വേഗതയേറി കാര്‍ വില്‍പ്പന; 2018 ലെ റെക്കോര്‍ഡ് കണക്കുകള്‍ മറികടന്ന് 2022

2022ലെ മൊത്തം കാറുകളുടെ വില്‍പ്പനയുടെ 45.3 ശതമാനം എസ് യു വികളാണ്

Update: 2023-01-02 05:07 GMT

image: @tatamotors.com

2022 ല്‍ രാജ്യത്ത് കാറുകളുടെ ആഭ്യന്തര വാര്‍ഷിക വില്‍പ്പന 3.793 ദശലക്ഷം യൂണിറ്റോടെ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി. 2021 നെ അപേക്ഷിച്ച് 23.1 ശതമാനം വര്‍ധനയാണുണ്ടായത്. ഡിമാന്‍ഡും ഉയര്‍ന്നതും സെമികണ്ടക്ടര്‍ ചിപ്പ് വിതരണം മെച്ചപ്പെട്ടതുമാണ് ഈ നേട്ടത്തിന് കാരണം.

കാറുകളുടെ ആഭ്യന്തര വാര്‍ഷിക വില്‍പ്പനയില്‍ 58.2 ശതമാനത്തോടെ ടാറ്റ മോട്ടോഴ്സ് ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തി. പിന്നാലെ കിയ ഇന്ത്യ, ടൊയോട്ട കിര്‍ലോസ്‌കര്‍ എന്നിവ 40.2 ശതമാനവും, 22.6 ശതമാനവും വളര്‍ച്ച കാണിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി വാര്‍ഷിക ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 1.579 ദശലക്ഷം യൂണിറ്റോടെ 15.4 ശതമാനം വളര്‍ച്ച നേടി.

2022 ല്‍ ഇന്ത്യന്‍ വാഹന വ്യവസായത്തിന്റെ ആഭ്യന്തര മൊത്തവ്യാപാരം കഴിഞ്ഞ വര്‍ഷത്തെ 3.08 ദശലക്ഷം യൂണിറ്റില്‍ നിന്ന് 23.1 ശതമാനം വളര്‍ന്ന് 3.79 ദശലക്ഷം യൂണിറ്റായതായി മാരുതി സുസുക്കി സെയില്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. 3.38 ദശലക്ഷം യൂണിറ്റോടെ 2018-ലാണ് ഇത് മുമ്പ് ഏറ്റവും ഉയര്‍ച്ച രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ടാറ്റ മോട്ടോഴ്സ് 58.2 ശതമാനം വളര്‍ച്ചയോടെ 526,798 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചു. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ കാറുകളുടെ ആഭ്യന്തര വില്‍പ്പന 2021 ലെ 130,768 യൂണിറ്റില്‍ നിന്ന് 2022 ല്‍ 160,357 യൂണിറ്റായി വര്‍ധിച്ചു. പുതിയ ഉല്‍പ്പന്നളുടെയും വില്‍പ്പന പ്രകടനത്തിന്റെയും കാര്യത്തില്‍ 2022 തങ്ങള്‍ക്ക് വളരെ മികച്ചതായിരുന്നുവെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് അതുല്‍ സൂദ് പറഞ്ഞു.

2022ലെ മൊത്തം കാറുകളുടെ വില്‍പ്പനയുടെ 45.3 ശതമാനം എസ് യു വികളാണ്. 2022 ഡിസംബറിലെ ഇന്ത്യന്‍ വാഹന വ്യവസായത്തിന്റെ കാറുകളുടെ ആഭ്യന്തര വാര്‍ഷിക വില്‍പ്പന 276,000 യൂണിറ്റായിരുന്നു. ഇത് 2021 ഡിസംബറിനേക്കാള്‍ 8.3 ശതമാനം കൂടുതലാണ്.

Tags:    

Similar News