

ദീപാവലി കഴിഞ്ഞിട്ട് നാളുകളായെങ്കിലും ഇന്ത്യന്‍ ഓഹരി വിപണിയില്‍ വെടിക്കെട്ടാവേശം ഒട്ടുംകുറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, നേട്ടത്തിന്റെ ആരവം അതിന്റെ പാരമ്യത്തിലേക്ക് കൊട്ടിക്കയറുന്ന കാഴ്ചയായിരുന്നു ഇന്ന് നിറഞ്ഞുനിന്നത്. ആഗോള, ആഭ്യന്തരതലങ്ങളില്‍ നിന്ന് അനുകൂലക്കാറ്റ് ആഞ്ഞടിച്ചതിന്റെ ഊര്‍ജവുമായി ഓഹരി സൂചികകള്‍ ഇന്ന് മികച്ച നേട്ടത്തിലേക്ക് ഇരച്ചുകയറി.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം
തുടക്കംമുതല്‍ നേട്ടത്തിലായിരുന്ന സെന്‍സെക്‌സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 727 പോയിന്റ് (1.10%) നേട്ടവുമായി 66,901ല്‍. ഇന്നൊരുവേള സെന്‍സെക്‌സ് 66,946 വരെ എത്തിയിരുന്നു. നിഫ്റ്റി 206 പോയിന്റ് (1.04%) ഉയര്‍ന്ന് 20,096ലാണ് ക്ലോസ് ചെയ്തത്. ഒരുവേള 20,104 പോയിന്റ് ഭേദിക്കുകയും ചെയ്തിരുന്നു. നീണ്ട 47 പ്രവൃത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് നിഫ്റ്റി വീണ്ടും 20,000 കടന്നത്.
$4 ലക്ഷം കോടി നാഴികക്കല്ല്
ഇന്ത്യയുടെ ജി.ഡി.പി മൂല്യം 4 ലക്ഷം കോടി ഡോളറായി എന്ന കിംവദന്തി അടുത്തിടെയാണ് സോഷ്യല്‍ മീഡിയകളില്‍ പറപറന്നത്. ഇത് ശരിവയ്ക്കുന്ന പ്രസ്താവനകളൊന്നും കേന്ദ്രത്തില്‍ നിന്ന് പക്ഷേ ഉണ്ടായില്ല. അതവിടെ നില്‍ക്കട്ടെ, ഇന്ത്യന്‍ ഓഹരി സൂചികയായ ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്ത നിക്ഷേപമൂല്യം ഇന്ന് ചരിത്രത്തില്‍ ആദ്യമായി 4 ലക്ഷം കോടി ഡോളര്‍ കടന്നു.
ഇന്ന് നിക്ഷേപകമൂല്യം 2.24 ലക്ഷം കോടി രൂപയുടെ നേട്ടവുമായി റെക്കോഡ് 333.29 ലക്ഷം കോടി രൂപയിലേക്കാണ് കുതിച്ചെത്തിയത്; ഇതിന്റെ ഡോളര്‍ മൂല്യമാണ് 4 ലക്ഷം കോടി ഡോളര്‍. ഈവര്‍ഷം ജനുവരി ഒന്നിന് 270.23 ലക്ഷം കോടി രൂപയും ഫെബ്രുവരി ഒന്നിന് 257.72 ലക്ഷം കോടി രൂപയുമായിരുന്ന മൂല്യമാണ് പിന്നീട് കുതിച്ച് 333 ലക്ഷം കോടി രൂപ ഭേദിച്ചത്.
വിപണിയിലെ ട്രെന്‍ഡ്
വാഹനം, ഐ.ടി., പി.എസ്.യു ബാങ്ക്, സ്വകാര്യബാങ്ക്, ധനകാര്യം, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളിലെ മികച്ച വാങ്ങല്‍ താത്പര്യമാണ് ഇന്ന് സൂചികകളെ മികച്ച നേട്ടത്തിലേത്ത് ഉയര്‍ത്തിയത്.
നിഫ്റ്റി ഐ.ടി സൂചിക 1.53 ശതമാനവും ഓട്ടോ 1.63 ശതമാനവും ഉയര്‍ന്നു. ബാങ്ക് നിഫ്റ്റി 1.56 ശതമാനം മുന്നേറിയപ്പോള്‍ നിഫ്റ്റി പി.എസ്.യു ബാങ്ക് 1.04 ശതമാനവും സ്വകാര്യബാങ്ക് 1.49 ശതമാനവും നേട്ടമുണ്ടാക്കി. 0.81 ശതമാനം കുതിപ്പുമായി ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളും പിന്തുണച്ചു.
നിഫ്റ്റി മീഡിയ, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ നേരിയ നഷ്ടം നേരിട്ടു. നിഫ്റ്റി മിഡ്ക്യാപ്പ് 0.81 ശതമാനവും സ്‌മോള്‍ക്യാപ്പ് 1.03 ശതമാനവും നേട്ടത്തിലേറി. നിഫ്റ്റി 50ല്‍ 40 കമ്പനികളും നേട്ടം കൊയ്തു. 10 ഓഹരികള്‍ നഷ്ടം രുചിച്ചു. ബി.എസ്.ഇയില്‍ 1,916 ഓഹരികള്‍ നേട്ടത്തിലും 1,786 എണ്ണം നഷ്ടത്തിലുമായിരുന്നു. 139 ഓഹരികളുടെ വില മാറിയില്ല. 318 ഓഹരികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരത്തിലെത്തിയപ്പോള്‍ 31 എണ്ണം താഴ്ചയിലായിരുന്നു. 9 ഓഹരികള്‍ അപ്പര്‍-സര്‍കീട്ടിലും 9 എണ്ണം ലോവര്‍-സര്‍കീട്ടിലും വ്യാപാരം ചെയ്യപ്പെട്ടു.
ഇവര്‍ മുന്നേറ്റക്കാര്‍
ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, വിപ്രോ, ടാറ്റാ മോട്ടോഴ്‌സ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയാണ് ഇന്ന് സെന്‍സെക്‌സിന്റെ കുതിപ്പിന് സ്റ്റിയറിംഗ് തിരിച്ചത്.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ
അദാനി ടോട്ടല്‍ ഗ്യാസ് ഇന്നും 14 ശതമാനത്തിലധികം മുന്നേറി നിഫ്റ്റി 200ല്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ടോപ് 5 ഓഹരികളില്‍ മുന്നിലെത്തി. ടോറന്റ് പവര്‍ ആണ് 11 ശതമാനം നേട്ടവുമായി രണ്ടാമത്. പൂനാവാല ഫിന്‍കോര്‍പ്പ്, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, മുത്തൂറ്റ് ഫിനാന്‍സ് എന്നിവയാണ് ടോപ് 5ലെ മറ്റ് താരങ്ങള്‍.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ
അദാനി പവര്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്), മാക്രോടെക് ഡെവലപ്പേഴ്‌സ്, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ എന്നിവയാണ് 1.6 മുതല്‍ 3.23 ശതമാനം വരെ നഷ്ടവുമായി നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ മുന്നിലെത്തിയത്.
കുതിപ്പിന്റെ കാരണങ്ങള്‍
1) പണപ്പെരുപ്പം താഴ്ന്നാല്‍ വരുംമാസങ്ങളില്‍ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാന്‍ തയ്യാറാണെന്ന അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ഗവര്‍ണര്‍ ക്രിസ്റ്റഫര്‍ വാലറുടെ അഭിപ്രായമാണ് ഓഹരികള്‍ക്ക് മുഖ്യ ഉത്തേജകമായത്.
അമേരിക്കന്‍ വിപണിയില്‍ നിക്ഷേപക ആത്മവിശ്വാസം മെച്ചപ്പെടുന്നുവെന്ന വിലയിരുത്തലുകള്‍ ഐ.ടി ഓഹരികളിലും ഉന്മേഷമുണ്ടാക്കി. ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ വരുമാനത്തിന്റെ മുഖ്യപങ്കും അമേരിക്കയില്‍ നിന്നാണ്.
2) സെപ്റ്റംബര്‍-ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യയില്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ച വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (FIIs) ഈമാസം വീണ്ടും ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതും നേട്ടമാണ്. ഈമാസം ഇതുവരെ 2,901 കോടി രൂപയുടെ ഓഹരികള്‍ അവര്‍ വാങ്ങി.
3) ഹിന്‍ഡെന്‍ബെര്‍ഗ് വിഷയത്തില്‍ അദാനി ഗ്രൂപ്പിന് ഗുണമാകുംവിധം സുപ്രീം കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങളുടെ പിന്‍ബലത്തില്‍ അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായ കുതിപ്പും ഓഹരി സൂചികകളില്‍ ആവേശം വിതറി. ഓഹരികളുടെ മുന്നേറ്റത്തിന്റെ ബലത്തില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി വീണ്ടും ലോകത്തെ ഏറ്റവും സമ്പന്നരായ 20 ശതകോടീശ്വരന്മാരുടെ പട്ടികയിലേക്ക് തിരിച്ചുമെത്തി.
4) അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാന്‍ തയ്യാറാണെന്ന അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ പ്രസ്താവനയെ തുടര്‍ന്ന് അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് ജൂലൈക്ക് ശേഷമുള്ള ഏറ്റവും താഴ്ചയായ 4.69 ശതമാനത്തിലെത്തി. ഇതോടെ, കടപ്പത്രങ്ങളില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികളിലേക്ക് മാറിയതും നേട്ടമായി.
കുതിപ്പിന്റെ ട്രാക്കില്‍
ഉപസ്ഥാപനമായ ടാറ്റാ ടെക്കിന്റെ ഐ.പി.ഒയ്ക്ക് (Read Details) ലഭിച്ച വന്‍ പ്രതികരണവും ലിസ്റ്റിംഗ് മികച്ച നേട്ടത്തോടെയായിരിക്കുമെന്ന പൊതുവിലയിരുത്തലുകളും ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരികള്‍ക്ക് ഇന്ന് ആവേശമായി. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടാറ്റാ മോട്ടോഴ്‌സ് ഓഹരികള്‍ ഇന്ന് വീണ്ടും 700 രൂപ കടന്നു.
സൊമാറ്റോ ഓഹരി 4 ശതമാനത്തിലധികം ഉയര്‍ന്നു. ചൈനയിലെ ആന്റ് ഗ്രൂപ്പിന് കീഴിലെ ആലിപേ ഓഹരി പങ്കാളിത്തം വിറ്റൊഴിയുമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് സൊമാറ്റോയുടെ നേട്ടം.
കേരളക്കമ്പനികളും തിളങ്ങി
നിരവധി കേരള കമ്പനികളും ഇന്ന് കാഴ്ചവച്ചത് വന്‍ മുന്നേറ്റം. ഗള്‍ഫ് ബിസിനസ് വിറ്റഴിക്കുമെന്ന ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ പ്രഖ്യാപന പശ്ചാത്തലത്തില്‍ ആസ്റ്റര്‍ ഓഹരി 20 ശതമാനം മുന്നേറി (Read Details)
സ്വര്‍ണവില സര്‍വകാല റെക്കോഡ് (Read Details) കുറിച്ച പശ്ചാത്തലത്തില്‍ പ്രമുഖ സ്വര്‍ണവായ്പാ കമ്പനികളും എന്‍.ബി.എഫ്.സികളുമായ മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് എന്നിവയുടെ ഓഹരികളും കുതിച്ചു.
ഇന്ന് കേരള ഓഹരികൾ കാഴ്ചവെച്ച പ്രകടനം
മണപ്പുറം ഫിനാന്‍സ് 6.80 ശതമാനവും മുത്തൂറ്റ് 5.34 ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പ്രിഫറന്‍ഷ്യല്‍ ഓഹരി വില്‍പനയുടെ പശ്ചാത്തലത്തില്‍ കേരള ആയുര്‍വേദയും കിംഗ്‌സ് ഇന്‍ഫ്രയും 5 ശതമാനം ഉയര്‍ന്നു.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, വി-ഗാര്‍ഡ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ്, പ്രൈമ ഇന്‍ഡസ്ട്രീസ്, റബ്ഫില, ഫെഡറല്‍ ബാങ്ക് എന്നിവയും നേട്ടത്തിലാണുള്ളത്. സി.എസ്.ബി ബാങ്ക്, സ്‌കൂബിഡേ, വണ്ടര്‍ല, നിറ്റ ജെലാറ്റിന്‍, മുത്തൂറ്റ് കാപ്പിറ്റല്‍, കിറ്റെക്‌സ്, കെ.എസ്.ഇ., കല്യാണ്‍ ജുവലേഴ്‌സ്, ഈസ്റ്റേണ്‍, ധനലക്ഷ്മി ബാങ്ക്, ഇസാഫ് ബാങ്ക്, ഫാക്ട് എന്നിവ നഷ്ടത്തിലുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine