ബൈജൂസ് അടുത്തയാഴ്ച സാമ്പത്തിക ഫലങ്ങള്‍ പുറത്തുവിടും, വൈകിപ്പിച്ചത് ഒരു വര്‍ഷത്തോളം

ബൈജൂസ് മാതൃകമ്പനിയായ 'തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ്' 2022 സാമ്പത്തിക വര്‍ഷത്തിലെ ഫലങ്ങള്‍ ഒക്‌റ്റോബര്‍ രണ്ടാം വാരം പുറത്തു വിടുമെന്ന് ശനിയാഴ്ച അറിയിച്ചു. കമ്പനിയുടെ നിലവിലെ സ്ഥിതിയില്‍ ഏറെ നിര്‍ണായക ഫലമാണ് പുറത്തു വരിക. 18 മാസങ്ങള്‍ക്ക് ശേഷം (ഒന്നരവര്‍ഷത്തിനുശേഷം) ആണ് കമ്പനി ഫലപ്രഖ്യാപനം നടത്തുന്നത്.

സെപ്റ്റംബര്‍ അവസാനം ഫലങ്ങള്‍ പുറത്തുവിടുമെന്നാണ് മുന്‍പ് അറിയിച്ചിരുന്നതെങ്കിലും ഒക്‌റ്റോബര്‍ രണ്ടാം വാരം നടക്കുന്ന ബോര്‍ഡ് മീറ്റിംഗില്‍ ഓഡിറ്റ് ചെയ്ത അക്കൗണ്ട്‌സ് അംഗീകാരം ലഭിച്ചതിനു ശേഷം പുറത്തുവിടുമെന്നാണ് കമ്പനിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക ഫലങ്ങള്‍ ഇതുവരെ പുറത്തുവിടാത്തതില്‍ ഓഹരി ഉടമകള്‍ക്കിടയില്‍ നീരസമുണ്ടായിരുന്നു. മാത്രമല്ല നേരത്തെ കമ്പനിയുടെ ഓഡിറ്റര്‍ ആയിരുന്ന ഡിലോയ്റ്റ് രാജിവച്ചത് ഓഡിറ്റ് സംബന്ധിച്ച് കമ്പനി അധികൃതരുടെ നിസ്സഹരകരണം ചൂണ്ടിക്കാണിച്ചു കൊണ്ടാണ്. അതിനു ശേഷമാണ് കമ്പനിയുടെ തലപ്പത്തുള്ളവരില്‍ പലരും ഒപ്പം ആകാശ് എഡ്യൂക്കേഷണല്‍ സര്‍വീസസ് ഉള്‍പ്പെടുന്ന ഉപകമ്പനികളും ബൈജൂസുമായി പിരിഞ്ഞത്.

നിക്ഷേപക ബോര്‍ഡ് അംഗങ്ങള്‍ രാജിവച്ചതിന് ശേഷം കമ്പനിയുടെ ബോര്‍ഡില്‍ നിലവില്‍ അതിന്റെ സ്ഥാപകരും കുടുംബവും മാത്രമേ ഉള്ളൂ-ബൈജു രവീന്ദ്രന്‍, ദിവ്യ ഗോകുല്‍നാഥ്, റിജു രവീന്ദ്രന്‍ എന്നിവര്‍.

2021 സാമ്പത്തിക വര്‍ഷത്തില്‍, കമ്പനി 2280 കോടി രൂപ വരുമാനവും (പ്രതീക്ഷിച്ചതിനേക്കാള്‍ 50% താഴെ) 4,588 കോടി രൂപയുടെ നഷ്ടവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.


Also Read :

ബൈജൂസില്‍ വന്‍ അഴിച്ചുപണി; 5,000ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കും

ബൈജൂസില്‍ രാജി തുടരുന്നു, ഇന്ത്യ സി.ഇ.ഒ സ്ഥാനമൊഴിഞ്ഞ് മൃണാള്‍ മോഹിത്‌


Related Articles
Next Story
Videos
Share it