

Read The Article In English
നാം ഭയന്നതുപോലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നിന്ന് ആ വാര്‍ത്ത അടുത്തിടെ പുറത്തുവന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ ജിഡിപി ഇടിവ് 20 ശതമാനത്തിലേറെയാണ്. ഒട്ടേറെ വിദഗ്ധര്‍, അസംഘടിത മേഖലയില്‍ ഇതിനേക്കാള്‍ ഭീകരമായ ഇടിവായിരിക്കും ഉണ്ടായിരിക്കുകയെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലകളാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. അതാണ് അസംഘടിത മേഖലയും.
ആ സാഹചര്യത്തില്‍, ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാന്‍ ചെറുകിട, ഇടത്തരം സംരംഭകര്‍ എന്തുചെയ്യണമെന്ന കാര്യം തന്നെ വീണ്ടും ചര്‍ച്ച ചെയ്യുകയാണ്. നമ്മള്‍ നേരത്തെ ചര്‍ച്ച ചെയ്ത, ആ ഏഴ് 'C' കളില്ലേ? മറന്നോ അത്.
അതിലെ ആദ്യ സി എന്തായിരുന്നു? കാഷ് അഥവാ പണം.
പണമാണ് ബിസിനസിന്റെ ജീവരക്തം; പ്രത്യേകിച്ച് സാമ്പത്തിക മാന്ദ്യകാലത്ത്. ബിസിനസുകള്‍ പണം ചെലവിടരുത് എന്നല്ല. പണം ചെലവിടുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് കൂടുതല്‍ വരുമാനം അതില്‍ നിന്ന് ലഭിക്കുമോ? ഭാവിയില്‍ ചെലവ് കുറയ്്ക്കാന്‍ ഇപ്പോഴത്തെ ചെലവിടല്‍ സഹായിക്കുമോ? ഇതിലാണ് ബിസിനസുകാര്‍ ശ്രദ്ധയൂന്നേണ്ടത്.
പ്രതിസന്ധിഘട്ടത്തില്‍ പണം മാനേജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പറയാം.
നമുക്ക് ആദ്യം കാഷും പ്രോഫിറ്റും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് നോക്കാം. ഞാന്‍, ഒരു ചോദ്യം ചോദിക്കാം. ലാഭകരമായ ഒരു സ്ഥാപനം സമീപഭാവിയില്‍ പാപ്പരാകുമോ? മറ്റൊര്‍ത്ഥത്തില്‍ ചോദിച്ചാല്‍, രേഖകളില്‍ ലാഭമുള്ള ഒരു കമ്പനി കുറഞ്ഞ കാലം കൊണ്ട് പണമില്ലാതെ വലയുമോ?
ഉത്തരമെന്താണ്. നോ എന്നല്ല. യെസ് എന്നാണ്.
നിങ്ങളുടെ ഉല്‍പ്പന്നമോ സേവനമോ അങ്ങേയറ്റം ലാഭകരമാണെങ്കില്‍ പോലും ആ ബിസിനസ് നടത്തിക്കൊണ്ടുപോകാന്‍ മതിയായ പണം കൈയില്‍ ഇല്ലാത്തതുകൊണ്ട് അടച്ചുപൂട്ടപ്പെട്ടേക്കാം. ഒരു ഉദാഹരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കാം.
നിങ്ങളുടെ സപ്ലെയര്‍ 100 രൂപയ്ക്ക് ഒരു സാധനം നിങ്ങള്‍ക്ക് തരുന്നു. നിങ്ങള്‍ അത് 150 രൂപയ്ക്ക് വില്‍ക്കുന്നു. ആ ഉല്‍പ്പന്നത്തില്‍ നിന്നുള്ള നിങ്ങളുടെ ലാഭം 50 രൂപ. ഇനി ശരിയായ കണക്കിലേക്ക് വരാം.
നിങ്ങളുടെ സപ്ലെയര്‍ക്ക് 15 ദിവസത്തിനുള്ളില്‍ പണം കൊടുക്കണം. എന്നാല്‍ നിങ്ങളുടെ കസ്റ്റമര്‍ 45 ദിവസത്തിനുള്ളിലേ പണം തരൂ. 15ാം ദിവസം നിങ്ങള്‍ സപ്ലെയര്‍ക്ക് പണം നല്‍കാന്‍ ഒരു പക്ഷേ വായ്പ എടുത്തെന്നിരിക്കും. അതിനിടെ സാലറി കൊടുക്കണം. വാടക നല്‍കണം. വൈദ്യുതി ചാര്‍ജ് കൊടുക്കണം. 44ാം ദിവസം വരെ ബിസിനസ് ഉടമ ഇതിനുള്ള പണം കണ്ടെത്തിയേ മതിയാകൂ. അതിന് ബിസിനസുകാരന് സാധിച്ചില്ലെങ്കില്‍, ബിസിനസ് സ്തംഭിക്കും. സപ്ലെയര്‍ വീണ്ടും സാധനങ്ങള്‍ തരില്ല. ജീവനക്കാര്‍ കൂടെ നില്‍ക്കില്ല.
ഒരുകാര്യം എപ്പോഴും ഓര്‍മ്മിക്കുക: നിങ്ങള്‍ക്ക് പണം കൂടുതലായി ആവശ്യം വരുന്നതെപ്പോഴാണോ അപ്പോഴാകും അതിന് ദൗര്‍ലഭ്യമുണ്ടാവുക. എല്ലാ സംരംഭകരും പഠിച്ചിരിക്കേണ്ട പാഠവും ഇതാണ്.
ബിസിനസിലെ കാഷ് ഫ്‌ളോയുടെ സ്വാധീനം കൃത്യമായി ഗ്രഹിക്കുന്നതില്‍ സംഭവിക്കുന്ന പിഴവ് മൂലമുള്ള പ്രത്യാഘാതം വിജയകരമായ കമ്പനികള്‍ക്കു പോലുമുണ്ട്. ബിസിനസ് സാരഥികള്‍ ധനലഭ്യതയിലെ പ്രശ്‌നം പരിഹരിക്കാന്‍ വായ്പ എടുക്കുകയും കാഷ് ഫ്‌ളോ വളരെ മോശമായി കൈകാര്യം ചെയ്യുകയും ചെയ്യുമ്പോള്‍ കടക്കെണിയില്‍ അകപ്പെടും.
എന്താണ് ഇതിനുള്ള പരിഹാരമെന്ന് നോക്കാം. ബിസിനസ് സാരഥികള്‍ ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും അവര്‍ കൊടുക്കേണ്ട പണം കൃത്യമായി എഴുതി കാഷ് ബജറ്റ് ഉണ്ടാക്കണം. ചില കാഷ് മാനേജ്‌മെന്റ് ടെക്‌നിക്കുകളിലൂടെ ഇത് ഞാന്‍ വ്യക്തമാക്കാം.
മാനേജിംഗ് റിസീവ്ബ്ള്‍സ്: നിങ്ങള്‍ക്ക് പിരിഞ്ഞുകിട്ടാനുള്ള പണത്തിന് ഊന്നല്‍ നല്‍കുക. പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങളുടെ ഉപഭോക്താവ് കൃത്യസമയത്ത് പണം നല്‍കണമെന്നില്ല. അവരും പ്രതിസന്ധിയിലാകും. അതിന് കൃത്യമായ ഫോളോ അപ് വേണം. മാത്രമല്ല ചില കാര്യങ്ങള്‍ കൂടി ചെയ്യാം.
1. ചില കിഴിവുകള്‍ നല്‍കി റെഡി കാഷ് ആയി പണം കൈയില്‍ വരുത്താന്‍ നോക്കണം.
2. വേഗം പണം നല്‍കിയാല്‍ ഇന്‍സെന്റീവ് ലഭിക്കുമെന്ന ആകര്‍ഷകമായ വാഗ്ദാനം നല്‍കാം.
3.ബാങ്ക് ഗ്യാരണ്ടി, ഇന്‍ലന്‍ഡ് ലെറ്റര്‍ ഓഫ് ക്രെഡിറ്റ് വഴി റിസീവ്ബ്ള്‍സ് സുരക്ഷിതമാക്കുക.
4. കസ്റ്റമേഴ്‌സിനായി ഗുഡ് ക്രെഡിറ്റ് പോളിസി ഉണ്ടാക്കുക. അത് കര്‍ശനമായി പാലിക്കുക.
5. ഓരോ കസ്റ്റമറുടെയും പ്രൊഫൈല്‍ കൃത്യമായി എഴുതി തയ്യാറാക്കി വെയ്ക്കുക. അവരുടെ പേയ്‌മെന്റ് ഹിസ്റ്ററി വിശകലനം ചെയ്യുക. ഇത് ഒരു കസ്റ്റമര്‍ക്ക് എത്ര ക്രെഡിറ്റ് നല്‍കാന്‍ സാധിക്കുമെന്നതിനെ കുറിച്ച് കൃത്യമായ കാഴ്ചപ്പാട് നല്‍കും. എത്ര ദിവസം, എത്ര തുക നല്‍കാമെന്നതൊക്കെ ഇതില്‍ നിന്ന് അറിയാന്‍ കഴിയും.
6. കസ്റ്റമര്‍ ഏയ്ജിംഗ് റിപ്പോര്‍ട്ടും തയ്യാറാക്കണം. അതായത് ഒരു കസ്റ്റമര്‍ പണം തരാന്‍ യഥാര്‍ത്ഥത്തില്‍ എത്ര ദിവസം എടുക്കുന്നുണ്ടെന്ന് അറിയാനാണിത്.
കസ്റ്റമര്‍ നിങ്ങളെ ഒരു ബാങ്കായി പരിഗണിക്കാന്‍ നിന്നുകൊടുക്കരുത്. അതായത് പലിശ രഹിത ഫണ്ട് കിട്ടാന്‍ നിങ്ങളെ നിങ്ങളുടെ കസ്റ്റമര്‍ ഉപയോഗിക്കരുതെന്ന് സാരം.
ക്രെഡിറ്റര്‍ മാനേജ്‌മെന്റ്: നിങ്ങളുടെ സപ്ലെയര്‍മാരുമായി ഒരു ക്രെഡിറ്റ് ലൈന്‍ സ്ഥാപിക്കുന്നത് വര്‍ക്കിംഗ് കാപ്പിറ്റലിന്റെ കാര്യത്തില്‍ കുറച്ച് സാവകാശം ലഭിക്കാന്‍ ഇടയാക്കും. നിങ്ങളുടെ പെയ്‌മെന്റ് ഷെഡ്യൂള്‍ കൃത്യമായി പാലിക്കുക. അത് നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയെ പ്രതികൂലമായി ബാധിക്കാതെ കാക്കും. മാത്രമല്ല നിങ്ങളുടെ വെണ്ടറുമായി നല്ല ബന്ധം സ്ഥാപിക്കുക. അത് നിങ്ങളുടെ ഇന്‍വെന്ററി സന്തുലിതമായി നിലനിര്‍ത്താനും സഹായിക്കും. പരിധിയില്‍ കൂടുതല്‍ സാധനങ്ങള്‍ സ്‌റ്റോക്ക് ചെയ്യുന്നത് മൂലം വര്‍ക്കിംഗ് കാപ്പിറ്റല്‍ ബ്ലോക്ക് ആവുന്നത് തടയാനും ഇത് സഹായിക്കും.
നിങ്ങളുടെ വെണ്ടര്‍ക്ക് ബള്‍ക്കായി സാധനങ്ങള്‍ വാങ്ങാനുള്ള സാഹചര്യവും നിങ്ങള്‍ ഒരുക്കിക്കൊടുക്കണം. നിങ്ങള്‍ ഇത്ര അളവില്‍ സാധനങ്ങള്‍ എടുക്കുമെന്ന ഉറപ്പ് അവര്‍ക്ക് നല്‍കുകയും ആ വിശ്വാസം അവരില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്താല്‍ അവര്‍ക്കും കംഫര്‍ട്ടായി ബിസിനസ് ചെയ്യാം. പക്ഷേ, ഈ പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ലഭിക്കുന്ന ഓര്‍ഡര്‍ അനുസരിച്ച് മാത്രമേ സാധനങ്ങള്‍ നിങ്ങള്‍ എടുക്കാന്‍ പാടുള്ളൂ. നിങ്ങളുടെ വെയര്‍ഹൗസില്‍ സാധനങ്ങള്‍ ഇല്ലാതെയും വരരുത്. എന്നാല്‍ കെട്ടികിടക്കുകയും ചെയ്യരുത്.
അവസാനമായി സുപ്രധാനമായ ഒരു കാര്യം കൂടി. കൂടുതല്‍ കടമെടുക്കുന്നത് ഏത് വിധേനയും ഒഴിവാക്കുക. സാമ്പത്തിക മാന്ദ്യത്തില്‍ ബിസിനസുകള്‍ തകരാന്‍ സാധ്യത നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ അത് പ്രധാനമാണ്. കടമെടുക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത്, നിങ്ങള്‍ക്ക് അധികം ആവശ്യമില്ലാത്ത ആസ്തികള്‍ ന്യായവിലയ്ക്ക് വില്‍ക്കുന്നതാണ്.
അടുത്ത ആഴ്ച നമുക്ക് ഈ ചര്‍ച്ച തുടരാം. അതുവരെ ഈ ലക്കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ബിസിനസില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുക.
Read The Article In English
ഈ ലേഖനമെഴുതാന്‍ വേണ്ട വിവരങ്ങള്‍ നല്‍കിയ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ് അഭയ് നായര്‍ക്കും എന്റെ നന്ദി അറിയിക്കുകയാണ്. സംശയങ്ങള്‍ ചോദിക്കാന്‍ മറക്കരുത്.
Previous Articles in English:
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine