ഓഫീസ് ജോലികള്‍ സ്‌ട്രെസ് നല്‍കുന്നുണ്ടോ ? ഇതാ സമ്മര്‍ദ്ദമകറ്റാനുള്ള ചില പൊടിക്കൈകള്‍

ഓഫീസ് ജോലികള്‍ സ്‌ട്രെസ് നല്‍കുന്നുണ്ടോ ?  ഇതാ സമ്മര്‍ദ്ദമകറ്റാനുള്ള ചില പൊടിക്കൈകള്‍
Published on

'സംരംഭമോ ജോലിയോ ആകട്ടെ നിങ്ങള്‍ ഇഷ്ടപ്പെടുന്നത് തിരഞ്ഞെടുക്കുക, എന്നാല്‍ ജീവിതത്തില്‍ ഒരിക്കലും നിങ്ങള്‍ക്ക് ജോലി ചെയ്യേണ്ടി വരികയില്ല, വിജയവും കൈവരിക്കും.' ഗ്രീക്ക് തത്വചിന്തകനായ കണ്‍ഫ്യൂഷസിന്റെ വാചകവുമായി ബന്ധപ്പെടുത്തി വിജയികളായവര്‍ ഉപയോഗിക്കുന്ന വാക്യമാണിത്.

ഇഷ്ടമുള്ള ജോലി വേണമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു കണ്‍ഫ്യുഷനുമില്ല. പക്ഷേ, എപ്പോഴും ഇഷ്ടപ്പെട്ട ജോലിയോ ജോലിസ്ഥലമോ കിട്ടണമെന്നില്ല. പിന്നെയുള്ള ഒരേയൊരു പോംവഴി കിട്ടിയ ജോലി ഇഷ്ടപ്പെടാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നതാണ്. യഥാര്‍ത്ഥത്തില്‍ ബിസിനസിലും ജോലിയിലും സന്തോഷമുള്ളവര്‍ കുടുതല്‍ അധ്വാനിക്കുകയും കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഇത് എത്ര കഠിനമായ ടാസ്‌കുകളെയും എളുപ്പമാക്കുന്നതായി മനസ്സു നമ്മളോട് പറഞ്ഞു തരുമെന്നാണ് മാനസിക രോഗവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ജോലി സ്ഥലം പലര്‍ക്കും സ്ട്രെസ് ഉണ്ടാക്കുന്ന ഫാക്ടറികളാണ്.

സമയപരിധിയും ഉപഭോക്താക്കളുമായുള്ള ഇടപാടുകളും ഫോണ്‍ കോളുകളും സമയക്കുറവും എല്ലാം എപ്പോഴും സ്ട്രെസ് തന്നുകൊണ്ടേയിരിക്കും. എന്നാല്‍ ചില പൊടിക്കൈകള്‍ കൊണ്ട് ഓഫീസിലെ സമ്മര്‍ദ്ദം കുറയ്ക്കാം. പോസിറ്റീവ് എനര്‍ജി നിറഞ്ഞ സ്ഥലമായി ഓഫീസിനെ മാറ്റാനുള്ള എളുപ്പ വഴികളിതാ...

ഓഫീസ് ജോലി ഓഫീസില്‍:  ഇതാണ് ഒന്നാമത്തേതും സുപ്രധാനവുമായ പോയ്ന്റ്. ഓഫീസ് ജോലികള്‍ കഴിയുന്നതും  ഓഫീസില്‍വെച്ചുതന്നെ  പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കേണ്ടതാണ്. തീരെ വിശ്രമമില്ലാതെയാകുന്നത് നമ്മുടെ കാര്യശേഷിയെയും സര്‍ഗ്ഗാത്മകതയെയും ബാധിക്കും. ഇതിനായി ഓഫീസ് ജോലികള്‍ക്കും മര്‌റു വിനോദങ്ങള്‍ക്കുമുള്ള സമയം കൃത്യമായി പ്ലാന്‍ ചെയ്യണം.

ഓര്‍ഗനൈസ്ഡ് ആയിരിക്കുക: ഓഫീസിലെ എല്ലാ കാര്യങ്ങളും നേരത്തെ പ്ലാന്‍ ചെയ്ത് കൃത്യമായി ക്രമീകരിച്ചാല്‍ പിന്നെ ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല.  മീറ്റിംഗുകളും ജോലികള്‍ പൂര്‍ത്തീകരിക്കേണ്ട സമയവും കൃത്യമായി പ്ലാന്‍ ചെയ്ത് വെച്ചാല്‍ അവസാന നിമിഷത്തെ മരണപ്പാച്ചില്‍ ഒഴിവാക്കാം. ഇതിനിടയില്‍ വ്യക്തിഗത ഗ്രൂമിങ്ങിനും സമയം ചെലവഴിക്കണം.

കൃത്യമായ കമ്മ്യൂണിക്കേഷന്‍: ഓഫീസിലെ അംഗങ്ങള്‍ തമ്മിലുള്ള കമ്മ്യൂണിക്കേഷന്‍ കൃത്യമായാല്‍ തന്നെ പകുതി പ്രശനം തീരും. നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും വ്യക്തമായി അറിയിക്കുക, മറ്റുള്ളവര്‍ക്ക് പറയാനുള്ളതിന് ചെവികൊടുക്കുക.

ചെറു ഗോളുകള്‍: ടീം ലീഡറോ സംരംഭകരോ ആയാല്‍ അവരുടെ ജീവനക്കാരെ സ്‌ട്രെസ് ഇല്ലാതെ മികച്ച രീതിയില്‍ പ്രൊഡക്റ്റീവ് ആക്കി മാറ്റാന്‍ ശ്രമിക്കണം. ചെയ്തുതീര്‍ക്കാന്‍ കഴിയാത്തത്ര വലിയ ജോലികള്‍ നല്‍കുന്നതിനെക്കാള്‍ നല്ലതാണ് ചെയ്തുതീര്‍ക്കുവാന്‍ കഴിയുന്ന ജോലികള്‍ നല്‍കുന്നത്.  ഒരിക്കലും നേടാനാകാത്ത ടാര്‍ഗറ്റ് നല്‍കരുത്. ഇത് കൂടുതല്‍ ടെന്‍ഷനും കൂടുതല്‍ നെഗറ്റിവ് ചിന്തകള്‍ക്കും കാരണമാകും. അല്ലെങ്കില്‍ വലിയ ടാര്‍ഗറ്റുകളിലേക്കുള്ള ചെറിയ വഴികള്‍ വിഭജിച്ച് നല്‍കി ടീമിലെ എല്ലാവരെയും ചേര്‍ത്ത് ഒന്നിച്ചു ചെയ്യിപ്പിക്കുക.

പുഞ്ചിരി: ചുണ്ടില്‍ എപ്പോഴും ഒരു പുഞ്ചിരി കാത്തുസൂക്ഷിക്കുന്നത് ഓഫീസിലെ അന്തരീക്ഷം കൂടുതല്‍ സൗഹൃദപൂര്‍ണ്ണമാക്കും. പല പ്രശ്നങ്ങള്‍ക്കും ഉത്തരം ഒരു പുഞ്ചിരിയിലുണ്ട്. സന്തോഷമുള്ളവരോടൊപ്പം ജോലി ചെയ്യുവാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. അതിനാല്‍ ജീവനക്കാരോടും സഹപ്രവര്‍ത്തകരോടും എന്തിന് ഗേറ്റിലെ സെക്യൂരിറ്റിയോട് പോലും ഒന്നു പുഞ്ചിരിക്കും. ഓരോ പുഞ്ചിരിയും നിങ്ങളുടെ സ്‌ട്രെസ് ബസ്റ്ററാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com