ഗൂഗിളിന് "ChatGPT" ഭയം; തയ്യാറെടുപ്പുകള്‍ തുടങ്ങി, ജീവനക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി സുന്ദര്‍ പിച്ചെ

ചാറ്റ് ജിപിടിയുടെ (ChatGPT) ജനപ്രീതിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഗൂഗിളിന്റെ മാതൃസ്ഥാപനം ആല്‍ഫബെറ്റ്. ചാറ്റ് ജിപിടി ഉയര്‍ത്തുന്ന ഭീഷണി മറികടക്കാന്‍ ഗൂഗിള്‍ (Google) തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നാണ് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന് ചാറ്റ് ജിപിടി ഭീഷണിയാകുമോ എന്ന രീതിയിലുള്ള ചര്‍ച്ചകളാണ് ആല്‍ഫബെറ്റിനെ അസ്വസ്ഥമാക്കുന്ന ഘടകം. ഓപ്പണ്‍ എഐ ((OpenAI) പുറത്തിറക്കി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ചാറ്റ് ബോട്ടാണ് ചാറ്റ്ജിപിടി.

കമ്പനി സിഇഒ സുന്ദര്‍ പിച്ചെയുടെ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. എഐയുമായി ബന്ധപ്പെട്ട പ്രോജക്ടുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. ചാറ്റ് ജിപിടിയെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ഗൂഗിളിന്റെ എഐ വിഭാഗം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് പ്രതികരണങ്ങള്‍ക്കൊന്നും ഗൂഗിള്‍ തയ്യാറായിട്ടില്ല. ടെക്സ്റ്റ് ഡിസ്‌ക്രിപ്ഷനില്‍ നിന്ന് ഇമേജുകള്‍ സൃഷ്ടിക്കുന്ന ഓപ്പണ്‍ എഐയുടെ DALL Eക്ക് സമാനമായ ഒരു പ്രോഡക്ടും ഗൂഗിള്‍ അവതരിപ്പിച്ചേക്കും.

കഴിഞ്ഞ വര്‍ഷം നടന്ന ഗൂഗിള്‍ ഐ/ഒയില്‍ സുന്ദര്‍ പിച്ചെ, ലാംഡ (LaMDA) എന്ന പേരില്‍ ഡയലോഗ് ആപ്ലിക്കേഷന്‍സിനായി ഒരു എഐ ലാംഗ്വേജ് മോഡല്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ലാംഡ പുറത്തിറക്കാന്‍ ഗൂഗിളിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 2021ലെ കണക്കുകള്‍ അനുസരിച്ച് ഗൂഗിളിന്റെ വരുമാനത്തില്‍ 81 ശതമാനവും പരസ്യങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞാല്‍ അത് ഗൂഗിളിന്റെ വരുമാനം കുത്തനെ ഇടിയാന്‍ കാരണമാവും.

എന്താണ് ChatGPT ?

ആര്‍ട്ടിഫിഷ്യല്‍ റിസര്‍ച്ച് കമ്പനിയായ ഓപ്പണ്‍എഐ അവതരിപ്പിച്ച ഒരു ചാറ്റ് ബോട്ട് ആണ് ChatGPT. നവംബര്‍ 30ന് ആണ് കമ്പനി ചാറ്റ്ജിപിടിയുടെ ബീറ്റ വേര്‍ഷന്‍ അവതരിപ്പിച്ചത്. പൈഥണ്‍ കോഡുകള്‍ മുതല്‍ ഉപന്യാസങ്ങള്‍ വരെ എഴുതിത്തരുന്ന ചാറ്റ്ജിപിടി അതിവേഗം വൈറലാവുകയായിരുന്നു.

ഡിസംബര്‍ 5ന് ഈ ചാറ്റ് ബോട്ട് ഉപയോഗിക്കുന്നവരുടെ എണ്ണം ഒരു മില്യണ്‍ കടന്നിരുന്നു. 2015ല്‍ ഇലോണ്‍ മസ്‌കും ഓപ്പണ്‍ എഐ സിഇഒയും ആയ സാം ഓള്‍ട്ട്മാനും മറ്റ് നിക്ഷേപകരും ചേര്‍ന്നാണ് ഓപ്പണ്‍എഐ സ്ഥാപിച്ചത്. എന്നാല്‍ 2018ല്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് മസ്‌ക് ബോര്‍ഡ് സ്ഥാനം ഒഴിയുകയായിരുന്നു.

എങ്ങനെ ഉപയോഗിക്കാം ?

നിലവില്‍ പരീക്ഷണാര്‍ത്ഥം അവതരിപ്പിച്ചത് കൊണ്ട് തന്നെ പ്ലേസ്റ്റോറിലോ ആപ്പിള്‍ സ്റ്റോറിലോ ഒന്നും ചാറ്റ്ജിപിടി ലഭ്യമല്ല. എന്നാല്‍ ഓപ്പണ്‍എഐ വെബ്‌സൈറ്റിലൂടെ നിങ്ങള്‍ക്ക് ഈ ചാറ്റ് ബോട്ട് ഉപയോഗിക്കാം. ഇതിനായി വെബ്‌സൈറ്റിന് മുകളില്‍ കാണുന്ന Introducing ChatGPT research releaseന് വലതുവശത്തായുള്ളTry എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് Signup ചെയ്താല്‍ മതി. ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറും നല്‍കിയാണ് സൈന്‍അപ്പ് ചെയ്യേണ്ടത്. തുടര്‍ന്ന് വരുന്ന ചാറ്റ് വിന്‍ഡോയില്‍ താഴെയായി അറിയേണ്ട വിവരങ്ങള്‍ ടൈപ്പ് ചെയ്ത് നല്‍കാം.

ചാറ്റ്ജിപിടിയെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടില്ല. 2021 സെപ്റ്റംബര്‍ വരെയുള്ള കാര്യങ്ങള്‍ മാത്രമാണ് ചാറ്റ് ബോക്‌സില്‍ നിന്ന് അറിയാന്‍ സാധിക്കുക. ഭാവിയില്‍ സംസാരിക്കാനും ഉപദേശങ്ങള്‍ നല്‍കാനും കെല്‍പ്പുള്ള ഒരു അസിസ്റ്റന്റായി ചാറ്റ്ജിപിടി മാറുമെന്നാണ് സാം ഓള്‍ട്ട്മാന്‍ പറയുന്നത്.

ഉപഭോക്താക്കള്‍ ചാറ്റ് ജിപിടി സൗജന്യമായി ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ ചാറ്റ് ബോട്ട് പ്രവര്‍ത്തിപ്പിക്കാന്‍ മില്യണുകളാണ് ഓപ്പണ്‍ എഐ മുടക്കുന്നത്. മൈക്രോസോഫ്റ്റിന്റെ Azure Cloud സേവനം ഉപയോഗിച്ചാണ് ചാറ്റ് ജിപിടി പ്രവര്‍ത്തിക്കുന്നത്. ചാറ്റ് ജിപിടി എഴുതിത്തരുന്ന ഓരോ വാക്കിനും 0.0003 യുഎസ് ഡോളറാണ് ചെലവ്. ഏകദേശം 100,000 യുഎസ് ഡോളറാണ് ഒരു ദിവസം ചാറ്റ് ജിപിടിക്കായി ഓപ്പണ്‍ എഐ ചെലവാക്കുന്നത്. അതായത് ഒരു മാസം 3 മില്യണ്‍ ഡോളര്‍..

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it