

Read the Article in English
ലോകത്തിലെ ഇതര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഏറെ മുടന്തുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. യഥാര്‍ത്ഥത്തില്‍, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കോവിഡ് മഹാമാരിക്കാലത്തേക്ക് പ്രവേശിച്ചതു തന്നെ ഏറെ പരുക്കുള്ള കാലുകളുമായാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി നിക്ഷേപ രംഗത്തുള്ള സ്തംഭനമാണ് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് മുന്നിലെ പ്രധാന വിഘ്‌നം. ഫിക്‌സഡ് കാപ്പിറ്റല്‍ ഫോര്‍മേഷന്‍, സാധാരണക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ കാപെക്‌സ് FY 10 - FY 20 കാലത്ത് വളര്‍ന്നത് വെറും എട്ടുശതമാനമാണ്. അതിന് തൊട്ടുമുന്നിലുള്ള ദശാബ്ദത്തില്‍ ഇത് 15 ശതമാനമായിരുന്നു എന്നോര്‍ക്കണം. അതായത് കാലങ്ങളായി പിന്തുടരുന്ന പ്രശ്‌നങ്ങള്‍ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ പെട്ടെന്നുള്ള തിരിച്ചുകയറ്റത്തെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഒരു ബിസിനസില്‍ നിന്ന് കൂടുതല്‍ ലാഭമുണ്ടാക്കാന്‍ സാധിക്കുമെന്ന ബിസിനസുകാരുടെ ആത്മവിശ്വാസത്തെയാണ് ഏതൊരു മേഖലയിലെയും കാപ്പിറ്റല്‍ എക്‌സ്‌പെന്‍ഡീച്വര്‍ പ്രതിഫലിപ്പിക്കുന്നത്. അതായത് കൂടുതല്‍ ലാഭമുണ്ടാക്കാന്‍ പറ്റുമെന്ന് ബിസിനസുകാര്‍ക്ക് വിശ്വാസം വന്നാല്‍ അവര്‍ കൂടുതല്‍ നിക്ഷേപം നടത്തും. കാപെക്‌സ് കൂടിയാല്‍ അത് കാണിക്കുന്നത്, ഉല്‍പ്പന്നത്തിനോ സേവനത്തിനോ വിപണിയില്‍ കൂടുതല്‍ ഡിമാന്റുണ്ടാകുകയും അതില്‍ നിന്ന് ലാഭക്ഷമത ആര്‍ജ്ജിക്കാന്‍ പറ്റുകയും ചെയ്യുമെന്ന സംരംഭകരുടെ ആത്മവിശ്വാസത്തെയാണ്. കോവിഡ് മഹാമാരി പല സംരംഭങ്ങളുടെയും പദ്ധതികളുടെ നിര്‍വഹണത്തെ കാര്യമായ തോതില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പ്രതിസന്ധിയില്‍ നിന്ന് കരകയറുക എന്നാല്‍ ക്ലേശകരമായ കാര്യമാണ്. അതുപോലെ തന്നെ പ്രയാസം പിടിച്ച കാര്യമാണ് മൂലധന നിക്ഷേപ ശൈലി പുനഃക്രമീകരിക്കുക എന്നതും. കാരണം, ഇനി നിക്ഷേപം നടത്തുന്നതിന് മുമ്പ് കമ്പനികള്‍ അവയുടെ ഉല്‍പ്പന്നത്തിലോ സേവനത്തിലോ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രത്യാഘാതം എന്തെന്ന് ആഴത്തില്‍ പഠിക്കുക തന്നെ വേണം.
മൂലധന നിക്ഷേപം വൈകിപ്പിക്കുന്നത് ഇപ്പോള്‍ സംരംഭകര്‍ക്ക് പല തരത്തില്‍ സഹായകരമായേക്കും. ഇങ്ങനെ വൈകിപ്പിക്കുന്നതുമൂലം സംരംഭകര്‍ക്ക് സാഹചര്യങ്ങള്‍ പഠിക്കാന്‍ അവസരം കിട്ടും. മാത്രമല്ല, മതിയായ ഫണ്ട് കൈയില്‍ കരുതുകയുമാകാം.
ഈ സന്ദര്‍ഭത്തില്‍ സംരംഭകര്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണെങ്കില്‍ ചില കാര്യങ്ങള്‍ പരിശോധിച്ചേ മതിയാകു.
നിങ്ങളുടെ മൂലധന നിക്ഷേപത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ ഇതൊക്കെയായിരിക്കണം.
1. നിങ്ങളുടെ ബിസിനസ് വിവിധ ലൊക്കേഷനുകളിലേക്ക് വിപുലമാക്കാന്‍ ആയിരിക്കണം, അല്ലെങ്കില്‍ ഉല്‍പ്പന്നശ്രേണി കൂട്ടാനായിരിക്കണം.
2. സാങ്കേതികവിദ്യാ നവീകരണത്തിന്
3. നിലവിലുള്ള മെഷിനറി മാറ്റി പുതിയത് സ്ഥാപിക്കാന്‍
4. ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെയോ കപ്പാസിറ്റി വര്‍ധിപ്പിക്കാന്‍
സംരംഭകര്‍ നിരന്തരം വിപണിയില്‍ നിന്ന് തങ്ങളുടെ ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെയോ ഡിമാന്റിനെ സംബന്ധിച്ച വിവരങ്ങള്‍ എടുത്തുകൊണ്ടിരിക്കണം. മൂലധന നിക്ഷേപം നടത്തും മുമ്പ് മറ്റ് ചിലതു കൂടി പരിഗണിക്കണം.
1. നിങ്ങള്‍ നടത്തുന്ന നിക്ഷേപം എത്രകാലം കൊണ്ട് തിരിച്ചുപിടിക്കാന്‍ പറ്റും.
2. മൂലധന നിക്ഷേപത്തിന് വരുന്ന ചെലവെന്താണ്? നിങ്ങളുടെ നിക്ഷേപത്തിന് എന്ത് നേട്ടം ലഭിക്കും?
3. വായ്പാ കാലയളവ്
4. വിപണിയില്‍ കുറഞ്ഞ വിലയില്‍ ആസ്തി ലഭ്യമാണോ? കടവും മറ്റ് സാമ്പത്തിക ബാധ്യതകളും മറ്റ്് ചില ആസ്തികള്‍ ഇപ്പോള്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് കാണും.
5. ആസ്തി വന്‍തോതില്‍ കൂട്ടാതെ തന്നെയുള്ള ബിസിനസ് മോഡല്‍ സാധ്യമാണോ
പുതിയൊരു ആസ്തി സ്വന്തമാക്കാന്‍ കമ്പനികള്‍ ഏറ്റെടുക്കുന്ന പുതിയ ബാധ്യത എത്രകാലം കൊണ്ട് തീര്‍ക്കാനാകും, എത്രകാലം കൊണ്ട് പുതിയ ആസ്തിയില്‍ നിന്ന് വരുമാനം ലഭിച്ചുതുടങ്ങും എന്നതൊക്കെ പരിശോധിക്കേണ്ടിയിരിക്കുന്നു. പല കമ്പനികള്‍ക്കും ഇക്കാര്യത്തില്‍ വീഴ്ച പറ്റാറുണ്ട്. അത് സാമ്പത്തിക സമ്മര്‍ദ്ദത്തിന് വഴിവെയ്ക്കുകയും ചെയ്യും. ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും പുതിയ നിക്ഷേപത്തില്‍ നിന്ന് വരുമാനം കിട്ടുന്ന തുടങ്ങുന്ന കാലയളവ് അതിന് വേണ്ടി സംരംഭകന്‍ എടുക്കുന്ന പുതിയ ബാധ്യതയുടെ തിരിച്ചടവ് കാലയളവിനേക്കാള്‍ കൂടുതലായിരിക്കും. അതായത്, പുതിയ ആസ്തി സ്വന്തമാക്കാന്‍ സംരംഭകന്‍ ചെലവിടുന്ന തുക തിരിച്ചുപിടിക്കുന്നതിന് മുമ്പേ അതിനുവേണ്ടി എടുത്ത വായ്പ മുഴുവന്‍ തിരിച്ചടയ്‌ക്കേണ്ടി വരും.
ഇക്കാര്യത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ ചൈനീസ് കമ്പനികളെ കണ്ടുപഠിക്കണം. ചൈനീസ് കമ്പനികള്‍ അവരുടെ നിക്ഷേപത്തില്‍ നിന്നുള്ള നേട്ടവും നിക്ഷേപത്തിനായുള്ള ബാധ്യതയുടെ കാലാവധിയും തമ്മില്‍ അന്തരം പരമാവധി കുറച്ചുകൊണ്ടു മുന്നോട്ട് പോകുന്നവയാണ്. മൂലധന നിക്ഷേപം നടത്തി പ്രവര്‍ത്തന മൂലധനം തന്നെ ബ്ലോക്കായി കിടക്കുന്ന അവസ്ഥയാണ് ഇന്ത്യന്‍ കമ്പനികളുടേത്. അതുകൊണ്ട് അവയ്ക്ക് രാജ്യാന്തരവിപണിയില്‍ മത്സരക്ഷമത ആര്‍ജ്ജിക്കാനും സാധിക്കില്ല.
പുതിയ നിക്ഷേപത്തിന് ഒരുങ്ങുന്നതിന് മുമ്പ് സംരംഭകര്‍ ചുറ്റിലുമൊന്ന് നോക്കണം. ചില യൂണിറ്റുകള്‍ ഇപ്പോള്‍ വില്‍പ്പനയ്ക്കുണ്ടാകും. അവ വാങ്ങി വാങ്ങി പുനരുജ്ജീവിപ്പിക്കാന്‍ പറ്റുമോയെന്ന് പരിശോധിക്കണം. ഇത് കമ്പനിയുടെ കോസ്റ്റ് കുറയ്ക്കുമെന്ന് മാത്രമല്ല, നിഷ്‌ക്രിയമായി കിടക്കുന്ന ആസ്തിയുടെ വിനിയോഗവും സാധ്യമാക്കും.
ആസ്തികള്‍ പരമാവധി കുറച്ചുകൊണ്ടുള്ള ബിസിനസ് മോഡലിന്റെ സാധ്യതകളും പരിശോധിക്കാം. ഇത് കോസ്റ്റ് കുറയ്ക്കാനും ഫണ്ട് കൈയില്‍ കരുതല്‍ ശേഖരമാക്കുകയും ചെയ്യാം.
ഇനി നിങ്ങള്‍ പുതുതായി ഒരു യൂണിറ്റോ മറ്റോ സ്ഥാപിച്ച് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഉല്‍പ്പന്നം നിങ്ങള്‍ക്കു വേണ്ടി മറ്റാരെങ്കിലും നിര്‍മിച്ചു തരുമോയെന്നുകൂടി നോക്കണം. ഇത്തരം വിപണിയിലെ അധികമായ ഉല്‍പ്പാദന ശേഷി വിനിയോഗിച്ചും ഔട്ട്‌സോഴ്‌സ് ചെയ്തും മുന്നോട്ട് പോകാനാകും.
സര്‍ക്കാര്‍ ഇതുവരെ സപ്ലെ ശക്തിപ്പെടുത്താനാണ് ഇളവുകള്‍ നല്‍കി വരുന്നത്. ഡിമാന്റ് വര്‍ധിക്കാന്‍ വേറെ കാര്യങ്ങള്‍ ചെയ്യണം. അതിന് ജനങ്ങളുടെ കൈയില്‍ പണം വരണം. ജനങ്ങള്‍ക്ക് തൊഴിലുണ്ടെങ്കിലാണ് പണം വരിക. തൊഴില്‍ ലഭിക്കാന്‍ സര്‍ക്കാന്‍ പശ്ചാത്തല സൗകര്യ വികസന രംഗത്ത് വന്‍തോതില്‍ നിക്ഷേപം നടത്തണം. സര്‍ക്കാര്‍ നിക്ഷേപം തുടങ്ങുന്നതിനെ നോക്കി നില്‍ക്കുകയാണ് സ്വകാര്യ മേഖല. കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്‌റ്റേറ്റ്, മാനുഫാക്ടചറിംഗ് രംഗങ്ങളിലെ തിരിച്ചുകയറ്റം സാമ്പത്തിക രംഗത്ത് ചലനം സൃഷ്ടിക്കുകയും അത് ഡിമാന്റ് ഉണര്‍ത്തുകയും ചെയ്യും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിക്ഷേപം കൂടുന്നത് കാപെക്‌സ് രംഗത്തിന് ഉണര്‍വ് പകരും. ഇതേ തുടര്‍ന്ന് വന്‍കിട കമ്പനികള്‍ നിക്ഷേപം നടത്തി തുടങ്ങും. അതുമൂലം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും. ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഡിമാന്റ് ഉയര്‍ന്നും തുടങ്ങും. അപ്പോള്‍ എം എസ് എം ഇകള്‍ക്കും നിക്ഷേപത്തിനുള്ള സാഹചര്യം വരും.
ചുരുക്കിപ്പറഞ്ഞാല്‍ സംരംഭകര്‍ സര്‍ക്കാരുകളുടെയും വന്‍കിട സംരംഭകരുടെയും നിക്ഷേപം സൂക്ഷ്മമായി നിരീക്ഷിക്കണം. സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം കുറേക്കാലം കൂടി തുടരും. അതുകൊണ്ട് പുതിയ ആസ്തിയില്‍ നിന്ന് എന്ന് വരുമാനം തിരികെ ലഭിക്കുമെന്നും അതിനുവേണ്ടി എടുക്കുന്ന ബാധ്യത തീര്‍ക്കാന്‍ എത്രകാലം വേണ്ടി വരുമെന്നുമൊക്കെ കൃത്യമായി നോക്കണം.
അടുത്താഴ്ച നമുക്ക് ഇനിയും പുതിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. അതുവരെ ഇക്കാര്യങ്ങളെല്ലാം നിങ്ങള്‍ സ്വന്തം സംരംഭത്തില്‍ പ്രായോഗികമായി നോക്കൂ. നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയാന്‍ മടിക്കരുത്. സംശയങ്ങള്‍ ചോദിക്കുകയും വേണം. എന്റെ ഇ മെയ്ല്‍ വിലാസം: anilrmenon1@gmail.com
Read the Article in English
ഈ ലേഖനമെഴുതാന്‍ വിലപ്പെട്ട വിവരങ്ങള്‍ നല്‍കിയ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ് അഭയ് നായര്‍ക്ക് പ്രത്യേകം നന്ദി പറയുന്നു.
Previous Articles in English:
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine