പാക്കേജ് ഉത്തേജനമായില്ല, സെന്‍സെക്‌സും നിഫ്റ്റിയും ഇടിഞ്ഞു

കൊവിഡ് 19 നെ തുടര്‍ന്ന് രാജ്യത്തെ വിവിധ മേഖലകളെ ഉത്തേജിപ്പിക്കുന്നതിനായി ധനമമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന് വിപണിയില്‍ ചലനം സൃഷ്ടിക്കാനായില്ല. സെന്‍സെക്‌സും നിഫ്റ്റിയുമടക്കം നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സില്‍ 1068.75 പോയ്ന്റ് ഇടിവാണ് ഇന്നുണ്ടായത്. 3.44 ശതമാനം നഷ്ടത്തോടെ 30028.98 പോയ്ന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയും തുല്യമായ ഇടിവിന് സാക്ഷ്യം വഹിച്ചു. 313.60 പോയ്ന്റ് ഇടിഞ്ഞ് 8823.25 പോയന്റില്‍ വ്യാപാരം അവസാനിപ്പിച്ചതോടെ 3.43 ശതമാനം ഇടിവാണ് ഉണ്ടായത്.

ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജില്‍ ഉടനെ ഉപഭോഗവും ഡിമാന്റും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികളൊന്നും ഇല്ലെന്നത് വിപണിക്ക് തിരിച്ചടിയായി. കോര്‍പറേറ്റ് മേഖലയ്ക്കും പാക്കേജ് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന തോന്നലുമുണ്ട്. സാധാരണക്കാരെ ഉദ്ദേശിച്ച് പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഡിമാന്‍ഡ് വര്‍ധിക്കത്തക്ക വിധത്തില്‍ ഒന്നുമുണ്ടായതുമില്ല. ഇതിനു പുറമേ ലോക്ക് ഡൗണ്‍ മേയ് 31 വരെ നീട്ടിയതും വിപണയില്‍ പ്രതിഫലിച്ചു.

ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡില്‍, കൊവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ കേസുകള്‍ കൂട്ടിച്ചേര്‍ക്കരുതെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം നിഷ്‌ക്രിയ ആസ്തി സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തുന്നതിനാല്‍ നിഫ്റ്റി ബാങ്ക് സൂചികയിലും ഉണര്‍വ് ഉണ്ടായില്ല. 1260.75 പോയ്ന്റ് ഇടിവിനെ തുടര്‍ന്ന് 17573.2 പോയ്ന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 6.69 ശതമാനം ഇടിവാണ് ഉണ്ടായത്. ബിഎസ്ഇ മിഡ്കാപ്പ് സൂചികയിലും 3.87 ശതമാനം ഇടിവ് രേഖപ്പെടുത്തി. 44.5.15 പോയ്ന്റ് ഇടിഞ്ഞ് സൂചിക 11055.17 പോയ്ന്റിലെത്തി.
അതേസമയം ലോഹങ്ങള്‍ നേട്ടം തുടരുകയാണ്. സ്വര്‍ണ സൂചിക 483 പോയന്റ് വര്‍ധിച്ച് 47864 പോയന്റിലെത്തി. വെള്ളി 2172 പോയ്ന്റ് വര്‍ധനയോടെ 48890 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 4.65 ശതമാനം വര്‍ധനയാണ് വെള്ളിയില്‍ ഉണ്ടായത്.

കേരള കമ്പനികളില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് നേട്ടമുണ്ടാക്കിയത്. കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ 4.65 രൂപ വര്‍ധിച്ച് 103.75 രൂപയായി. 4.69 ശതമാനം വര്‍ധന. കേരള ആയുര്‍വേദയുടെ ഓഹരി വിലയില്‍ 3.11 ശതമാനം വര്‍ധനയുണ്ടായി. 1.45 രൂപ വര്‍ധിച്ച് 48 രൂപയായി. കെഎസ്ഇ (2.42 ശതമാനം), കിറ്റെക്‌സ് (0.71 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.19 ശതമാനം) എന്നിവയാണ് നേരിയ തോതിലെങ്കിലും നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍. പാറ്റ്‌സ്പിന്‍ ഇന്ത്യയുടെ വിലയില്‍ ഇന്നും മാറ്റമൊന്നുമുണ്ടായില്ല.
നഷ്ടമുണ്ടാക്കിയ കമ്പനികളില്‍ വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് ആണ് മുന്നില്‍. ഇന്ന് കമ്പനിയുടെ ഓഹരി വിലയില്‍ 11.50 ശതമാനം ഇടിവുണ്ടായി. 7.95 രൂപ കുറഞ്ഞ് 61.20 രൂപയായി.

ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില നാലു രൂപ കുറഞ്ഞ് 39.80 ലെത്തി. 9.13 ശതമാനത്തിന്റെ ഇടിവ്. എവിറ്റിക്കും പൊതുമേഖലാ സ്ഥാപനങ്ങളായ എഫ്എസിടിക്കും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിനുമെല്ലാം ഇന്ന് കാലിടറി. എവിറ്റിയുടെ വില 6.86 ശതമാനം ഇടിഞ്ഞ് 34.60 രൂപയിലെത്തി. എഫ്എസിടിയുടെ ഓഹരി വിലയില്‍ 2.40 രൂപയുടെ (5.73 ശതമാനം) കുറവുണ്ടായി. 39.50 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഓഹരി വിലയില്‍ 5.52 ശതമാനം ഇടിവാണുണ്ടായത്. 13.75 രൂപ ഇടിഞ്ഞ് 235.15 രൂപയിലെത്തി.

മുത്തൂറ്റ് ഫിനാന്‍സ് (5.32 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് 5.30 ശതമാനം, ധനലക്ഷ്മി ബാങ്ക് 4.97 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (4.95 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (4.91 ശതമാനം),വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.44ശതമാനം), മണപ്പുറം ഫിനാന്‍സ് 122.00 5.20 (4.09 ശതമാനം), ഹാരിസണ്‍സ് മലയാളം (3.92ശതമാനം), സിഎസ്ബി ബാങ്ക് (3.28 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (3.20 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (3.00 ശതമാനം), ആസ്റ്റര്‍ ഡി എം (2.92 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (ഒരു ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.51 ശതമാനം), അപ്പോളോ ടയേഴ്‌സ് (0.05 ശതമാനം) എന്നിവയാണ് നഷ്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it