
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗോള വ്യാപാര യുദ്ധം ആരംഭിച്ചതിന് ശേഷം എനിക്കറിയാവുന്ന ബിസിനസുകാരെല്ലാം ആഗോള സമ്പദ്‌വ്യവസ്ഥയെ കുറിച്ച് ആശങ്കാകുലരാണ്. എന്താണ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും അത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്നും അറിയേണ്ടത് ഓരോ സംരംഭകനെ സംബന്ധിച്ചും വളരെ പ്രധാനമാണ്. ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് പ്രവചിക്കാന്‍ കഴിയുകയും വേണം. അതിലൂടെ ഭാവിയിലെ നിലനില്‍പ്പും വിജയവും ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ സാധിക്കും.
എന്റെ പല ക്ലയ്ന്റുകളും ഈ പ്രശ്നത്തെ കുറിച്ച് എന്നോട് ചോദിക്കാറുണ്ട്. ഇതിനായി ഞാന്‍ ആഗോള പ്രവചന മാതൃക (The Global Prediction Model) സൃഷ്ടിച്ചിട്ടുണ്ട്. എന്താണ് സംഭവിക്കുന്നതെന്നും എന്തുകൊണ്ട് ഇത് സംഭവിക്കുന്നുവെന്നും മനസിലാക്കാന്‍ എനിക്ക് ഈ മാതൃക പ്രയോജനപ്പെടും.
മാത്രമല്ല, ഭാവിയിലെ സാധ്യതകള്‍ പ്രവചിക്കാനും അതെന്നെ സഹായിക്കുന്നു.ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്ന ആഗോള പ്രവചന മാതൃകയെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്- കാരണങ്ങള്‍, നടപടികള്‍, ഫലങ്ങള്‍.
ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന യുഎസ് നയങ്ങളാണ് മിക്ക മാറ്റങ്ങളെയും നയിക്കുന്നത് എന്നതിനാല്‍ ഈ മോഡലില്‍ ഞാന്‍ യുഎസ് കേന്ദ്രീകൃത വീക്ഷണമാണ് സ്വീകരിച്ചത്. റേ ഡാലിയോ മുന്നോട്ട് വെച്ച ആഗോള പ്രവചന മാതൃകയ്ക്ക് പ്രധാന കാരണമായ ഗ്രേറ്റ് പവര്‍ സൈക്കിളിനെ കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ വിശദമാക്കിയിരുന്നു.
ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്നതു പോലെ ആഗോള പ്രവചന മാതൃകയിലെ വ്യത്യസ്ത കാരണങ്ങളെ കുറിച്ച് വിശദമാക്കാം. യുഎസിന്റെ ഉയര്‍ന്ന കറന്റ് അക്കൗണ്ട് കമ്മി (ഇഅഉ)യില്‍ നിന്ന് ആരംഭിക്കാം. എന്താണ് കറന്റ് അക്കൗണ്ട്കമ്മി? ഒരു രാജ്യം കയറ്റുമതിയില്‍ നിന്നും മറ്റ് വരുമാന സ്രോതസുകളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സാധനങ്ങളുടെയും സേവനങ്ങളുടെയും ഇറക്കുമതിക്കായി ചെലവഴിക്കുമ്പോഴാണ് കറന്റ്അക്കൗണ്ട് കമ്മി സംഭവിക്കുന്നത്.
ചിത്രം രണ്ടില്‍ കാണുന്നതു പോലെ പ്രധാന വികസിത-വികസ്വര സമ്പദ്‌വ്യവസ്ഥകളില്‍ വെച്ച് ഏറ്റവും കൂടിയ കറന്റ് അക്കൗണ്ട് കമ്മിയാണ് യുഎസിന്റേത്.
യുഎസ് കറന്റ് അക്കൗണ്ട് കമ്മി അടുത്തിടെ ജിഡിപിയുടെ 3.9 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. ചിത്രം മൂന്നില്‍ കാണിച്ചിരിക്കുന്നതു പോലെ കോവിഡ് കാലഘട്ടത്തിന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയാണിത്. വലിയ കമ്മി എന്നതിനേക്കാള്‍ ആശങ്ക ഉയര്‍ത്തുന്നതാണ് സ്ഥിരമായി തുടരുന്ന വലിയ കമ്മി എന്നത്. ചിത്രം മൂന്ന് കാണുക.
സ്ഥിരമായ ഈ കറന്റ് അക്കൗണ്ട് കമ്മി നികത്തുന്നതിനായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി വിദേശികള്‍ യുഎസ് കടപ്പത്രങ്ങള്‍ പോലുള്ളബാധ്യതകള്‍ സ്ഥിരമായി വാങ്ങിക്കൊണ്ടിരിക്കുകയാണ്. ചിത്രം നാല് കാണുക.
ചിത്രം നാലില്‍ കാണിച്ചിരിക്കുന്നതു പോലെ 2024ന്റെ അവസാനത്തോടെ ഈ ബാധ്യതകള്‍ 62 ലക്ഷം കോടി ഡോളറിലെത്തിയിരുന്നു. യുഎസിന്റെ 2024ലെ വാര്‍ഷിക ജിഡിപിയായ 29.15 ലക്ഷം കോടി ഡോളറിന്റെ ഇരട്ടിയിലേറെ വരുമിത്. സ്ഥിരമായ ഉയര്‍ന്ന കറന്റ് അക്കൗണ്ട് കമ്മി ഉല്‍പ്പാദന മേഖലയെ ബാധിക്കുകയും ഈ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമാകുകയും ചെയ്യുന്നുണ്ടെന്ന് ദി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആശങ്കപ്പെടുന്നു. ചിത്രം അഞ്ച് കാണുക. സ്റ്റീല്‍, അലൂമിനിയം, കപ്പല്‍ നിര്‍മാണം തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളുടെ തകര്‍ച്ചയ്ക്കും ഇത് കാരണമായി.
വിദേശികള്‍ക്ക് തങ്ങള്‍ വളരെയേറെ യുഎസ് ബാധ്യതകള്‍ കൈവശം വെച്ചിരിക്കുന്നു എന്ന തോന്നല്‍ ഉണ്ടാവുകയും അവര്‍ യുഎസ് ഡോളറിന് നേരെ മുഖം തിരിക്കുകയും ചെയ്താല്‍ അതിന്റെ റിസര്‍വ് കറന്‍സി എന്ന സ്റ്റാറ്റസ് നഷ്ടപ്പെടുമെന്നതാണ് മറ്റൊരു ആശങ്ക. ആഗോള പ്രവചന മാതൃക സംബന്ധിച്ച കൂടുതല്‍കാര്യങ്ങള്‍ അടുത്ത ലക്കത്തില്‍.
An in-depth analysis of how the rising US current account deficit could disrupt the global economic balance.
Read DhanamOnline in English
Subscribe to Dhanam Magazine