ട്രൂകോളര്‍ ഓഫീസ് ബംഗളൂരുവില്‍; സ്വീഡന് പുറത്ത് ആദ്യത്തേത്
ഏറെ പ്രയോജനമുള്ള ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ് ട്രൂകോളര്‍ (Truecaller). പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് കോള്‍ വരുമ്പോള്‍ വിളിക്കുന്നത് ആരാണെന്നറിയാന്‍ നിരവധി ഉപഭോക്താക്കള്‍ ആശ്രയിക്കുന്ന ഒന്ന്. ഇപ്പോള്‍ സ്വീഡന് പുറത്ത് തങ്ങളുടെ ആദ്യത്തെ എക്സ്‌ക്ലൂസീവ് ഓഫീസ് ബംഗളൂരുവില്‍ ആരംഭിച്ചിരിക്കുകയാണ് കമ്പനി. ട്രൂകോളറിന്റെ ബംഗളൂരുവിലെ പുതിയ ഓഫീസ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.
സൗകര്യങ്ങളേറെ
സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലെ ആസ്ഥാനത്തിന് പുറത്തുള്ള ട്രൂകോളറിന്റെ ഏറ്റവും വലിയ സ്ഥാപനമാണിത്. പുതിയ ഓഫീസിന് 30,443 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. കൂടാതെ ഇവിടെ 250 ജീവനക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നും അത്യാധുനിക സൗകര്യങ്ങളുമുണ്ടെന്നും കമ്പനി അറിയിച്ചു. ഒരു പതിറ്റാണ്ട് മുമ്പ് ഇന്ത്യയിലെത്തിയ ട്രൂകോളറിന് ഇന്ന് 33.8 കോടി പ്രതിമാസ ഉപയോക്താക്കളുണ്ട്. ഇതില്‍ 24.6 കോടി ആളുകളും ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് കമ്പനി പറഞ്ഞു.
സാങ്കേതിക പങ്കാളി
ഇന്ത്യയില്‍ ഒരു ഓഫീസ് സ്ഥാപിക്കാനുള്ള കമ്പനിയുടെ തീരുമാനം ലോകമെമ്പാടും വിശ്വസനീയമായ സാങ്കേതിക പങ്കാളിയെന്ന നിലയിലുള്ള ഇന്ത്യയുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്ന ഓന്നാണെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ട്രൂകോളറില്‍ പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആരംഭിക്കുന്നതിന് ഇന്ത്യ മികച്ച അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. ബംഗളൂരുവിലെ പുതിയ സൗകര്യം ഇന്ത്യയില്‍ കമ്പനിയുടെ തുടര്‍ച്ചയായ നിക്ഷേപം ആവര്‍ത്തിച്ചുറപ്പിക്കുന്നതാണെന്ന് ട്രൂകോളറിന്റെ സിഇഒയും സഹസ്ഥാപകനുമായ അലന്‍ മമേദി പറഞ്ഞു.