കസ്റ്റമറെ ചേര്‍ത്തു നിര്‍ത്താന്‍ ഇങ്ങനെയും ചില വിദ്യകളുണ്ട്

വെല്ലുവിളികളെ മറികടന്ന് വളരാന്‍ വേണ്ട മാന്ത്രിക 'C' കളില്‍ നാലാമനെ പരിചയപ്പെടുത്തുന്നു ബിസിനസ് കോച്ച് അനില്‍ ആര്‍ മേനോന്‍

tuesday money matters
-Ad-

Read the article in English

കഴിഞ്ഞ ആഴ്ചയിലെ ലേഖനം ഏറെ പേര്‍ക്ക് പ്രയോജനപ്പെട്ടതായി എനിക്ക് ലഭിച്ച പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലായി. അതില്‍ ഏറെ സന്തോഷം.

നമ്മള്‍ കഴിഞ്ഞ ലക്കത്തില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഒന്നു ചുരുക്കി പറഞ്ഞതിനുശേഷം പുതിയ കാര്യത്തിലേക്ക് കടക്കാം. വെല്ലുവിളികളെ മറികടന്ന് വളരാനുള്ള ഏഴ് മാന്ത്രിക ‘C’ കളാണ് ഇവിടെ വിശദീകരിക്കുന്നത്. അതില്‍ ആദ്യത്തെ മൂന്ന് ‘C’ കള്‍ കഴിഞ്ഞ ലക്കത്തില്‍ വിശദമാക്കി കഴിഞ്ഞു.

-Ad-

അത് ഏതൊക്കെയായിരുന്നു? 1. Cash: അതായത് പണം സൂക്ഷിച്ച് വെയ്ക്കുക, ഉപയോഗിക്കുക. 2. Costs: ചെലവുകളില്‍ ഒഴിവാക്കാനാകുന്നവ ഒഴിവാക്കാകു, അല്ലാത്തവ പരമാവധി വെട്ടിക്കുറയ്ക്കുക. 3. Communication: ബിസിനസുമായി ചേര്‍ന്നു നില്‍ക്കുന്ന ഏവരുമായി തുറന്ന ആശയവിനിമയം നടത്തുക.

ഇനി നമുക്ക് നാലാമത്തെ ‘C’ എന്താണെന്ന് നോക്കാം. അതാണ് Customer , നിങ്ങളുടെ ഉപഭോക്താവ്.

വെല്ലുവിളികള്‍ ഏറെയുള്ള ഇക്കാലത്ത് ഏവരും തങ്ങളുടെ നിലവിലുള്ള ഇടപാടുകാരിലേക്ക് ഇറങ്ങി ചെന്നിരിക്കണം.

ബിസിനസ് ടു ബിസിനസ്  (B2B) മോഡലിലുള്ള സംരംഭമാണ് നിങ്ങളുടേതെങ്കില്‍, തീര്‍ച്ചയായും വ്യക്തിഗതമായി ഓരോ ഇടപാടുകാരോടും ബന്ധപ്പെട്ടിരിക്കണം. റീറ്റെയ്ല്‍ ഡീറ്റെയ്ല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ദീപക് ചെയ്ത കാര്യം ഞാന്‍ ഓര്‍ക്കുകയാണ്. അദ്ദേഹം എല്ലാ ഇടപാടുകാരെയും ഫോണില്‍ വിളിച്ച് അവരുടെയും കുടുംബാംഗങ്ങളുടെയും സുഖവിവരം ആത്മാര്‍ത്ഥമായി തിരക്കും. അദ്ദേഹത്തിന്റെ ഈ ശീലം തന്റെ ബിസിനസ് പങ്കാളികളുമായുള്ള ബന്ധം സുദൃഢമാക്കാനും സഹായിച്ചു.

എന്നാല്‍ ബിസിനസ് ടു കസ്റ്റമര്‍ (ബിടുസി) മോഡലില്‍ ഇത് അത്ര പ്രായോഗികമാവില്ല. കാരണം ഇവിടെ ഇടപാടുകാരുടെ എണ്ണം വളരെ വലുതാകും. ഈ സാഹചര്യത്തില്‍, എല്ലാ ഇടപാടുകാരിലേക്കുമെത്തുന്ന വ്യക്തമായ ആശയവിനിമയം ഉണ്ടാകേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ എനിക്ക് നിര്‍ദേശിക്കാനാകുന്നത് ഡിജിറ്റല്‍ മാര്‍ഗങ്ങളാണ്. ചെലവ് താരതമ്യേന കുറഞ്ഞതും എന്നാല്‍ ഏറെ പേരിലേക്ക് എത്താന്‍ സഹായിക്കുന്നതുമായ മാധ്യമമാണിത്.

നിങ്ങളുടെ ഇടപാടുകാരോട് എന്തുപറയണം?

ബി ടു സി മോഡലില്‍ കസ്റ്റമേഴ്‌സുമായുള്ള ആശയവിനിമയം മൂന്ന് ‘S’ കളില്‍ ഊന്നിയുള്ളതാകാന്‍ ശ്രദ്ധിക്കണം. ഏതാണ് ആ 3S മോഡല്‍? Safety (ക്ഷേമം) Security (സുരക്ഷിത്വം) Social Distancing (സാമൂഹിക അകലം) എന്നിവയാണവ.

ഇത് എല്ലാ മേഖലയിലുള്ളവര്‍ക്കും അനുയോജ്യമാണ്. എന്നിരുന്നാലും ഭക്ഷ്യമേഖല, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍ രംഗത്ത് കൂടുതല്‍ യോജിക്കും. ഇത്തരം ആശയ പ്രചരണങ്ങള്‍ നിങ്ങളുടെ കസ്റ്റമേഴ്‌സിന്റെ ആരോഗ്യത്തിനും സൗഖ്യത്തിനുമാണ് നിങ്ങള്‍ എന്നും മുന്‍തൂക്കം നല്‍കുന്നതെന്ന വസ്തുത ഊന്നിപ്പറയാനും ഉപകരിക്കും.

ഇത് പറയുമ്പോള്‍ Tewaris Sweets ന്റെ ഭരതിന്റെ രീതിയാണ് മനസ്സില്‍ വരുന്നത്. ഇവര്‍ സോഷ്യല്‍ മീഡിയ വഴി 3S ന് ഊന്നല്‍ നല്‍കിയുള്ള ആശയപ്രചാരണം നടത്തുകയായിരുന്നു.

സോഷ്യല്‍ മീഡിയ വഴി ആശയവിനിമയം നടത്താന്‍ നിങ്ങളുടെ കൈയില്‍, നിങ്ങളുടെ കസ്റ്റമേഴ്‌സിന്റെ വിവരങ്ങള്‍ ഉണ്ടായിരിക്കണം. ഭരതിന്റെ കൈയില്‍ ഇതുണ്ടായിരുന്നു. കാരണം, അദ്ദേഹം തന്റെ കടയില്‍ വരുന്നവരില്‍ നിന്ന് അവരുടെ പേര് വിവരങ്ങള്‍ വാങ്ങുകയും സൂക്ഷിച്ചുവെയ്ക്കുകയും ചെയ്തിരുന്നു.

മുകേഷ് അംബാനി പറഞ്ഞതിലുണ്ട് ആ കാര്യം

”ഡാറ്റയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പുതിയ ഇന്ധനം” (Data is the new oil for Reliace Industries) റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സാരഥി മുകേഷ് അംബാനി പറയുന്ന ഇക്കാര്യം അങ്ങേയറ്റം പ്രസക്തമായ ഒന്നാണ്.

ഇപ്പോള്‍ സുസജ്ജമായ ഒരു കസ്റ്റമര്‍ ഡാറ്റാ ബേസ് ഉള്ള ബിസിനസുകള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനം പഴയ രീതിയിലേക്ക് വളരെ വേഗം തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുന്നുണ്ട്.

ഒരു കാലത്ത് നിങ്ങളുടെ കസ്റ്റമര്‍ ആയിരുന്നവരുമായി ചിലപ്പോള്‍ ബന്ധം വിച്ഛേദിച്ചുപോയിട്ടുണ്ടാകാം. അത്തരക്കാരിലേക്കും ഇപ്പോള്‍ ഇറങ്ങിച്ചെല്ലാം. കസ്റ്റമേഴ്‌സുമായും ബന്ധം വിച്ഛേദിച്ചുപോകുന്നതും സ്വാഭാവികമാണ്. അവര്‍ക്ക് വേണ്ട സേവനം ലഭ്യമാക്കാന്‍ പറ്റാതെ വരുമ്പോഴോ അവരുമായുള്ള ആശയവിനിമയം നിലയ്ക്കുമ്പോഴോ ഒക്കെ ഇങ്ങനെ ബന്ധം വിട്ടുപോകാം.

പ്രതിസന്ധികളുടെ ഇക്കാലത്ത്, നിങ്ങളുടെ ആ പഴയ കസ്റ്റമേഴ്‌സിന്റെയും കുടുംബാംഗങ്ങളുടെയും സുഖവിവരങ്ങള്‍ തിരക്കുക. ആ പഴയ സൗഹൃദം പുനഃസ്ഥാപിക്കുക. ഇത് നിങ്ങളുടെ ബിസിനസ് ബന്ധം പുനരുജ്ജീവിപ്പിക്കാനും ഉപകരിക്കും.

ഒരു യഥാര്‍ത്ഥ ബിസിനസുകാരനെ സംബന്ധിച്ചിടത്തോളം, പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ ഘട്ടം, തങ്ങളുടെ ഉള്ളിലെ ഏറ്റവും മികച്ചതിനെ പുറത്ത് എത്തിക്കാനുള്ള സാഹചര്യം കൂടിയാണ്.

Read the article in English

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here