ഗംഭീരമാണ് ഷെഫ് പിള്ളയുടെ മാര്‍ക്കറ്റിംഗ് രീതി; പലരും കോടികള്‍ കൊടുത്ത് ചെയ്യിക്കുന്നത് അദ്ദേഹം ഒറ്റയ്ക്ക് ചെയ്യുന്നു

പ്രമുഖ ഫൈവ് സ്റ്റാര്‍ ഷെഫായ സുരേഷ് പിള്ളയുടെ സോഷ്യല്‍ മീഡിയാ മാര്‍ക്കറ്റിംഗ് രീതിയെപ്പറ്റിയാണ് ചര്‍ച്ച. അദ്ദേഹം ഫോളോവര്‍മാര്‍ക്കിടയില്‍ ഉണ്ടാക്കിയെടുത്ത സ്വാധീനത്തെപ്പറ്റിയും സ്വന്തക്കാരെന്ന പോലെ അടുത്തിടപഴകുന്ന രീതിയെയും പരാമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുകയാണ് ടോണി പോള്‍ എന്ന സംരംഭകന്‍.

പ്രത്യക്ഷത്തില്‍ നെഗറ്റീവ് എന്ന് തോന്നുന്ന കമന്റുകള്‍ക്ക് അദ്ദേഹം കൊടുക്കുന്ന മറുപടികള്‍ ഗംഭീരമാണെന്ന് പറഞ്ഞ്, ഷെഫ് പിള്ളയുടെ പോസ്റ്റിന് താഴെ വന്ന കമന്റും മറുപടിയും ഉള്‍പ്പെടെയാണ് ടോണിയുടെ പോസ്റ്റ്.
''ചേട്ടാ... സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്ന വിലയ്ക്കുള്ള ഒരു റസ്‌റ്റോറന്റ് കൂടി ഉണ്ടേല്‍ നന്നായിരുന്നു''- ഇതായിരുന്നു ഷെഫ് പിള്ളയുടെ പോസ്റ്റിനു കീഴില്‍ ഉണ്ണി വാസുദേവ് എന്നയാളിട്ട കമന്റ്.
അതിന് മറുപടിയായി സുരേഷ് പിള്ള ഇട്ട കമന്റിന് രണ്ടായിരത്തോളം ലൈക്കുകളാണ് കിട്ടിയത്. ''ബ്രോ... നിങ്ങള്‍ കരുതുന്നപോലെ ഒരുപാട് രൂപയൊന്നും ആകില്ല, ഒരാള്‍ക്ക് 700-800 രൂപക്ക് മാന്യമായി ഒരു പഞ്ചനക്ഷത്ര സൗകര്യത്തില്‍ കഴിക്കാം.. ആറു മാസത്തിലൊരിക്കലെങ്കിലും നിങ്ങള്‍ക്ക് ഇത് ചിലവാക്കാനുള്ള അവസ്ഥയുള്ളവരാണ്... ഇനിയില്ലെങ്കില്‍ കുറച്ച് നാളുകൂടി കാത്തിരിക്കുക, തൃശൂരില്‍ ശോഭ സിറ്റി മാളില്‍ ഉടന്‍ റസ്‌റ്റോറന്റിന്റെ പണി പൂര്‍ത്തിയായി വരുന്നു''- സുരേഷ് പിള്ള മറുപടിയായി പറഞ്ഞു.
ഷെഫ് പിള്ളയെപ്പോലെ ഒരു ബ്രാന്‍ഡ് ഉണ്ടാക്കാന്‍ മില്യണ്‍ കണക്കിന് ഡോളര്‍ വാങ്ങുന്ന മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ ഉണ്ട്. അതൊന്നുമില്ലാതെ സ്വന്തമായി ഷെഫ് പിള്ള ഉണ്ടാക്കിയെടുത്ത മാര്‍ക്കറ്റിംഗ് രീതിയെ പോസ്റ്റില്‍ പ്രശംസിക്കുന്നുണ്ട്.
ഒരു മാര്‍ക്കറ്റര്‍ (കൃത്രിമമായ) എന്നതിലുപരി അദ്ദേഹത്തിന്റെ genuine ആയ സ്വഭാവത്തിന്റെ കൂടി ഗുണമാണതെന്ന് സുജിത്ത് കുന്നത്ത് എന്നൊരാള്‍ കമന്റ് ചെയ്തു.
''ഭയങ്കര ജനുവിന്‍ ആണ് ആള്‍ എന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ വീഡിയോയും കണ്ടിട്ടുണ്ട്. പിന്നെ അദ്ദേഹം റിപ്ലൈ കൊടുക്കുന്ന രീതി ഒബ്‌സെര്‍വ് ചെയ്യണ്ട ഒന്നാണ്.
സാധാരണ ഇത്തരം സോഷ്യല്‍ മീഡിയ സ്റ്റാര്‍സിനു ഹേറ്റേഴ്സ് ഉണ്ടാവുന്നത് ഏതെങ്കിലും ഒരു പക്ഷം കക്ഷി രാഷ്ട്രീയത്തെ സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കുമ്പോള്‍ ആണ്. ഷെഫ് പിള്ള ആ കാര്യം ഒക്കെ നന്നായി ശ്രദ്ധിച്ചു എല്ലാവരെയും കൃത്യമായി മാനേജ് ചെയ്തുപോകുന്നുണ്ട്''- ആദര്‍ശ് നായര്‍ എന്നൊരാള്‍ കമന്റ് ചെയ്യുന്നു.
ടോണി പോളിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
നിങ്ങള്‍ ഏതു ബിസിനസില്‍ ആയിക്കോട്ടെ, കസ്റ്റമര്‍ സര്‍വീസ്, മാര്‍ക്കറ്റിംഗ് എന്നിവയില്‍ ഒരു കേസ് സ്റ്റഡി ആണ് ഷെഫ് പിള്ള. അദ്ദേഹം തന്റെ റസ്റ്റോറന്റ് ബിസിനസ് തുടങ്ങുന്നതിന് മുന്‍പേ തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെ ആക്റ്റീവ് ആയിരുന്നു. റെസിപ്പികള്‍ ഷെയര്‍ ചെയ്യുന്നതിലൂടെ വന്‍ തോതിലുള്ള സോഷ്യല്‍ മീഡിയ ഫോളോവിംഗ് അദ്ദേഹത്തിന് ഉണ്ടായി. ഫോളോവര്‍മാരുടെ ചോദ്യത്തിന് മറുപടി കൊടുത്തും, അവര്‍ ആവശ്യപ്പെട്ട റെസിപ്പികള്‍ ഷെയര്‍ ചെയ്തും- അദ്ദേഹം ഒരു നല്ല ഇന്‍ഫ്‌ളുവന്‍സര്‍ ആയി. പല പ്രമുഖ റെസ്റ്റോറന്റുകളും തങ്ങളുടെ സ്‌പെഷ്യല്‍ റെസിപ്പികള്‍ സീക്രെട്ട് ആക്കി വെച്ചപ്പോള്‍ തന്റെ സ്വന്തം റെസിപ്പി ആയ ഫിഷ് നിര്‍വാണ ഉണ്ടാക്കല്‍ നാട്ടുകാരെ പഠിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇത്തരത്തിലുള്ള ഒരു ബ്രാന്‍ഡ് ഉണ്ടാക്കാന്‍ മില്യണ്‍ കണക്കിന് ഡോളര്‍ വാങ്ങുന്ന മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ ഉണ്ട്. അതുകൊണ്ടാണ് അദ്ദേഹം നല്ല ഒരു മാര്‍ക്കറ്റര്‍ ആണെന്ന് ഞാന്‍ പറഞ്ഞത്.
മാത്രമല്ല പ്രത്യക്ഷത്തില്‍ നെഗറ്റീവ് എന്ന് തോന്നുന്ന കമന്റുകള്‍ക്ക് തന്നെ അദ്ദേഹം കൊടുക്കുന്ന മറുപടികള്‍ ഗംഭീരമാണ്.
ലെ മെറിഡിയന്‍ എന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ ആണ് അദ്ദേഹത്തിന്റെ റസ്റ്റോറന്റ്. അവിടെ സാധാരണക്കാരന് ഫുഡ് കഴിക്കാന്‍ പറ്റുമോ എന്നതൊരു ചോദ്യമാണ്. കാരണം എണ്ണൂറ് രൂപ എന്നത് ഒരു ദിവസത്തെ വരുമാനം ആയിരിക്കും. ആ ചോദ്യത്തിന് അദ്ദേഹം കൊടുത്ത മറുപടി നോക്കൂ. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പ്രവര്‍ത്തിക്കുന്ന വേറൊരു റസ്റ്റോറന്റും, ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് റെസ്‌പോണ്ട് പോലും ചെയ്യില്ല. പക്ഷേ, അദ്ദേഹത്തിന്റെ റെസ്‌പോണ്‍സ് ഒരു കസ്റ്റമര്‍ സര്‍വീസ് മാസ്റ്റര്‍ ക്ലാസ് ആണ്. ഈ ഉത്തരം കുറെ പേരെയെങ്കിലും, എണ്ണൂറ് രൂപയല്ലേ, എന്നാല്‍ പോയേക്കാം എന്നൊരു തീരുമാനത്തിലേക്കേ എത്തിക്കൂ.
450 രൂപ ശമ്പളക്കാരനില്‍ നിന്ന് സെലിബ്രിറ്റി ഷെഫായ കഥ- സുരേഷ് പിള്ളയുമായി ധനം നടത്തിയ പ്രത്യേകം അഭിമുഖം കാണാം


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it