ഇന്ന് നിങ്ങളറിയേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; മെയ് 18, 2020

ഇന്ന് നിങ്ങളറിയേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; മെയ് 18, 2020
Published on
സംസ്ഥാനത്ത് 29 പേര്‍ക്കു കൂടി കോവിഡ്-19

സംസ്ഥാനത്ത് 29 പേര്‍ക്കു കൂടി കോവിഡ്-19. കൊല്ലം-6,തൃശ്ശൂര്‍-4, തിരുവനന്തപുരം-3, കണ്ണൂര്‍-3,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ രണ്ടുപേര്‍ക്കു വീതവും എറണാകുളം,പാലക്കാട്,മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം.

ഇന്ത്യയില്‍

96,169 രോഗികള്‍ (ഇന്നലെ 95,622 ) , 3,029 മരണം (ഇന്നലെ 3,021)

ലോകത്ത്

4,713,620 രോഗികള്‍ (ഇന്നലെ 4,534,731) 315,185 മരണം (ഇന്നലെ 307,537)

സെന്‍സെക്സും നിഫ്റ്റിയുമടക്കം നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സില്‍ 1068.75 പോയ്ന്റ് ഇടിവാണ് ഇന്നുണ്ടായത്. 3.44 ശതമാനം നഷ്ടത്തോടെ 30028.98 പോയ്ന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയും തുല്യമായ ഇടിവിന് സാക്ഷ്യം വഹിച്ചു. 313.60 പോയ്ന്റ് ഇടിഞ്ഞ് 8823.25 പോയന്റില്‍ വ്യാപാരം അവസാനിപ്പിച്ചതോടെ 3.43 ശതമാനം ഇടിവാണ് ഉണ്ടായത്. ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജില്‍ ഉടനെ ഉപഭോഗവും ഡിമാന്റും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികളൊന്നും ഇല്ലെന്നത് വിപണിക്ക് തിരിച്ചടിയായി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് നേട്ടമുണ്ടാക്കിയത്. കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ 4.65 രൂപ വര്‍ധിച്ച് 103.75 രൂപയായി. 4.69 ശതമാനം വര്‍ധന. കേരള ആയുര്‍വേദയുടെ ഓഹരി വിലയില്‍ 3.11 ശതമാനം വര്‍ധനയുണ്ടായി. 1.45 രൂപ വര്‍ധിച്ച് 48 രൂപയായി. കെഎസ്ഇ (2.42 ശതമാനം), കിറ്റെക്സ് (0.71 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.19 ശതമാനം) എന്നിവയാണ് നേരിയ തോതിലെങ്കിലും നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.

ഒരു ഡോളര്‍ - 75.68 രൂപ (ഇന്നലെ 75.83)
ഒരു ഗ്രാം സ്വര്‍ണം - 4,380 രൂപ (ഇന്നലെ 4,351 )
സര്‍വ്വകാല റെക്കോര്‍ഡില്‍ സ്വര്‍ണ്ണവില

സ്വര്‍ണ്ണവില സംസ്ഥാനത്ത് സര്‍വ്വകാല റെക്കോര്‍ഡിലെത്തി, ഒരു ഗ്രാമിന് 4380 രൂപ. പവന് വില 35,040 രൂപയും. ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണ്ണം തെരഞ്ഞെടുക്കുന്നതതും ഓണ്‍ലൈന്‍ ട്രേഡിംഗില്‍ സ്വര്‍ണ്ണ വിപണി സജീവമായതും വില ഉയരാന്‍ കാരണമായി.

മറ്റ് പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍:
സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് നഷ്ടം 17.7 ബില്യണ്‍ ഡോളര്‍

വിവര്‍ക്ക്, ഉബര്‍ ടെക്നോളജീസ് ഇന്‍കോര്‍പ്പറേഷന്‍ എന്നിവയുള്‍പ്പെടെയുള്ളവയിലെ നിക്ഷേപങ്ങളിലുണ്ടായ മൂല്യത്താഴ്ച മൂലം കഴിഞ്ഞ സാമ്പത്തിക വര്‍ഷം സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിന്റെ വിഷന്‍ ഫണ്ട് ബിസിനസ്സിലുണ്ടായ നഷ്ടം 1.9 ട്രില്യണ്‍ യെന്‍ (17.7 ബില്യണ്‍ ഡോളര്‍).

മാര്‍ച്ചില്‍ അവസാനിച്ച 12 മാസത്തിനിടെ കമ്പനിയുടെ മൊത്തം പ്രവര്‍ത്തന നഷ്ടം 1.36 ട്രില്യണ്‍ യെന്‍ വരും. അറ്റ നഷ്ടം 961.6 ബില്യണുമാണെന്ന് ടോക്കിയോ ആസ്ഥാനമായുള്ള സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷന്‍ അറിയിച്ചു. കമ്പനിയുടെ 39 വര്‍ഷത്തെ ചരിത്രത്തിലെ എറ്റവും മോശം കാലമാണ് കോവിഡ് കൊണ്ടുവന്നത്.

ആഗോള ഇക്വിറ്റി കമ്പനിയായ ജനറല്‍ അറ്റ്ലാന്റിക് ജിയോ പ്ലാറ്റ്ഫോമില്‍ 6598.38 കോടി രൂപ നിക്ഷേപിക്കുന്നു. ജിയോയുടെ 1.34% ഓഹരിയിലേക്കാണ് ജനറല്‍ അറ്റ്ലാന്റികിന്റെ നിക്ഷേപം വിവര്‍ത്തനം ചെയ്യുന്നത്. ഇതുകൂടി ചേരുമ്പോള്‍ കഴിഞ്ഞ നാലാഴ്ചയില്‍ പ്രമുഖ സാങ്കേതിക നിക്ഷേപകരില്‍ നിന്ന് 67194.75 കോടി രൂപയാണ് ജിയോ സമാഹരിച്ചത്.

ലോകമാകെ പൗരന്മാരെ അയച്ച് ചൈന കൊവിഡ് പരത്തിയെന്ന് അമേരിക്ക

കൊവിഡ് മഹാമാരി പരത്തിയത് ചൈനയാണെന്നാവര്‍ത്തിച്ച് അമേരിക്ക വീണ്ടും. വിമാനങ്ങളില്‍ ലോകമാകെയുള്ള സ്ഥലങ്ങളിലേക്ക് ചൈനീസ് പൗരന്മാരെ അയച്ച് ചൈന രോഗം പരത്തി എന്നാണ് വൈറ്റ്ഹൗസ് വാണിജ്യ ഉപദേഷ്ടാവ് പീറ്റര്‍ നവാരോ ആരോപണം ഉന്നയിച്ചത്. നവംബര്‍ മാസത്തില്‍ ആദ്യ രോഗിയില്‍ നിന്ന് മറ്റുള്ളവരിലേക്കും അവരില്‍നിന്ന് മിലാന്‍, ന്യൂയോര്‍ക്ക് എന്നിങ്ങനെ എല്ലായിടത്തേക്കും വൈറസ് വ്യാപിപ്പിച്ചു എന്ന് നവാരോ കുറ്റപ്പെടുത്തി.

കേരളത്തില്‍നിന്നു കര്‍ണാടകത്തിലേക്കു യാത്രാ വിലക്ക്

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മേയ് 31 വരെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍.ഇതോടെ കേരളത്തില്‍നിന്നു കര്‍ണാടകത്തിലേക്കു യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യം നിലവില്‍ വരും. കര്‍ണാടകയില്‍ ഇതുവരെ 1,147 കോവിഡ് പോസിറ്റീവ് കേസുകളും 37 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് വ്യപനം മൂലമുണ്ടായ പ്രതിസന്ധി നേരിടാന്‍ സൊമാറ്റോയ്ക്കു പിന്നാലെ ഫുഡ് ഡെലിവിറി സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗി 14 ശതമാനം ജിവനക്കാരെ പിരിച്ചുവിടുന്നു.1,110 പേര്‍ക്ക് ജോലി നഷ്ടമാകും.കഴിഞ്ഞ ഒക്ടോബറിലെ കണക്കു പ്രകാരം 8000 ജീവനക്കാരാണ് സ്വിഗ്ഗിയിലുള്ളത്.

ജോലി നഷ്ടാകുന്നവര്‍ക്ക് ചുരുങ്ങിയത് മൂന്നു മാസത്തെ ശമ്പളം ലഭിക്കും.

ഇന്ത്യയിലേക്കുള്ള വരവൊഴിവാക്കാന്‍ വിജയ് മല്യ ബ്രിട്ടനില്‍ അഭയം തേടുമെന്നു സൂചന

കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചനാ കുറ്റങ്ങള്‍ക്ക് വിചാരണ നേരിടാന്‍ ഇന്ത്യയിലേക്ക് തന്നെ അയക്കരുതെന്ന അപ്പീല്‍ യു കെ കോടതി തള്ളിക്കളഞ്ഞെങ്കിലും ബ്രിട്ടനില്‍ അഭയം തേടി യാത്ര ഒഴിവാക്കിക്കിട്ടാന്‍ വിജയ് മല്യ ശ്രമം ആരംഭിച്ചതായി സൂചന. അഭയം നല്‍കണമെന്ന അപേക്ഷ ഉടനൊന്നും തീര്‍പ്പാകാനിടയില്ല. തീരുമാനം എതിരായാല്‍ പുനരപേക്ഷയ്ക്കു സാധ്യതയുള്ളതും സമയം നീട്ടിക്കിട്ടാനുപകരിക്കും - ബ്രിട്ടീഷ് നിയമ തര്‍ക്കങ്ങളില്‍ ഇന്ത്യന്‍ പാര്‍ട്ടികളെ പ്രതിനിധീകരിക്കുന്ന ലണ്ടന്‍ ബാരിസ്റ്റര്‍ കരിഷ്മ വോറ പറഞ്ഞു.

സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് മുന്‍ ബ്യൂറോക്രാറ്റുകള്‍

സര്‍വീസില്‍ നിന്നു വിരമിച്ച അറുപതോളം ഉദ്യോഗസ്ഥര്‍ 20,000 കോടി രൂപയോളം ചെലവ് വരുന്ന സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ആരോഗ്യ സംരക്ഷണത്തിന് വന്‍ തുക ചെലവഴിക്കേണ്ട സാഹചര്യത്തില്‍ ഉത്തരവാദിത്തരഹിതമായി രാജ്യം പണം ധൂര്‍ത്തടിക്കരുതെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് കോപ്പി വച്ചിട്ടുള്ള കത്തില്‍ മുന്‍ ബ്യൂറോക്രാറ്റുകള്‍ പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ക്ക് മുന്നോടിയായി പാര്‍ലമെന്റ് ചര്‍ച്ചകളോ ചര്‍ച്ചകളോ നടത്തിയിട്ടില്ലെന്നും കത്തില്‍ പറയുന്നു.

ഓരോ പ്രവാസി മലയാളിക്കും സര്‍ക്കാര്‍ വെബ്സൈറ്റിലൂടെ നഷ്ടം രേഖപ്പെടുത്താന്‍ അവസരം

കൊവിഡ് 19 മൂലം അതാത് രാജ്യങ്ങളിലെ ലോക്ഡൗണ്‍ കാലത്ത് ഓരോ പ്രവാസി മലയാളിക്കും ഉണ്ടായ സാമ്പത്തികാഘാതം രേഖപ്പെടുത്താന്‍ കേരള സര്‍ക്കാര്‍ അവസരമൊരുക്കുന്നു.സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി നടത്തുന്ന സാമ്പത്തികാഘാത സര്‍വേയുടെ ഭാഗമായി eis.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ചോദ്യാവലിയിലാണ് പ്രവാസി മലയാളികള്‍ക്ക് തങ്ങളുടെ നഷ്ടം രേഖപ്പെടുത്താവുന്നത്.

നോര്‍ക്ക പ്രവാസി ഇന്‍ഷുറന്‍സ് പരിരക്ഷ തുക ഇരട്ടിയാക്കി

നോര്‍ക്ക റൂട്ട്‌സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിവരുന്ന അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയോ പൂര്‍ണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവര്‍ക്കാണ് പരിരക്ഷ ലഭിക്കുക.

മദ്യവില്‍പനശാലകളും ബാറുകളിലെ കൗണ്ടറുകളും ബുധനാഴ്ച തുറക്കും

സംസ്ഥാനത്തെ മദ്യ വില്‍പനശാലകള്‍ ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ എന്നിവക്ക് പുറമെ ബാറുകളിലും ബിയര്‍- വൈന്‍ പാര്‍ലറുകളിലെ പുതിയ കൗണ്ടറുകള്‍ വഴിയും മദ്യം വില്‍പന നടത്തും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com