ചാറ്റ് ജിപിടി അധ്യാപകരുടെ പണി കളയുമോ ?

ന്യൂയോര്‍ക്ക് സിറ്റിയിലെ സ്‌കൂളുകളില്‍ ചാറ്റ്ജിപിടി നിരോധിച്ചെന്ന വാര്‍ത്ത കൗതുകം ഉണര്‍ത്തുന്ന ഒന്നാണ്. താമസിയാതെ ഇത്തരം വാര്‍ത്തകള്‍ കേരളത്തിലെ സ്‌കൂളുകളില്‍ നിന്നും എത്തിയേക്കാം. കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തിറങ്ങിയ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ട് ആണ് ചാറ്റ്ജിപിടി. വിദ്യാര്‍ത്ഥികള്‍ ഹോംവര്‍ക്കുകളും അസൈന്‍മെന്റുകളും ചെയ്യാന്‍ ഈ ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം.

Also Read:എന്താണ് ChatGPT ? നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇവിടെയുണ്ട്

ചാറ്റ് ബോട്ട് നല്‍കുന്ന വിവരങ്ങളിലെ കൃത്യത, കുട്ടികളുടെ നൈപൂണ്യ വികസനം തുടങ്ങിയവയെ കുറിച്ചുള്ള ആശങ്കകളാണ് ന്യൂയോര്‍ക്ക് സിറ്റി വിദ്യാഭ്യാസ വകുപ്പിനെ ഇത്തരം ഒരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ച ഘടകം. സ്മാര്‍ട്ട്‌ഫോണുകളിലൂടെ കുട്ടികള്‍ക്ക് ചാറ്റ് ജിപിടി ഉപയോഗിക്കാം എന്നത് കൊണ്ട് ഈ നിരോധനത്തില്‍ വലിയ കാര്യമില്ല. ന്യൂയോര്‍ക്ക് ടൈംസില്‍ ടെക്‌നോളജി വാര്‍ത്തകള്‍ എഴുതുന്ന കെവിന്‍ റോസ് ഇതു സംബന്ധിച്ച ഒരു ലേഖനം കഴിഞ്ഞ ദിവസം എഴുതിയിരുന്നു. നിരോധനത്തിന് പകരം ചാറ്റ് ജിപിടി നല്ല രീതിയില്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കണം എന്നാണ് ലേഖനം ചൂണ്ടിക്കാട്ടിയത്.

Also Read: ഗൂഗിളിന് "ChatGPT" ഭയം; തയ്യാറെടുപ്പുകള്‍ തുടങ്ങി, ജീവനക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി സുന്ദര്‍ പിച്ചെ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിച്ചപ്പോള്‍ ചാറ്റ്ജിപിടിയെ കുറിച്ച് മാത്രമാണ് അവര്‍ സംസാരിച്ചതെന്നും കെവിന്‍ പറയുന്നു. എഐ ബോട്ടുകള്‍ എഴുതുന്ന ഉത്തരങ്ങള്‍ കണ്ടുപിടിക്കാന്‍ ജിപിടി സീറോ എന്ന ഒരു പ്ലാറ്റ്‌ഫോം ഈ വര്‍ഷം ആദ്യം എത്തിയിരുന്നു. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി എഡ്‌വേര്‍ഡ് ടിയാന്‍ വികസിപ്പിച്ച ജിപിടി സീറോ ഇപ്പോള്‍ അധ്യാപകര്‍ക്കിടയില്‍ ഹിറ്റാണ്.

കോഴിക്കോട് എന്‍ഐടിയില്‍ കംപ്യൂട്ടര്‍ സയന്‍സിന് പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി പറഞ്ഞത് ക്ലാസുകളില്‍ ചാറ്റ്ജിപിടി ഉപയോഗിക്കുന്നവര്‍ ഉണ്ടെന്നാണ്. എന്നാല്‍ അസൈന്‍മെന്റുകള്‍ ചെയ്യാന്‍ ആരും ചാറ്റ്ജിപിടിയെ ആശ്രയിക്കാറില്ലെന്നും സ്റ്റെപ്പുകളൊക്കെ വെറുതെ നോക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഈ വിദ്യാര്‍ത്ഥി പറഞ്ഞു. ഗൂഗിളില്‍ വിവരങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാന്‍ സമയം കൂടുതല്‍ എടുക്കുമെന്നും ചാറ്റ്ജിപിടിയില്‍ ചോദിക്കുന്ന കാര്യത്തിന് മാത്രം ഉത്തരം കിട്ടുമെന്നതുമാണ് ഗുണമായി വിദ്യാര്‍ത്ഥി ചൂണ്ടിക്കാട്ടിയത്.

ടെക്‌നോളജിക്കൊപ്പം സഞ്ചരിക്കേണ്ടി വരും

ടെക്‌നോളജി വികസിക്കുന്നതിന് അനുസരിച്ച് വിദ്യാഭ്യാസ രംഗത്ത് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കേരളത്തിലെ സ്മാര്‍ട്ട് ക്ലാസ് റൂമുകളൊക്കെ അതിന് ഉദാഹരണങ്ങളാണ്. 5ജിയുടെ വരവോടെ ഓഗ്‌മെന്റഡ് റിയാലിറ്റിയും വിര്‍ച്വല്‍ റിയാലിറ്റിയും അതിലൂടെ മെറ്റാവേഴ്‌സുമൊക്കെ ക്ലാസ്‌റൂമുകളുടെ ഭാഗമാവും എന്നതില്‍ സംശയമില്ല. അതുപോലെ തന്നെയാണ് എഐ ചാറ്റ് ബോട്ടുകളും.

കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ കണക്കുകള്‍ ചെയ്യുന്നത് പോലെ ചാറ്റ് ജിപിടിയെയും കണ്ടാല്‍ മതിയെന്നാണ് ഒരു വിഭാഗം പറയുന്നത്. ഭാവിയില്‍ എഐ ചാറ്റ് ബോട്ടുകള്‍ വ്യാപകമാവുമ്പോള്‍, ഹോംവര്‍ക്കുകളുടെ രീതി തന്നെ അധ്യാപകര്‍ക്ക് മാറ്റേണ്ടി വരാം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നോട്ടുകള്‍ തയ്യാറാക്കാനും ഉത്തരങ്ങളുടെ മാതൃകകള്‍ തേടാനും ചാറ്റ് ബോട്ടുകള്‍ ഉപയോഗിക്കാമെന്നത് ഒരു നല്ലവശമാണ്. എഐ ചാറ്റ് ബോട്ടുകള്‍ എങ്ങനെ അറിവ് മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാം എന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരേപോലെ ചിന്തിക്കേണ്ടത്.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it