2021-22ല്‍ രാജ്യത്ത് തിരിച്ചുവിളിച്ചത് 13 ലക്ഷത്തിലധികം വാഹനങ്ങള്‍

മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇക്കാലയളവില്‍ തിരിച്ചുവിളിക്കപ്പെട്ട വാഹനങ്ങളുടെ എണ്ണം

Update:2022-07-22 15:20 IST

2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ തിരിച്ചുവിളിച്ച വാഹനങ്ങളുടെ എണ്ണം മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നതായി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. പാര്‍ലമെന്റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സിന്റെ കണക്കുകള്‍ പ്രകാരം സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ 13 ലക്ഷത്തിലധികം ഇരുചക്ര വാഹനങ്ങളും പാസഞ്ചര്‍ കാറുകളും 2021-22 വര്‍ഷത്തില്‍ തിരിച്ചുവിളിച്ചതായി മന്ത്രി പറഞ്ഞു.

സുരക്ഷാ തകരാറുകള്‍ കാരണം 2021-22ല്‍ രാജ്യത്ത് 8,64,557 ഇരുചക്ര വാഹനങ്ങളും 4,67,311 പാസഞ്ചര്‍ കാറുകളും തിരിച്ചുവിളിച്ചതായി ഗഡ്കരി ലോക്സഭയില്‍ രേഖാമൂലം അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം ജൂലൈ 15 വരെ 1,60,025 ഇരുചക്ര വാഹനങ്ങളും 25,142 പാസഞ്ചര്‍ കാറുകളും തിരിച്ചുവിളിച്ചതായും മന്ത്രി പറഞ്ഞു. 1988ലെ മോട്ടോര്‍ വാഹന നിയമത്തിലെ 110 എ വകുപ്പ് മോട്ടോര്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതുമായി ബന്ധപ്പെട്ടതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

2020 കലണ്ടര്‍ വര്‍ഷത്തില്‍ കാറുകള്‍, ടാക്‌സികള്‍, വാനുകള്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍എംവി) എന്നിവ ഉള്‍പ്പെട്ട മൊത്തം റോഡപകടങ്ങളുടെ എണ്ണം 60,986 ആണെന്നും ഗഡ്കരി പറഞ്ഞു. 2020ല്‍ ദേശീയ പാതകളില്‍ 47,984 പേര്‍ അപകടത്തില്‍ മരിച്ചപ്പോള്‍ 33,148 പേര്‍ സംസ്ഥാന പാതയിലുണ്ടായ അപകടങ്ങളാല്‍ മരിച്ചതായും പ്രത്യേക ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.

Tags:    

Similar News