ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 12, 2020

ഇന്ന്  നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 12, 2020
Published on
സംസ്ഥാനത്ത് ഇന്ന് 78 കോവിഡ് രോഗികള്‍

കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. ഇന്നലെ 83 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗികളായവരില്‍ 36 പേര്‍ വിദേശത്തു നിന്നെത്തിയവരാണ്. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം, കണ്ണൂര്‍ (ഒരാള്‍ മരണമടഞ്ഞു) ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം. 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവരും 10 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗികളായവരുമാണ്. സംസ്ഥാനത്ത് 1303 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 999 പേര്‍ ഇതുവരെ രോഗമുക്തരായി.

ഇന്ത്യയില്‍
രോഗികള്‍: 297,535 (ഇന്നലെ: 286,579 )
മരണം: 8,498 (ഇന്നലെ:8,102 )
ലോകത്ത്
രോഗികള്‍: 7,514,481 (ഇന്നലെ :7,360,239 )
മരണം: 421,458 (ഇന്നലെ : 4,16,201)
ഓഹരി വിപണിയില്‍ ഇന്ന്

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഗംഭീര തിരിച്ചു വരവ് നടത്തി ഇന്ന് ഓഹരി സൂചിക നേട്ടത്തില്‍ ക്ലോസ് ചെയ്തു. എല്ലാ സൂചികകളിലും ഉണര്‍വ് പ്രകടമായ ദിനമായിരുന്നു ഇന്ന്. തുടക്കത്തില്‍ 1200 പോയ്ന്റ് താഴ്ന്നുപോയ സെന്‍സെക്സ് ദിനാന്ത്യത്തില്‍ 242.52 പോയ്ന്റ് നേട്ടത്തിലേക്ക് കുതിക്കുന്നതിനാണ് വിപണി ഇന്ന് സാക്ഷ്യം വഹിച്ചത്. 0.72 ശതമാനം ഉയര്‍ച്ചയാണിത്. സെന്‍സെക്സ് 33,780.89 പോയ്ന്റിലും നിഫ്റ്റി 70.90 പോയ്ന്റ് ഉയര്‍ന്ന് (0.72 ശതമാനം) 9972.90 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക് സൂചികയില്‍ 129.40 പോയ്ന്റ് ഉയര്‍ന്ന് (0.63 ശതമാനം) 20654.55 പോയ്ന്റിലെത്തി. ബിഎസ്ഇ മിഡ്കാപ് സൂചികയില്‍ 0.96 ശതമാനം ഉയര്‍ച്ച ഇന്ന് രേഖപ്പെടുത്തി. 119.57 പോയ്ന്റ് ഉയര്‍ന്ന് 12600.15 പോയ്ന്റിലാണ് ഇന്ന് ക്ലോസ് ചെയ്തത്.

ഇന്ന് കേരള കമ്പനികളുടേത് സമ്മിശ്ര പ്രകടനമായിരുന്നു. 13 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 14 കമ്പനികളുടെ ഓഹരി വിലയിടിഞ്ഞു. നേട്ടമുണ്ടാക്കിയ കമ്പനികളില്‍ വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് ആണ് ശതമാനക്കണക്കില്‍ മുന്നില്‍. 6.13 ശതമാനം നേട്ടമുണ്ടാക്കി. 3.75 രൂപ വര്‍ധിച്ച് 64.90 രൂപയിലെത്തി. ഈസ്റ്റേണ്‍ ട്രെഡ്സിന്റെ ഓഹരി വില ഒരു രൂപ വര്‍ധിച്ച് (4.96 ശതമാനം) 21.15 രൂപയിലും പാറ്റ്സ്പിന്‍ ഇന്ത്യയുടേത് 23 പൈസ വര്‍ധിച്ച് (4.83 ശതമാനം) 4.99 രൂപയിലും കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റേത് 8.05 രൂപ വര്‍ധിച്ച് (3.05 ശതമാനം)272 രൂപയിലുമെത്തി.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിരക്ക്

സ്വര്‍ണം ഒരു ഗ്രാം (22 carat) : 4,360 രൂപ(ഇന്നലെ 4,390)

ഒരു ഡോളര്‍ : 75.98 രൂപ (ഇന്നലെ: 76.16 രൂപ)

ക്രൂഡ് ഓയ്ല്‍
WTI Crude36.46+0.12
Brent Crude38.78+0.23
Natural Gas1.787-0.026
കൂടുതല്‍ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍ :
ജിഎസ്ടി കുടിശ്ശിക ഇല്ലാത്തവര്‍ റിട്ടേണ്‍ നല്‍കാന്‍ വൈകിയാലും പിഴ ഈടാക്കില്ല

ജിഎസ്ടി കുടിശ്ശിക ഇല്ലാത്തവര്‍ റിട്ടേണ്‍ നല്‍കാന്‍ വൈകിയാലും പിഴ ഈടാക്കില്ലെന്ന്് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. നികുതി കുടിശ്ശിക ഉള്ളവരില്‍ നിന്ന് ഒരു റിട്ടേണിന് 500 രൂപയില്‍ കൂടുതല്‍ പിഴയിനത്തില്‍ ഈടാക്കില്ലെന്നും മന്ത്രി പറഞ്ഞു. ഈ ആനുകൂല്യം ജൂലൈ ഒന്നിനും ജൂലൈ 30നുമിടയില്‍ സമര്‍പ്പിക്കുന്ന ജിഎസ്ടിആര്‍-3ബി റിട്ടേണുകള്‍ക്ക് എല്ലാം ബാധകമായിരിക്കും.

കേരളത്തിന് 5250 കോടി രൂപ ജിഎസ്ടി കുടിശിക ലഭിക്കാനുണ്ടെന്ന് തോമസ് ഐസക്

ഫെബ്രുവരി മാസം വരെയുള്ള ജിഎസ്ടി കുടിശിക മാത്രമെ സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ളുവെന്നും മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ പണം ലഭിക്കേണ്ടതുണ്ടെന്നും ധനമന്ത്രി തോമസ് ഐസക്. കോവിഡ് മൂലം നികുതി വരുമാനം ഇടിഞ്ഞിരിക്കുന്ന മൂന്ന് മാസത്തെ നികുതിയാണ് ലഭിക്കാനുള്ളതെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.14 ശതമാനം വര്‍ധനവ് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുള്ളതാണ്. അല്ലാത്ത പക്ഷം ആ വിടവ് നഷ്ടപരിഹാരമായി നല്‍കണം.

കടം വാങ്ങിയായാലും നഷ്ടപരിഹാരം നല്‍കേണ്ടത് നിയമപരമായി കേന്ദ്രത്തിന്റെ ബാധ്യതയാണെന്നും ഐസക് പറഞ്ഞു. 5250 കോടി രൂപയാണ് ജിഎസ്ടി കുടിശിക ലഭിക്കാനുള്ളത്. ഒരു തരത്തിലുള്ള നികുതിയും കോവിഡ് കാലത്ത് വര്‍ധിപ്പിക്കേണ്ടതില്ല എന്നാണ് പൊതു ധാരണ. നികുതിവരുമാനത്തില്‍ ചെറിയ തോതിലുള്ള മെച്ചപ്പെടല്‍ ഉണ്ടായിട്ടുണ്ട്. ഇനിയുള്ള മാസങ്ങളില്‍ സാമ്പത്തിക സ്ഥിതി പതിയെ മെച്ചപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

രൂപയുടെ മൂല്യം താഴ്ന്നു

ഓഹരി വിപണി ഇന്നു രാവിലെ കനത്ത നഷ്ടത്തിലായതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കായ 75.58 നെ അപേക്ഷിച്ച് രാവിലെ മൂല്യം 76.10 നിലവാരത്തിലേക്കു താഴ്ന്നശേഷം വൈകിട്ട് 75.88 ല്‍ എത്തി.

ക്രിപ്‌റ്റോ കറന്‍സി ഇടപാട് രാജ്യത്തു നിരോധിക്കാന്‍ നിയമം വരുന്നു

ക്രിപ്‌റ്റോ കറന്‍സികള്‍ രാജ്യത്ത് ഉടനെ നിരോധിച്ചേക്കും. അതിനായി നിയമനിര്‍മാണത്തിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. റിസര്‍വ് ബാങ്കിന്റെ വിജ്ഞാപനം കൊണ്ടുമാത്രം രാജ്യത്ത് ക്രിപ്‌റ്റോ ഇടപാടുകള്‍ ഫലപ്രദമായി നിരോധിക്കാനാവില്ലെന്ന വിലിയിരുത്തലിനെതുടര്‍ന്നാണ് നിയമനിര്‍മാണം പരിഗണിക്കുന്നത്. 2018 ഏപ്രില്‍ മാസത്തില്‍ ക്രിപ്‌റ്റോ കറന്‍സി ഇപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണംകൊണ്ടുവന്നെങ്കിലും കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതി നിരോധനം നീക്കി ഉത്തരവിട്ടിരുന്നു.

എച്ച്1ബി അടക്കമുള്ള തൊഴില്‍ വിസകള്‍ നിര്‍ത്തലാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ ട്രംപ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യക്കാരെ അടക്കം വ്യാപകമായി ബാധിക്കുന്ന തീരുമാനത്തിലേക്ക് യുഎസ് നീങ്ങുന്നത്. വിസ സസ്‌പെന്‍ഡ് ചെയ്യുന്നതോടെ നിരവധിപ്പേര്‍ തൊഴില്‍രഹിതരാകും.

മഹാമാരിയെക്കാള്‍ രാജ്യത്ത് ദുരിതം വിതച്ചത് ലോക്ഡൗണ്‍ ആണെന്ന് ഡല്‍ഹി ഹൈക്കോടതി

കോവിഡ് 19 മഹാമാരിയെക്കാള്‍ രാജ്യത്ത് ദുരിതം വിതച്ചത് ലോക്ഡൗണ്‍ ആണെന്ന് ഡല്‍ഹി ഹൈക്കോടതി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. പ്രശസ്തിക്കുവേണ്ടി മാത്രമാണ് ഇത്തരം ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതെന്നും അവ പരിഗണിക്കുന്നത് സമയനഷ്ടം മാത്രമെ ഉണ്ടാക്കൂവെന്നും അഭിപ്രായപ്പെട്ട കോടതി 20,000 രൂപ പിഴയിട്ടാണ് ഹര്‍ജി തള്ളിയത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു. ഗുരുവായൂര്‍ ഭരണസമിതി എടുത്ത തീരുമാനം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ അത് അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ലോക്ഡൗണ്‍ ഇളവുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

സംസ്ഥാനത്ത് ബസുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേ. അധിക ബസ് ചാര്‍ജ് ഈടാക്കാമെന്നുള്ള ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. ഇതോടെ മിനിമം ചാര്‍ജ് ആയ എട്ട് രൂപ തന്നെയായിരിക്കും.

ലോക്ഡൗണില്‍ പ്രഖ്യാപിച്ച ഇളവിന്റെ ഗുണഫലം റീട്ടെയില്‍ വാഹന വിപണിയില്‍ അനുഭവപ്പെടാത്തതിന്റെ നൈരാശ്യം പങ്കുവച്ച് ഫെഡറേഷന്‍ ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍. ഈ മെയ് മാസത്തിലെ വാഹന ചില്ലറ വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായതിന്റെ പത്തിലൊന്നു മാത്രമായിരുന്നു. ജൂണിലെ ആദ്യ പത്തു ദിവസങ്ങളില്‍ ലഭ്യമായ ഡാറ്റ പ്രകാരവും വിപണി 'ലോ' ഗിയറിലാണ്.

എസ്.ബി.ഐ ഒരു കോടി ശമ്പളത്തില്‍ സി.എഫ്.ഒ യെ നിയമിക്കുന്നു

പുതിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ എസ്.ബി.ഐ. തയ്യാറെടുക്കുന്നു. മൂന്നു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമത്തില്‍ 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ പ്രതിവര്‍ഷ ശമ്പള പാക്കേജ് (സി.ടി.സി.) ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 29.5 ലക്ഷം രൂപയായിരുന്നു 2018 -19 വര്‍ഷത്തില്‍ ബാങ്ക് ചെയര്‍മാന്‍ രജനിഷ് കുമാറിന് ലഭിച്ച പ്രതിഫലം.

രാജ്യത്തെ മികച്ച മാനേജ്‌മെന്റ് പഠന സ്ഥാപനങ്ങളുടെ പട്ടികയില്‍ ആറാം റാങ്കും നേടി ഐഐഎം കോഴിക്കോട്. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ്) തയ്യറാക്കിയ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് റാങ്ക് മുന്നേറ്റവും രേഖപ്പെടുത്തി. എന്‍ജിനീയറിങ് വിഭാഗത്തില്‍ ദേശീയതലത്തില്‍ 23 ാം റാങ്കുണ്ട് കോഴിക്കോട് എന്‍ഐടിക്ക്, സംസ്ഥാനത്ത് ഒന്നാം റാങ്കും.

അവകാശ ഓഹരി ഇഷ്യൂവിലൂടെ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ഓഹരി പങ്കാളിത്തം ഗണ്യമായി ഉയര്‍ത്തി മുകേഷ് അംബാനിയും കുടുംബാംഗങ്ങളും.പ്രൊമോട്ടര്‍മാരുടെ മൊത്തം ഓഹരി വിഹിതം അവകാശ ഓഹരിയിലൂടെ 50.29 ശതമാനമായി ഉയര്‍ന്നപ്പോള്‍ പൊതുവിഹിതം 49.93 ശതമാനത്തില്‍നിന്ന് 49.71 ശതമാനമായി കുറഞ്ഞു.റിലയന്‍സില്‍ എല്‍ഐസിയുടെ ഓഹരി വിഹിതം ആറു ശതമാനമായി ഉയര്‍ന്നു.

Read More:

Listen the Latest Podcast :

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com