കേരളത്തില്‍ ഇലക്ട്രിക് ഓട്ടോകളുടെ വില്‍പ്പന ഉയരുമ്പോള്‍ അനുഭവസ്ഥര്‍ പറയുന്നത് ഇങ്ങനെ

ഇലക്ട്രിക് ഓട്ടോ/പെട്ടിഓട്ടോ സംതൃപ്തി നല്‍കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ 'ഉണ്ടെന്നും ഇല്ലെന്നും' ഉത്തരം നല്‍കുന്നവരെ നിങ്ങള്‍ക്ക് കാണാം

Update:2022-06-21 17:38 IST

എറണാകുളത്ത് ചപ്പാത്തി യൂണീറ്റ് നടത്തുന്ന ടിനു തോമസ് ഒമ്‌നി വാന്‍ മാറ്റിയാണ് ഒരു ഇലട്ക്ടിക് പെട്ടിഓട്ടോ എടുത്തുന്നത്.  750 രൂപയ്ക്ക് പെട്രോള്‍ അടിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ചെലവാകുന്നത് 100 രൂപയില്‍ താഴെ. ഡീസല്‍ വണ്ടികള്‍ മാറ്റി ഒന്ന്-രണ്ട് ഇലട്ക്ട്രിക് പെട്ടിഓട്ടോ കൂടി എടുക്കാനൊരുങ്ങുകയാണ് ടിനു. പറഞ്ഞു വരുന്നത് കേരളത്തിലെ ഇലക്ട്രിക് മുച്ചക്ര വാഹന വില്‍പ്പനയെ കുറിച്ചാണ്.

ഏപ്രില്‍-മെയ് കാലയളവില്‍ രാജ്യത്ത് വിറ്റഴിച്ച (retail sale) മുച്ചക്ര വാഹനങ്ങളില്‍ 51 ശതമാനവും ഇലക്ട്രിക് മോഡലുകളായിരുന്നു. അതായത് ഏകദേശം 42,977 വാഹനങ്ങള്‍. കേരളത്തിലും ഇലക്ട്രിക് ഓട്ടോകളും പെട്ടി ഓട്ടോകളും വാങ്ങുന്നവരുടെ എണ്ണം ഉയരുകയാണ്. എറണാകുളത്ത് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങളുടെ ഡീലര്‍മാരായ വയലാറ്റ് ഓട്ടോമൊബൈല്‍സില്‍ വില്‍ക്കുന്ന 100 ഓട്ടോകളില്‍ 50ല്‍ അധികവും ഇലക്ട്രിക് മോഡലാണ്.

ഇന്ധന വിലയിലുണ്ടായ വര്‍ധനവും ഇ-കൊമേഴ്‌സ്/ ലോജിസ്റ്റിക് കമ്പനികള്‍ ഇലക്ട്രിക് വാഹനങ്ങല്‍ക്ക് മുന്‍ഗണന നല്‍കിയതുമാണ് ഡിമാന്‍ഡ് ഉയര്‍ത്തിയത്. കേരളം ആസ്ഥാനമായ ഇലക്ട്രിക് ഓട്ടോകള്‍ വില്‍ക്കുന്ന ഹൈക്കണ്‍ ഇന്ത്യയ്ക്ക് 4 മാസത്തെ ബുക്കിംഗാണ് കൊടുത്ത് തീര്‍ക്കാനുള്ളത്. ഒരു മോഡല്‍ മാത്രം ഉള്ള ഹൈക്കണിന് കേരളത്തില്‍ മാത്രമാണ് സാന്നിധ്യം.  പരീക്ഷണം എന്ന നിലയില്‍ ഇലക്ട്രിക് വാഹനം എടുത്തവരാണ് സംസ്ഥാനത്തെ ഭൂരിഭാഗം പേരും. അതുകൊണ്ട് ഇലക്ട്രിക് ഓട്ടോ/പെട്ടിഓട്ടോ സംതൃപ്തി നല്‍കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് ഉത്തരം നല്‍കുന്നവരും ഉണ്ട്.

വണ്ടിയുടെ സര്‍വീസിനെക്കുറിച്ചും സ്‌പെയര്‍പാര്‍ട്ട്‌സുകളെക്കുറിച്ചും പരാതിയുള്ളവരാണ് കൂടുതലും. ഒരു പ്രത്യേക കമ്പനിയുടെ മോഡല്‍ മേടിച്ചവരൊക്കെ ചാര്‍ജറിനെക്കുറിച്ചാണ് പരാതിപ്പെട്ടത്. 18000 രൂപയോളം ആണ് ചാര്‍ജറിന്റെ വില. രണ്ടും മൂന്നും തവണ ചാര്‍ജര്‍ വാങ്ങി സഹികെട്ട ഓട്ടോത്തൊഴിലാളികള്‍ കേരളത്തിലുണ്ട്. അങ്കമാലിയില്‍ ഓട്ടോ ഓടിക്കുന്ന പൗലോസ് പറഞ്ഞത് വണ്ടിയുടെ റേഞ്ചിനെക്കുറിച്ചാണ്.

ഒന്നര വര്‍ഷമായി ഇ-ഓട്ടോ ഓടിക്കുന്ന ആളാണ് പൗലോസ്. 125 കി.മീറ്റര്‍ റേഞ്ച് പറഞ്ഞ വണ്ടിക്ക് ഇപ്പോള്‍ 80 കി.മീറ്ററില്‍ താഴെയാണ് ലഭിക്കുന്നത്. ബാറ്ററി മാറേണ്ടി വന്നാല്‍ 1.5 ലക്ഷം രൂപയോളം മുടക്കേണ്ടി വരുമെന്ന ആശങ്കയിലാണ് പൗലോസ്. നേരത്തെ വാഹന നിര്‍മാതാക്കള്‍ പറഞ്ഞിരുന്നത് വര്‍ഷം തോറും ബാറ്ററി വില കുറഞ്ഞു വരുമെന്നാണ്. എന്നാല്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ കാരണം ബാറ്ററി വില ഉയരുകയാണ് ചെയ്തത്.

ഈ സാഹചര്യത്തില്‍ പെട്രോള്‍/ഡീസല്‍ വണ്ടിക്കും ഇലക്ട്രിക്ക് മോഡലിനും വരുന്ന ചെലവുകള്‍ തമ്മില്‍ ദീര്‍ഘകാലത്തെ കണക്കില്‍ വലിയ വ്യത്യാസങ്ങള്‍ ഇല്ല. ഈട്, റീസെയില്‍ വാല്യു എന്നിവയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പിന്നിലാണ് എന്നതും പോരായ്മയാണ്. ടെക്‌നോളജി മെച്ചപ്പെടുന്നതിന് അനുസരിച്ച് ഇപ്പോഴത്തെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ഹ്രസ്വദൂര ചരക്ക് നീക്കത്തിനും സഞ്ചാരത്തിനും ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍ എന്തുകൊണ്ടും ലാഭമാണെന്നാണ് ഉപയോഗിക്കുന്നവരെല്ലാം ചൂണ്ടിക്കാട്ടിയത്.

Tags:    

Similar News