റിലയന്‍സ് ഇടപാടുകള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം; കോര്‍പ്പറേറ്റ് ലോകത്തെ ചര്‍ച്ചയായ ആ വ്യക്തി ഇതാ

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോര്‍പ്പറേറ്റ് ലോകത്തെന്നല്ല രാജ്യാന്തര വ്യവസായ രംഗത്തും വന്‍ ചര്‍ച്ചയായത് റിലയന്‍സ് ഇന്‍സ്ട്രീസിലേക്കെത്തിയ നിക്ഷേപമാണ്. എട്ടോളം വമ്പന്‍ നിക്ഷേപങ്ങളിലൂടെ റിലയന്‍സ് ജിയോ കോമിലേക്ക് കഴിഞ്ഞ ഏഴ് ആഴ്ചയില്‍ ഒഴുകിയത് ഒരു ലക്ഷം കോടി രൂപയോളമാണ്. റിലയന്‍സിലേക്കെത്തിയ ഈ നിക്ഷേപസമാഹരണത്തിന് മുകേഷ് അംബാനിയുടെ പിന്നില്‍ ശക്തി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് ആര്? പൊതുജനങ്ങള്‍ക്ക് അത്ര സുപരിചിതനല്ലാത്ത, എന്നാല്‍ റിലയന്‍സിന്റെ നെടുംതൂണായി പ്രവര്‍ത്തിക്കുന്ന മനോജ് മോദി എന്ന വ്യക്തിയാണ് അംബാനിയുടെ തിങ്ക് ടാങ്ക്. വര്‍ഷങ്ങളായി ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നിട്ടും മനോജ് മോദി അധികം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യക്ക് പുറത്തുള്ള പല ബിസിനസ് മേധാവികള്‍ക്കും മനോജ് മോദിയെ അറിയാം. ഫെയ്‌സ്ബുക്കിന്റെ നിക്ഷേപ ചര്‍ച്ചയില്‍ പോലും മനോജ് മോദിയോടും മക്കളോടും മുകേഷ് നടത്തിയ ആലോചനകള്‍ ചര്‍ച്ചയായിരുന്നു.

ഏഷ്യയിലെ ഏറ്റവും ധനികനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സാരഥി മുകേഷ് അംബാനിയുടെ ഏറ്റവും പവര്‍ഹോസാണ് മനോജ് മോദി. ഫേസ്ബുക്ക് ഇന്‍കോര്‍പ്പറേഷനുമായി റിലയന്‍സ് നടത്തിയ 5.7 ബില്യണ്‍ ഡോളറിന്റെ കരാറിലൂടെയാണ് മോദി സോഷ്യല്‍മീഡിയയിലെ കോര്‍പ്പറേറ്റ് ചര്‍ച്ചകളില്‍ പ്രധാന കഥാപാത്രമായത്. റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡിന്റെയും ഗ്രൂപ്പിന്റെ ടെലികോം കാരിയറായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെയും ഡയറക്ടറാണ് മോദി. കമ്പനിയ്ക്ക് അകത്ത് ആളുകളുമായി ഇടപഴകുകയും പരിശീലനം നല്‍കുകും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹം. ചുരുക്കിപ്പറഞ്ഞാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന കപ്പലിന്റെ കപ്പിത്താന്‍ അംബാനി എങ്കില്‍ സൂപ്പര്‍വൈസറാണ് ഇദ്ദേഹം.

മോദി ഇന്നലെ കയറി വന്ന ഒരു ജീവനക്കാരനല്ല അംബാനി കുടുംബത്തില്‍. 1980 ല്‍ അംബാനിയുടെ പിതാവ് ധീരുബായ് അംബാനി ഓയില്‍ ആന്‍ഡ് പെട്രോകെമിക്കല്‍സ് സ്ഥാപനം ആരംഭിച്ചപ്പോള്‍ മുതല്‍ കമ്പനിയ്ക്കൊപ്പമുണ്ടായിരുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് മോദി. 2016 ല്‍ റിലയന്‍സ് ജിയോ വയര്‍ലെസ് സേവനങ്ങള്‍ ആരംഭിച്ച് ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ശൃംഖല നിര്‍മ്മിച്ചപ്പോഴും നിര്‍ണായക ആശയങ്ങള്‍ മോദിയില്‍ നിന്നുണ്ടായതായി പ്രമുഖര്‍ അഭിപ്രായപ്പെടുന്നു.

63 കാരനായ അംബാനി തന്റെ പെട്രോകെമിക്കല്‍ ബിസിനസില്‍ നിന്ന് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യകളിലേക്ക് മാറിയതിന് പിന്നിലും അറുപത്തിയൊന്നുകാരനായ മനോജ് മോദിയുടെ സ്വാധീനമുണ്ടെന്നും ചര്‍ച്ചകളുണ്ട്. ജിയോ പ്ലാറ്റ്ഫോമുകളില്‍ ഫെയ്സ്ബുക്കിന്റെ നിക്ഷേപത്തിന് ശേഷം കെകെആര്‍ ആന്‍ഡ് കമ്പനി, സില്‍വര്‍ ലേക്ക് പാര്‍ട്ട്ണേഴ്‌സ്, വിസ്റ്റ ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ്, ജനറല്‍ അറ്റ്‌ലാന്റിക്, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി എന്നിവയും റിലയന്‍സില് നിക്ഷേപം നടത്തി. ഇതിലൂടെ 13 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് എത്തിയത്.

കഠിനമായ വിലപേശലുകള്‍ നടത്തുന്നതില്‍ മോദി പ്രശസ്തനാണെന്നാണ്് റിലയന്‍സുമായി ഇടപാടുകള്‍ നടത്തിയതിനു ശേഷം ആഗോള കമ്പനികളിലെ എക്‌സിക്യൂട്ടീവുകള്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയത്. മനോജ് മോദിയുടെ വിശ്വസ്തത കൊണ്ട് മാത്രമല്ല അദ്ദേഹത്തിന്റെ മിടുക്കും കഴിവുമാണ് റിലയന്‍സിന്റെ മുന്‍നിരയിലേയ്ക്ക് നയിച്ചതെന്ന് ബജറ്റ് കാരിയര്‍ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥ് അടുത്തിടെ വ്യക്തമാക്കി. ലയനങ്ങളിലും ഏറ്റെടുക്കലുകളിലും മനോജ് മോദിയുടെ സാന്നിദ്ധ്യം റിലയന്‍സിന് സാധ്യമായ ഏറ്റവും മികച്ച കരാര്‍ നേടാന്‍ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.

Read More:

ജിയോയിലേക്ക് വീണ്ടും അമേരിക്കയില്‍ നിന്ന് നിക്ഷേപ പ്രവാഹം

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it