂചാറ്റില്‍ വിഷയം മാത്രം നല്‍കിയാല്‍ മതി. അതേ പോലെ ലീവ് ലെറ്റര്‍, കംപ്യൂട്ടര്‍ കോഡുകള്‍ മുതല്‍ എന്തും യൂചാറ്റിനോട് ചോദിക്കാം. നിങ്ങള്‍ നല്‍കുന്ന വിശേഷണങ്ങളെ അടിസ്ഥാനമാക്കി എഐ ഇമേജുകള്‍ സൃഷ്ടിക്കും എന്നതാണ് യൂചാറ്റിന്റെ മറ്റൊരു സവിശേഷത.
എങ്ങനെ ഉപയോഗിക്കാം
മൊബൈലിലോ കംപ്യൂട്ടറിലോ ഉള്ള വെബ്ബ് ബ്രൗസര്‍ ഉപയോഗിച്ച് You.comല്‍ പ്രവേശിക്കുക. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന് സമാനമായി അറിയേണ്ട വിവരങ്ങള്‍ ടൈപ്പ് ചെയ്ത് നല്‍കി സെര്‍ച്ച് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം. സെര്‍ച്ച് റിസള്‍ട്ട് കാണിക്കുന്നതിനൊപ്പം തന്നെ യൂചാറ്റിന്റെ ഓപ്ഷനും വലതുവശത്ത് കാണാം. ask me anything എന്ന ബോക്കില്‍ അറിയേണ്ട കാര്യങ്ങള്‍ ടൈപ്പ് ചെയ്യാം.
കൂടാതെ ഇടതുവശത്തെ ടൂള്‍ ബാറില്‍ ചാറ്റ് ബോട്ട്, റൈറ്റ്, കോഡ്, ഇമാജിന്‍ തുടങ്ങിയ ഓപ്ഷനുകളിലൂടെ നേരിട്ട് സേവനങ്ങള്‍ ഉപയോഗിക്കുകയും ചെയ്യാം. കൂടുതല്‍ ഫീച്ചേഴ്‌സ് ലഭിക്കാന്‍ ലോഗ്-ഇന്‍ ചെയ്യേണ്ടതുണ്ട്.