'സ്ഥാപനത്തില്‍ എന്നേക്കാള്‍ പ്രായം കുറഞ്ഞവരെയാണ് ജീവനക്കാരായി എടുക്കുന്നത്'
ഷംറീസ് ഉസ്മാന്‍ (29)
ഒക്റ്റാ സിസ്റ്റംസ്, കണ്ണൂര്‍
ആറു വര്‍ഷത്തോളം ഇന്ത്യയിലും വിദേശത്തും സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി നോക്കിയ ശേഷമാണ് മൂന്നു വര്‍ഷം മുമ്പ് കണ്ണൂരില്‍ സ്വന്തം ബിസിനസിന് തുടക്കമിട്ടത്. വി ഗാര്‍ഡിന്റേതടക്കം വലിയ ബ്രാന്‍ഡുകളുടെ പ്രധാന ഡീലറായി മാറാന്‍ ഇതിനകം കഴിഞ്ഞു. സോളാര്‍ ഉല്‍പ്പന്നങ്ങളിലാണ് പ്രധാന ശ്രദ്ധ.
എങ്ങനെ വ്യത്യസ്തരാകുന്നു
സോളാര്‍ എന്നാല്‍ തട്ടിപ്പാണ് എന്നൊരു ധാരണ മലയാളികളില്‍ നിന്ന് പൂര്‍ണമായും മാറിയിട്ടില്ല. മികച്ച സേവനത്തിലൂടെയാണ് ഒക്റ്റാ സിസ്റ്റംസ് ഇതിനെ മറികടക്കുന്നത്. ഉപഭോക്താവിന് തുടര്‍ സേവനങ്ങള്‍ ഉറപ്പു വരുത്തുന്നതടക്കം വിദേശ രാജ്യങ്ങളില്‍ അനുവര്‍ത്തിക്കുന്ന രീതിയാണ് ഇവിടെയും പ്രയോഗിക്കുന്നത്. ഉപഭോക്താക്കള്‍ നല്‍കുന്ന മൗത്ത് പബ്ലിസിറ്റിയാണ് വിജയത്തിന്റെ പ്രധാന ഘടകം. സ്ഥാപനത്തില്‍ എന്നേക്കാള്‍ പ്രായം കുറഞ്ഞവരെയാണ് ജീവനക്കാരായി എടുക്കുന്നത്. 20നും 30നും ഇടയില്‍ പ്രായമുള്ളവരാണ് എല്ലാവരും.
വെല്ലുവിളി
യോജിച്ച ജീവനക്കാരെ കിട്ടാത്തത് വലിയ പ്രശ്‌നം തന്നെ. അതേസമയം ലോകത്ത് ഏറ്റവും നന്നായി ബിസിനസ് നടത്താന്‍ കഴിയുന്ന ഇടമാണ് കേരളം എന്ന
അഭിപ്രായമാണ് എനിക്കുള്ളത്.
ടീമാണ് പ്രധാനം
തൊഴിലാളികള്‍ ബിസിനസിന്റെ പ്രധാന ഭാഗമാണെന്ന തിരിച്ചറിവില്‍ അവരെ വിശ്വസിച്ചു കൊണ്ടുള്ള ബിസിനസാണ് എന്റേത്. അവര്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കുകയും ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു. ഓഫീസിലെ പ്രതിദിന കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പദ്ധതികളുമായി ബന്ധപ്പെട്ടാണ് എന്റെ പ്രവര്‍ത്തനം.
ലക്ഷ്യം
പണം ഉണ്ടാക്കുക എന്നതിലുപരി 100 ശതമാനം സംതൃപ്തരായ ഉപഭോക്താക്കളെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. നാല് ശാഖകളാണ് കണ്ണൂരില്‍ കമ്പനിക്കുള്ളത്. നാലെണ്ണം കൂടി ഉടനെ ആരംഭിക്കും. കമ്പനിയുടെ ഓഫീസ് കൊച്ചിയില്‍ തുറക്കാനും കേരളത്തില്‍ എല്ലായിടത്തും ശാഖകള്‍ തുറക്കാനുമുള്ള ശ്രമത്തിലാണ്. 2030 ല്‍ കമ്പനി എവിടെ എത്തിയിരിക്കണമെന്ന ലക്ഷ്യമുണ്ട്.