ഇന്ത്യയിലെ മൂന്നില്‍ രണ്ട് ഓഫീസുകളും പൂട്ടി ട്വിറ്റര്‍
ട്വിറ്ററിന്റെ (Twitter) ഇന്ത്യയിലെ രണ്ട് ഓഫീസുകള്‍ പൂട്ടി. ഇന്ത്യയില്‍ ആകെ മൂന്ന് ഓഫീസുകളാണ് ട്വിറ്ററിന് ഉണ്ടായിരുന്നത്. ഇതില്‍ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളാണ് പൂട്ടിയത്. അതേസമയം ബംഗളൂരുവിലെ ഓഫീസ് പ്രവര്‍ത്തനം തുടരും.
വര്‍ക് ഫ്രം ഹോം
ഇന്ത്യയിലെ ട്വിറ്ററിന്റെ സംഘത്തില്‍ ആകെ മൂന്ന് ജീവനക്കാര്‍ മാത്രമാണ് അവശേഷിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഉന്നത സ്ഥാനം വഹിക്കുന്നതിനാല്‍ ഇവര്‍ മൂവരോടും ഇനി വീട്ടിലിരുന്ന് ജോലി തുടരാനും ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനി.
ലക്ഷ്യം സാമ്പത്തിക സ്ഥിരത
ട്വിറ്ററിന്റെ പുതിയ പെയ്ഡ് വെരിഫിക്കേഷന്‍ ഫീച്ചറായ ട്വിറ്റര്‍ ബ്ലൂ ഇന്ത്യയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഓഫീസുകള്‍ അടച്ചു പൂട്ടുന്നത്. ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്ത ശേഷം വിവിധ പരിഷ്‌കാര നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ട്വിറ്ററിന്റെ ഇന്ത്യയിലെ നിരവധി ജീവനക്കാരെ നേരത്തെ കമ്പനി പിരിച്ചുവിട്ടിരുന്നു.
ഇതിനെല്ലാം പിന്നായെലാണ് ഓഫീസുകള്‍ പൂട്ടിയ നടപടി. 2023 അവസാനത്തോടെ കമ്പനിയെ സാമ്പത്തികമായി സ്ഥിരതയുള്ള കമ്പനിയാക്കുകയെന്നതാണ് ലക്ഷ്യമെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു.